WEDNESDAY, OCTOBER 01, 2014
ശ്രീശാന്തിന് നാല്: കേരളത്തിന് ലീഡ്‌
Posted on: 23 Dec 2012

സിറാജ് കാസിം


പെരിന്തല്‍മണ്ണ:ത്രസിപ്പിക്കുന്ന തിരിച്ചുവരവുമായി ശ്രീശാന്ത് തിളങ്ങിയ മൈതാനത്ത് ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ശുഭാരംഭം. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെ 120 റണ്‍സിന് എറിഞ്ഞിട്ട കേരളം ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 165 റണ്‍സെന്ന ശക്തമായ നിലയിലാണ്. 77 റണ്‍സോടെ ജഗദീഷും 86 റണ്‍സോടെ റോബര്‍ട്ട് ഫെര്‍ണാണ്ടസുമാണ് ക്രീസില്‍. ഒമ്പത് വിക്കറ്റുകള്‍ കൈയിലിരിക്കെ കേരളത്തിന് ഇപ്പോള്‍ 45 റണ്‍സിന്റെ ലീഡുണ്ട്. 10.1 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുതെടുത്ത ശ്രീശാന്താണ് ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ കേരളത്തിന് ശുഭാരംഭം കുറിച്ചത്. സന്ദീപ് വാര്യരും ഷാഹിദും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. മനു കൃഷ്ണന്‍ ഒരു വിക്കറ്റെടുത്തു. 30 റണ്‍സെടുത്ത ശിവ് ഗൗതമാണ് ജാര്‍ഖണ്ഡിന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരികയെന്ന സ്വപ്നം അത്ര ദൂരത്തല്ലെന്ന പ്രഖ്യാപനംപോലെ പന്തെറിഞ്ഞ ശ്രീശാന്തിന് മുന്നിലാണ് കേരളം പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ജാര്‍ഖണ്ഡ് ബാറ്റുവെച്ച് കീഴടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ആകാശ് വര്‍മയെ ജഗദീഷിന്റെ കൈകളിലെത്തിച്ച് ശ്രീശാന്ത് ആകാശത്തേക്ക് കൈകളുയര്‍ത്തി. കൂട്ടാളി വീണിട്ടും അടിച്ചുകളിച്ച റമീസ് നേമത്തായിരുന്നു ശ്രീശാന്തിന്റെ അടുത്ത ഇര. 28 പന്തില്‍ 21 റണ്‍സെടുത്ത റമീസിനെ സന്ദീപിന്റെ കൈകളിലൊതുങ്ങി.

നാല് റണ്‍സെടുത്ത ഇഷാംഗ് ജഗ്ഗിയെ മനു കൃഷ്ണനും ഏഴ് റണ്‍സെടുത്ത ദേബ്രതയെ ശ്രീശാന്തും വീഴ്ത്തിയതിന് പിന്നാലെ കേരളം കാത്തിരുന്ന വിക്കറ്റുമായി സന്ദീപും അവതരിച്ചു. മൂന്ന് ബൗണ്ടറികളുമായി മികച്ചഫോമില്‍ തുടങ്ങിയ ഇന്ത്യന്‍ താരം സൗരഭ് തിവാരിയെ സന്ദീപ് വിക്കറ്റ് കീപ്പര്‍ അക്ഷയ് കോടോത്തിന്റെ കൈകളിലെത്തിച്ചതോടെ ജാര്‍ഖണ്ഡ് 5ന് 62 റണ്‍സെന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ച മട്ടിലായി. പിന്നീട് 30 റണ്‍സെടുത്ത ശിവ്ഗൗതമും 20 റണ്‍സെടുത്ത സണ്ണി ഗുപ്തയും ചേര്‍ന്നാണ് ജാര്‍ഖണ്ഡ് സ്‌കോര്‍ 100 കടത്തിയത്. വെറും 32 ഓവറില്‍ ജാര്‍ഖണ്ഡിന്റെ ഇന്നിങ്ങ്‌സ് എരിഞ്ഞുതീര്‍ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ജാര്‍ഖണ്ഡും തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ അഭിഷേകിനെ വീഴ്ത്തി മികച്ച തുടക്കം നല്‍കിയെങ്കിലും ജഗദീഷിന് കൂട്ടായി റോബര്‍ട്ട് എത്തിയതോടെ കളി തീര്‍ത്തും കേരളത്തിന്റെ വരുതിയിലായി. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജഗദീഷ്-റോബര്‍ട്ട് സഖ്യം 165 റണ്‍സെടുത്തിട്ടുണ്ട്.


സ്വപ്നംപോലൊരു സ്‌പെല്‍


പെരിന്തല്‍മണ്ണ: പത്ത് ഓവര്‍, മൂന്ന് മെയ്ഡന്‍, 28 റണ്‍സ്, നാല് വിക്കറ്റ്... പെരിന്തല്‍മണ്ണയിലെ മൈതാനത്ത് സ്വപ്നംപോലൊരു സ്‌പെല്ലുമായാണ് ശ്രീശാന്ത് തിരിച്ചുവരവ് അറിയിച്ചത്. കളിയുടെ ആദ്യ ഓവറില്‍ത്തന്നെ ജാര്‍ഖണ്ഡ് ഓപ്പണറെ വീഴ്ത്തിയ ശ്രീയുടെ ഓരോ പന്തും ആവേശത്തോടെയാണ് കാണികള്‍ ഏറ്റെടുത്തത്. ശിവ് ഗൗതമിന്റെ അനായാസക്യാച്ച് സ്ലിപ്പില്‍ അന്‍ഫല്‍ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ അഞ്ചുവിക്കറ്റ് നേട്ടവും ശ്രീശാന്തിന് സ്വന്തമാകുമായിരുന്നു.നിര്‍ണായകകളിയില്‍ നാല് വിക്കറ്റുമായി തിളങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനായിരുന്നു ശ്രീ. ''പരിക്കിന്റെ പിടിയിലമര്‍ന്ന ഞാന്‍ നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷമാണ് ടീമില്‍ തിരിച്ചെത്തുന്നത്. സാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞതിലും കേരളത്തിന് അനുകൂലമായി കാര്യങ്ങള്‍ വന്നതിലും ഏറെ സന്തോഷമുണ്ട്''-ശ്രീ പറഞ്ഞു.Other stories in this section:
 • വനിതാ ഹോക്കി വെങ്കലം ഇന്ത്യയ്ക്ക്‌
 • ടിന്റു ലൂക്കയ്ക്ക് വെള്ളി, അശ്വിനി നിരാശപ്പെടുത്തി
 • അമ്മ മേരിയുടെ പൊന്നുമ്മ
 • പൊട്ടിക്കരഞ്ഞ്, മെഡലണിയാതെ സരിതദേവി
 • ഇത് പെണ്‍കരുത്തിന്റെ വിജയം: പ്രിയങ്ക ചോപ്ര
 • ഏഴാം പൊന്ന് മേരികോമിന്റെ വക
 • വോളിബോള്‍: ഇന്ത്യ ക്വാര്‍ട്ടറില്‍ തോറ്റു
 • നടത്തത്തില്‍ സന്ദീപ്കുമാര്‍ നാലാമത്‌
 • ഉത്തേജകമരുന്ന് ഉപയോഗം: മലേഷ്യയുടെ സ്വര്‍ണം പോയി
 • ഫുട്‌ബോള്‍ സ്വര്‍ണത്തിന് കൊറിയന്‍ പോരാട്ടം
 • മേരിയെ കാണാന്‍...
 • സെയ്‌ലിങ്ങില്‍ ഒരു വെങ്കലം
 • ടി.ടി: പുരുഷ ഡബിള്‍സ് ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍
 • ഹോക്കി: ഇന്ത്യ-പാക് ഫൈനല്‍
 • തെയ്ക്ക്വാണ്ടൊ: ജസ്വന്തും ലതികയും ക്വാര്‍ട്ടറില്‍ തോറ്റു
 • കബഡി: ഇന്ത്യന്‍ ടീമുകള്‍ സെമിയില്‍
 • മേരി കോം ഫൈനലില്‍, സരിതക്കും പൂജയ്ക്കും വെങ്കലം, വികാസ് സെമിയില്‍
 • ഗ്രെക്കോ റോമന്‍ ഗുസ്തി: ഇന്ത്യയ്ക്ക് തിരിച്ചടി
 • വികാസ് ഗൗഡയ്ക്ക് വെള്ളി; ടിന്റു ഫൈനലില്‍
 • ഇഞ്ചിയോണിലെ പൂങ്‌സാന്‍
 •