TUESDAY, JANUARY 27, 2015
വിജയക്കുതിപ്പില്‍ വെറ്റല്‍ ,അഭിമാനത്തോടെ അലോണ്‍സോ
Posted on: 29 Nov 2012


ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ പോരാട്ടത്തിന്റെ കണക്കെടുക്കുമ്പോള്‍ , ഏറ്റവും ആവേശകരമായ സീസണായി 2012 വിലയിരുത്തപ്പെടും. ആറ് മുന്‍ചാമ്പ്യന്‍മാര്‍ അണിനിരന്ന ഇക്കുറി സീസണിലെ അവസാന പോരാട്ടമായ ബ്രസീലിയന്‍ ഗ്രാന്‍ഡ്പ്രീ വരെ ആവേശം ചോരാതെ നിന്നു. സാവോപോളോയിലെ ഇന്റര്‍ലാഗോസ് സര്‍ക്യൂട്ടില്‍ കാലാവ്‌സഥയും എതിര്‍ ഡ്രൈവര്‍മാരും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റിയന്‍ വെറ്റല്‍ ചരിത്രത്തിലേക്ക് കാറോടിച്ചു കയറി.

എഫ് വണ്‍ ലോക കിരീടം തുടരെ മൂന്ന് തവണ നേടുന്ന മൂന്നാത്തെ ഡ്രൈവര്‍,ഏറ്റവും പ്രായം കുറഞ്ഞ ആദ്യ ഡ്രൈവര്‍ എന്നീ ബഹുമതികളാണ് റെഡ്ബുള്ളിനുവേണ്ടി മത്സരിക്കുന്ന ജര്‍മന്‍ താരം സ്വന്തമാക്കിയത്.ബ്രസീലില്‍ ആറാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്തതോടെ ഫെരാരിയുടെ മുന്‍ ഇരട്ട ലോകചാമ്പ്യന്‍ ഫെര്‍ണാണ്ടോ അലോണ്‍സോയെ മൂന്ന് പോയന്റ് വ്യത്യാസത്തില്‍ മറികടന്നാണ് വെറ്റല്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്.വെറ്റലിന് 13 പോയന്റ് പിന്നിലായാണ് അലോണ്‍സോ ബ്രസീല്‍ ഗ്രാന്‍ഡ് പ്രീയില്‍ മത്സരിക്കാന്‍ ഇറങ്ങിയത്.

ബ്രസീലില്‍ പൊരുതി നേടിയ രണ്ടാം സ്ഥാനത്തോടെ വെറ്റലുമായുള്ള ചാമ്പ്യന്‍ഷിപ്പ് പോയന്റ് വെറും മൂന്നാക്കി കുറയ്ക്കാനും അലോണ്‍സോയ്ക്കായി.ഒന്നും നഷ്ടപ്പെടാനില്ലാതെ മത്സരിക്കാനിറങ്ങിയ പോരാളിക്ക് തലയെടുപ്പോടെയുള്ള മടക്കം.

20 ഗ്രാന്‍ഡ് പ്രീകള്‍ നടന്ന 2012 സീസണില്‍ രണ്ടാം പാദത്തില്‍ നടത്തിയ കുതിപ്പാണ് ഡ്രൈവര്‍മാരുടെ ലോകകിരീടം സ്വന്തമാക്കാന്‍ വെറ്റലിനെ സഹായിച്ചത്.ആദ്യ ഏഴ് ഗ്രാന്‍ഡ്പ്രീകള്‍ കഴിയുമ്പോള്‍ ഏഴ് വ്യത്യസ്ത ചാമ്പ്യന്‍മാരെ ഇക്കുറി കണ്ടു. മലേഷ്യയില്‍ ജയിച്ച് അലോണ്‍സോയും ബഹ്‌റൈനില്‍ ജയിച്ച് വെറ്റലും ഇതില്‍ പങ്കാളികളായി.

സീസണിലെ ആദ്യ പകുതി കഴിയുമ്പോള്‍ 154 പോയന്റുമായി അലോണ്‍സോയായിരുന്നു മുന്നില്‍ . റെഡ്ബുള്ളിന്റെ സഹതാരം മാര്‍ക്ക് വെബ്ബറിനും (120 പോയന്റ്) പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു വെറ്റല്‍ (110 പോയന്റ് ). നിലവിലെ ഇരട്ട ലോകചാമ്പ്യന് യഥാര്‍ത്ഥ ഫോം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥ.

സിംഗപ്പൂര്‍ ഗ്രാ്ന്‍ഡ്പ്രീയില്‍ തുടങ്ങി ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ അവസാനിച്ച തുടര്‍ച്ചയായ നാല് വിജയങ്ങളോടെയാണ് അലോണ്‍സോയെ പിന്തള്ളി ലോകകിരീടത്തില്‍ വെറ്റല്‍ ഒരു കൈ ഉറപ്പിച്ചത്. അതിനുശേഷം നടന്ന അബുദാബി ഗ്രാന്‍ഡ്പ്രീയില്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നേടിയ മൂന്നാം സ്ഥാനവും ലീഡ് കൈവിടാതിരിക്കാന്‍ വെറ്റലിനെ സഹായിച്ചു.

ഇതേ പോരാട്ടവീര്യം ബ്രസീലിലും പ്രകടിപ്പിച്ചാണ് വെറ്റല്‍ , അലോണ്‍സോയുടെ സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞത്. ബ്രസീലിയന്‍ ഡ്രൈവര്‍ ബ്രൂണോ സെന്നയുടെ കാറുമായി തുടക്കത്തില്‍ തന്നെ ഉരസിയെങ്കിലും ഇതിനെയും മറികടന്നാണ് വെറ്റല്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ലക്ഷ്യം നേടിയത്.

വേഗത്തിന്റെ പോരാട്ടമായ ഫോര്‍മുല വണ്ണില്‍ മൂന്ന് ഘടകങ്ങളാണ് ഒരു ഡ്രൈവറെ വിജയത്തിലെത്തിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ആദ്യ ഘടകം ഡ്രൈവറുടെ കഴിവ്. രണ്ടാമത്തേത് മികച്ച കാര്‍. മൂന്നാമത്തേത് മികത്ത സപ്പോര്‍ട്ടിങ് ടീം. ഇത് മൂന്നും ഒത്തൊരുമിച്ചപ്പോഴാണ് വെറ്റല്‍ അസൂയപ്പെടുത്തുന്ന വിജയം സ്വന്തമാക്കിയത്.

നിലവില്‍ ഫോര്‍മുല വണ്‍ സര്‍ക്യൂട്ടിലെ ഇതിഹാസ താരങ്ങളുടെ ഗണത്തിലാണ് വെറ്റല്‍ ഉള്‍പ്പെടുന്നത്.ഇതിനൊപ്പെ റെഡ്ബുള്ളിന്റെ വേഗമേറിയ കാറും ടീമിന്റെ സഹായവും കൂടിയായപ്പോള്‍ കിരീടം മൂന്നാം വട്ടവും വെറ്റലിനൊപ്പമായി.

ഒരര്‍ത്ഥത്തില്‍ റെഡ് ബുള്ളിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അഡ്രിയാന്‍ ന്യൂവിയുടെ വിജയം കൂടിയാണ് വെറ്റലിന്റെ വിജയം. ഫോര്‍മുല വണ്ണില്‍ ഇപ്പോഴുള്ള ഏറ്റവും വിദ്ഗ്ധനായ എഞ്ചിനീയറായി വിലയിരുത്തപ്പെടുന്ന ന്യൂവിയാണ് റെഡ്ബുള്ളിന്റെ ആര്‍ബി 8 കാറിന്റെ പിന്നിലെ ബു്ദ്ധികേന്ദ്രം. സീസണിന്റെ ആദ്യ പാദത്തില്‍ വെറ്റല്‍ പിന്നോട്ടടിച്ചപ്പോള്‍ എഞ്ചിന്‍ പരിഷ്‌കരിച്ചിറക്കി അദ്ദേഹം താരത്തിന്റെയും ടീമിന്റെയും രക്ഷയ്‌ക്കെത്തി. ഇതാണ് രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ജര്‍മന്‍ ഡ്രൈവറെ സഹായിച്ചത്.

ഇവിടെയാണ് അലോണ്‍സോയ്ക്ക് കാലിടറിയുത്. ഫെരാരിയുടെ പുതിയ എഫ് 2012 കാറിന്റെ മോശം പ്രകടനം ഡ്രൈവറുടെ കുതിപ്പിന് തടയിട്ടു. എങ്കിലും ബുദ്ധിയും വൈദഗ്ധ്യവും സമന്വയിപ്പിച്ച ഡ്രൈവിങ്ങിലൂടെ അവസാനം വരെ പൊരുതാന്‍ അലോണ്‍സോയ്ക്കായി.യോഗ്യതാ പോരാട്ടങ്ങളില്‍ പിന്നോട്ടു പോയിട്ടും ചാമ്പ്യന്‍ഷിപ്പുകളില്‍ ഫെരാരി ഡ്രൈവര്‍ ഒരു യഥാര്‍ത്ഥ പോരാളിയായി.വെറ്റലിനൊപ്പം തന്നെ നില്‍ക്കുന്ന ഇതിഹാസം തന്നെയാണെന്നു തെളിയിക്കാനും അലോണ്‍സോയ്ക്കായി.

ദൗര്‍ഭാഗ്യങ്ങളും കാറിന്റെ വേഗക്കുറവും തിരിച്ചടിയായിരുന്നില്ലെങ്കില്‍ പ്രായം കുറഞ്ഞ ട്രിപ്പിള്‍ ലോകചാമ്പ്യനെന്ന ബഹുമതി അലോണ്‍സോ സ്വന്തമാക്കിയേനെ.

2005ലെയും 2006ലെയും ലോക കിരീടത്തിനുശേഷം ഇത് മൂന്നാം തവണയാണ് അലോണ്‍സോയക്ക് സീസണിലെ അവസാന മത്സരത്തില്‍ ലോകകിരീടം നഷ്ടമാകുന്നത്.മക്‌ലാറനെപിന്തള്ളി ഫെരാരിക്ക് കണ്‍സ്ട്രക്ടര്‍മാരുടെ പോരാട്ടത്തില്‍ രണ്ടാം സ്ഥാനം നല്‍കാനായത് അലോണ്‍സോയ്ക്ക് നേട്ടമായി.

ചരിത്രം എപ്പോഴും വിജയികള്‍ക്കൊപ്പമാണ്. സ്വന്തം കഴിവും സാങ്കേതികത്വ മികവും സമന്വയിപ്പിച്ച് ലോകകിരീടം സ്വന്തമാക്കിയ വെറ്റല്‍ അര്‍ഹിക്കുന്ന കിരീടമാണ് സ്വന്തമാക്കിയതെന്ന് ഫോര്‍മുല വണ്ണിലെ പണ്ഡിതന്‍മാര്‍ വിലയിരുത്തുന്നു. അത് ശരിയാണു താനും .ഇതൊന്നും അലോണ്‍സോയുടെ പോരാട്ടവീര്യത്തിന്റെ തിളക്കം കെടുത്തുന്നില്ല.

വെറ്റലിനും അലോണ്‍സോയ്ക്കുമൊപ്പം മുന്‍ചാമ്പ്യന്‍മാരായ കിമി റൈക്കോണനും ലൂയിസ് ഹാമില്‍ട്ടണും ജെന്‍സന്‍ ബട്ടണുമൊക്കെ ഇക്കുറി ആവേശത്തിന്റെ നിമിഷങ്ങള്‍ എഫ് വണ്‍ ആരാധകര്‍ക്ക് സമ്മാനിച്ചു.മൈക്കല്‍ ഷുമാക്കര്‍ എന്ന ഇതിഹാത്തിന്റെ വിടവാങ്ങലിനും 2012 സാക്ഷിയായി.

ഡ്രൈവര്‍മാരിലെ ആദ്യ പത്ത് സ്ഥാനക്കാര്‍


1, സെബാസ്റ്റ്യന്‍ വെറ്റല്‍ -281 പോയന്റ് (റെഡ് ബുള്‍ )
2,ഫെര്‍ണാണ്ടോ അലോണ്‍സോ 278 (ഫെരാരി)
3,കിമി റൈക്കോണന്‍ 207 (ലോട്ടസ് )
4,ലൂയിസ് ഹാമില്‍ട്ടണ്‍ 190 (മക്‌ലാറന്‍ )
5,ജെന്‍സണ്‍ ബട്ടണ്‍ 188 (മക്‌ലാറന്‍ )
6,മാര്‍ക്ക് വെബ്ബര്‍ 179 (റെഡ്ബുള്‍ )
7,ഫെലിപ് മസ്സ 122 (ഫെരാരി )
8,റോമന്‍ ഗ്രോസീന്‍ 96 (ലോട്ടസ് )
9,നിക്കോ റോസബര്‍ഗ് 93(മെഴ്‌സിഡസ്)
10,സെര്‍ജിയോ പെരസ് 66 (സോബര്‍ )

കണ്‍സ്ട്രകടര്‍മാരിലെ ആദ്യ എട്ട് സ്ഥാനക്കാര്‍

1,റെഡ്ബുള്‍ -460 പോയന്റ്
2,ഫെരാരി -400
3,മക്‌ലാറന്‍ -378
4,ലോട്ടസ് -303
5,മെഴ്‌സിഡസ് -142
6,സോബര്‍ -126
7,ഫോഴ്‌സ് ഇന്ത്യ -109
8,വില്യംസ് -76

 

 

 

Other stories in this section:
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 • ടെന്നീസ് കോര്‍ട്ടിലെ ഉയര്‍ച്ച താഴ്ചകള്‍
 •