SATURDAY, NOVEMBER 29, 2014
കേരള ക്രിക്കറ്റിന്റെ ഇതിഹാസം വിടവാങ്ങി
Posted on: 06 Jun 2013


വരാപ്പുഴ: കേരള ക്രിക്കറ്റിന്റെ കുലപതി ബാലന്‍ പണ്ഡിറ്റ് (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രഞ്ജിട്രോഫിയില്‍ കേരളത്തിനുവേണ്ടി ഇരട്ടസെഞ്ചുറി നേടിയിട്ടുള്ള ബാലന്‍ പണ്ഡിറ്റ് മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു.

1926 ല്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ജനിച്ചത്. മുംബൈയില്‍ ആയുര്‍വേദ ഫിസിഷ്യനായിരുന്ന അച്ഛനോടൊപ്പം താമസിച്ച ബാലന്‍ പണ്ഡിറ്റ് മുംബൈയിലെ കിങ് ജോര്‍ജ് ഹൈസ്‌കൂളിലാണ് പഠിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ ക്രിക്കറ്റിലെത്തി. ഒട്ടേറെ പ്രതിഭകള്‍ കളിച്ചുവളര്‍ന്ന മുംബൈയിലെ യൂണിയന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നാണ് ബാലന്‍ പണ്ഡിറ്റിന്റെയും തുടക്കം. അക്കാലത്ത് ഇന്ത്യയിലെ പ്രമുഖ കളിക്കാരെല്ലാം പങ്കെടുത്തിരുന്ന കംഗാ ലീഗ് മത്സരത്തില്‍ മാട്ടുംഗ ജിംഖാന ടീമിനുവേണ്ടി കളിക്കാനായത് ബാലന്‍ പണ്ഡിറ്റിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

ഓപ്പണിങ് ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും മികച്ച പ്രകടനം കാഴ്ചവെച്ച ബാലന്‍ പണ്ഡിറ്റ് അന്താരാഷ്ട്ര ക്രിക്കറ്റിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള പണ്ഡിറ്റ് സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന ലീഗ് മത്സരത്തിലും തിളങ്ങി. അറിയപ്പെടുന്ന ക്രിക്കറ്റ് പ്രേമിയായ ഗോദവര്‍മ തമ്പുരാനാണ് ബാലന്‍ പണ്ഡിറ്റിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. കേരളത്തിലെത്തിയ പണ്ഡിറ്റ് 1951 ല്‍ ട്രാവന്‍കൂര്‍- കൊച്ചിക്കു വേണ്ടി കളിച്ചു തുടങ്ങി. തുടര്‍ന്ന് രഞ്ജി ട്രോഫിയിലും കേരളത്തിനു വേണ്ടി പാഡണിഞ്ഞു. 1959 ല്‍ പാലക്കാട്ട് നടന്ന രഞ്ജിട്രോഫി മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ പുറത്താകാതെ 264 റണ്‍സ് നേടി പണ്ഡിറ്റ് റെക്കോഡിനുടമയായി. 1969 ല്‍ തിരുനല്‍വേലിയില്‍ മദ്രാസിനെതിരെ നടന്ന മത്സരത്തോടെ പണ്ഡിറ്റ് രഞ്ജിട്രോഫിയില്‍ നിന്ന് വിടപറഞ്ഞു.

കേരള ടീമിന്റെ ക്യാപ്റ്റന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹി, രഞ്ജി ടീം സെലക്ഷന്‍ കമ്മിറ്റിയംഗം, ദേശീയ സെലക്ഷന്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ഏറെ സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ബാലന്‍ പണ്ഡിറ്റ് 1967 മുതല്‍ എഫ്.എ.സി.ടി.യില്‍ ഉദ്യോഗസ്ഥനായിരുന്നു. 1979 ല്‍ വിരമിച്ചു.

തുടര്‍ന്നും ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ ലീല പണ്ഡിറ്റിനൊപ്പം നോര്‍ത്ത് പറവൂര്‍ വള്ളുവള്ളിയിലെ വസതിയിലാണ് താമസിച്ചിരുന്നത്. മക്കള്‍: ക്ഷമ, സഞ്ജയ് ബാലന്‍, രഞ്ജിത് ബാലന്‍. മരുമക്കള്‍: പ്രിയ, കല, കേണല്‍ ഗൗതം. ശവസംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ .
Other stories in this section:
  • സൂപ്പര്‍ ലീഗ് മുന്നോട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ പിന്നോട്ട് ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 170ാം സ്ഥാനത്ത്‌
  • ഡല്‍ഹിക്ക് മൂന്നാം ജയം
  • കോട്ടയം സെമിയില്‍
  • കേരളം കുതിക്കുന്നു; ശ്രീനിത്ത് മോഹന് ദേശീയ റെക്കോഡ്‌
  • മുന്‍ഷി സ്മാരക സിബിഎസ്ഇ സ്‌കൂള്‍ കായികമേള; പൂച്ചട്ടി ഭവന്‍സ് മുന്നില്‍
  • ശ്രീനിക്ക് പകരം ഡാല്‍മിയ?
  • ടെന്നീസില്‍ തിരുവനന്തപുരം, ക്രിക്കറ്റില്‍ തൃശ്ശൂര്‍
  • സ്‌കൂള്‍ ഗെയിംസ്: വോളിയില്‍ വയനാടും തൃശ്ശൂരും
  • ദേശീയ സബ്ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ കേരളം ചാമ്പ്യന്മാര്‍
  • മക്കാവു ഓപ്പണ്‍ പി.വി. സിന്ധു സെമിയില്‍
  • മെക്കല്ലത്തിന് അതിവേഗ സെഞ്ച്വറി കിവീസിന് മേല്‍ക്കൈ
  • ഹ്യൂസിന് ക്രിക്കറ്റ് ലോകത്തിന്റെ യാത്രാമൊഴി
  • ഇന്ത്യ-ഓസീസ് ടെസ്റ്റ് ചെവ്വാഴ്ച തുടങ്ങുന്ന കാര്യം സംശയത്തില്‍
  • സംസ്ഥാന വനിതാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌
  • ക്രിക്കറ്റില്‍ വീണ്ടും കറുത്ത ദിനം
  •