SATURDAY, NOVEMBER 01, 2014
മോക്ക കൊണ്ട് പഴുതടയ്ക്കാന്‍ ഡല്‍ഹി പോലീസ്
Posted on: 06 Jun 2013

ഷൈന്‍ മോഹന്‍

ന്യൂഡല്‍ഹി: 'വിട്ടുപോയ ചില കണ്ണികള്‍ കൂടി കണ്ടെത്താനുണ്ട്' - ഐ.പി.എല്‍. ഒത്തുകളി കേസില്‍ ഒരാഴ്ച മുമ്പ് ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞതാണിത്. ഒരാഴ്ച കൊണ്ട് 'കണ്ണി' കണ്ടെത്താന്‍ കഴിയാതിരുന്നപ്പോള്‍ ഡല്‍ഹി പോലീസ് പതിനെട്ടാമത്തെ അടവുതന്നെ പ്രയോഗിച്ചു - മോക്ക. ഇതോടെ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഡല്‍ഹി പോലീസിന് ആറ് മാസംകൂടി സമയവും കിട്ടി. അധോലോക ബന്ധം ആരോപിച്ച് മുഴുവന്‍ പ്രതികള്‍ക്കെതിരെയും മോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) ചുമത്തിയതിനെതിരെ നിയമവിദഗ്ധര്‍ ഉള്‍പ്പെടെ പലരും ശക്തമായ വിമര്‍ശം ഉയര്‍ത്തിക്കഴിഞ്ഞു.
നേരത്തേ, ക്രിമിനല്‍ കേസുകളില്‍ പ്രതിയാവാത്ത കളിക്കാര്‍ക്കെതിരെ മോക്ക ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടിയെ നിയമവിദഗ്ധരും പ്രമുഖ ക്രിമിനല്‍ അഭിഭാഷകരും ചോദ്യംചെയ്യുന്നു. കളിക്കാര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത പോലീസിന്റെ പരാജയമാണ് മോക്ക ചുമത്തിയതിലൂടെ വ്യക്തമായതെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.
തെറ്റായ രീതിയിലാണെങ്കിലും മോക്ക ചുമത്തിയത് പോലീസ്‌കേസിനെ ബലപ്പെടുത്തും. പ്രതികള്‍ക്ക് ജാമ്യം ലഭിക്കല്‍ പ്രയാസമാകും. പോലീസിന് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ആറ് മാസത്തെ സമയവും ലഭിക്കും. അന്വേഷണത്തിലെ പോരായ്മകള്‍ മറച്ചുവെക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ചിലപ്പോള്‍ മോക്ക ഉപയോഗപ്പെടുത്താറുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മോക്ക ചുമത്താനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം കുറ്റം നിലനില്ക്കില്ല.
ഒരാള്‍ക്കെതിരെ മോക്ക ചുമത്തണമെങ്കില്‍ മൂന്ന് മാനദണ്ഡങ്ങള്‍ പാലിക്കണം. ഒന്ന് - സംഘടിത കുറ്റകൃത്യ കൂട്ടായ്മയില്‍ അയാള്‍ ഭാഗമായിരിക്കണം, രണ്ട് - സംഘടിത കുറ്റകൃത്യത്തില്‍ ഉള്‍പ്പെടണം, മൂന്ന് - കഴിഞ്ഞ മൂന്ന് വര്‍ഷമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നയാള്‍ ആകണം. ഇതെല്ലാം പാലിച്ചാല്‍ മാത്രമേ മോക്ക ചുമത്താനാകൂ. ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ഉള്‍പ്പെടുന്ന മുംബൈ അധോലോകവുമായി ചില വാതുവെപ്പുകാര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കാണിച്ചാണ് ശ്രീശാന്ത് ഉള്‍പ്പെടെ 26 പ്രതികള്‍ക്കെതിരെ മോക്ക ചുമത്തിയത്.
പോലീസ് കണ്ടെത്തിയ മുഖ്യ തെളിവുകള്‍: വാതുവെപ്പുകാര്‍ നല്കിയതെന്ന് പറയുന്ന പണംകൊണ്ട് നടത്തിയ ഷോപ്പിങ്ങിന്റെ ബില്ലുകള്‍, കളിക്കാരില്‍ ഒരാളുടെ ( അജിത് ചാന്‍ഡില ) ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയ 20 ലക്ഷം രൂപ, തനിക്കും അങ്കിത് ചവാനും വേണ്ടി ചാന്‍ഡിലയും ശ്രീശാന്തിനുവേണ്ടി സുഹൃത്ത് ജിജു ജനാര്‍ദനനും വാതുവെപ്പുകാരുമായി സംസാരിച്ചതിന്റെ ഫോണ്‍ റെക്കോഡുകള്‍, കളിക്കാരും വാതുവെപ്പുകാരും ഒരുമിച്ചുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍. വകുപ്പുകള്‍: വഞ്ചന, വിശ്വാസവഞ്ചന, ഗൂഢോലോചന, പിന്നെ മോക്കയും.
വാതുവെപ്പുകാരില്‍ നിന്ന് ലഭിച്ച പണംകൊണ്ട് ശ്രീശാന്ത് പെണ്‍സുഹൃത്തുക്കള്‍ക്ക് നല്കാന്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ വാങ്ങിയെന്ന് പോലീസ് കണ്ടെത്തി. ഷോപ്പിങ് നടത്താന്‍ ചെലവാക്കിയ പണം വാതുവെപ്പുകാര്‍ നല്കിയതാണെന്ന് പോലീസ് എങ്ങനെ തെളിയിക്കുമെന്നാണ് നിയമവിദഗ്ധര്‍ ചോദിക്കുന്നത്. ചാന്‍ഡിലയ്ക്ക് വാതുവെപ്പുകാര്‍ നല്കിയതെന്ന് പറയുന്ന 20 ലക്ഷം രൂപ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് സ്ഥലം വിറ്റുകിട്ടിയ പണമാണെന്ന് ബന്ധുക്കള്‍ അവകാശപ്പെടുന്നു. ഇക്കാര്യം തെളിയിക്കാനും പോലീസിന് വിയര്‍ക്കേണ്ടിവരും.
പോലീസ് ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് മുഖ്യ തെളിവായി ഉയര്‍ത്തിക്കാട്ടുന്നത്. അങ്കിത് ചവാനും ശ്രീശാന്തും വാതുവെപ്പുകാരുമായി സംസാരിച്ചതിന് തെളിവില്ല. ചാന്‍ഡിലയുടെ സംഭാഷണമാണ് പോലീസിന്റെ പക്കലുള്ളത്.
ശ്രീശാന്ത് പത്ത് ലക്ഷവും ചാന്‍ഡില 20 ലക്ഷവും വാതുവെപ്പുകാരില്‍ നിന്ന് വാങ്ങിയെന്ന് പോലീസ് പറയുന്നു. അങ്കിത് ചവാനാവട്ടെ, കളി കഴിഞ്ഞ ഉടന്‍ അറസ്റ്റിലായതിനാല്‍ പണം കൈപ്പറ്റാനും കഴിഞ്ഞില്ല. ചവാന്റെതായി ഫോണ്‍ സംഭാഷണങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ചവാന് വേണ്ടി സംസാരിച്ചത് ചാന്‍ഡിലയാണെന്ന് പോലീസ് പറയുന്നു. ഇവയൊക്കെത്തന്നെ തെളിയിക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് കേസിനെ ബലപ്പെടുത്താന്‍ മോക്കകൂടി ചുമത്തിയത്.
എന്തിനാണ് മോക്ക ചുമത്തിയതെന്ന ചോദ്യത്തിന് ഡല്‍ഹി പോലീസ് നല്കിയ മറുപടി ഇതാണ്. സംഘടിത കുറ്റകൃത്യ കൂട്ടായ്മയുടെ ഭാഗമായ എല്ലാവര്‍ക്കുമെതിരെ മോക്ക ചുമത്താം. ഈ കൂട്ടായ്മയിലെ താഴത്തെ കണ്ണികള്‍ക്ക് പണം വരുന്നത് അധോലോകത്തു നിന്നാണെന്ന് അറിഞ്ഞുകൊള്ളണമെന്നില്ല. അതായത് അധോലോക ബന്ധം ആരോപിച്ച് ഒരാള്‍ക്കെതിരെ മോക്ക ചുമത്തുമ്പോള്‍, കുറ്റകൃത്യത്തില്‍ അധോലോകത്തിന്റെ പങ്കിനെക്കുറിച്ച് അയാള്‍ക്ക് അറിയണമെന്ന് നിര്‍ബന്ധമില്ലത്രെ. എന്തായാലും ഏതാണ്ട് 234 കളിക്കാര്‍ പങ്കെടുത്ത ഐ.പി.എല്ലില്‍ പോലീസിന് ഒത്തുകളി കണ്ടെത്താനായത് മൂന്ന് പേരില്‍ മാത്രം.


Other stories in this section:
  • എസ്.ബി.ടി.ജേതാക്കള്‍
  • തിരുവനന്തപുരത്തിന് കിരീടം
  • സൂപ്പര്‍ലീഗിന്റെ നഷ്ടങ്ങള്‍
  • പോലീസ് ഫുട്‌ബോള്‍: 22 ടീമുകളിലായി സൂപ്പര്‍ താരങ്ങള്‍ പാലക്കാട്ടെത്തും
  • ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
  • എം.എല്‍.എ. ട്രോഫി: ലോഗോ പ്രകാശനം ചെയ്തു
  • ഹെബാസിനെതിരായ നടപടിയില്‍ ഇളവ്‌
  • അന്തര്‍ജില്ലാ സബ് ജൂനിയര്‍ ഫുട്‌ബോള്‍: സെമിഫൈനല്‍ ഇന്ന്‌
  • മിന്നിയത് എലാനോ കോളടിച്ചത് ചെന്നൈയ്ക്ക്
  • അഖിലേന്ത്യാ വനിതാ ക്രിക്കറ്റ് സൂപ്പര്‍ലീഗ് ഇന്നുമുതല്‍
  • സംസ്ഥാന ടെന്നിസ് ടൂര്‍ണമെന്റിന് തുടക്കം
  • വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും
  • ബി.സി.സി.െഎ.യുടെ ആദ്യ മത്സരത്തിന് ആലപ്പുഴയില്‍ പിച്ചൊരുങ്ങി
  • സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടം നിലനിര്‍ത്തി
  • യൂനിസിന് ഡബ്ള്‍ പാകിസ്താന് കൂറ്റന്‍ സ്‌കോര്‍
  • വിജയത്തിനായ് ഗോവ കുതിപ്പ് തുടരാന്‍ ഡല്‍ഹി
  • സംസ്ഥാന ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
  • വിമലിന്റെ പരിശീലനം ഗുണംചെയ്‌തെന്ന് സൈന
  • പോലീസ് ഫുട്ബാള്‍: 22 ടീമുകളിലായി സൂപ്പര്‍ താരങ്ങള്‍ പാലക്കാട്ടെത്തും
  • വനിതാ ക്രിക്കറ്റ് ഇന്നുമുതല്‍
  •