SATURDAY, JANUARY 31, 2015
ടൈറ്റാനിയത്തിന് 50
Posted on: 14 Nov 2012


* ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന ചാമ്പ്യന്മാരായ ടൈറ്റാനിയം ഫുട്‌ബോള്‍ ടീം പിറവിയെടുത്തിട്ട് 50 വര്‍ഷം


കോഴിക്കോട്: ടൈറ്റാനിയം ഓകൈ്‌സഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്ന ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം മാത്രമല്ല മലയാളികള്‍ക്ക് ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനി. കേരള ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് നിശ്ശബ്ദമായി പിന്‍ബലമേകിയ ഫുട്‌ബോള്‍ ക്ലബ് കൂടിയാണ്. കേരള ഫുട്‌ബോളിന്റെ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച ടീമിനിത് സുവര്‍ണജൂബിലി വര്‍ഷമാണ്. അതെ, ടൈറ്റാനിയം ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയിട്ട് അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.

നിരവധി ഇന്ത്യന്‍ താരങ്ങളെയും സന്തോഷ് ട്രോഫി താരങ്ങളെയും സംഭാവന ചെയ്ത ക്ലബിന്റെ അമ്പതാം വര്‍ഷികവും ആരുമറിയാതെ കടന്നുപോകുമായിരുന്നു. എന്നാല്‍ ഒരു സംഘം മുന്‍കാല താരങ്ങളുടെ കൂട്ടായ്മയില്‍ ക്ലബ് അമ്പത്‌വര്‍ഷമെന്ന ചരിത്രനേട്ടം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. പഴയകാല കളിക്കാരെയും നിലവിലെ കളിക്കാരെയും ഒരുമിപ്പിച്ച് ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ക്ലബിന്റെ അമ്പതാം വര്‍ഷികാഘോഷം വിപുലമായി നടക്കും.

അമ്പത് വര്‍ഷം പിന്നിട്ട മുഖ്യധാരാ ക്ലബുകള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറായം. ജില്ലാ ലീഗുകളില്‍ കളിക്കുന്ന ചില ക്ലബുകള്‍ക്ക് മാത്രമാണ് ഇത്രയും വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ടാവൂ. എന്നാല്‍ വിജയങ്ങളുടെയും കിരീടനേട്ടങ്ങളുടെയും മികച്ച കളിക്കാരുടെയും പിന്‍ബലം കേരളത്തില്‍ മറ്റൊരു ക്ലബിനുമുണ്ടാകില്ല. ആരുമറിയാതെ പോയ 25-ാം വാര്‍ഷികത്തില്‍ നിന്ന് വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണ ഒരുക്കുന്നത്. ടൈറ്റാനിത്തില്‍ കളിച്ച 160-ഓളം കളിക്കാര്‍ ടീമിന്റെ ജേഴ്‌സിയണിഞ്ഞ് അന്ന് ഗ്രൗണ്ടിലെത്തും. ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നപ്രായംചെന്ന കളിക്കാരനായ മലപ്പുറം ചേക്കു മുതല്‍ ഇപ്പോഴത്തെ ടീമിലെ മുതിര്‍ന്ന താരമായ ജോബി ജോസഫ് വരെ ചടങ്ങില്‍ പങ്കെടുക്കും. ആഘോഷ പരിപാടികള്‍ക്ക് അന്തിമ രൂപമാകുന്നതേയുള്ളു.

1962ല്‍ ടൈറ്റാനിയം കമ്പനിയുടെ ഒരുകൂട്ടം കളിക്കാര്‍ ചേര്‍ന്നാണ് ഫുട്‌ബോള്‍ ടീം രൂപവത്കരിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം ലീഗില്‍ കളി തുടങ്ങി. 1964 ആയപ്പോഴക്കും ടൈറ്റാനിയം റിക്രിയേഷന്‍ ക്ലബ് രൂപപ്പെട്ടു. 1972-ലാണ് ക്ലബിനെ ടൈറ്റാനിയം മാനേജ്‌മെന്റ് ഏറ്റെടുക്കുന്നതും കളിക്കാരെ നിയമിക്കുന്നതും. മാനേജിങ് ഡയറക്ടറായ പത്മകുമാറിന്റെ താത്പര്യപ്രകാരമായിരുന്നു ഇത്. അന്നുതൊട്ട് ഇതുവരെ കേരള ഫുട്‌ബോളിന് മികച്ച കളിക്കാരെ സംഭാവന ചെയ്യാന്‍ ടീമിനായി. പ്രീമിയര്‍ ടയേഴ്‌സ്, കേരള പോലീസ്, കണ്ണൂര്‍ കെല്‍ട്രോണ്‍, എഫ്.സി കൊച്ചിന്‍, എസ്.ബി.ടി, വിവ കേരള ടീമുകള്‍ക്കെല്ലാം ശക്തരായ എതിരാളികളാകാനുമായി.

പത്ത് തവണയാണ് സംസ്ഥാന ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. എട്ട് തവണ റണ്ണേഴ്‌സപ്പായി. ഇത്രയും തവണ ജേതാക്കളായ ടീം വേറെയില്ല. രണ്ടാമതുള്ള കേരളാ പോലീസ് അഞ്ച് തവണയാണ് കിരീടം നേടിയിട്ടുള്ളത്. ചാക്കോള ട്രോഫിയടക്കം ഇന്ത്യയിലെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ ടീം വെന്നിക്കൊടി നാട്ടി. തോമസ് സെബാസ്റ്റ്യന്‍, ശങ്കരന്‍കുട്ടി, എന്‍.ജെ. ജോസ്, കണ്ണപ്പന്‍, അബ്ദുള്‍ ഹമീദ്, നജ്മുദ്ദീന്‍, എന്‍.എം. നജീബ്, റഷീദ്, രാജീവ് കുമാര്‍, ശ്രീഹര്‍ഷന്‍, അഷറഫ്, രത്‌നാകരന്‍, ഇട്ടി മാത്യു, അഷീം, പ്രദീപ്കുമാര്‍, എം.പി. അശോകന്‍, സുരേഷ്‌കുമാര്‍, ഉസ്മാന്‍, ബോണിഫേസ്, എബിന്‍ റോസ് തുടങ്ങി ടൈറ്റാനിയത്തില്‍ നിന്ന് കളിച്ചുവളര്‍ന്നവര്‍ നിരവധിയാണ്. കേരളം ആദ്യമായി സന്തോഷ് ട്രോഫി ജയിക്കുമ്പോള്‍ അഞ്ച് താരങ്ങള്‍ ടൈറ്റാനിയത്തില്‍ നിന്നായിരുന്നു.

ഇടക്കാലത്ത് ക്ലബ് പിരിച്ചുവിടാന്‍ ശ്രമം നടന്നെങ്കിലും ഫുട്‌ബോള്‍ പ്രേമികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. കേരള ഫുട്‌ബോളിന്റെ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച ടീമിന് ഇപ്പോള്‍ ക്ഷീണകാലമാണെങ്കിലും ക്ലബിന്റെ സംഭാവനകള്‍ വിസ്മരിക്കാനാവില്ല.

 

 

 

Other stories in this section:
  • യോട്ടിങ് വേദിയിലെ അസൗകര്യങ്ങളില്‍ സര്‍വീസസ് ടീമിന് അതൃപ്തി
  • കേരളം ഒരുങ്ങി; കളി തുടങ്ങട്ടെ
  • രഞ്ജിട്രോഫി: സഞ്ജുവിന് ഇരട്ട സെഞ്ചുറി
  • കനോയിങ്, കയാക്കിങ് ടീമിനെ പ്രഖ്യാപിച്ചു
  • ഉത്തേജകമരുന്ന് പരിശോധന കര്‍ക്കശമാക്കും
  • ദേശീയ ഗെയിംസ്: ജിംനാസ്റ്റിക്‌സില്‍ നിരീക്ഷകന്റെ സാന്നിധ്യത്തിലെടുത്ത ടീമിന് പങ്കെടുക്കാം-കോടതി
  • ദേശീയ ഗെയിംസ്: ഭക്ഷ്യ സുരക്ഷയ്ക്കായി വന്‍ ഒരുക്കം
  • ദേശീയ ഗെയിംസ്: ടേബിള്‍ ടെന്നീസ് ടീമിനെ സെന്തില്‍കുമാറും മരിയ റോണിയും നയിക്കും
  • പരിശീലനത്തുഴച്ചില്‍ തുടങ്ങി; ജലകായിക മാമാങ്കത്തിന് ഓളപ്പരപ്പ് ഒരുങ്ങി
  •