FRIDAY, AUGUST 01, 2014
ശ്രീയെ തുണച്ച് പ്രണയിനിയും സെവാഗും
Posted on: 06 Jun 2013

ശരത്കൃഷ്ണ

കൊച്ചി: ജയിലിലായിട്ടും ശ്രീശാന്തിനു വേണ്ടി ജയ്പുരിലൊരാള്‍ ഇപ്പോഴും കാത്തിരിക്കുന്നു. കൊട്ടാരങ്ങളുടെ നഗരത്തിലെ ഏതോ അന്തഃപുരത്തിലുണ്ട് അഴികള്‍ക്കും അവസാനിപ്പിക്കാനാവാത്ത പ്രണയവുമായി ആ രാജകുമാരി. വിവാഹത്തിലേക്കെത്തുന്നതിനു മുമ്പ് നിനച്ചിരിക്കാതെ എത്തിയ ദുരന്തനാടകത്തിനിടയിലും ശ്രീശാന്തിന് മനസ്സുകൊണ്ട് കൂട്ടിരിക്കുകയാണ് കാമുകി.

ജയ്പുരിലെ ഒരു രാജകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് പ്രണയത്തിനൊടുവില്‍ ശ്രീശാന്ത് താലി ചാര്‍ത്താനിരുന്നത്. ശ്രീ ജയിലിലായെങ്കിലും ഈ ബന്ധം ഇപ്പോഴും അറ്റുപോയിട്ടില്ല. പോലീസ് പിടിയിലായതിനു ശേഷവും പ്രണയിനി ശ്രീയുമായി ഒരു വട്ടം സംസാരിച്ചു. എല്ലാ ദിവസവും ഡല്‍ഹിയിലെ ഒരു അഭിഭാഷകനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നു. ശ്രീശാന്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും അമ്മയ്ക്കും മാത്രമാണ് പെണ്‍കുട്ടി ആരാണെന്ന് അറിയാവുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടിക്കല്ല ശ്രീശാന്ത് സമ്മാനമായി മൊബൈല്‍ വാങ്ങി നല്‍കിയത്. 80 കോടിയാണ് വിവാഹത്തിന് ജയ്പുര്‍ രാജകുടുംബം ശ്രീക്ക് നല്‍കാനിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പെണ്‍കുട്ടിയാണ് പ്രണയാഭ്യര്‍ഥനയുമായി ശ്രീശാന്തിനെ സമീപിച്ചത്.

ശ്രീശാന്ത് ജയിലിലായതിനു ശേഷം പിന്തുണ അറിയിച്ച് സന്ദേശമയച്ച സഹ താരം വീരേന്ദര്‍ സെവാഗ് മാത്രം. ശ്രീയുടെ മാനേജര്‍ക്കായിരുന്നു വീരുവിന്റെ എസ്.എം.എസ്. ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളാരും ഇതുവരെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്തിട്ടില്ല. ഐ.പി.എല്ലിനിടെ കൊച്ചിയിലെത്തിയപ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാനിടയുണ്ടെന്ന് ശ്രീശാന്ത് സൂചിപ്പിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

അടുത്തിടെ ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ ശ്രീശാന്ത് സമ്മതിച്ചിരുന്നു. 10 ദിവസത്തേക്ക് 35 ലക്ഷമായിരുന്നു പ്രതിഫലം. അഡ്വാന്‍സായി അഞ്ചുലക്ഷത്തിന്റെ ചെക്കും കൈപ്പറ്റി. പിന്നീട് ബാംഗ്ലൂരിലെത്തിയ ശേഷം മനസ്സുമാറിയ ശ്രീശാന്ത് ചെക്ക് തിരിച്ചുനല്‍കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനം വരുന്നതിനാല്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണിതെന്നാണ് ശ്രീ പറഞ്ഞത്. ഒരു ടി.വി. ചാനലിനുവേണ്ടി മാസത്തില്‍ നാലുദിവസത്തെ ഷൂട്ടിങ്ങിനായി ഒന്നേകാല്‍ കോടിയുടെ കരാറിലും ശ്രീശാന്ത് ഒപ്പിട്ടിരുന്നു. കഴിഞ്ഞവര്‍ഷം എട്ടുകോടി രൂപയാണ് വരുമാന നികുതിയായി ശ്രീ അടച്ചത്.


തിഹാര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നപേക്ഷിച്ച് ശ്രീശാന്ത് നല്‍കിയ പട്ടികയില്‍ നാലു പേരാണുള്ളത്. സഹോദരന്‍ ദീപുശാന്തനും രാജീവ് പിള്ളയുള്‍പ്പെടെ മൂന്നു സുഹൃത്തുക്കളുമാണിവര്‍. പിടിയിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പമുണ്ടായിരുന്നത് വിദേശ ഛായയുള്ള ഒരു യുവതിയാണെന്ന് രാജീവ് അടുത്ത സുഹൃത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ആഫ്റ്റര്‍ പാര്‍ട്ടിക്കായി പോകുമ്പോള്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ 'കാര്‍വിങ് ഡ്രീംസി'ന്റെ ഉടമ ഉദയുടെ നിര്‍ദേശ പ്രകാരം ഈ പെണ്‍കുട്ടിക്ക് കാറില്‍ ഇടം നല്‍കുകയായിരുന്നുവെന്നും രാജീവ് പറഞ്ഞിട്ടുണ്ട്.
Other stories in this section:
  • ഡിസ്‌കസ് ത്രോയില്‍ വികാസിന് സ്വര്‍ണം
  • ലോങ് ജമ്പില്‍ റുഥര്‍ഫോഡിന് സ്വര്‍ണം
  • നെയ്മര്‍ കളത്തില്‍ തിരിച്ചെത്തുന്നു
  • നികുതി വെട്ടിപ്പ്: നെയ്മറുടെ അച്ഛന് കോടതി നോട്ടീസ്‌
  • ട്രെസഗെ പുണെയുടെ മാര്‍ക്വി പ്ലെയര്‍
  • പ്രീമിയര്‍ ലീഗിലും വാനിഷിങ് സ്‌പ്രേ
  • ലിവര്‍പൂള്‍ സിറ്റിയെ കീഴടക്കി
  • ലുക്കാക്കുവിനെ എവര്‍ട്ടണ്‍ സ്വന്തമാക്കി
  • യോഗേശ്വറിനും ബബിതയ്ക്കും സ്വര്‍ണം
  • കശ്യപ്, തുളസി, ഗുരുസായ് ദത്ത് ക്വാര്‍ട്ടറില്‍
  •