|
സ്‌പോര്‍ട്‌സ് നയത്തിനെതിരെ സംഘടനകള്‍
Posted on: 14 Nov 2012
ഡി. ഷൈജുമോന്‍
കൊച്ചി: സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ സ്‌പോര്‍ട്‌സ് നയത്തിനെതിരെ വന്‍ പ്രതിഷേധക്കൂട്ടായ്മ. മുഖ്യധാരാ കായിക സംഘടനകളെല്ലാം കായികവകുപ്പിന്റെ നടപടികള്‍ക്ക് നേരെ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു.
കേരളാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത കായിക സംഘടനാ ഭാരവാഹികളുടെ സംസ്ഥാനതല യോഗം യഥാര്‍ഥത്തില്‍ പുതിയ സ്‌പോര്‍ട്‌സ് നയത്തിനെതിരായ തുറന്ന സമരപ്രഖ്യാപനമായി മാറി. യോഗത്തില്‍ സംസാരിച്ച പ്രധാന സംഘടനാ ഭാരവാഹികളെല്ലാംതന്നെ ഇക്കാര്യത്തില്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാണെന്ന നിലപാടാണറിയിച്ചത്. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിലവിലുള്ള അഞ്ചംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ നാല് പേരും കൊച്ചിയിലെ യോഗത്തില്‍ പങ്കെടുത്തതും ശ്രദ്ധേയമാണ്.
താങ്ങാന്‍ വയ്യാത്ത നിബന്ധനകളും മാനദണ്ഡങ്ങളും തുടരാനാണ് തീരുമാനമെങ്കില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഫിലിയേഷന്‍തന്നെ വേണ്ടെന്നുവെക്കാന്‍ കേരള വോളിബോള്‍ അസോസിയേഷന്‍ നിര്‍ബന്ധിതമാവുമെന്ന് കെ.വി.എ. സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സംസാരിച്ച കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി വേലായുധന്‍ കുട്ടി, കേരള ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി എസ്. മുരളീധരന്‍, കേരള ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി. രാജന്‍, ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ആത്മചന്ദ്രന്‍, ആര്‍ച്ചറി അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോറിസ് പൗലോസ് തുടങ്ങിയവരും പുതിയ സ്‌പോര്‍ട്‌സ് നയത്തെ വിമര്‍ശിച്ചു. വേറെ മാര്‍ഗമില്ലെങ്കില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായം വേണ്ടെന്നുവെച്ച് ദേശീയ സംഘടനകളുടെ അംഗീകാരം നിലനിര്‍ത്തിക്കൊണ്ട് സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ഇവരുടെയെല്ലാം നീക്കം.
സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് സംഘടനകളില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതാണ് പുതിയ കായികനയമെന്ന് യോഗം ആരോപിച്ചു. ഭാരവാഹികളുടെ കാലാവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ദേശീയതല മത്സരത്തില്‍ പങ്കെടുത്ത കായികതാരമായിരിക്കണമെന്നും ഒക്കെയുള്ള നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം സംഘടനകളും.
കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗവുമായ എം.എം. അബ്ദുള്‍റഹ്മാന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കൗണ്‍സിലിലെ മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ എസ്. രാജീവ്, കെ.എസ്. ബാബു, ജി. ബിപിന്‍ എന്നിവരും സംബന്ധിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി. ദാസനാണ് യോഗം ഉദ്ഘാടനം ചെയ്തത്. കെ.ഒ.എ. സെക്രട്ടറി. പി.എ. ഹംസ, ഹോക്കി ഇന്ത്യ പ്രസിഡന്റ് മറിയാമ്മ കോശി, എം. നജുമുദീന്‍ (കബഡി) എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു.
ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികളായ എ. ശ്രീകുമാര്‍ (ജൂഡോ), സൈനുല്‍ അബ്ദിന്‍ (സൈക്ലിങ്), ആര്‍. രാമനാഥന്‍ (ടെന്നിക്കൊയ്റ്റ്), ടൈറ്റസ് സി. ഫിലിപ്പോസ് (ടേബിള്‍ ടെന്നീസ്), ജി. വിദ്യാധരന്‍ പിള്ള (ഖോ-ഖോ), എ.എം.കെ. നിസാര്‍ (സൈക്കിള്‍ പോളോ), എന്‍. വേണുഗോപാല്‍ (വടംവലി), പി. മോഹന്‍ദാസ് (ആര്‍ച്ചറി) ബി.വി.എന്‍. റെഡ്ഡി (റോളര്‍ സ്‌കേറ്റിങ്), മനു ജേക്കബ് (വെയ്റ്റ്‌ലിഫ്റ്റിങ്), ജോണ്‍ എസ്. റാല്‍ഫ് (ഷൂട്ടിങ്) തുടങ്ങിയവരും സംസാരിച്ചു.
തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഇഗ്‌നി മാത്യു, വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സലീം കടവന്‍ എന്നിവരും യോഗത്തിനെത്തിയിരുന്നു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലംഗം എം.ആര്‍. രഞ്ജിത് ആമുഖഭാഷണം നടത്തി.
|