TUESDAY, JANUARY 27, 2015
സ്വര്‍ണവരള്‍ച്ച; ട്രാക്കില്‍ തിരിച്ചടി
Posted on: 31 Jan 2013

ആര്‍. ഗിരീഷ്‌കുമാര്‍

* പി.യു. ചിത്രയ്ക്ക് ദേശീയ റെക്കോഡ്
* ഡബ്ള്‍കേരളത്തിന് രണ്ടാംദിനം രണ്ട് സ്വര്‍ണം
* അഞ്ച് വെള്ളി, അഞ്ച് വെങ്കലം


ഇറ്റാവ(ഉത്തര്‍ പ്രദേശ്): പി.യു. ചിത്രയുടെ ദേശീയ റെക്കോഡ് പ്രകടനവും ദേശീയ സ്‌കൂള്‍ കായികമേളയുടെ രണ്ടാംദിനം കേരളത്തിന് ആവേശം സമ്മാനിച്ചില്ല. ചരിത്രത്തിലാദ്യമായി 400 മീറ്ററില്‍ ഒരു സ്വര്‍ണംപോലും നേടാനാകാതെ നിരാശപ്പെട്ട ദിവസം സ്വന്തമായത് രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും. മഹാരാഷ്ട്ര ട്രാക്കില്‍ നടത്തിയ അപ്രതീക്ഷിത കുതിപ്പില്‍ തരിച്ചുനിന്നുപോയ കേരളം പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും അത്ര സുരക്ഷിതമല്ല കാര്യങ്ങള്‍. നാല് സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമാണ് കേരളത്തിന്റെ ശേഖരത്തിലുള്ളത്. 46 പോയന്റോടെ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും അഞ്ച് സ്വര്‍ണത്തോടെ മഹാരാഷ്ട്രയാണ് മെഡല്‍ക്കണക്കില്‍ മുന്നില്‍

റെക്കോഡ് ബുക്കിലേക്ക് നാല് പേര്‍

രണ്ടാംദിനം നാല് ദേശീയ റെക്കോഡുകളാണ് പിറന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ കേരളത്തിന്റെ പി.യു. ചിത്ര (17 മിനിറ്റ് 04.8 സെ) 15 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് തിരുത്തിയത്. മണിപ്പുരിന്റെ രാധാമണി ദേവി 1998-ല്‍ സ്ഥാപിച്ച 17:29.2 സെക്കന്‍ഡിന്റെ പ്രകടനമാണ് പഴങ്കഥയായത്. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ഹരിയാണയുടെ സോനു സൈനി 4.71 മീറ്ററോടെ പുതിയ റെക്കോഡിട്ടു. ഹരിയാണ താരങ്ങളായ കുന്ദന്റെയും ദേവേന്ദ്രയുടെയും പേരിലുണ്ടായിരുന്ന 4.41 മീറ്ററിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി. ഇതേയിനത്തില്‍ വെള്ളിനേടിയ കോതമംഗലം സെന്റ് ജോര്‍ജിലെ വിഷ്ണു ഉണ്ണിയും നിലവിലെ ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം (4.60 മീറ്റര്‍) കാഴ്ചവെച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മഹാരാഷ്ട്രയുടെ അഞ്ജന താംഗെയുടെ കുതിപ്പില്‍ (54.77സെ) വഴിമാറിയത് ടിന്റു ലൂക്ക 2006-ല്‍ കുറിച്ച 55.61 സെക്കന്‍ഡ് പ്രകടനമാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി മത്സരിച്ച മറുനാടന്‍ മലയാളി മേഘന ദേവാംഗ 12.45 മീറ്ററിന്റെ പുതിയ റെക്കോഡിട്ടു. ഡല്‍ഹിയുടെ മുകേഷ് ബെനിവാളിന്റെ പേരിലുള്ള 12.18 മീറ്ററിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്.

കേരളത്തിന്റെ മെഡല്‍ നേട്ടക്കാര്‍

സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണം നേടിയതോടെ മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്ര മീറ്റില്‍ ഡബ്ള്‍ തികയ്ക്കുന്ന ആദ്യ താരമായി മാറി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കൊടുങ്ങല്ലൂര്‍ മതിലകം ഒ.എല്‍.എഫ്. ജി.എച്ച്.എസ്സിലെ കെ. സിംനയും കേരളത്തിന്റെ സ്വര്‍ണവരള്‍ച്ചയ്ക്ക് വിരാമമിട്ടു. വിഷ്ണു ഉണ്ണി (സീനിയര്‍ പോള്‍വോള്‍ട്ട്, കോതമംഗലം സെന്റ് ജോര്‍ജ്), ലിജോ മാണി (സീനിയര്‍ 400, കല്ലടി സ്‌കൂള്‍), വി.വി. ജിഷ (സീനിയര്‍ 400, പറളി), ഷഹര്‍ബാന സിദ്ദിഖ് (ജൂനിയര്‍ 400, ഉഷ സ്‌കൂള്‍), ജെനിമോള്‍ ജോയ് (സീനിയര്‍ ലോങ്ജമ്പ്, തിരുവനന്തപുരം സായി) എന്നിവരാണ് വെള്ളിമെഡല്‍ നേടിയത്. കെ.കെ. വിദ്യ (സീനിയര്‍ 5,000, കല്ലടി), സി. ബബിത (ജൂനിയര്‍ 400, കല്ലടി), എബിന്‍ സണ്ണി (സീനിയര്‍ പോള്‍വാള്‍ട്ട്, കല്ലടി), കെ. സ്‌നേഹ (സബ്ജൂനിയര്‍ 400, ഉഷ സ്‌കൂള്‍), സി.കെ. പ്രജിത (സീനിയര്‍ ജാവലിന്‍, തിരുനാവായ നാവാ മുകുന്ദ) എന്നിവര്‍ വെങ്കലവും നേടി.

നാനൂറില്‍ കേരളം അമ്പരന്നു

കുത്തകയെന്ന് കരുതിയിരുന്ന 400 മീറ്ററില്‍ ഒരു സ്വര്‍ണം പോലുമില്ലാതെ കേരളം മടങ്ങുന്നത് ഇതാദ്യം. കഴിഞ്ഞതവണ മുതല്‍ എതിരാളികളില്‍നിന്ന് വെല്ലുവിളി നേരിട്ടിരുന്ന കേരളം ഇത്തവണ തീര്‍ത്തും നിരാശപ്പെട്ടു. ലുധിയാനയില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെങ്കലവും നേടിയെങ്കില്‍, ഇറ്റാവയിലെ ട്രാക്കില്‍നിന്ന് നേടിയത് മൂന്ന് വെള്ളിയും ഒരു വെങ്കലവും മാത്രം. കവിത റാവത്തിന്റെ പരിശീലകന്‍ ബിജേന്ദര്‍ സിങ് മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് കണ്ടെടുത്ത തീപ്പൊരികളാണ് കേരളത്തെ ദഹിപ്പിച്ചത്. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ ഒഡിഷയുടെ ദ്യുതി ചന്ദും (55.74 സെ) ജൂനിയറില്‍ അഞ്ജനെ താംഗെയും സബ്ജൂനിയറില്‍ മഹാരാഷ്ട്രയുടെ നിധി സിങ്ങും (59.5 സെ) സ്വര്‍ണം നേടി. ആണ്‍കുട്ടികളില്‍ സീനിയറില്‍ പശ്ചിമ ബംഗാളിന്റെ നീല്‍ കുമാറും (49.38 സെ) ജൂനിയറില്‍ പഞ്ചാബിന്റെ നരീന്ദര്‍ സിങ്ങും (49.71 സെ) സബ്ജൂനിയറില്‍ ആന്ധ്രയുടെ ജി. വെങ്കട നായിഡുവും (51.61 സെ) കേരളത്തിന്റെ കുത്തക തകര്‍ത്തു.
പെണ്‍കരുത്തിലാണ് കേരളം ട്രാക്കില്‍ എക്കാലവും നേട്ടമുണ്ടാക്കിയിരുന്നത്. എന്നാല്‍, ആ കോട്ടയിലേക്ക് മഹാരാഷ്ട്രയില്‍നിന്ന് ഒരു സംഘമെത്തുകയാണെന്ന സൂചന 400-ല്‍ പ്രകടമായി. രണ്ടാംദിനം നടന്ന 100 മീറ്റര്‍ ഹീറ്റ്‌സ്, സെമി മത്സരങ്ങളിലും മഹാരാഷ്ട്രയിലെ പെണ്‍കൊടിമാരുടെ കരുത്ത് പ്രകടമായിരുന്നു. ഒഡിഷക്കാരി ദ്യുതി ചന്ദ്കൂടി കേരളത്തിന് വെല്ലുവിളി ഉയര്‍ത്തിയതോടെ, വരുംദിനങ്ങളില്‍ നൂറിലും 200-ലും തിരിച്ചടി നേരിട്ടേക്കുമെന്ന സൂചന ശക്തമാണ്. കഴിഞ്ഞവര്‍ഷം നൂറിലും ഇരുന്നൂറിലുമായി ഒരു സ്വര്‍ണമാണ് കേരളത്തിന് നേടാനായത്.

ജമ്പിങ് പിറ്റിലും തിരിച്ചടി

ട്രാക്കിലെ തിരിച്ചടി ജമ്പിങ് പിറ്റിലേക്കും പടരുകയാണ്. കേരളം കാത്തുസൂക്ഷിച്ചിരുന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പ് കുത്തക പഞ്ചാബാണ് ഇക്കുറി തകര്‍ത്തത്. കേരളത്തിന്റെ ജെനിമോള്‍ ജോയിയെ (5.84 മീ) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പഞ്ചാബിന്റെ ഭൂമിക താക്കൂര്‍ (5.96 മീ) സ്വര്‍ണം കരസ്ഥമാക്കി. മെഡല്‍ പ്രതീക്ഷയായിരുന്ന തലശ്ശേരി സായിയിലെ നയന ജയിംസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോള്‍പോള്‍ട്ടില്‍ വിഷ്ണു ഉണ്ണിയെ പിന്തള്ളി ഹരിയാണയുടെ സോനു സെയ്‌നിയുടെ കുതിപ്പും അപ്രതീക്ഷിതമാണ്. കേരളം സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്.

ലക്കി ഗോള്‍ഡ്

ഫോസ്ബറി ഫ്ലോപ്പ് ശൈലി വന്നതോടെ ഹൈജമ്പുകാര്‍ തള്ളിക്കളഞ്ഞതാണ് സിസ്സര്‍ കട്ട് രീതി. എന്നാല്‍, കാലഹരണപ്പെട്ട ഈ ശൈലിയിലൂടെ ചാടിയും സ്വര്‍ണം നേടാമെന്ന് തെളിയിക്കുകയായിരുന്നു കെ. സിംന. സ്‌കൂളില്‍ മണ്ണ്കൂട്ടിയിട്ട് അതിലേക്ക് ചാടിപ്പഠിച്ച സിംനയ്ക്ക് ദേശീയമീറ്റില്‍ കൈവന്നത് അപ്രതീക്ഷിത സ്വര്‍ണമാണ്. സംസ്ഥാന മീറ്റില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഈ എട്ടാം ക്ലാസ്സുകാരി. കൊടുങ്ങല്ലൂര്‍ കല്ലൂപ്പറമ്പില്‍ കെ.എ. അബ്ദുസ്സലാമിന്റെയും ഫാത്തിമയുടെയും മകളാണ് സിംന. രണ്ടാംദിനം ഒരു സ്വര്‍ണത്തിലേക്ക് കേരളം ഒതുങ്ങിപ്പോവുമോ എന്ന് ആശങ്കപ്പെട്ടിരുന്നപ്പോഴാണ് ഈ ഭാഗ്യസ്വര്‍ണം കേരളത്തിന് കൈവന്നത്.

സൈക്കിള്‍ സമ്മാനവുമായി മുലായം

ദേശീയ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെല്ലാം മുലായം സിങ് യാദവിന്റെ വക സൈക്കിള്‍ സമ്മാനം. സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയായ സൈക്കിള്‍ താരങ്ങള്‍ക്ക് സമ്മാനിക്കാമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ഉദ്ഘാടനപ്രസംഗത്തിനിടെ മുലായം മുന്നോട്ടുവെച്ചിരുന്നു. ബുധനാഴ്ചയാണ് ഇക്കാര്യം തീരുമാനിച്ചത്. ഒട്ടാകെ മൂവായിരത്തോളം താരങ്ങള്‍ക്കാണ് സമ്മാനമായി സൈക്കിള്‍ കിട്ടുക. കേരളത്തിന്റെ 133 താരങ്ങള്‍ക്കും സൈക്കിള്‍ ലഭിക്കും.

അതിവേഗമുള്‍പ്പെടെ 29 ഫൈനലുകള്‍

ദേശീയ സ്‌കൂള്‍ കായികമേളയുടെ മൂന്നാംദിനമായ വ്യാഴാഴ്ച 29 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. മീറ്റിലെ അതിവേഗക്കാരെ നിര്‍ണയിക്കുന്ന 100 മീറ്ററുള്‍പ്പെടെ ട്രാക്കിലും ഫീല്‍ഡിലുമായി മത്സരത്തിരക്കായിരിക്കും. 1,500 മീറ്ററിലും റിലേയിലും മെഡല്‍ പ്രതീക്ഷയിലാണ് കേരളം ഇറങ്ങുന്നത്.

പ്രായത്തട്ടിപ്പ് ഒരു താരത്തിന് അയോഗ്യത

ഇറ്റാവ: പ്രായത്തട്ടിപ്പ് വിവാദം ദേശീയ സ്‌കൂള്‍ കായികമേളയിലേക്കും. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ വെള്ളിമെഡല്‍ നേടിയ ത്രിപുര താരത്തെയാണ് ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തി മത്സരിച്ചതിന്റെ പേരില്‍ അയോഗ്യയാക്കിയത്. മീനാട്ടി സിന്‍ഹയ്ക്കാണ് അയോഗ്യത. മീനാട്ടി ലോങ്ജമ്പില്‍ നേടിയ വെള്ളിമെഡല്‍ തിരിച്ചുവാങ്ങുകയും ചെയ്തു.
ഇതേയിനത്തില്‍ നാലാം സ്ഥാനത്തുവന്ന തമിഴ്‌നാടിന്റെ എസ്. ഹര്‍ഷിനിയുടെ അച്ഛന്‍ നല്‍കിയ പരാതിയാണ് പ്രായത്തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞവര്‍ഷം ലുധിയാനയിലും അണ്ടര്‍-14 വിഭാഗത്തില്‍ മീനാട്ടി മത്സരിച്ചിരുന്നു. വെങ്കലം നേടുകയും ചെയ്തു. ഇക്കുറി ജൂനിയര്‍ തലത്തില്‍ മത്സരിക്കേണ്ടിയിരുന്ന താരം, ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തിയാണ് ഇവിടെയെത്തിയത്. മീനാട്ടി കഴിഞ്ഞവര്‍ഷം മത്സരിച്ചുജയിച്ചതിന്റെ രേഖയടക്കമാണ് ഹര്‍ഷിനിയുടെ അച്ഛന്‍ പരാതിപ്പെട്ടത്. മീനാട്ടി അയോഗ്യയായതോടെ ഹര്‍ഷിനിക്ക് വെങ്കലം ലഭിച്ചു. ഇതേയിനത്തില്‍ മത്സരിച്ച കേരളതാരം ഫാത്തിമ അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

പോയന്റ് നില


സ്വര്‍ണം, വെള്ളി, വെങ്കലം, പോയന്റ് ക്രമത്തില്‍
കേരളം 4 6 8 46
മഹാരാഷ്ട്ര 5 4 2 39
പഞ്ചാബ് 4 3 3 32
ഡല്‍ഹി 3 4 3 30
ഹരിയാണ 4 2 3 29
ഉത്തര്‍പ്രദേശ് 2 2 1 17
പശ്ചിമബംഗാള്‍ 2 2 0 16


 

 

 

Other stories in this section: