TUESDAY, JULY 22, 2014
വാതുവെപ്പ്: എത്ര ഉന്നതനായാലും നടപടി -ടി.സി. മാത്യു
Posted on: 23 May 2013


' കെ.സി.എ. അവാര്‍ഡ് നൈറ്റ് 30-ന് '

കോഴിക്കോട്:വാതുവെപ്പ് വിവാദത്തില്‍ എത്ര പ്രഗല്ഭനായ കളിക്കാരന്‍ ഉള്‍പ്പെട്ടാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ.സി.എ. സെക്രട്ടറി ടി.സി. മാത്യു പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ നിന്ന് ഒരുതാരം ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് ഖേദകരമാണ്. ശ്രീശാന്തിന്റെ വിഷയത്തില്‍ ഡല്‍ഹി പോലീസിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഈ രംഗത്തെ സംശുദ്ധീകരിക്കാനുള്ള ബി.സി.സി.ഐ. യുടെ എല്ലാ നടപടിയെയും കെ.സി.എ. പിന്തുണയ്ക്കും. ശ്രീശാന്ത് വിവാദം കേരളാ ക്രിക്കറ്റിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കളിക്കളത്തില്‍ മികവ് പുലര്‍ത്തുന്ന കളിക്കാരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന അവാര്‍ഡ് നൈറ്റ് മെയ്30-ന് കോഴിക്കോട് ടാഗോര്‍ഹാളില്‍ നടക്കും. 2011-'12, 2012-'13 വര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. വ്യക്തിഗത പുരസ്‌കാരങ്ങളും മികച്ച ടീമുകള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ഇതിന് മുന്നോടിയായി മെയ് 29-ന് ഹോട്ടല്‍ ഗേറ്റ്‌വേയില്‍ 65 വയസ്സിനുമേല്‍ പ്രായമുള്ള രഞ്ജിതാരങ്ങളെ ആദരിക്കും.

2011-'12 വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ്ദി ഇയര്‍ അവാര്‍ഡ് സോണിചെറുവത്തൂരിനാണ്. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജെ.കെ. മഹേന്ദ്രയ്ക്കും മികച്ച പ്രോമിസിങ് താരത്തിനുള്ള അവാര്‍ഡ് സാലിവിശ്വനാഥിനുമാണ്.
2012-'13 വര്‍ഷത്തെ അവാര്‍ഡുകള്‍ ഇപ്രകാരമാണ്. വി. ജഗദീഷ് (ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍) മണികണ്ഠക്കുറുപ്പ് (ലൈഫ് ടൈംഅച്ചീവ്‌മെന്റ്) സല്‍മാന്‍നസീര്‍ (പ്രോമിസിങ്താരം).

രഞ്ജിതാരങ്ങളെ ആദരിക്കുക എന്ന പദ്ധതി പ്രകാരം ഒരുതവണ രഞ്ജിട്രോഫിയില്‍ കളിച്ച താരത്തിന് 25,000 രൂപയും പിന്നീടുള്ള ഓരോ മത്സരങ്ങളിലും ഇതിനു പുറമേ 10,000 രൂപ വീതവും ആണ് നല്‍കുക.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗത്വമില്ലെന്ന പേരില്‍ ദേശീയ അന്തര്‍ദേശീയ ക്രിക്കറ്റ് മത്സരങ്ങളില്‍ കളിച്ച ക്രിക്കറ്റ് താരങ്ങളെ രണ്ടാംതരക്കാരായി കാണുന്ന സ്‌പോര്‍ട്‌സ്- വിദ്യാഭ്യാസ അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേസ്മാര്‍ക്ക് ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Other stories in this section: