SUNDAY, FEBRUARY 01, 2015
ജയത്തോടെ ബ്രസീല്‍
Posted on: 16 Jun 2013


കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീല്‍
ജപ്പാനെ തോല്പിച്ചു (3-0). നെയ്മര്‍ക്കും പൗളീന്യോക്കും ജോയ്ക്കും ഗോള്‍


ബ്രസീലിയ: എന്തൊരു തുടക്കമായിരുന്നു അത്! കിക്കോഫ് ചെയ്ത് മൂന്നാം മിനിറ്റില്‍ നെയ്മറുടെ അത്ഭുതപ്പെടുത്തിയ ലോങ്‌റേഞ്ചര്‍ ഷോട്ടില്‍ ആദ്യ ഗോള്‍. ബ്രസീലിയയിലെ ഗാരിഞ്ച സ്റ്റേഡിയത്തില്‍ ഇരമ്പിയാര്‍ത്ത മഞ്ഞപ്പടയെ ആവേശത്തിലേക്കെടുത്തുയര്‍ത്തിയ ഗോള്‍.
തുടരെ മൂന്നാം കിരീടം തേടുന്ന ബ്രസീല്‍, ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനെ കീഴടക്കി കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ വിജയത്തുടക്കമിട്ടു. മൂന്നാം മിനിറ്റില്‍ നെയ്മറും 48-ാം മിനിറ്റില്‍ പൗളീന്യോയും ഇന്‍ജുറി ടൈമില്‍ ജോയും നേടിയ ഗോളുകള്‍ക്കാണ് ബ്രസീല്‍ ജപ്പാനെ (3-0) കീഴടക്കിയത്.
ഇടതുവിങ്ങില്‍നിന്ന് മാഴ്‌സലോയാണ് ഗോള്‍നീക്കത്തിന് തുടക്കമിട്ടത്. മാഴ്‌സലോയുടെ പാസ് നെഞ്ചുകൊണ്ട് തടുത്ത് ഫ്രെഡ് പന്ത് നെയ്മറുടെ മുന്നിലേക്ക് നല്‍കി. വലതുകാല്‍കൊണ്ട് നെയ്മര്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട്, ജപ്പാന്റെ ഗോള്‍മുഖം തകര്‍ത്തു. യൂറോപ്യന്‍ വമ്പന്‍ ക്ലബ്ബുകള്‍ കൊതിക്കുന്ന നെയ്മറുടെ പ്രതിഭ വിളയിച്ചെടുത്ത ഗോള്‍. കഴിഞ്ഞ ഒമ്പത് മത്സരമായി ഗോള്‍ നേടാതിരുന്നതിന് നെയ്മറുടെ പ്രായശ്ചിത്തം.
രണ്ടാം പകുതി തുടങ്ങിയതും ബ്രസീലിന്റെ ഗോളോടെ തന്നെ. ഡാനി ആല്‍വ്‌സിന്റെ പാസ്സില്‍നിന്ന് ഇക്കുറി പൗളീന്യോയുടെ ബൂട്ടുകളാണ് ലീഡുയര്‍ത്തിയത്. ആല്‍വ്‌സില്‍നിന്ന് പന്ത് സ്വീകരിച്ച പൊളീന്യോ വെട്ടിയൊഴിഞ്ഞ് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ജപ്പാന്‍ ഗോളി കവാഷിമയുടെ നിയന്ത്രണത്തില്‍ നില്‍ക്കാതെ വലയിലേക്ക് കയറി.
മത്സരത്തില്‍ ബ്രസീലിന്റെ ആധിപത്യമായിരുന്നു ഏതാണ്ട് മുഴുവന്‍ സമയവും. കെയ്‌സുകെ ഹോണ്ട ആദ്യപകുതിയില്‍ തൊടുത്ത ഒരു ഫ്രീക്കിക്കും രണ്ടാം പകുതിയില്‍ മയേഡയുടെയും ഒക്കാസാക്കിയുടെയും ഒന്നുരണ്ടു ഷോട്ടുകളും മാത്രമാണ് ബ്രസീല്‍ ഗോളി ജൂലിയോ സെസാറിനെ പരീക്ഷിച്ചത്.സൂപ്പര്‍ സണ്‍ഡെ


റിയോ ഡി ജെനെയ്‌റോ: ലോക ഫുട്‌ബോളിന്റെ അധീശത്വം ഏറ്റെടുത്തശേഷം സ്‌പെയിനിന് വഴങ്ങാതെ നില്ക്കുന്ന ഏക കിരീടം കോണ്‍ഫെഡറേഷന്‍സ് കപ്പാണ്. നിലവില്‍ ലോകകപ്പും യൂറോപ്യന്‍ കപ്പും സ്വന്തമാക്കിയിട്ടുള്ള സ്‌പെയിന്‍, അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഹാട്രിക്കാണ് ഇക്കുറി ലക്ഷ്യമിടുന്നത്. ഫ്രാന്‍സും (1998 ലോകകപ്പ്, 2000 യൂറോ കപ്പ്, 2001 കോണ്‍ഫെഡറേഷന്‍സ് കപ്പ്) ബ്രസീലും (2002 ലോകകപ്പ്, 2004 കോപ്പ അമേരിക്ക, 2005 കോണ്‍ഫെഡറേഷന്‍സ് കപ്പ്) കൈവരിച്ച ഹാട്രിക് നേട്ടമാണ് സ്‌പെയിനിന് മുന്നിലുള്ളത്.
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സൂപ്പര്‍ സണ്‍ഡേയാണിത്. ഗ്രൂപ്പ് 'എ'യില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലിയും മുന്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കളായ മെക്‌സിക്കോയും തമ്മിലാണ് ആദ്യ മത്സരം. ഗ്രൂപ്പ് 'ബി'യിലെ ലോകചാമ്പ്യന്മാരായ സ്‌പെയിനിന്, മുന്‍ ലോകചാമ്പ്യന്മാരും നിലവിലെ ലാറ്റിനമേരിക്കന്‍ ജേതാക്കളുമായ ഉറുഗ്വായ് വെല്ലുവിളിയൊരുക്കുന്നു.

ഇറ്റലി-മെക്‌സിക്കോ


ലോകകപ്പില്‍ മെക്‌സിക്കോയെക്കാള്‍ കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുള്ള നാല് ടീമുകളേയുള്ളൂ. ബ്രസീലും അര്‍ജന്റീനയും ഇറ്റലിയും ജര്‍മനിയുമാണത്. യൂറോപ്പിലെ രണ്ടാം സ്ഥാനക്കാര്‍ എന്ന നിലയ്ക്ക് കിട്ടിയ അധിക പരിഗണനയിലൂടെ കോണ്‍ഫെഡറേഷന്‍സിനെത്തിയ ഇറ്റലിക്ക് ആദ്യ മത്സരത്തില്‍ വെല്ലുവിളി മെക്‌സിക്കോയില്‍നിന്നാണ്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആറ് മത്സരങ്ങളില്‍ അഞ്ചിലും സമനില വഴങ്ങിയ മെക്‌സിക്കോ കടുത്ത ഗോള്‍ ദാരിദ്ര്യമാണ് നേരിടുന്നത്. ടീമിനെ വിജയങ്ങളിലേക്ക് നയിക്കാന്‍ കഴിയാത്ത കോച്ച് ഹോസെ ഡി ലാ ടോറെയെ പുറത്താക്കണമെന്ന് ആരാധകരുടെ മുറവിളികള്‍ക്ക് നടുവിലാണ് അവരുടെ വരവ്. വിജയങ്ങള്‍ ബ്രസീലിലും അനുഗ്രഹിച്ചില്ലെങ്കില്‍, ടോറെയ്ക്ക് പുറത്തുപോകേണ്ടിവരും.
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ പിന്‍വാതില്‍ പ്രവേശനമാണ് നേടിയതെങ്കിലും ഇറ്റലി അദ്ഭുതങ്ങള്‍ കാഴ്ചവെക്കാന്‍ ശേഷിയുള്ള ടീമാണ്. ആന്ദ്രെ പിര്‍ലോയെന്ന പ്രതിഭാശാലിയായ മിഡ്ഫീല്‍ഡറെ കേന്ദ്രീകരിച്ചുള്ള അവരുടെ കളി ആരെയും വീഴ്ത്താന്‍ പോന്നതുമാണ്. പരിചയസമ്പന്നരായ താരങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ പ്രഖ്യാപിച്ച കോച്ച് സെസാര്‍ പ്രാന്‍ഡേലി, കോണ്‍ഫെഡറേഷന്‍സ് കപ്പിനെ ഗൗരവത്തോടെയാണ് കാണുന്നത്. പിര്‍ലോയുടെ നൂറാം അന്താരാഷ്ട്ര മത്സരം കൂടിയാണിത്.

സ്‌പെയിന്‍-ഉറുഗ്വായ്


രണ്ടാം തവണയാണ് സ്‌പെയിന്‍ കോണ്‍ഫെഡറേഷന്‍സ് കപ്പിനെത്തുന്നത്. കഴിഞ്ഞതവണ സെമിയില്‍ തോറ്റു. ഇക്കുറി ലോക, യൂറോപ്യന്‍ ചാമ്പ്യന്മാര്‍ എന്നതിനൊപ്പം, സ്പാനിഷ് അധീശത്വത്തിന്റെ കാലം കഴിഞ്ഞെന്ന വിമര്‍ശകരുടെ ആരോപണവും കോച്ച് വിന്‍സന്റ് ഡെല്‍ബോസ്‌ക് നേരിടുന്നുണ്ട്. മധ്യനിരയിലെ സാവി-ആന്ദ്രെ ഇനിയേസ്റ്റ സഖ്യത്തിന്റെ വിജയമായിരിക്കും സ്‌പെയിന്റെ ഇത്തവണത്തെയും വിജയമന്ത്രം. സാബി അലോണ്‍സോയ്ക്ക് പകരം ടീമിലെത്തിയ ജാവി മാര്‍ട്ടിനസിനും ടൂര്‍ണമെന്റ് നിര്‍ണായകമാണ്.
കോപ്പ അമേരിക്ക ചാമ്പ്യന്മാര്‍ എന്ന നിലയ്ക്കാണ് എത്തുന്നതെങ്കിലും ഉറുഗ്വായുടെ നില അത്ര ഭദ്രമല്ല ഇപ്പോള്‍. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തുള്ള അവര്‍ക്ക് യോഗ്യത പോലും അനിശ്ചിതത്വത്തിലായ അവസ്ഥയിലാണ്. സ്‌ട്രൈക്കര്‍ ലൂയി സുവാരസിന്റെ ഫോമും ക്യാപ്റ്റന്‍ ഡീഗോ ലുഗാനോയുടെ നേതൃത്വത്തിലുള്ള പ്രതിരോധവുമാണ് കോച്ച് ഓസ്‌കര്‍ ടബാരസിന്റെ പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം യൂറോ കപ്പില്‍ ഇറ്റലിയെ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ യൂറോപ്യന്‍ കോണ്‍ഫെഡറേഷന്റെ (യുവേഫ) ചാമ്പ്യന്മാരായത്. ലോകകപ്പിന്റെയും യൂറോകപ്പിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാര്‍ജിനാണ് സ്‌പെയിന്‍ നേടിയത്.
യൂറോകപ്പില്‍ കളിച്ച താരങ്ങളില്‍ 19 പേര്‍ ഇത്തവണ യും സ്‌പെയിനെ പ്രതിനിധാനം ചെയ്യുന്നു. സ്പാനിഷ് താരങ്ങളുടെ പ്രതിഭ മങ്ങിയെന്ന ആശങ്കകള്‍ക്കിടെയാണ് കോച്ച് സ്ഥിരം സാന്നിധ്യങ്ങളെ നിലനിര്‍ത്തി പരീക്ഷണം നടത്തുന്നത്. ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഇകെര്‍ കസിയസിന്റെ പങ്കാളിത്തം ഉറപ്പായിട്ടില്ല. മിഡ്ഫീല്‍ഡ് താരങ്ങളായ സാവിയും ഇനിയേസ്റ്റയും നിയന്ത്രിക്കുന്ന സ്‌പെയിനിന്റെ ടിക്കി ടാക്ക ശൈലിയും എതിരാളികള്‍ക്ക് മുന്നില്‍ വിലപ്പോവുന്നില്ലെന്ന ആരോപണവും മുന്നിലുണ്ട്. ബാഴ്‌സലോണയുടെ യൂറോപ്പിലെ പരാജയം അതിന് തെളിവായി വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നു. 

 

 

Other stories in this section:
 • ഹോക്കി: പഞ്ചാബിനെ സര്‍വീസസ് അട്ടിമറിച്ചു
 • ഫുട്‌ബോള്‍: ഗോവയ്ക്ക് തകര്‍പ്പന്‍ തുടക്കം
 • മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, റയല്‍ ടീമുകള്‍ക്ക് ജയം
 • ന്യൂകാസിലിന് ജയം
 • പായ്വഞ്ചിയോട്ട ടീമുകള്‍ പരിശീലനം നടത്തി
 • ഫുട്‌ബോള്‍ ലൈവ്‌
 • രഞ്ജിട്രോഫി: കേരളം ജയത്തിലേക്ക്്്
 • ദേശീയ ഗെയിംസ്: തൃശ്ശൂരില്‍ സമാന്തര ബോക്‌സിങ് ടീം തിരഞ്ഞെടുപ്പ്‌
 • കോടതി ഇടപെട്ടു; ഷൂട്ടിങ് വനിതാ താരം ദേശീയ ഗെയിംസിന്‌
 • ദേശീയ ഗെയിംസ്: റോവിങ് ഹീറ്റ്‌സ് മത്സരങ്ങള്‍ ഇന്നുമുതല്‍
 • ജലകായിക വേദിയില്‍ സംഘാടകനായി പത്മശ്രീജേതാവ്
 • പ്രൗഢം, വര്‍ണോജ്വലം
 • ഓസ്‌ട്രേലിയ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍
 • സെറീനയ്ക്ക് കിരീടം
 • ഐ-ലീഗും ഐ.എസ്.എല്ലും ലയിക്കുന്നു
 •