THURSDAY, JANUARY 29, 2015
റെക്കോഡിലേക്ക് ബൂട്ടുകെട്ടി മെസ്സി ഇന്നിറങ്ങും
Posted on: 28 Nov 2012


ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഗെര്‍ഡ് മുള്ളറുടെ റെക്കോഡിലേക്ക് മെസ്സിക്ക് ഇനി വേണ്ടത് മൂന്നു ഗോള്‍. ശേഷിക്കുന്നത് ആറു മത്സരങ്ങള്‍. ആദ്യ മത്സരം ഇന്ന്

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ഇക്കൊല്ലത്തെ ഇനിയുള്ള ആറ്മത്സരങ്ങളും ലയണല്‍ മെസ്സി ആരാധകര്‍ക്ക് മാത്രമല്ല, ലോകഫുട്‌ബോളിനുതന്നെ ഏറെ പ്രിയപ്പെട്ടതാണ്. കാരണം നാല്പത് വര്‍ഷം മുമ്പ് 'ഡെര്‍ ബോംബര്‍' ഗെര്‍ഡ് മുള്ളര്‍ സ്ഥാപിച്ച 85 ഗോളുകളുടെ റെക്കോഡിലേക്കുള്ള ലയണല്‍ മെസ്സിയുടെ യാത്ര അടുത്തുകൊണ്ടിരിക്കുകയാണ്. ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍നിന്ന് മൂന്ന് ഗോള്‍കൂടി നേടിയാല്‍ മെസ്സി റെക്കോഡിനൊപ്പമെത്തും. നാലാമതൊരു ഗോള്‍കൂടി പിറന്നാല്‍, ഫുട്‌ബോള്‍ ചരിത്രത്തില്‍ അതൊരു പുതിയ റെക്കോഡാകും.
ബുധനാഴ്ച സ്പാനിഷ് കപ്പില്‍ അലാവ്‌സിനെ നേരിടാന്‍ ബാഴ്‌സലോണ ഇറങ്ങുമ്പോള്‍ മെസ്സിയില്‍നിന്നൊരു ഹാട്രിക് പ്രകടനം പ്രതീക്ഷിക്കുന്നവരേറെയാണ്. സ്പാനിഷ് കപ്പില്‍ സീസണില്‍ ബാഴ്‌സയുടെ ആദ്യമത്സരം കൂടിയാണിത്. എതിരാളികള്‍ ദുര്‍ബലരാണെങ്കിലും ഇങ്ങനെയൊരു റെക്കോഡിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നതിനാല്‍ മത്സരത്തില്‍ മെസ്സി കളിക്കുമെന്നുറപ്പാണ്.
ഒക്ടോബര്‍ 30-ന് സ്പാനിഷ് കപ്പിലെ ആദ്യപാദ മത്സരത്തില്‍ അലാവ്‌സിനെ നേരിട്ടപ്പോള്‍ മെസ്സി കളിച്ചിരുന്നില്ല. ഡേവിഡ് വിയയും ആന്ദ്രെ ഇനിയേസ്റ്റയും സെസ്‌ക് ഫാബ്രിഗസും നേടിയ മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സ ജയിക്കുകയും ചെയ്തു. ഇത്തവണ മെസ്സിയെ കളിപ്പിക്കാന്‍ കോച്ച് ടിറ്റോ വിലാനോവ തയ്യാറാകുമെന്നാണ് സൂചന.
2012-ല്‍ ക്ലബിനുവേണ്ടി 70 ഗോളുകളാണ് മെസ്സി നേടിയത്. അര്‍ജന്റീനയ്ക്കായി എട്ട് കളികളില്‍നിന്ന് 12 ഗോളുകളും. ബാഴ്‌സലോണയ്ക്കുവേണ്ടി 2012-13 സീസണില്‍ 20 കളികളില്‍ 26 ഗോളുകള്‍ നേടിക്കഴിഞ്ഞ മെസ്സി, ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍നിന്ന് നാല് ഗോളുകള്‍ നേടില്ലെന്ന് എതിരാളികള്‍പോലും വിശ്വസിക്കുന്നുണ്ടാവില്ല.
1972-ല്‍ പശ്ചിമജര്‍മനിക്കുവേണ്ടി കളിച്ച ഏഴ് കളികളില്‍നിന്ന് 13 അന്താരാഷ്ട്ര ഗോളുകളും ബയറണ്‍ മ്യൂണിക്കിനുവേണ്ടി 72 ഗോളുകളുമാണ് മുള്ളര്‍ നേടിയത്. ഈ റെക്കോഡാണ് മെസ്സിക്കുമുന്നില്‍ തലകുനിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. 1972-ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിലും യൂറോ കപ്പിലും നേടിയ ഗോളുകളാണ് മുള്ളറുടെ റെക്കോഡിന് പകിട്ടേറ്റിയത്. അന്താരാഷ്ട്ര ഗോളുകളില്‍ രണ്ട് നാലുഗോള്‍ പ്രകടനങ്ങളുമുണ്ട്. സോവിയറ്റ് യൂണിയനെതിരെയും സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയും.
ഗെര്‍ഡ് മുള്ളറുടെ കളി നേരില്‍ക്കണ്ടിട്ടില്ലെങ്കിലും ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോറര്‍മാരിലൊരാളാണ് അദ്ദേഹമെന്ന് മെസ്സി പറഞ്ഞു.
'മുള്ളര്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തുകയെന്നത് വലിയ കാര്യമാണെങ്കിലും അതേക്കുറിച്ച് അധികം ആലോചിക്കാറില്ല. പരിശീലന മത്സരങ്ങളില്‍പ്പോലും ജയിക്കണമെന്ന് എനിക്ക് വാശിയുണ്ട്. ജയിക്കാന്‍ വേണ്ടിയാണ് എപ്പോഴും കളിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേയുള്ള ശീലം ഇപ്പോഴും മാറ്റിയിട്ടില്ല' - മെസ്സി പറഞ്ഞു. ഒരു സീസണില്‍ ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന മുള്ളറുടെ 1972-73 സീസണിലെ റെക്കോഡ് മെസ്സി കഴിഞ്ഞ സീസണില്‍ പിന്നിട്ടിരുന്നു. 73 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ മെസ്സി നേടിയത്.

 

 

 

Other stories in this section:
 • ദേശീയ ഗെയിംസ് ബോക്‌സിങ്: ടീം പ്രഖ്യാപിച്ചു; തൃശ്ശൂരിന് പ്രാതിനിധ്യമില്ല
 • കേരള സൈക്ലൂങ് ടീമിനെ പ്രിന്‍സും മഹിതയും നയിക്കും
 • നരെയ്ന്‍ ലോകകപ്പില്‍നിന്ന് പിന്മാറി
 • ദേശീയ ഗെയിംസ്: ടീമുകള്‍ കൊച്ചിയിലെത്തിത്തുടങ്ങി
 • ദ്യോക്കോവിച്ച്, വാവ്‌റിങ്ക, സെറീന സെമിയില്‍
 • നവീകരിച്ച രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന്‌
 • ഗെയിംസിന് മാറ്റുരയ്ക്കാന്‍ ആദ്യമെത്തിയത് മണിപ്പുരി സംഘം
 • രഞ്ജിട്രോഫി മത്സരം ഇന്നു തുടങ്ങും
 • ലോക പട്ടംപറത്തല്‍: ഇന്ത്യയില്‍നിന്ന് ഒമ്പതംഗ സംഘം
 • ദക്ഷിണാഫ്രിക്കയുടെ ഗ്രഹപ്പിഴ ഡിവില്ലിയേഴ്‌സ് മാറ്റുമോ?
 • ചുവട് പിഴച്ച് നഡാല്‍
 • ക്രിസ്റ്റ്യാനോയ്ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്‌
 • ബഗാന് സമനില
 • ഭാവിതാരങ്ങളുടെ പ്രകടനം കാണാന്‍ സുശീല്‍കുമാര്‍ വരും
 • ഫെഡറേഷന്‍ കപ്പ് വോളി: അജേഷും ഷീബയും നയിക്കും
 • ദേശീയ ഗെയിംസ്: വ്യക്തിഗത മെഡലിന് സര്‍ക്കാര്‍ ജോലി
 • സംസ്ഥാന മിനി വോളിബോള്‍: എറണാകുളവും വയനാടും ചാമ്പ്യന്മാര്‍
 • കേരളത്തിന്റെ അമരത്ത് പാലാവയലിലെ അനൂപ് അഗസ്റ്റിനും ജഡ്ജിങ് പാനലില്‍ സെയ്ഫുദ്ദീനും
 • സര്‍ക്കാര്‍ കാണുമോ മെഡല്‍ തിളക്കത്തിന് പിന്നിലെ ഈ ജീവിതനൊമ്പരം.
 • ഫുട്‌ബോള്‍: കേരളത്തിന്റെ ആദ്യമത്സരം മഹാരാഷ്ട്രയുമായി
 •