a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഫുട്‌ബോള്‍-ക്രിക്കറ്റ് തര്‍ക്കം തീര്‍ന്നു; ഇനി കളിയുടെ പൂരം
Posted on: 22 Jan 2013


കൊച്ചി: കൊച്ചി സ്റ്റേഡിയത്തെച്ചൊല്ലി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ഫുട്‌ബോള്‍-ക്രിക്കറ്റ് തര്‍ക്കം രമ്യമായി പരിഹരിക്കപ്പെട്ടു. രണ്ട് പ്രമുഖ കായികസംഘടനകള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇനി ഫിബ്രവരിയില്‍ കൊച്ചി സ്റ്റേഡിയത്തില്‍ അരങ്ങേറുക കളിയുടെ പൂരമാവും. ഫിബ്രവരി 6-ന് ഫിഫ അംഗീകൃത അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയും പലസ്തീനും ഏറ്റുമുട്ടും. തുടര്‍ന്ന് ഫിബ്ര. 9-ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ ഉദ്ഘാടനമത്സരം ഇതേ വേദിയില്‍ അരങ്ങേറും. സി.സി.എല്ലിന്റെ ഉദ്ഘാടനച്ചടങ്ങും ഇവിടെ നടക്കും. ഫിബ്രവരി 13 മുതല്‍ ഇക്കൊല്ലത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളും തുടങ്ങും.

സ്റ്റേഡിയത്തിലെ 'എ' സെക്ടറില്‍ കെ.സി.എ.ഓഫീസിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന 'ക്യാഷ്' കേരള-ക്രിക്കറ്റ് അക്കാദമി ഓഫീസും പോലീസ് കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്നുള്ള വേറെ രണ്ട് മുറികളും കൂടി മത്സരങ്ങളുടെ നടത്തിപ്പുകാലത്ത് ഫുട്‌ബോള്‍ അസോസിയേഷന് ഉപയോഗിക്കാം എന്നതാണ് പുതിയ ധാരണ. 'എ' സെക്ടറില്‍ കെ.സി.എ. ഫര്‍ണിഷ് ചെയ്ത് നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍, മീഡിയ റൂം, ഡ്രസ്സിങ്‌റൂമുകള്‍, ജിം, മെഡിക്കല്‍ റൂം, അമ്പയേഴ്‌സ് റൂം, ടെലിക്കാസ്റ്റ് റൂം തുടങ്ങിയ മറ്റ് സൗകര്യങ്ങളും പൊതുവായി കെ.എഫ്.എ.യ്ക്ക് ഉപയോഗിക്കാമെന്ന് നേരത്തെതന്നെ ധാരണയായിരുന്നതാണ്. ഫ്ലഡ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വാങ്ങിയ ജനറേറ്ററുകളും ഫുട്‌ബോള്‍ മത്സരങ്ങളുടെ നടത്തിപ്പിനായി വിട്ടുകൊടുക്കും. ഇന്ധനച്ചെലവ് ഫുട്‌ബോള്‍ അസോസിയേഷന്‍ വഹിക്കണം.

കെ.എഫ്.എ.യുടെ ആവശ്യങ്ങള്‍ ജി.സി.ഡി.എ. പരിഗണിച്ചതിനാല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ എല്ലാം മുന്‍ നിശ്ചയിച്ച പ്രകാരംതന്നെ കൊച്ചിയില്‍ അരങ്ങേറുമെന്ന് കെ.എഫ്.എ. പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ അറിയിച്ചു.

ക്രിക്കറ്റിനൊപ്പം മറ്റ് സ്‌പോര്‍ട്‌സ് മത്സരങ്ങളും കൊച്ചി സ്റ്റേഡിയത്തില്‍ നടക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അതിനായി ഏതുവിധ സഹകരണത്തിനും ഒരുക്കമാണെന്നും കെ.സി.എ. സെക്രട്ടറി ടി.സി. മാത്യു പറഞ്ഞു.


Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.