WEDNESDAY, JANUARY 28, 2015
ഒരു ശബ്ദം; ഒരു പാട് ഗോളുകള്‍
Posted on: 27 Apr 2013

രവി മേനോന്‍


പാല്‍വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഡിയം. ഇരമ്പി മറിയുന്ന മുള ഗാലറികള്‍ . കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കും ചൂളം വിളികള്‍ക്കും മീതെ, ഡി. അരവിന്ദന്റെ ഘനഗംഭീര ശബ്ദം : ഗോ......ള്‍ !

കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയ മുഹൂര്‍ത്തം . ആ അനര്‍ഘ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ നാടെങ്ങുമുള്ള മലയാളികള്‍ റേഡിയോ സെറ്റുകള്‍ക്ക് മുന്നില്‍ തപസ്സിരുന്നിട്ടുണ്ട് ഒരിക്കല്‍ . ടെലിവിഷനും ഇന്റര്‍നെറ്റും നമ്മുടെ സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാലം .

ആകാശവാണിയിലൂടെ ആ ആവേശ നിമിഷങ്ങള്‍ നാഗവള്ളി ആര്‍ .എസ് . കുറുപ്പിനും പദ്മനാഭന്‍ നായര്‍ക്കും ഒപ്പം ശ്രോതാക്കളില്‍ എത്തിച്ച കമന്റേറ്റര്‍ ഡി അരവിന്ദന്‍ അധികമാരും അറിയാതെ ഓര്‍മ്മയായത് കഴിഞ്ഞ ദിവസമാണ് എണ്‍പത്താറാം വയസ്സില്‍ . കേരള ഫുട്ബാള്‍ അസോസിയേഷന്റെ മുന്‍ സെക്രട്ടറി ബോധാനന്ദന്‍ അരവിന്ദന്റെ മരണവാര്‍ത്ത വിളിച്ചു പറഞ്ഞപ്പോള്‍ , അറിയാതെ ആ പഴയ ദിനങ്ങളിലേക്ക് മടങ്ങിപ്പോയി മനസ്സ് . ഒരു പന്തുരുളുന്നത് കാണുമ്പോള്‍ പോലും ഉള്ളം ത്രസിച്ചിരുന്ന കാലത്തേക്ക് . 1 9 7 3 ലെ മറക്കാനാവാത്ത ആ ഡിസംബര്‍ സന്ധ്യയില്‍ , റെയില്‍വേസിനെതിരെ കേരളത്തിന്റെ നായകന്‍ മണി നേടിയ മിന്നുന്ന വിജയ ഗോള്‍ എന്നന്നേക്കുമായി മനസ്സില്‍ പതിഞ്ഞത് അരവിന്ദന്റെ വികാര നിര്‍ഭരമായ ശബ്ദത്തിലൂടെയും വിവരണത്തിലൂടെയും ആയിരുന്നല്ലോ . അന്നത്തെ സ്‌കൂള്‍ കുട്ടി അതെങ്ങനെ മറക്കാന്‍ ?

മണിയുടെ ഹാട്രിക് ഗോള്‍ കേരളത്തിനു വിജയം കൊണ്ടുവന്ന ഗോള്‍ വിവരിക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത്. പതിനായിരങ്ങളുടെ ആര്‍പ്പുവിളികള്‍ക്കു മീതെ ഗോള്‍ എന്ന് വിളിച്ചലറുമ്പോള്‍, ആ നിമിഷത്തിനു വേണ്ടി കേരളമെമ്പാടും റേഡിയോക്ക് മുന്നില്‍ കാത്തിരുന്ന ലക്ഷക്കണക്കിന് ശ്രോതാക്കള്‍ മാത്രമായിരുന്നു എന്റെ മുന്നില്‍ .പിന്നീടറിഞ്ഞു , എന്റെ അലര്‍ച്ച കേട്ട് ആഹ്ലാദം അടക്കാനാവാതെ ട്രാന്‍സിസ്റ്റര്‍ തല്ലിപ്പൊളിച്ചു കളഞ്ഞവര്‍ വരെയുണ്ട് അക്കൂട്ടത്തില്‍ എന്ന് ...'' അവസാനമായി കണ്ട നാള്‍ അരവിന്ദന്‍ പങ്കുവെച്ച അനുഭവം .

തീര്‍ന്നില്ല. കൂടുതല്‍ നാടകീയ രംഗങ്ങള്‍ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ അരവിന്ദന്‍ . ഭഭഅവസാന വിസില്‍ മുഴങ്ങിയതും ഒരു വലിയ ജനക്കൂട്ടം ഞങ്ങളുടെ കമന്റേറ്റര്‍ ബോക്‌സിലേക്ക് ഇരച്ചു കയറി വന്നു . ആരൊക്കെയോ ചേര്‍ന്ന് എന്നെയും നാഗവള്ളിയെയും പൊക്കിയെടുത്ത് മൈതാനത്തിനു പുറത്ത് കൊണ്ടുപോയത് ഓര്‍മ്മയുണ്ട് . അവിടെ കാത്തു നിന്ന ഒരു കാറിലേക്ക് ഞങ്ങളെ തള്ളിക്കയറ്റിയതും . അറിയാത്ത ഏതൊക്കെയോ ഊടുവഴികളിലൂടെ പാഞ്ഞ കാര്‍ ഒടുവില്‍ ചെന്നുനിന്നത് പള്ളുരുത്തിയിലെ ഒരു കള്ളുഷാപ്പിനു മുന്നില്‍ . ഞങ്ങളെ ഷാപ്പിലേക്ക് തള്ളിവിട്ട് കൂടെ വന്നവര്‍ പറഞ്ഞു : ഭഭഎന്ത് വേണമെങ്കിലും തട്ടിക്കോ .. . ഇന്ന് നിങ്ങടെ ദിവസാ..'' കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ക്കെല്ലാം നാടന്‍ കള്ളിന്റെ മണവും രുചിയുമായതു അങ്ങനെയാണെന്ന് ചിരിയോടെ അരവിന്ദന്‍ .

സന്തോഷ് ട്രോഫിയും ചാക്കോള ട്രോഫിയും സേട്ട് നാഗ്ജിയും ഫെഡറേഷന്‍ കപ്പും ഉള്‍പ്പെടെ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലെല്ലാം മുടങ്ങാതെ അരവിന്ദന്റെ കമന്ററി മുഴങ്ങിയിരുന്ന കാലമുണ്ടായിരുന്നു. വെറുമൊരു ദൃക്‌സാക്ഷി വിവരണക്കാരന്‍ മാത്രമായിരുന്നില്ല അദ്ദേഹം . മലയാളത്തിലെ ആദ്യത്തെ കളിയെഴുത്തുകാരില്‍ ഒരാള്‍ ; അറിയപ്പെടുന്ന കോളമിസ്റ്റ് ; ദേവസ്വം ബോര്‍ഡിലെ കള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ... അങ്ങനെ റോളുകള്‍ നിരവധി . ഒരു പക്ഷെ മലയാളത്തില്‍ വന്ന കായിക സംബന്ധിയായ ആദ്യത്തെ അന്വേഷണാത്മക റിപ്പോര്‍ട്ട് അരവിന്ദന്റെതായിരിക്കാം : തിരുകൊച്ചി ഫുട്ബാള്‍ അസോസിയേഷനിലെ അഴിമതികളും സ്വജന പക്ഷപാതവും വെളിച്ചത് കൊണ്ട് വന്ന ആ പരമ്പര അരവിന്ദന്‍ കൌമുദി വാരികയില്‍ എഴുതിയത് 1 9 5 0 കളുടെ തുടക്കത്തിലാണ് . ശുഭ്രവ്യക്തിത്വത്തിന്റെ ഉടമയായ കേണല്‍ ഗോദവര്‍മ രാജയാണ് അന്ന് സംഘടനയുടെ പ്രസിഡന്റ്. ഭഭതിരുമേനിയെ വേദനിപ്പിക്കാന്‍ വേണ്ടി എഴുതിയതായിരുന്നില്ല ഞാന്‍ . അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി മറ്റു ചില ഭാരവാഹികള്‍ നടത്തിയ വെട്ടിപ്പ് പുറത്തു കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. ''

ആരോപണം സ്വാഭാവികമായും ജി വി രാജയെ ചൊടിപ്പിച്ചു . ഭഭഏതാണീ റിപ്പോര്‍ട്ടര്‍ ? കളിയറിയാമോ അയാള്‍ക്ക് ?'' എന്നൊക്കെ ചോദിച്ചു കൌമുദി ബാലകൃഷ്ണന് കത്തെഴുതി അദ്ദേഹം . അടുത്ത ലക്കത്തില്‍ അരവിന്ദന്റെ വിശദീകരണം . ഭാരവാഹികളുടെ അഴിമതികള്‍ അക്കമിട്ടു നിരത്തിയ ആ കുറിപ്പ് ബാലേണ്ണന്‍ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു . ഒപ്പം ഒരു ഫോട്ടോയും : കളിക്കാരനായ അരവിന്ദന് ജി വി രാജ കൈ കൊടുക്കുന്ന ഒരു പഴയ പടം .

യൂണിവേഴ്‌സിറ്റി കോളേജ് ടീമിന്റെ ഗോളടി വീരനായി അരവിന്ദന്‍ തിളങ്ങി നില്ക്കുന്ന കാലത്തെ ചിത്രമായിരുന്നു അത് . ഭഭബാലേണ്ണന് മാത്രമേ അത്തരമൊരു കുസൃതി ഒപ്പിക്കാന്‍ കഴിയൂ ,'' അരവിന്ദന്‍ പറഞ്ഞു . ഭഭആ പടം കണ്ടു തിരുമേനി അന്തം വിട്ടിരിക്കണം . ഒരു വര്‍ഷം കൂടി കഴിഞ്ഞായിരുന്നു ഞങ്ങളുടെ ആദ്യകൂടിക്കാഴ്ച . യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നാഗവള്ളിയോടൊപ്പം ദൃക്‌സാക്ഷി വിവരണത്തിന്റെ ട്രയല്‍ നടത്തുകയായിരുന്നു ഞാന്‍ . നിനച്ചിരിക്കാതെ തിരുമേനി ബോക്‌സില്‍ കയറി വന്നു . നാഗവള്ളി പരിചയപ്പെടുത്തിയപ്പോള്‍ ആ വലിയ മനുഷ്യന്‍ എന്നെ കെട്ടിപ്പിടിച്ചു . എന്നിട്ട് പറഞ്ഞു : ഇത്രയും ചെറുപ്പമാണല്ലേ . എനിക്ക് വിഷമമൊന്നും ഇല്ല കേട്ടോ. നമ്മുടെ കലഹം കളിക്ക് നല്ലതേ വരുത്തൂ. ഹൃദയത്തില്‍ തട്ടിയ വാക്കുകള്‍ .''

അറുപതുകളില്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത് , സ്ഥലം ആവശ്യക്കാര്‍ക്ക് മുറിച്ചു നല്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത് അരവിന്ദന്റെ മറ്റൊരു റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് . കേരളകൌമുദി , മലയാള രാജ്യം, ദീപിക എന്നീ പത്രങ്ങളില്‍ എല്ലാം കോളം എഴുതിയിരുന്നു അരവിന്ദന്‍ . ശബരിമല മകരവിളക്കിന്റെയും (1 9 7 0 ) നെഹ്‌റു ട്രോഫി വള്ളംകളിയുടെയും തത്സമയ ദൃക്‌സാക്ഷി വിവരണം ആദ്യമായി മലയാളികള്‍ക്ക് എത്തിച്ചതും അരവിന്ദന്‍ തന്നെ . . രണ്ടിന്റെയും തത്സമയ സംപ്രേക്ഷണം ഇല്ലാത്ത ചാനലുകളില്ല ഇന്ന് .

പന്തുകളി ടി വിയില്‍ കാണുമ്പോള്‍ ഇപ്പോഴും കാല്‍ തരിക്കും. അറിയാതെ കസേരയില്‍ നിന്ന് ചാടിയെണീക്കുകയും ആര്‍ത്തു വിളിക്കുകയും ഒക്കെ ചെയ്യും . എന്ത് ചെയ്യാം ഫുട്ബാള്‍ രക്തത്തില്‍ അലിഞ്ഞു പോയില്ലേ ?'' വിടവാങ്ങുമ്പോള്‍ അരവിന്ദന്‍ പറഞ്ഞു . ആ ആര്‍പ്പുവിളി ഇനി ഓര്‍മ്മ മാത്രം .

 

 

 

Other stories in this section:
 • ആരോഗ്യസര്‍വകലാശാല ഇന്റര്‍സോണ്‍ ടേബിള്‍ടെന്നീസ് ഇന്നുതുടങ്ങും
 • ഡെംപോയ്ക്കും വഹിങ്‌ദോയ്ക്കും ജയം
 • സ്റ്റേഡിയങ്ങളെല്ലാം പൂര്‍ത്തിയായി; കളി ഉപകരണങ്ങളും എത്തിയെന്ന് മന്ത്രി
 • നഡാല്‍ പുറത്ത്; മറെ, ഷറപ്പോവ സെമിയില്‍
 • 1983 ആവര്‍ത്തിക്കട്ടെ: ക്രിക്കറ്റ് ലോകകപ്പ് കൗണ്ട്ഡൗണ്‍
 • ദേശീയ ഗെയിംസ് സുരക്ഷാഭടന്മാര്‍ എത്തിത്തുടങ്ങി
 • ദേശീയ ഗെയിംസ്: പുതുമകളുമായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
 • യുവന്റസിനും നാപ്പോളിക്കും ജയം
 • ഉഷ സ്‌കൂള്‍ കായിക പ്രതിഭകളെ തിരഞ്ഞെടുക്കുന്നു
 • വലന്‍സിയയ്ക്ക് ജയം, നാലാമത്‌
 • ഏഷ്യന്‍ കപ്പ്: ഓസ്‌ട്രേലിയ-കൊറിയ ഫൈനല്‍ ശനിയാഴ്ച
 • ജാര്‍ഖണ്ഡിന് സബ്ജൂനിയര്‍ കിരീടം
 • കേരളത്തെ വിജയതീരത്ത് എത്തിക്കാന്‍ ബറോയി കുടുംബം
 • കളത്തിലേക്ക് അന്യസംസ്ഥാനക്കാര്‍; പ്രതിഷേധവുമായി കേരള താരങ്ങള്‍
 • ഒബാമയുടെ പരാമര്‍ശത്തിന് മേരികോമിന്റെ നന്ദി
 • നീന്തലില്‍ കേരളത്തിന് പ്രതീക്ഷ
 • ബീച്ച് വോളി: കേരള ടീമിനെ പ്രഖ്യാപിച്ചു
 • ഇന്ത്യ-ഇംഗ്ലണ്ട് 'സെമി' വെള്ളിയാഴ്ച
 •