TUESDAY, OCTOBER 21, 2014
സാഫ് അണ്ടര്‍ 16 ഫുട്‌ബോള്‍ കുട്ടികള്‍ നേടി
Posted on: 31 Jul 2013


*ഇന്ത്യ 1 നേപ്പാള്‍ 0
*ജന്മദിനത്തില്‍ ഇന്ത്യക്ക് വിജയഗോള്‍ സമ്മാനിച്ച് ജെറി




കാഠ്മണ്ഡു : പ്രതിരോധനിരയിലെ ജെറി ലാല്‍റിന്‍സുവാലയുടെ തകര്‍പ്പന്‍ ഗോളില്‍ ആതിഥേയരായ നേപ്പാളിനെ കീഴടക്കി ഇന്ത്യ സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍(സാഫ്) അണ്ടര്‍ 16 ചാമ്പ്യന്മാരായി.

ചൊവ്വാഴ്ച ദശരഥ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിന്റെ 18-ാം മിനിറ്റില്‍ ഗോള്‍പോസ്റ്റിന് 35 വാര അകലെ നിന്ന് ജെറി ലാല്‍റിന്‍സുവാല ഇടതുകാലുകൊണ്ട് തൊടുത്ത ശക്തമായ അടി നേപ്പാള്‍ ഗോളിയെ കീഴടക്കി വലയിലെത്തിയതോടെയാണ് നേപ്പാളിനെ മുക്കി കിരീടമണിയാന്‍ ഇന്ത്യക്ക് അവസരമൊരുങ്ങിയത്. സ്വന്തം ആരാധകരെ നിശ്ശബ്ദരാക്കി തുടക്കത്തില്‍ വഴങ്ങേണ്ടിവന്ന ഗോളില്‍ നിന്ന് രക്ഷനേടാന്‍ നേപ്പാള്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ കന്നിക്കിരീട നേട്ടത്തിന് വഴി തുറന്നു.

മഴയില്‍ നനഞ്ഞ സ്റ്റേഡിയത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ കളിയുടെ എല്ലാ മേഖലകളിലും നേപ്പാളിനെക്കാള്‍ ഒരുപടി മുന്നിലായി. മിസോറമില്‍ നിന്നുള്ള 14-കാരനായ ജെറിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലഭിച്ച വിലപ്പെട്ട സമ്മാനമായി ഇന്ത്യക്കുവേണ്ടി നേടിയ വിജയഗോള്‍. ഇടതുഭാഗത്തുകൂടി മുന്നേറിക്കളിച്ച ജെറിക്ക് 18-ാം മിനിറ്റിലായിരുന്നു ഇതിന് പ്രതിഫലം ലഭിച്ചത്. നേപ്പാള്‍ ബോക്‌സിന് പുറത്തുനിന്ന് കിട്ടിയ പാസ് ഗോള്‍പോസ്റ്റിന് 35 വാര അകലെ നിന്ന് അപ്രതീക്ഷിതമായി ഗോളിലേക്ക് തൊടുത്ത ജെറിക്ക് പിഴച്ചില്ല. ഇടതുകാലുകൊണ്ടുള്ള അതിശക്തമായ അടി നേപ്പാളി ഗോള്‍ പോസ്റ്റിന്റെ ഇടത് മേല്‍മൂലയില്‍ തുളച്ചുകയറി. ആദ്യപകുതിയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിട്ടുനിന്നു. ഇതിനിടെ മഴ രസംകൊല്ലിയായി എത്തിയെങ്കിലും നേപ്പാളി ഗോള്‍മുഖത്തെ ഇന്ത്യന്‍ ആക്രമണത്തിന് അയവുണ്ടായില്ല.

രണ്ടാംപകുതി തുടങ്ങി പത്ത്മിനിറ്റ് പിന്നിടുമ്പോള്‍ ജെറിക്ക് രണ്ടാം ഗോള്‍ നേടാനുള്ള അവസരവും കിട്ടി. 66-ാം മിനിറ്റില്‍ ജെറി എടുത്ത ഫ്രീകിക്ക് പക്ഷേ, ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നേപ്പാള്‍ ഗോള്‍ പോസ്റ്റിന് പുറത്തേക്കാണ് പോയത്. ഇതിനിടെ മധ്യനിരയിലെ ദീപേന്ദ്ര സിങ് നാഗിക്ക് ഗോള്‍പോസ്റ്റിന് തൊട്ടടുത്ത് കിട്ടിയ സുവര്‍ണാവസരവും ഉപയോഗപ്പെടുത്താനായില്ല. രണ്ടാം പകുതിയില്‍ നേപ്പാള്‍ സമനിലയ്ക്കായി നിരവധി ആക്രമണങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധ നിരയില്‍ തട്ടി അവയുടെയെല്ലാം മുന ഒടിഞ്ഞു. 84-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജയാനന്ദ സിങ്ങിന്റെ മികച്ചൊരു സേവ്, ഗോളെന്നുറച്ച നേപ്പാളിന്റെ അവസരം കപ്പിനും ചുണ്ടിനുമിടയില്‍ തട്ടിക്കളഞ്ഞു. രണ്ടാം പകുതിയില്‍ നേപ്പാളിന്റെ നാലിലേറെ ഗോളവസരങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച് ബാറിനുകീഴില്‍ ഇന്ത്യന്‍ ഗോളി ധീരജ് സിങ്ങും മികച്ച സേവുകളുമായി ഇന്ത്യയുടെ കിരീട നേട്ടമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി.

ഗ്രൂപ്പ് 'ബി'യില്‍ ശ്രീലങ്കയെയും (4-1), ബംഗ്ലാദേശിനെയും (2-0) കീഴടക്കി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യന്‍ കുട്ടികള്‍ സെമിയിലെത്തിയത്. ഫൈനലിലേക്കുള്ള വഴിയില്‍ അഫ്ഗാനിസ്താനെയാണ് ഇന്ത്യ സെമിയില്‍ മറികടന്നത്. 20117ലെ ടൂര്‍ണമെന്റിലും ഫൈനലില്‍ എത്തിയ ഇന്ത്യ പാകിസ്താനോട് 2-1 ന് പരാജയപ്പെട്ടിരുന്നു.

ദേശീയ ടീം കോച്ച് വിം കോവര്‍മാന്‍സ്, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവര്‍ സാഫ് കിരീടം നേടിയ അണ്ടര്‍ 16 ടീമിനെ അഭിനന്ദിച്ചു. ''ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടം തിരിച്ചെത്തുന്നതിന്റെ സൂചനയാണ് കിരീടനേട്ടം സൂചിപ്പിക്കുന്നത്. നമുക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിവുള്ള നിരവധി താരങ്ങളെ ലഭിച്ചിട്ടുണ്ട്''. - മത്സരശേഷം ഇന്ത്യന്‍ അണ്ടര്‍ 16 ടീം കോച്ച് ഗൗതം ഘോഷ് അഭിപ്രായപ്പെട്ടു.



Other stories in this section:
  • മലപ്പുറം ബ്രസീലിനോട് പൊരുതിവീണു
  • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: സെന്റ് എഫ്രേം മാന്നാനവും എല്‍എഫ് കൊരട്ടിയും ജേതാക്കള്‍
  • ഫെഡറേഷന്‍ കപ്പ് ബോള്‍ ബാഡ്മിന്റണ്‍: കേരള വനിതകള്‍ക്ക് മൂന്നാംസ്ഥാനം
  • സുബ്രതോ കപ്പ് : ടീം അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കും-ആഭ്യന്തരമന്ത്രി
  • സ്‌പെയിനില്‍ 'ക്യാപ്റ്റന്‍'മാരുടെ കളി
  • കോലിക്ക് രണ്ടാം റാങ്ക്‌
  • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: എല്‍എഫ് കൊരട്ടി ജേതാക്കള്‍
  • മുഹമ്മദന്‍സ് കളി നിര്‍ത്തുന്നു
  • ചെന്നൈ മല്ലൂസ്
  • ചെന്നൈ പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
  • റിയോയില്‍ സ്വര്‍ണം, സുശീലിന്റെ സ്വപ്‌നം
  • ബയറണ് തകര്‍പ്പന്‍ ജയം
  • ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ്: ഭവന്‍സ് വിദ്യാമന്ദിര്‍ ജേതാക്കള്‍
  • കൊച്ചിയില്‍ ആറ് പരിശീലന സ്റ്റേഡിയങ്ങള്‍ സജ്ജമാക്കും
  • സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കണ്ണൂരില്‍ തുടക്കം
  • ഗോള്‍ ആഘോഷത്തിനിടെ ഫുട്‌ബോള്‍ താരം മരിച്ചു
  • ബാഴ്‌സയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം
  •