WEDNESDAY, JANUARY 28, 2015
ബ്രസീലില്‍ അവതരിക്കുമോ പുതിയ ജര്‍മനി ?
Posted on: 06 Jun 2013സ്‌പെയിന്‍ ഫുട്‌ബോള്‍ ലോകകപ്പും യൂറോകപ്പും നേടിയതിന് പിന്നിലെ സംഘബലം ബാഴ്‌സലോണയുടെതാണെന്ന കാര്യത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സംശയമൊന്നുമുണ്ടാകില്ല. റയല്‍ മാഡ്രിഡ് എന്ന വന്‍ശക്തി സ്‌പെയിന്‍ ഉണ്ടെങ്കിലും ബാര്‍സയുടെ താരങ്ങളുടെ ഒരുമയായിരുന്നു ലോകഫുട്‌ബോളില്‍ സ്‌പെയിന്റെ കരുത്ത്. ബാഴ്‌സയുടെ ഭൂരിഭാഗം കളിക്കാര്‍ക്കൊപ്പം റയലിന്റെ അണികളെ കൂടി നന്നായി വിളക്കിച്ചേര്‍ക്കാന്‍ സ്‌പെയിന്‍ പരിശീലകര്‍ക്ക് കഴിഞ്ഞു. ബാഴ്‌സയുടെ വിജയങ്ങളുടെ തുടക്കം പെപ്പ് ഗ്വാര്‍ഡിയോളയെന്ന അവരുടെ മുന്‍ താരത്തിന്റെതായിരുന്നു. അഞ്ച് വര്‍ഷത്തിനുളളില്‍ ബാഴ്‌സ ആഗ്രഹിച്ചതൊക്കെ നേടികൊടുക്കാന്‍ ഗ്വാര്‍ഡിയോളക്കായി. കപ്പ് വിജയങ്ങളെക്കാള്‍ ബാഴ്‌സയെന്ന മനോഹരകളിക്കൂട്ടത്തേയും ടിക്കി-ടാക്ക എന്ന ഫുട്‌ബോള്‍ ശൈലിയേയും ലോകത്തിന് സുപരിചിതമാക്കിയെന്നതും പെപ്പിന്റെ വിജയമാണ്. വിജയങ്ങളുടെ നെറുകയില്‍ നിന്നാണ് ബാഴ്‌സ വിട്ട്, ഒരു വര്‍ഷത്തിലെ വനവാസത്തിന് ശേഷം ഗ്വാര്‍ഡിയോള ബയറണ്‍ മ്യൂണിക്ക് എന്ന ജര്‍മ്മന്‍ ക്ലബ്ബിലേക്ക് പോകുന്നത്.2000ല്‍ നടന്ന യൂറോകപ്പ് ജര്‍മ്മനിയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ കറുത്ത ആധ്യായമാണ്. ഗ്രൂപ്പ് എ യില്‍ മത്സരിച്ച ജര്‍മ്മനി ഇംഗ്ലണ്ടിനോടും പോര്‍ച്ചുഗലിനോടും തോല്‍ക്കുകയും റുമാനിയയോട് സമനിലയില്‍ കുരുങ്ങുകയും ചെയ്തു. ഫലം ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. യൂറോകപ്പിലെ പ്രകടനം ജര്‍മന്‍ ഫുട്‌ബോളിന് നല്‍കിയത് വലിയ ഞെട്ടല്‍ തന്നെയായിരുന്നു. സമഗ്രമായ അഴിച്ചുപണിക്ക് ജര്‍മന്‍ ഫുട്‌ബോള്‍ അധികൃതരെ പ്രേരിപ്പിച്ചത് യൂറോ കപ്പ് ദുരന്തമായിരുന്നു. അതിന് ശേഷം ജര്‍മന്‍ ഫുട്‌ബോളില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. രാജ്യത്തെ വിഖ്യാത കളിക്കാരനായ ക്ലിന്‍സ്മാന്‍ പരിശീലക വേഷത്തിലെത്തി. എന്നാല്‍ കാര്യമായ നേട്ടങ്ങള്‍ ഒന്നുമുണ്ടാകാതായപ്പോള്‍ ക്ലിന്‍സ്മാന്‍ സ്ഥാനം ഒഴിഞ്ഞു. അങ്ങനെ 2008ല്‍ ജാക്വിം ലോ എന്ന തന്ത്രശാലിയായ പരിശീലകന്‍ ജര്‍മനിയുടെ അമരക്കാരനായി. തുടര്‍ന്ന് ലോകകപ്പില്‍ മൂന്നാം സ്ഥാനവും യൂറോകപ്പില്‍ റണ്ണേഴ്‌സ് അപ്പ്, സെമിഫൈനല്‍ തുടങ്ങിയ മോശമല്ലാത്ത പ്രകടനങ്ങളും ടീമില്‍ നിന്നുണ്ടായി. ലോകകപ്പിലും യൂറോകപ്പിലും ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ടീമില്‍ നിന്നേറ്റ തോല്‍വികളാണ് ടീമിന് തിരിച്ചടിയായത്. അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ ഫേവറേറ്റുകളാണ് ജാക്വിം ലോയുടെ ജര്‍മന്‍ പട.ലോകകപ്പിന് ഇനി ഒരുവര്‍ഷമുണ്ട്. സ്‌പെയിനില്‍ നിന്ന് വേറിട്ട ഫുട്‌ബോള്‍ ശൈലിയുമായെത്തുന്ന പെപ്പ് ഗ്വാര്‍ഡിയോളയും ദേശിയ ടീമിന്റെ പരിശീലകന്‍ ജാക്വിം ലോയും ചേര്‍ന്ന് ജര്‍മ്മനിയെ കിരീട വിജയത്തിലേക്ക് എത്തിക്കാനുളള രസതന്ത്രമുണ്ടാകുമോയെന്നാണ് ഇനി അറിയാനുളളത്. സ്‌പെയിനില്‍ ഗ്വാര്‍ഡി- ഡെല്‍ബോസ്‌ക് സംഖ്യത്തിന് കഴിഞ്ഞത് ജര്‍മ്മനിയില്‍ ലോ-ഗ്വാര്‍ഡി സഖ്യം ആവര്‍ത്തിച്ചാല്‍ അത് പുതിയ ചരിത്രമാകും. ദേശിയ ടീമിലേക്ക് ഭൂരിഭാഗം കളിക്കാരേയും സംഭാവന ചെയ്യുന്ന ബയറണ്‍ മ്യൂണിക്കിന്റെ പരിശീലകനായിട്ടാണ് ഗ്വാര്‍ഡിയോള എത്തുന്നത്.ഫ്രാന്‍സ് ബെക്കന്‍ബോവറിന്റെയും ബെര്‍ടിവോട്‌സിന്റെയും യുവര്‍ണകാലത്തിന് ശേഷം ജര്‍മന്‍ ഫുട്‌ബോളിന് ഇപ്പോള്‍ നല്ലകാലമാണ്. തുടര്‍ച്ചയായ രണ്ടാം തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയ ബയറണ്‍ ഇത്തവണ കപ്പ് നേടി. ജര്‍മ്മനിയില്‍ നിന്നുളള ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫൈനലിലെത്തി. ഇരു ജര്‍മ്മന്‍ ടീമുകളും സെമിയില്‍ കടപുഴക്കിയത് സ്‌പെയിന്‍ വമ്പന്‍മാരായ ബാഴ്‌സയേയും റയല്‍ മാഡ്രിഡിനേയും. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അപൂര്‍വ്വം ടീമുകളിലൊന്നായി ജര്‍മന്‍പ്പട കുതിക്കുന്നു. ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇതാദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിന്തളളി ബയറണ്‍ ഒന്നാമതെത്തിയിരിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ ഫുട്‌ബോളില്‍ ജര്‍മ്മന്‍ വസന്തമാണ്.


ചില യാഥാര്‍ഥ്യങ്ങള്‍


തകര്‍ന്നടിഞ്ഞേടത്തുനിന്ന് ജര്‍മന്‍ ഫുട്‌ബോള്‍ പ്രതാപത്തിലേക്ക് മടങ്ങി വരുമ്പോള്‍ അതിനു പിന്നില്‍ അറിയപ്പെടാതെ പോകുന്ന കഥകളും അധ്വാനവുമുണ്ട്. ബയറണും ബൊറൂസിയയും ഫൈനല്‍ കളിച്ചപ്പോള്‍ ഇരു ടീമുകളിലെ 22 കളിക്കാരില്‍ 11 പേര്‍ ജര്‍മന്‍ കളിക്കാര്‍ ആയിരുന്നു. ജര്‍മന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ സൂചകമാണിത്. നാട്ടുകാരായ കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ചും യുവകളിക്കാരെ വളര്‍ത്തികൊണ്ടുവരുന്നതിലും അധികൃതര്‍ നല്‍കിയ ശ്രദ്ധയുടെ ഗുണഫലമായിരുന്നു ജര്‍മന്‍ ഫൈനലും കളിക്കാരുടെ എണ്ണവും. ജര്‍മ്മനിയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ബുണ്ടസ്‌ലീഗെയില്‍ കളിക്കുന്ന 525 കളിക്കാരില്‍ 65 ശതമാനവും ജര്‍മന്‍ താരങ്ങളാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലിത് കേവലം 39 ശതമാനം മാത്രമാണ്. ബുണ്ടസ്‌ലീഗെയിലെ കളിക്കാരുടെ ശരാശരി പ്രായം 25 വയസാണ്. ബയേണില്‍ 14 പേരും ബൊറൂസിയയില്‍ 19 പേരും നാട്ടുകാരാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബുകളിലേക്ക് വരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 14 പേരും ചെല്‍സിയില്‍ ആറുപേരുമാണ് നാട്ടുകാരായുള്ളത്. വിദേശതാരങ്ങളെ അധികം ഉപയോഗപ്പെടുത്താതെയും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയും അക്കാദമി താരങ്ങളെ കൂടുതായി ഉപയോഗിച്ചും ദീര്‍ഘകാലത്തേക്ക് പരുവപ്പെടുത്തിയ ഫുട്‌ബോള്‍ സമ്പ്രദായത്തിന്റെ ആദ്യവിളവെടുപ്പാണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ കണ്ടത്.

നാട്ടുകാരുടെ ക്ലബ്ബുകള്‍


ഓരോ മത്സരത്തിനുമെത്തുന്ന കാണികളുടെ ശരാശരി കണക്കില്‍ ലോകത്തെ മികച്ച രണ്ടാമത്തെ ഫുട്‌ബോള്‍ ലീഗാണ് ബുണ്ടസ്‌ലീഗെ. 45134 ആണ് ലീഗിലെ കാണികളുടെ ശരാശരി. കാണികളുടെ എണ്ണം കൂടുന്നതിന് സവിശേഷമായ ഒരു കാരണം കൂടിയുണ്ട്്. ബുണ്ടസ് ലീഗെയിലെ രണ്ട് ക്ലബ്ബുകളൊഴികെയുളളതിന്റെ മുതലാളിമാര്‍ ക്ലബ്ബ് സപ്പോര്‍ട്ടേഴ്‌സാണ്. ബയറണ്‍ മ്യൂണിക്കിന്റെ കാര്യമെടുത്താല്‍ 81 ശതമാനം ഓഹരിയുടെ ക്ലബ്ബ് ഫാന്‍സിന്റെ കൈയിലാണ്. ക്ലബ്ബിന്റെ നടത്തിപ്പിനുളളവരെ ഫാന്‍സുകാരാണ് നിശ്ചിയിക്കുന്നത്. ഒമ്പത് ശതമാനം ഓഹരി മാത്രമാണ് ഔഡി, അഡിഡാസ് എന്നീ കമ്പനികളുടെ പേരിലുളളത്. ഫോക്‌സ് വാഗന്‍ നിയന്ത്രിക്കുന്ന വോള്‍ഫ്‌സ്ബര്‍ഗും കെമിക്കല്‍ കമ്പനിയുടെ നിയന്ത്രണത്തിലുളള ബയേര്‍ ലവര്‍കുസനുമാണ് ഇതിനപവാദമായിട്ടുളളത്.

കടുത്ത സാമ്പത്തിക അച്ചടക്കത്തിലൂന്നിയുളളതാണ് ബുണ്ടസ്‌ലീഗെ. ക്ലബ്ബ് ഫാന്‍സുകാര്‍ നിയന്ത്രിക്കുന്നതിനാല്‍ ക്ലബ്ബുകളുടെ കളിമികവ് വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല.വിദേശ താരങ്ങള്‍ അധികമില്ലാത്തതും വന്‍ പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ക്ലബ്ബുകള്‍ക്ക് താല്‍പ്പര്യമില്ലാത്തതും ലീഗിലെ മൊത്തം ശമ്പളബില്ലില്‍ പ്രതിഫലിക്കുന്നുണ്ട്. മൊത്തം വരുമാനത്തില്‍ 38 ശതമാനം മാത്രമാണ് കളിക്കാര്‍ക്കുളള ശമ്പള ഇനത്തില്‍ ലീഗില്‍ ചെലവിടുന്നത്. പ്രീമിയര്‍ ലീഗിലിത് 67 ശതമാനമാണ്. 2011-12 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്ലബ്ബുകളുടെ ആകെ നഷ്ടം 207 ദശലക്ഷം പൗണ്ടാണ്. എന്നാല്‍ ബുണ്ടസ് ലീഗെ 47 ദശലക്ഷം പൗണ്ട് ലാഭമുണ്ടാക്കി. ലോകത്തെ മികച്ച മൂന്നാമത്തെ ലീഗെന്ന ബഹുമതിയും ബുണ്ടസ് ലിഗെ സ്വന്തമാക്കി കഴിഞ്ഞു.

അനുകരിക്കാവുന്ന യൂത്ത് സിസ്റ്റം


യൂറോകപ്പിലെ തിരിച്ചടിക്ക് ശേഷം ജര്‍മ്മന്‍ ഫുട്‌ബോള്‍ അധികൃതര്‍ ശ്രദ്ധചെലുത്തിയത് യുവകളിക്കാരെ വളര്‍ത്തിയെടുക്കുന്നതിലായിരുന്നു. ഒരു വ്യാഴവട്ടത്തിനുളളില്‍ അവര്‍ ഇക്കാര്യത്ത്ില്‍ ലക്ഷ്യം കണ്ടെന്നു വേണം പറയാന്‍. കഴിഞ്ഞ രണ്ട് ലോകകപ്പിലും മികച്ച യുവ താരം ജര്‍മ്മനിയില്‍ നിന്നായിരുന്നു. മെസ്യൂട്ട് ഓസില്‍. തോമസ് മുളളര്‍ സമിഖദീരെ, മരിയോ ഗോട്‌സെ തുടങ്ങി ലോകോത്തര നിലവാരമുളള താരങ്ങള്‍ ദേശിയ ടീമിലെത്തി.

യൂറോകപ്പ് ദുരന്തത്തിന് ശേഷം വ്യക്തമായ മാസ്റ്റര്‍ പ്ലാനോടെയാണ് അധികൃതര്‍ ഇറങ്ങി തിരിച്ചത്. മികച്ച പരിശീലകരേയും പരിശീലക കേന്ദ്രങ്ങളെയും ഉണ്ടാക്കിയ ശേഷമാണ് അവര്‍ ടാലന്റ് ഹണ്ടിനിറങ്ങിയത്. ബുണ്ടസ് ലീഗെയെ രണ്ടാക്കി മാറ്റി. ബുണ്ടസ് ലീഗെയും ബുണ്ടസ് ലീഗെ2 എന്നിങ്ങനെ.എന്നിട്ട് എല്ലാ ക്ലബ്ബുകള്‍ക്കും അക്കാദമികള്‍ നിര്‍ബന്ധമാക്കി. ദേശീയ തലത്തില്‍ 121 അക്കാദമികള്‍ ആരംഭിച്ചു. എല്ലാ അക്കാദമികള്‍ക്കും രണ്ട് മുഴുവന്‍ സമയ പരിശീലകരെ നിയമിച്ചു. ഇംഗ്ലണ്ടില്‍ 90 മില്യണ്‍ പൗണ്ട് എല്ലാ വര്‍ഷവും യുത്ത് സിസ്്റ്റത്തിനായി ചെലവിടുമ്പോള്‍ അധികം പണം ചെലവഴിക്കാത്ത മാര്‍ഗങ്ങളാണ് ജര്‍മനി നടപ്പാക്കിയത്. ഇപ്പോഴത്തെ കണക്കുപ്രകാരം ഓരോ വര്‍ഷവും ജര്‍മന്‍ ദേശിയ ടീമില്‍ കളിക്കാന്‍ അര്‍ഹരായ 12 കളിക്കാര്‍ അക്കാദമികളില്‍ നിന്ന് പുറത്തുവരുന്നുണ്ടെന്നാണ് വിലയിരുത്തല്‍ .

366 ഏരിയകളിലാണ് കളിക്കാര്‍ക്കായി ടാലന്റ് ഹണ്ട് നടത്തിയത്. 10 മുതല്‍ 17 വരെ പ്രായമുളളവരെയാണ് ദേശിയ അക്കാദമികളില്‍ പ്രവേശിപ്പിച്ചത്. 1000 പാര്‍ട്ട്‌ടൈം പരിശീലകരെ വാര്‍ത്തെടുത്ത അധികൃതര്‍ 28400 ബി ലൈസന്‍സ് പരിശീലകരെ സൃഷ്ടിച്ച് അത്ഭുതം കാട്ടി. 5500 എ ലൈസന്‍സ് പരിശീലകരും 1070 പ്രോ ലൈസന്‍സ് പരിശീലകരും ജര്‍മ്മനിയിലുണ്ട്. ഇവരെല്ലാം ചേര്‍ന്നാണ് ജര്‍മ്മന്‍ ഫുട്‌ബോളിനെ മാറ്റിമറിക്കുന്നത്.

ജര്‍മന്‍ ഫുട്‌ബോളിന്റെ ചെറുപ്പം


കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ടീമിലെ 19 പേര്‍ ബുണ്ടസ് ലീഗെ അക്കാദമികളില്‍ നിന്ന്് വന്നവരായിരുന്നു. ബാക്കിയുളള അഞ്ച് പേര്‍ ബുണ്ടസ് ലീഗെ രണ്ടില്‍ നിന്നുളളവരും. ടീമിലെ 15 കളിക്കാര്‍ 24 വയസില്‍ താഴെയുളളവരായിരുന്നു. ലോകകപ്പിലും യൂറോകപ്പിലും വയസന്‍പടയുമായി കളിക്കാനെത്തുന്ന ജര്‍മ്മനി കഴിഞ്ഞ ലോകകപ്പിലാണ് പാരമ്പര്യത്തിന് അറുതി വരുത്തിയത്. ഇതേ ചെറുപ്പമാണ് അടുത്ത ലോകകപ്പിലും ജര്‍മ്മന്‍ നിരയില്‍ ദര്‍ശിക്കാന്‍ കഴിയുക. ജൂലിയന്‍ ഡ്രാക്‌സ്്‌ലര്‍ (19), ആന്ദ്രേ ഷൂറില്‍ (22), സ്വെന്‍ ബെന്‍ഡര്‍ (24), തോമസ് മുളളര്‍ (23), ബാഡ്‌സ്റ്റിയൂബര്‍ (24), മാറ്റ്ഹമ്മല്‍സ് (24),മെസ്യൂട്ട് ഓസില്‍ (24) ഇല്‍ക്കേ ഗുണ്ടഗന്‍ (22), മരിയോ ഗോട്‌സെ (20), മാര്‍ക്കോ റൂസ് (23), ടോണി ക്രൂസ്് (23) തുടങ്ങിയവര്‍ ജര്‍മ്മനില്‍ ടീമിലെ യുവത്വം വിളിച്ചോതുന്നവരാണ്. ഇതിന് പുറമെ അണ്ടര്‍-21 ടീമും ഏത് പ്രതിസന്ധിയേയും നേരിടാന്‍ സജ്ജരാണ്.

ജര്‍മ്മന്‍ ലീഗില്‍ ചെറുപ്പക്കാരായ കളിക്കാര്‍ക്ക് നിറയെ അവസരം ലഭിക്കുന്നതിനാല്‍ പരിചയക്കുറവിന്റെ പ്രശ്‌നം ഉദിക്കുന്നുമില്ല. മികച്ച കളി അവസരങ്ങളും യുവത്വത്തിന്റെ ചോരത്തിളപ്പും കൂടിയാകുമ്പോള്‍ ലോക ഫുട്‌ബോളില്‍ കവിത രചിക്കാന്‍ കഴിയുന്ന സംഘമാണ് ജര്‍മന്‍ നിരയുടേത്.

ഗാര്‍ഡിയോളയും ജാക്വിം ലോയും

നിര്‍ണായകമായ ഒരു സീസണാണ് ജര്‍മ്മനിയില്‍ നടക്കാന്‍ പോകുന്നത്. ലോകകപ്പിന് ഒരു വര്‍ഷം മാത്രം മുന്നിലുളലപ്പോള്‍ നടക്കുന്ന ലീഗിന് ദേശിയ വികാരത്തിന്റെ ചുവ കൂടിയുണ്ട് വിജയങ്ങളുടെ കൊടുമുടിയിലുളള ബയേണ്‍ നിരയിലേക്ക് പെപ്പ് ഗര്‍ഡിയോളയെന്ന സൗമ്യനും തന്ത്രശാലിയുമായ പരിശീലകന്‍ എത്തുമ്പോഴുളള മാറ്റത്തിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ഒത്തൊരുമയിലും പോരാട്ടവീര്യത്തിലും ബയേണ്‍ ഇപ്പോള്‍ തന്നെ ഏറെ മുന്നിലാണ്. തന്ത്രങ്ങളിലാണ് ഗര്‍ഡിയോള അളവുകോലിരിക്കുന്നത്. ദേശിയ ടീമിലേക്ക് ഭുരിഭാഗം കളിക്കാരേയും നല്‍കുന്ന ടീമെന്ന നിലയില്‍ ബയറണ്‍ ജര്‍മന്‍ ഫുട്‌ബോളിന്റെ നട്ടെല്ലാണ്്. ഗ്വാര്‍ഡിയോള മാറ്റിപണിയുന്ന നട്ടെല്ലില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ജര്‍മന്‍ ഫുട്‌ബോളിനെ തന്നെ മാറ്റി മറിക്കും. അതുകൊണ്ട് തന്നെ ജാക്വിം ലോയെന്ന ദേശിയ പരിശീലകനൊടൊപ്പം നില്‍ക്കുന്ന സ്ഥാനമാണ് ഗ്വാര്‍ഡിയോളക്കുമുളളത്. ബാഴ്‌സയിലൂടെ സ്‌പെയിന് ലോകകിരീടം സമ്മാനിക്കാന്‍ കഴിയും വിധത്തില്‍ ടീമിനെ വാര്‍ത്തെടുന്ന ഗ്വാര്‍ഡിയോള ആതേ മാജിക് ആവര്‍ത്തിച്ചാന്‍ ബയറണിനും ജര്‍മനിക്കും കിരീടങ്ങളും പൂക്കാലമായിരിക്കും.

 

 

 

Other stories in this section:
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 • ടെന്നീസ് കോര്‍ട്ടിലെ ഉയര്‍ച്ച താഴ്ചകള്‍
 •