SUNDAY, JANUARY 25, 2015
പോണ്ടിങ് ബാക്കിവയ്ക്കുന്നത്‌
Posted on: 04 Dec 20121999 ലോകകപ്പ് ആര്‍ക്ക് എന്ന ചര്‍ച്ച പൊടിപൊടിച്ചു നടക്കുകയാണ് ടെലിവിഷനില്‍. ഓരോ കളിക്കാരന്റെയും മികവും വൈദഗ്ധ്യവുമെല്ലാം ടോണി ഗ്രെയ്ഗിന്റെ നേതൃത്വത്തില്‍ ഗുണിച്ചും ഹരിച്ചും പരിശോധിക്കപ്പെടുന്നു. മേഖലകള്‍ തിരിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍, വസീം അക്രം, ജോണ്ടി റോഡ്‌സ് എന്നിവരിലൂടെ അന്വേഷണം പുരോഗമിക്കുന്നു. മറ്റു രാജ്യങ്ങളിലെ കളിക്കാര്‍ക്ക് ഇവരോട് താരതമ്യം. ഫീല്‍ഡിംഗ് എന്ന വിഷയം വന്നപ്പോള്‍ റോഡ്‌സിനപ്പുറത്തേക്കൊരു ചിന്തയേയില്ല. അതിനിടയില്‍ ഗ്രെഗ് ചാപ്പല്‍ ഒരു പേരു പറഞ്ഞു. ചുണ്ടില്‍ ഒരു പാതി പരിഹാസച്ചിരിയോടെ മൈക്ക് പ്രോക്റ്റര്‍ മറുചോദ്യം ചോദിക്കുന്നു. 'റിക്കി ഹു'?

'വാക്ക'യില്‍ അവസാനത്തെ അങ്കത്തിനിടയില്‍ മൂന്നാം ദിവസം രാവിലെ റിക്കി പോണ്ടിംഗ് എന്ന മധ്യവയസ്‌കന്‍ 'റോഡ്‌സ് പോയന്‍റ്' എന്ന് ജോണ്ടിക്ക് ശേഷം നാമകരണം ചെയ്യപ്പെട്ട സ്ഥലത്ത് ശരീരം മറന്ന് ഡൈവ് ചെയ്ത് എബ്രഹാം ഡി വില്ലിയേഴ്‌സിന്റെ ഡ്രൈവുകള്‍ തടുത്തിടുമ്പോള്‍ ഇയാന്‍ ചാപ്പല്‍ ആശ്ചര്യപ്പെടുന്നു. വിരമിക്കല്‍ തീരുമാനം ഒന്ന് പുന:പരിശോധിച്ചാലോ എന്ന്.

രണ്ടും തമാശകളാണ്. റിക്കി തോമസ് പോണ്ടിംഗ് എന്ന ക്രിക്കറ്ററുടെ പ്രത്യുല്പന്നമതിത്വത്തിന്റെ ആഴമളക്കുന്നതിനുള്ള തമാശകള്‍. പോണ്ടിംഗ് എന്ന ബാറ്റ്‌സ്മാന്റെ നേട്ടങ്ങളും നായകന്‍ എന്ന നിലയില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനങ്ങളും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ ഒരു ലോകനിലവാരമുള്ള ഫീല്‍ഡറുടെ പരിവേഷം സംരക്ഷിച്ച് നിര്‍ത്താന്‍ ചാനല്‍-9 കമന്‍േററ്റര്‍മാര്‍ പെടാപ്പാട് പെടുന്നത് കേള്‍ക്കാറുണ്ട്. ജോണ്ടിയേക്കാള്‍ ഫലപ്രാപ്തി പോണ്ടിങ്ങിനാണ് എന്ന് സമര്‍ഥിക്കാന്‍ ഇയന്‍ ചാപ്പല്‍ ഈ അവസാന അവസരവും ഉപയോഗിക്കാന്‍ മറന്നില്ല. അതിന്റെ സ്ഥാപനതന്ത്രങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, പോണ്ടിംഗ് എന്ന ക്രിക്കറ്റര്‍ തന്റെ ഫീല്‍ഡിംഗ് മികവില്‍ മാത്രം പരാമര്‍ശിക്കപ്പെടാന്‍ യോഗ്യനാണെന്ന യാഥാര്‍ഥ്യത്തെ ആര്‍ക്കും അംഗീകരിക്കേണ്ടതായി വരും. പ്രവൃത്തികളിലെ പൂര്‍ണതയാണ് മോബ്രെയിലെ തെരുവുകളിലൂടെ മോട്ടോര്‍ ബൈക്കില്‍ ചീറിപ്പാഞ്ഞു നടന്ന പോണ്ടിംഗ് എന്ന കൗമാരക്കാരനെ ലോകക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ ഒരു നാഴികക്കല്ലാക്കി വളര്‍ത്തിയത്. 500 കൊല്ലങ്ങള്‍ക്കപ്പുറത്ത് ക്രിക്കറ്റ് എന്ന ഒരു ഗെയിം ഏതെങ്കിലും രൂപത്തില്‍ അവശേഷിക്കുകയാണെങ്കില്‍ അതിന്റെ ചരിത്രം അന്വേഷിക്കുന്ന ഒരാള്‍ക്കും മൈക്ക് പ്രോക്റ്ററെപ്പോലെ തമാശയായിട്ടു പോലും 'റിക്കി ഹു' എന്ന് ചോദിക്കേണ്ടി വരില്ല.വെല്ലിങ്ങ്ടണില്‍ ന്യൂസീലന്‍റിനെതിരെ നടന്ന അരങ്ങേറ്റ മത്സരത്തില്‍ ഒരു നോവെല്‍റ്റിയുണ്ടെന്ന് വിസ്ഡന്‍ അല്‍മനാക്ക് പറയുന്നു. രണ്ട് ടാസ്‌മേനിയക്കാരുടെ സാന്നിധ്യമാണ് പുതുമയായി അവര്‍ക്ക് അനുഭവപ്പെട്ടത്. ഓസ്‌ട്രേലിയയുടെ ഭൂമിശാസ്ത്രത്തെപ്പറ്റി ഒരു ധാരണയുമില്ലാത്തവര്‍ ടാസ്‌മേനിയ എന്നു പറയാന്‍ തുടങ്ങിയത് ഡേവിഡ് ബൂണ്‍ എന്ന അത്ഭുതത്തെ കണ്ടതിനുശേഷമാണ്. പ്രകൃതി കൊണ്ടും മികവുകൊണ്ടും എന്നപോലെ വിശേഷവ്യക്തിത്വം കൊണ്ടും നിറഞ്ഞു നിന്ന 'ബൂണി'യ്ക്ക് ശേഷം ലോന്‍സെസ്റ്റന്‍ എന്ന പട്ടണം ക്രിക്കറ്റില്‍ നിലനിന്നത് റിക്കി പോണ്ടിംഗ് എന്ന പിന്‍ഗാമിയിലൂടെയാണ്. കൈമാറിക്കിട്ടിയ പാരമ്പര്യത്തെ പോണ്ടിംഗ് എല്ലാ അര്‍ഥത്തിലും പരിപാലിച്ചു. ഓസീ യുവത്വത്തിന്റെ ചാപല്യങ്ങളെ അതിന്റെ എല്ലാ നിറങ്ങളോടും കൂടി പ്രദര്‍ശിപ്പിച്ചു. അതിന്റെ നിഴലുകളില്‍ത്തട്ടി താഴെ വീണുടയുമായിരുന്ന ഒരു സാധാരണ ക്രിക്കറ്റ് ജീവിതത്തെ വിശ്വോത്തരമായ ഒരു കരിയറാക്കി പരിവര്‍ത്തനം ചെയ്തുകൊണ്ട് ദൃഢനിശ്ചയത്തിന്റെ ആള്‍രൂപമായി സ്വയം മാറാനും പോണ്ടിങ്ങിനു സാധിച്ചു.

'സുഹൃത്തുക്കളേ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ബ്രയന്‍ ലാറയ്ക്കുമുള്ള ഓസ്‌ട്രേലിയന്‍ മറുപടിയെ സന്തോഷത്തോടെ സ്വീകരിക്കുക.' റിക്കി പോണ്ടിംഗ് എന്ന ക്രിക്കറ്ററെ അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ ചാള്‍സ് കോള്‍വില്‍ എന്ന സ്‌കൈ സ്‌പോര്‍ട്‌സിന്റെ അവതാരകന്റെ നാവ് പൊന്നായിരുന്നുവെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയാന്‍ സാധിക്കും. ഒരേ തലമുറയില്‍പ്പെട്ടവരെയാണെങ്കിലും വ്യക്തിപരമായോ ശൈലീപരമായോ താരതമ്യപ്പെടുത്തുന്നതില്‍ വലിയ സാംഗത്യമൊന്നുമില്ല. സാമ്യമുള്ളത് അവര്‍ അവരവരുടെ സമൂഹങ്ങളിലും പുറത്തും ഉണ്ടാക്കിയെടുക്കുന്ന സ്വാധീനങ്ങളിലാണ്. അതില്‍ റിക്കി പോണ്ടിംഗ് എന്ന ബാറ്റ്‌സ്മാന്‍ ഈ രണ്ട് പ്രതിഭാസങ്ങളോടും തോളൊപ്പം നില്‍ക്കുന്നു. ചില മേഖലകളില്‍ അവരേക്കാള്‍ മികവും അവകാശപ്പെടുന്നു.

ഒരു കാലഘട്ടത്തിന്റെ ദീപസ്തംഭങ്ങളായ തെണ്ടുല്‍ക്കറോടും ലാറയോടുമൊപ്പം കൂട്ടിച്ചേര്‍ത്തു പറയപ്പെടുന്നു എന്നത് മാത്രം മതി റിക്കി പോണ്ടിംഗ് എന്ന ബാറ്റ്‌സ്മാന്‍ എന്തായിരുന്നു എന്ന് തിരിച്ചറിയാന്‍. പതിമൂവായിരം വീതം രണ്ടു മേഖലകളില്‍ സ്‌കോര്‍ ഷീറ്റുകള്‍ കവിഞ്ഞൊഴുകുന്നു. കണക്കുകള്‍ കൊണ്ട് അത് ബ്രയന്‍ ലാറയേക്കാള്‍ ഒരുപാട് മുകളിലാണ്. ആകാശം പോലെ സച്ചിന്‍ തെണ്ടുല്‍കര്‍ തീര്‍ത്തു വെച്ച ലക്ഷ്യങ്ങള്‍ക്കു മുമ്പില്‍ മാത്രമേ റിക്കി രണ്ടാമനാകുന്നുള്ളൂ. ഓസ്‌ട്രേലിയയുടെ സ്വന്തം പുത്രന്മാരില്‍ രണ്ടാമനായിപ്പോകുന്നത് ഡോണ്‍ എന്ന ഒരിക്കലും അസ്തമിക്കാത്ത സൂര്യപ്രഭയ്ക്കു മുമ്പിലും.

റിക്കി പോണ്ടിങ്ങിന്റെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും കൂടുതല്‍ വിജയങ്ങളുടെ ഭാഗമായ ബാറ്റ്‌സ്മാന്‍ എന്ന 100 വിജയങ്ങളുടെ ലോക റെക്കോര്‍ഡ് തകര്‍ക്കപ്പെടുന്ന ദിവസം സച്ചിന്‍ തെണ്ടുല്‍കറുടെ നൂറ് അന്താരാഷ്ട്ര സെഞ്ച്വറികളും മുരളീധരന്റെ 800 വിക്കറ്റുകളുമൊക്കെ മറികടക്കപ്പെട്ടിട്ടുണ്ടായിരിക്കും. മാച്ച് വിന്നിംഗ് സംഭാവനകളുടെ കാര്യത്തില്‍ പോണ്ടിംഗ്, തെണ്ടുല്‍കറെയും ലാറയെയുമൊക്കെ ബഹുദൂരം പിന്നിലാക്കുന്നതിന്റെ പിന്നില്‍ പോണ്ടിംഗ് ഭാഗമായിരുന്ന ടീമുകളുടെ ശക്തിയും അപ്രമാദിത്വവുമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒരുപക്ഷേ, ലാറയും തെണ്ടുല്‍കറും പോണ്ടിങ്ങിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്മാര്‍ ആയി അംഗീകരിക്കപ്പെടുന്നത് അവര്‍ക്ക് കരിയറില്‍ നടത്തേണ്ടി വന്നിട്ടുള്ള ഒറ്റയാള്‍പ്പോരാടാങ്ങളുടെ അടിസ്ഥാനത്തിലാണ്. ബാറ്റിങ്ങിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഒറ്റയ്ക്ക് പേറേണ്ടി വന്ന ദുരനുഭവങ്ങള്‍ പോണ്ടിങ്ങിന് ഒരിക്കല്‍പ്പോലും ഉണ്ടായില്ല. ടെയ്‌ലറുടെയും വോ സഹോദരന്മാരുടെയും നിഴലുകളിലും പിന്നീട് ഹെയ്ഡനും ലാംഗറും തീര്‍ത്ത കവചങ്ങള്‍ക്കുള്ളിലും ആദം ഗില്‍ക്രിസ്റ്റ് എന്ന അപൂര്‍വതയുടെ ധാരാളിത്തത്തിലും വോണിന്റെ മാന്ത്രികതയിലും ഗ്ലെന്‍ മെഗ്രായുടെ തീക്ഷ്ണതയിലും പോണ്ടിംഗ് എന്ന ബാറ്റ്‌സ്മാന്‍ വളര്‍ന്നുകൊണ്ടേയിരുന്നു. ആ മൃദുമെത്തകളില്‍ സ്വപ്നങ്ങള്‍ കണ്ട് ഉറങ്ങിപ്പോയില്ല എന്നതാണ് പോണ്ടിംഗ് എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ വിസ്മയത്തിന്റെ വിജയത്തിനു പിന്നിലെ ഘടകം. ദാരിദ്ര്യത്തിന്റെ നടുവിലേക്ക് ജനിച്ചു വീണില്ല എന്നത് പോണ്ടിങ്ങിന്റെ കുറ്റമല്ലല്ലോ. ധാരാളിത്തത്തില്‍ മഞ്ഞളിച്ച് സമ്പത്തിനെ നശിപ്പിച്ചില്ല എന്നത് പോണ്ടിംഗ് എന്ന വ്യക്തിയുടെയും ക്രിക്കറ്ററുടെയും മേന്മ തന്നെയാണ്.

എനിക്കുള്ളതെല്ലാം ഇവിടെ നല്‍കിയിട്ടാണ് പോകുന്നത് എന്ന ചാരിതാര്‍ഥ്യമുണ്ടെന്ന് റിക്കി പോണ്ടിംഗ് അവകാശപ്പെടുമ്പോള്‍ അതൊരു ഭംഗിവാക്കോ അതിശയോക്തിയോ അല്ല. ഒരു ടെസ്റ്റ്ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണോ അതോ ഏകദിനബാറ്റ്‌സ്മാന്‍ എന്ന നിലയിലാണോ പോണ്ടിങ്ങിന്റെ മികവുകള്‍ കൂടുതല്‍ കാണപ്പെട്ടത് എന്ന് ചോദിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടും. തുടര്‍ച്ചയായി മൂന്നു ലോകകപ്പ് വിജയങ്ങള്‍ - അതില്‍ രണ്ടിലും നായകന്‍. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം. മൂന്നില്‍ ഒരു ഇന്നിങ്ങ്‌സില്‍ അമ്പതിനു മുകളില്‍ സ്‌കോര്‍. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു ബാറ്റ്‌സ്മാന്റെ നേട്ടങ്ങളാണ് അതൊക്കെ എന്ന സുഖകരമായ ആശയക്കുഴപ്പമാണ് നമുക്കു മുമ്പിലുള്ളത്.

പെര്‍ത്തിലെ ഗാലറികള്‍ക്കിടയിലൂടെ ഓടിയിറങ്ങി വന്ന റിക്കി പോണ്ടിംഗ് സ്വത:സിദ്ധമായ ചടുലതകള്‍ അഭിനയിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇനി ഒരേയൊരു തിരിച്ചുപോക്ക് മാത്രമേയുള്ളൂ എന്നതിന്റെ വിഷാദം എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും പുറത്തുവരും. മോര്‍ണെ മോര്‍ക്കലിനെ മിഡ്-വിക്കറ്റിലേക്ക് പുള്‍ ചെയ്ത ട്രെയ്ഡ് മാര്‍ക്ക് ഷോട്ടിനു കയ്യടിക്കാതിരിക്കാന്‍ ബൗളര്‍ക്ക് പോലും സാധിക്കുമായിരുന്നില്ല. റോബിന്‍ പീറ്റേഴ്‌സണെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ ഫസ്റ്റ് സ്ലിപ്പില്‍ ജാക് കാലിസിന്റെ കൈകളില്‍ അവസാനിച്ച പന്ത് ഒരു നിമിത്തമായിരുന്നുവോ? അടുത്ത ഊഴക്കാരന് ബാറ്റണ്‍ ഏല്പിച്ച് പോണ്ടിംഗ് നടന്നകലുന്നു. ചരിത്രത്തിന്റെ മഹാ ഇടനാഴികളിലേക്ക്.

 

 

 

Other stories in this section:
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 • ടെന്നീസ് കോര്‍ട്ടിലെ ഉയര്‍ച്ച താഴ്ചകള്‍
 •