|
ചിഡിയുടെ ഗോളില്‍ ഈസ്റ്റ് ബംഗാളിന് വിജയം
Posted on: 28 Nov 2012
സി.കെ. സന്തോഷ്
കൊല്‍ക്കത്ത: അവസരങ്ങള്‍ ഏറെ പാഴാക്കിയെങ്കിലും രണ്ടാം പകുതിയില്‍ നേടിയ ഏക ഗോളിന് മുന്‍ ചാമ്പ്യന്മാരായ ഗോവന്‍ ടീം സാല്‍ഗോക്കറിനെ തോല്പിച്ച് ഈസ്റ്റ്ബംഗാള്‍ 'ഐ' ലീഗ് ഫുട്‌ബോളില്‍ കുതിപ്പ് തുടരുന്നു. എട്ടാം റൗണ്ടില്‍ 20 പോയന്റുമായി കൊല്‍ക്കത്ത ടീം ഇപ്പോള്‍ ഏറെ മുന്നിലാണ്. 66-ാം മിനിറ്റില്‍ എഡെ ചിഡിയുടെ വകയായിരുന്നു വിജയഗോള്‍.
മറ്റു മത്സരങ്ങളില്‍ പുണെ എഫ്.സി. 2-1ന് സ്‌പോര്‍ട്ടിങ് ഗോവയെ തോല്‍പിച്ചപ്പോള്‍ എയറിന്ത്യ - സിക്കിം യുണൈറ്റഡ് മത്സരം സമനിലയില്‍ (3-3) പിരിഞ്ഞു.
മത്സരത്തിലുടനീളം ഗോവന്‍ ടീമിനെക്കാള്‍ ഒരുപടി മുന്നിലായിരുന്നു കൊല്‍ക്കത്താ താരങ്ങള്‍. എന്നാല്‍ തുറന്നുകിട്ടിയ അവസരങ്ങള്‍ പാഴാക്കാന്‍ അവര്‍ പരസ്പരം മത്സരിച്ചു. സാല്‍ഗോക്കറിനും ലക്ഷ്യത്തിനടുത്ത് വരെയെത്താന്‍ ചിലപ്പോഴെങ്കിലും കഴിഞ്ഞു. ഉഗാ ഒക്പാരയുടെ നേതൃത്വത്തിലുള്ള ബംഗാള്‍ പ്രതിരോധം മുറിച്ചുകടക്കാന്‍ അവര്‍ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. മറുപക്ഷത്താകട്ടെ ചിഡിയെ പ്രതിരോധിക്കാന്‍ വിദേശതാരമായ ലൂസിയാനോവിനെയാണ് സാല്‍ഗോക്കര്‍ കോച്ച് ഡേവിഡ് ബൂത്ത് ഏല്പിച്ചത്. അത് ഏറെക്കുറെ ഭംഗിയായി അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു.
ഇതിനിടെ, ബംഗാള്‍ നിരയിലെ ഹര്‍മന്‍ജോത് സിങ്ങിനെ വീഴ്ത്തിയതിന് ഗോവന്‍ പ്രതിരോധത്തിലെ കാര്‍ഡോസിന് റഫറി സന്തോഷ് കുമാര്‍ മഞ്ഞക്കാര്‍ഡ് കൊടുത്തു. അടുത്ത മഞ്ഞക്കാര്‍ഡിനുള്ള ശ്രമം കാര്‍ഡോസ് തുടങ്ങിയതോടെ 23-ാം മിനിറ്റില്‍ത്തന്നെ ബൂത്ത് അയാളെ പുറത്തേക്ക് വിളിക്കുകയും ചെയ്തു. 33-ാം മിനിറ്റിലും 35-ാം മിനിറ്റിലും ഈസ്റ്റ് ബംഗാളിന്റെ പരിചയസമ്പന്നനായ മിഡ്ഫീല്‍ഡര്‍ പെന്‍ ഓര്‍ജി രണ്ട് തുറന്ന അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. ഒന്നാം പകുതിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ, ഗോവന്‍ താരം റൂണിയും അതേവഴി പിന്തുടര്‍ന്നു. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് വലതുവിങ്ങില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ ക്രോസ് ഗോളിമാത്രം മുന്നില്‍നില്‍ക്കെയാണ് പാഴാക്കിയത്.
രണ്ടാം പകുതി ആരംഭിച്ചതുതന്നെ ഈസ്റ്റ്ബംഗാളിന്റെ ആക്രമണത്തോടെയാണ്. രണ്ട് വിങ്ങുകളില്‍ നിന്ന് പന്ത് ഗോവന്‍ ബോക്‌സിലേക്ക് പറന്നിറങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ മൈതാനമധ്യത്തില്‍ നിന്നുള്ള ഒരു നീക്കമാണ് ബംഗാള്‍ ടീമിന് വിലപ്പെട്ട മൂന്ന് പോയന്റ് നേടിക്കൊടുത്തത്.
പന്തുമായി മുന്നേറിയ പെന്‍ ഓര്‍ജി അത് ബോക്‌സിലേക്ക് ഓടിക്കയറിയ ചിഡിയിലേക്ക് എത്തിച്ചു. സമയം പാഴാക്കാതെയുള്ള അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോളി കരണ്‍ജിത് സിങ് പിടിക്കാനായുമ്പോഴേക്കും സ്വന്തം ടീമിലെ കോളിന്‍ അബരാഞ്ചസിന്റെ കാലില്‍ തട്ടി വലയിലേക്ക് കയറിയിരുന്നു. സമനിലയ്ക്കുവേണ്ടി സാല്‍ഗോക്കര്‍ രണ്ടും കല്പിച്ച് പൊരുതിയെങ്കിലും കോര്‍ണറുകള്‍ക്ക് വഴങ്ങി ബംഗാള്‍ ടീം മത്സരം തങ്ങളുടെ വരുതിയില്‍ത്തന്നെ നിര്‍ത്തി.
ഈസ്റ്റ് ബംഗാളിനോട് തോറ്റതോടെ, സാല്‍ഗോക്കറിന്റെ നില പരുങ്ങലിലായി. എട്ട് കളികളില്‍ ആറുപോയന്റുള്ള സാല്‍ഗോക്കര്‍ 11-ാം സ്ഥാനത്താണ്.
|
|
Other stories in this section:
|
|