|
ക്ലബ്ചാമ്പ്യന്‍ഷിപ്പ് ഫെഡറേഷന്‍ കപ്പിന്റെ യോഗ്യതാമത്സരം മാത്രമെന്ന് കെ.എഫ്.എ.
Posted on: 23 Dec 2012
ഡി. ഷൈജുമോന്‍
കൊച്ചി: അരീക്കോട്ടുനിന്നുള്ള ഒരു ഫോണ്‍കോളാണ് ശനിയാഴ്ച പ്രഭാതത്തിലേക്ക് വിളിച്ചുണര്‍ത്തിയത്. 38-ാമത് സംസ്ഥാന ഇന്റര്‍ക്ലബ് ഫുട്‌ബോള്‍ ജേതാക്കളായ ഏജീസ് ഓഫീസ് ടീമിന് സമ്മാനത്തുകയൊന്നും നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ലെങ്കില്‍ പിരിവെടുത്തിട്ടായാലും അരീക്കോട്ടെ നാട്ടുകാര്‍ചേര്‍ന്ന് പതിനായിരം രൂപയെങ്കിലും തിരുവനന്തപുരത്ത് ചാമ്പ്യന്‍ടീമിന് എത്തിച്ചുനല്‍കുമെന്ന് അറിയിക്കാനായിരുന്നു ആ ഫുട്‌ബോള്‍പ്രേമിയുടെ വിളി.
സംസ്ഥാന ഇന്റര്‍ക്ലബ് ഫുട്‌ബോള്‍ വിജയികള്‍ക്കും റണ്ണറപ്പിനും പത്തുപൈസയുടെപോലും ക്യാഷ് അവാര്‍ഡില്ല എന്ന 'മാതൃഭൂമി'വാര്‍ത്തയോട് കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ പ്രതികരണം പ്രതീക്ഷിച്ചതുപോലെത്തന്നെയായിരുന്നു. എല്ലാം ഓര്‍ഗനൈസിങ്കമ്മിറ്റിയുടെ ചുമതലയുള്ള മലപ്പുറം ഡി.എഫ്.എ.യാണ് തീരുമാനിക്കേണ്ടിയിരുന്നത് എന്നുപറഞ്ഞ് അവര്‍ കൈകഴുകി.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിന് ഒന്നരലക്ഷം രൂപ സംഘാടകരായ ഡി.എഫ്.എ.യ്ക്ക് കൊടുക്കും എന്നതില്‍ക്കവിഞ്ഞ് ടൂര്‍ണമെന്റുമായി യാതൊരു ഉത്തരവാദിത്വവുമില്ല എന്ന നിലപാടാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുമുന്നില്‍ കെ.എഫ്.എ. നേതൃത്വം സ്വീകരിച്ചത്. ടൂര്‍ണമെന്റിന്റെ ലാഭനഷ്ടക്കണക്കുകള്‍പോലും പിന്നീട് കെ.എഫ്.എ. അന്വേഷിക്കാറില്ല.
എന്നാല്‍, കെ.എഫ്.എ. പ്രസിഡന്റ് കെ.എം.ഐ. മേത്തറും സെക്രട്ടറി അനില്‍കുമാറും ഒരുപോലെ വ്യക്തമാക്കിയ ഒരുകാര്യം ഇതാണ്-'സംസ്ഥാന ഇന്റര്‍ ക്ലബ് ഫുട്‌ബോള്‍ ഫെഡറേഷന്‍കപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണ്. ഈ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുകയെന്നത് ടീമുകള്‍ക്ക് പ്രസ്റ്റീജാണ്. ഒരു യോഗ്യതാടൂര്‍ണമെന്റിന് പ്രൈസ്മണി ഒരിടത്തും ഉണ്ടാവില്ല.' ഫെഡറേഷന്‍കപ്പിന്റെ യോഗ്യതാമത്സരമായതുകൊണ്ടാണ് ഇന്റര്‍ക്ലബ് ടൂര്‍ണമെന്റ് കൃത്യമായി നിലനിര്‍ത്തപ്പെടുന്നതെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തപ്പോള്‍ പ്രസിഡന്റ് ഒടുവില്‍ ഇങ്ങനെയാണ് പറഞ്ഞുനിര്‍ത്തിയത്-'ഇതൊരു തര്‍ക്കവിഷയമാക്കേണ്ട. ആലോചിച്ച് പരിഹരിക്കാം.'
പ്രതികരിക്കാന്‍ ആരുമില്ല -ഐ.എം. വിജയന്‍
സോപ്പും എണ്ണയും മേടിക്കാന്‍പോലും കാശില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ പന്തുകളി. കാശുള്ളിടത്ത് കളിക്കാന്‍ ഇവര്‍ അനുവദിക്കുകയുമില്ല. ഇതിനോടൊന്നും പ്രതികരിക്കാന്‍ ഇവിടെയാരുമില്ല.
നാഥനില്ലാക്കളരി -ടി.കെ. ചാത്തുണ്ണി
കളിക്കാരുടെ ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നാഥനില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് സീനിയര്‍ ഫുട്‌ബോള്‍ കോച്ച് ടി.കെ. ചാത്തുണ്ണി. ദിനബത്ത വര്‍ധിപ്പിക്കണമെന്ന ആവശ്യം എത്രനാളായി പറയുന്നതാണ്. ആരുകേള്‍ക്കാന്‍?
ധാരണകള്‍ തെറ്റ് -സുനില്‍കുമാര്‍
(എസ്.ബി.ടി. ടീം മാനേജര്‍ -മുന്‍ കേരളതാരം )
കളിക്കളത്തില്‍നിന്ന് ധാരാളം പണംകിട്ടുന്നു എന്നാണ് പുറത്തെ ധാരണ. ഇപ്പോള്‍ എന്താണ് സത്യമെന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കാണും. ഇവിടെ നടക്കുന്നതൊന്നും ശരിയല്ല.
കളിക്കാര്‍ക്ക് വിലയില്ല - സി.സി. ജേക്കബ്
പ്രശസ്തി, സമൂഹത്തില്‍ അത്യാവശ്യം ബഹുമാനവും സ്‌നേഹവും, പിന്നെ പണം. ഇതാണ് ഏതൊരാള്‍ക്കും അര്‍ഹതപ്പെട്ടത്. പക്ഷേ, ഇതിലൊന്നുപോലും നമ്മുടെ നാട്ടിലെ മിടുക്കന്മാരായ ഫുട്‌ബോളേഴ്‌സിന് കിട്ടുന്നുണ്ടോ?
|