MONDAY, FEBRUARY 02, 2015
ഒപ്പത്തിനൊപ്പം
Posted on: 24 Mar 2013


ഓസ്‌ട്രേലിയ 262 ഇന്ത്യ 8ന് 266 ലയണിന് അഞ്ച് വിക്കറ്റ്

ന്യൂഡല്‍ഹി: മൂന്ന് മത്സരങ്ങളില്‍ ഏകപക്ഷീയ ഫലം കണ്ടശേഷം ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം വന്നു. ഫിറോസ് ഷാ കോട്‌ലയില്‍ ഒന്നാമിന്നിങ്‌സില്‍ 262 റണ്‍സ് നേടിയ ഓസ്‌ട്രേലിയ, ആതിഥേയരെ വലിയൊരു സ്‌കോറിലേക്ക് കുതിക്കാനനുവദിക്കാതെ തളച്ചിട്ടു. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എന്ന നിലയിലാണ്. വാലറ്റക്കാരുടെ രണ്ട് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഇന്ത്യക്ക് നാല് റണ്‍സിന്റെ ലീഡേയുള്ളൂ. 10 റണ്‍സുമായി പുറത്താവാതെ നില്ക്കുന്ന ഭുവനേശ്വര്‍ കുമാറിന് തുണ നല്‍കാന്‍ ഇഷാന്ത് ശര്‍മയും പ്രഗ്യാന്‍ ഓജയുമാണ് ബാക്കിയുള്ളത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ്‌സ്പിന്നര്‍ നേതന്‍ ലയണാണ് ഇന്ത്യയെ കടപുഴക്കിയത്.

ഓപ്പണര്‍മാര്‍ ഒരിക്കല്‍കൂടി ടീം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ മധ്യനിരയ്ക്ക് കഴിയാതെ പോയി. പരമ്പരയിലുടനീളം ഈ പ്രശ്‌നം അലട്ടിയത് ഓസീസിനെയായിരുന്നു. ഫിറോസ് ഷാ കോട്‌ലയില്‍ ടീം ഇന്ത്യയും അതിന്റെ വേദനയറിഞ്ഞു. ചേതേശ്വര്‍ പുജാര(52)യും മുരളി വിജയും(57) സെഞ്ച്വറി (108 റണ്‍സ്) കൂട്ടുകെട്ടുമായി അരങ്ങുകൊഴുപ്പിച്ചപ്പോള്‍, ചെറിയ സ്‌കോറില്‍ പുറത്തായ ഓസീസിനുമേല്‍ നല്ലൊരു ലീഡ് നേടാമെന്നാണ് ആതിഥേയര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ലയണ്‍ കണക്കുകൂട്ടലുകള്‍തെറ്റിച്ചു. ഓപ്പണര്‍മാര്‍ക്കുപുറമെ സച്ചിന്‍ തെണ്ടുല്‍ക്കര്‍(32), ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി(24), രവീന്ദ്ര ജഡേജ(43) എന്നിവര്‍ക്കും മികച്ച തുടക്കം കിട്ടിയെങ്കിലും വലിയൊരിന്നിങ്‌സ് കാഴ്ചവെക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

അര്‍ധശതകം കുറിച്ച മുരളി ടെസ്റ്റില്‍ 1,000 റണ്‍സും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന 59-ാം ബാറ്റ്‌സ്മാനാണ് മുരളി. രണ്ടും മൂന്നും ടെസ്റ്റുകളില്‍ സെഞ്ച്വറി നേടിയിരുന്ന മുരളി നാലാം ടെസ്റ്റിലും സെഞ്ച്വറി ലക്ഷ്യമിട്ട് ക്ഷമാപൂര്‍വം നിലയുറപ്പിച്ചെങ്കിലും സിഡിലിന്റെ കൗശലത്തിനുമുന്നില്‍ മുട്ടുമടക്കി.

നാലാമിന്നിങ്‌സ് ഇന്ത്യ ബാറ്റ് ചെയ്യണമെന്നിരിക്കെ മത്സരഗതി ഏതുദിശയിലേക്കും തിരിയാമെന്ന അവസ്ഥയുണ്ട്. മൂന്ന് മികച്ച സ്പിന്നര്‍മാരുണ്ടെന്ന് ഇന്ത്യക്ക് ആശ്വസിക്കാമെങ്കിലും പരമ്പരയിലാദ്യമായി പോരാട്ടവീര്യം കാഴ്ചവെച്ച ഓസീസ് പട എളുപ്പത്തില്‍ കീഴടങ്ങില്ലെന്നുവേണം കരുതാന്‍. ഓപ്പണര്‍മാരൊഴികെ മറ്റൊരു സഖ്യവും ക്ഷമാപൂര്‍വം ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതില്‍ താത്പര്യം കാട്ടിയില്ല. കഴിഞ്ഞ മൂന്ന് കളികളിലെ വമ്പന്‍ ജയം ടീം ഇന്ത്യയെ അലസരാക്കിയെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് കണ്ടത്. അരങ്ങേറ്റക്കാരന്‍ അജിങ്ക്യ രഹാനെ(7)യ്ക്ക് കാത്തിരുന്നു കിട്ടിയ അവസരം മുതലാക്കാനായില്ല.

രഹാനെയടക്കം അഞ്ച് മികച്ച കളിക്കാരെ പുറത്താക്കിയ ലയണും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നുപോലെ തിളങ്ങുന്ന ഫാസ്റ്റ്ബൗളര്‍ പീറ്റര്‍ സിഡിലുമാണ് ഓസീസിനെ മത്സരത്തില്‍ ഒപ്പമെത്തിച്ചിരിക്കുന്നത്. പുജാര, കോലി(1), സച്ചിന്‍, അശ്വിന്‍(12) എന്നിവരാണ് ലയണിന്റെ മറ്റ് നാലിരകള്‍. ഓസീസ് ഫാസ്റ്റ്ബൗളര്‍മാരും കൂടുതല്‍ ആക്രമണോത്സുകരായിരുന്നു. മുരളി സിഡ്‌ലിന്റെയും ക്യാപ്റ്റന്‍ ധോനി പാറ്റിന്‍സണിന്റെയും ഷോര്‍ട്ട്പിച്ച് പന്തുകളിലാണ് പുറത്തായത്. അമ്പയറുടെ മോശം തീരുമാനത്തില്‍ ജഡേജ പുറത്തായതൊഴിച്ചാല്‍ മറ്റ് വിക്കറ്റുകളെല്ലാം ബൗളിങ് മികവിന്റെ ബാക്കിപത്രങ്ങളായിരുന്നു.

ഓസീസ് ബൗളര്‍മാര്‍ നേടിയ മേല്‍ക്കൈ പ്രത്യാക്രമണത്തിലൂടെ മറികടക്കാനാണ് ധോനി-ജഡേജ സഖ്യം ശ്രദ്ധിച്ചത്. ഇടയ്ക്ക് കളിക്കാര്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കങ്ങള്‍ പോരാട്ടത്തിന്റെ തീവ്രത കാണിക്കുന്നതായിരുന്നു. ധോനിയും ജഡേജയും ചേര്‍ന്ന് ടീമിനെ ശക്തമായ നിലയിലേക്കെത്തിക്കുമെന്ന് കരുതിയിരിക്കെയാണ് ധോനി പാറ്റിന്‍സണിന്റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ച് പുറത്തായത്. പിന്നീട് അശ്വിനെ കൂട്ടുപിടിച്ച് ജഡേജ മികച്ച കളി പുറത്തെടുത്തു.

എട്ടിന് 231 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 31 റണ്‍സ് കൂടി ചേര്‍ത്താണ് പുറത്തായത്. ടെസ്റ്റില്‍ തന്റെ കന്നി അര്‍ധശതകം തികച്ച സിഡിലിനെ പുറത്താക്കിയ അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോള്‍ അവസാന ബാറ്റ്‌സ്മാന്‍ പാറ്റിന്‍സണെ മടക്കി ഓജ ടെസ്റ്റില്‍ നൂറാം വിക്കറ്റ് തികച്ചു.

സ്‌കോര്‍ബോര്‍ഡ്
ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സ്

കവന്‍ ബി. അശ്വിന്‍ 38, വാര്‍ണര്‍ സി. കോലി ബി. ഇഷാന്ത് 0, ഹ്യൂസ് ബി. ഇഷാന്ത് 45, വാട്‌സണ്‍ സ്റ്റംപ്ഡ് ധോനി ബി. ജഡേജ 17, സ്മിത്ത് സി. രഹാനെ ബി. അശ്വിന്‍ 46, വെയ്ഡ് സി. വിജയ് ബി. അശ്വിന്‍ 2, മാക്‌സ് വെല്‍ സി. ഇഷാന്ത് ബി. ജഡേജ 10, ജോണ്‍സണ്‍ ബി. അശ്വിന്‍ 3, സിഡില്‍ ബി. അശ്വിന്‍ 51, പാറ്റിന്‍സണ്‍ സി. കോലി ബി. ഓജ 30, ലയണ്‍ നോട്ടൗട്ട് 8, എക്‌സ്ട്രാസ് 12, ആകെ 112.1 ഓവറില്‍ 262.
വിക്കറ്റുവീഴ്ച: 1-4, 2-71, 3-106, 4-115, 5-117, 6-129, 7-136, 8-189, 9-243, 10-262.
ബൗളിങ്: ഭുവനേശ്വര്‍ 9-1-43-0, ഇഷാന്ത് ശര്‍മ 14-3-35-2, അശ്വിന്‍ 34-18-57-5, ഓജ 26.1-6-75-1, ജഡേജ 29-8-40-2.

ഇന്ത്യ ഒന്നാമിന്നിങ്‌സ്

വിജയ് സി. വെയ്ഡ് ബി. സിഡില്‍ 57, പുജാര ബി. ലയണ്‍ 52, കോലി എല്‍.ബി.ഡബ്ല്യു. ലയണ്‍ 1, സച്ചിന്‍ എല്‍.ബി.ഡബ്ല്യു. ലയണ്‍ 32, രഹാനെ സി. സ്മിത്ത് ബി. ലയണ്‍ 7, ധോനി സി. വാട്‌സണ്‍ ബി. പാറ്റിന്‍സണ്‍ 24, ജഡേജ എല്‍.ബി.ഡ.ബ്ല്യു. മാക്‌സ്‌വെല്‍ 43, അശ്വിന്‍ എല്‍.ബി.ഡബ്ല്യു. ലയണ്‍ 12, ഭുവനേശ്വര്‍ നോട്ടൗട്ട് 10, എക്‌സ്ട്രാസ് 28, ആകെ 68.1 ഓവറില്‍ 8-ന് 266.
വിക്കറ്റുവീഴ്ച: 1-108, 2-114, 3-148, 4-165, 5-180, 6-210, 7-254, 8-266.
ബൗളിങ്: ജോണ്‍സണ്‍ 17-3-44-0, പാറ്റിന്‍സണ്‍ 14-1-54-1, സിഡില്‍ 12-3-38-1, ലയണ്‍ 22.1-3-94-5, മാക്‌സ്‌വെല്‍ 3-0-8-1.

 

 

 

Other stories in this section:
  • ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോകോവിച്ചിന് കിരീടം
  • നീന്തലില്‍ കേരളത്തിന് രണ്ട് സ്വര്‍ണം
  • അഞ്ച് സ്വര്‍ണം; കരുത്തറിയിച്ച് ഹരിയാണ
  • തകര്‍പ്പന്‍ ജയത്തോടെ ഓസ്‌ട്രേലിയക്ക് കിരീടം
  • ടെന്നിസ്: കേരള വനിതകള്‍ക്ക് തോല്‍വി
  • പേസ്-ഹിംഗിസ് സഖ്യത്തിന് കിരീടം
  • ഹോക്കിയില്‍ കേരളം നാണംകെട്ടു
  • ഫുട്‌ബോള്‍: മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് ജയം
  •