TUESDAY, JANUARY 27, 2015
ഇന്ത്യ ഇംഗ്ലീഷ് ക്ലാസ്സില്‍
Posted on: 14 Nov 2012


ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം


അഹമ്മദാബാദ്: ഒരു വേനലിന്റെ തീക്ഷ്ണമായ ഓര്‍മകളില്‍നിന്ന് മുക്തരാകാന്‍ പ്രതീക്ഷയുടെ ശൈത്യകാലത്തിലേക്ക് കടക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്. കഴിഞ്ഞ ഇംഗ്ലീഷ് വേനലില്‍, തുടരെ നാല് ടെസ്റ്റുകളുടെ വന്‍പരാജയഭാരമാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് സമ്മാനിച്ചത്. ഒരുവര്‍ഷത്തിനുശേഷം, ഇന്ത്യ ശൈത്യകാലത്തെ പുണരാനൊരുങ്ങുമ്പോള്‍, ഇംഗ്ലണ്ട് ഇവിടെ അതിഥിയായി എത്തിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ഇത് പ്രതികാരപരമ്പര തന്നെയാണ്.

വ്യാഴാഴ്ചയാണ് പ്രതികാരപരമ്പരയിലെ ആദ്യ ടെസ്റ്റിന് തുടക്കം കുറിക്കുന്നത്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍, ഇന്ത്യയും ഇംഗ്ലണ്ടും ശുഭപ്രതീക്ഷ നിലനിര്‍ത്തുന്നു. തുടരെ നാല് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനോട് തോറ്റതോടെയാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായത്. എന്നാല്‍, അന്ന് സ്വന്തമാക്കിയ ഒന്നാമന്‍പട്ടം, ഒരുവര്‍ഷത്തിനുശേഷം ഇന്ത്യയിലെത്തുന്നതുവരെ ഇംഗ്ലണ്ടിന് കാത്തുസൂക്ഷിക്കാനായില്ല. വഴിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ അവരത് അടിയറവെച്ചു. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള യാത്രയ്ക്ക് തുടക്കമിടുകയാണ് ഒരര്‍ഥത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും.

ടെസ്റ്റ് ക്രിക്കറ്റില്‍ കേട്ടുകേള്‍വിയില്ലാത്ത തോല്‍വിഭാരമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ നേരിട്ടത്. ഇംഗ്ലണ്ടിനോട് തുടരെ നാല് മത്സരങ്ങളില്‍ തോറ്റ് തൊട്ടുപിന്നാലെ, ഓസ്‌ട്രേലിയയോടും അതേ നിലയ്ക്ക് ഇന്ത്യ കീഴടങ്ങി. വിദേശ മണ്ണില്‍ തുടര്‍ച്ചയായി എട്ട് തോല്‍വികള്‍.

'ലോകോത്തരം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യന്‍ ബാറ്റിങ് നിര ആടിയുലയാന്‍ തുടങ്ങിയത് അതോടെയാണ്. മധ്യനിരയില്‍ നിന്ന് രാഹുല്‍ ദ്രാവിഡിന്റെയും പതിയെ വി.വി.എസ്. ലക്ഷ്മണിന്റെയും കൊഴിഞ്ഞുപോക്കിന് ഈ തോല്‍വികള്‍ തുടക്കമിട്ടു.

ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും സുദൃഢമായ ചെറുത്തുനില്പിനും സ്ഥിരതയ്ക്കും എന്തുപകരം വെക്കുന്നുവെന്നതാകും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരമ്പരയില്‍ നിര്‍ണായകമാവുക. കളിക്കാലത്തിന്റെ സായംസന്ധ്യയില്‍ നില്ക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറും ഓപ്പണിങ്ങില്‍ ഏറെക്കുറെ വിശ്വാസ്യത നഷ്ടപ്പെട്ട വീരേന്ദര്‍ സെവാഗ്-ഗൗതം ഗംഭീര്‍ കൂട്ടുകെട്ടും പ്രതാപം നഷ്ടപ്പെട്ട സഹീര്‍ ഖാന്റെയും ഹര്‍ഭജന്‍സിങ്ങിന്റെയും ബൗളിങ്ങും ഇന്ത്യന്‍ നിരയെ ഏറെക്കാലങ്ങള്‍ക്കുശേഷം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വരുംതലമുറയ്ക്ക് ആത്മവിശ്വാസമൊരുക്കേണ്ട ചുമതലകൂടി ഈ പരമ്പരയ്ക്കുണ്ട്. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഉമേഷ് യാദവ്, ആര്‍. അശ്വിന്‍ തുടങ്ങിയ യുവനിരയ്ക്ക് പരമ്പരയിലെ ഓരോ വിജയവും ആത്മവിശ്വാസം പകരുന്നതാകും. എന്നാല്‍, സ്വന്തം നാട്ടില്‍ നേരിടുന്ന തോല്‍വികള്‍ക്ക് ഇരട്ടി ആഘാതവുമുണ്ടാകും. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നത് ടീമിലെ എല്ലാവരുടെയും ഉത്തരവാദിത്വം കൂട്ടുന്നുമുണ്ട്.

ദ്രാവിഡും ലക്ഷ്മണുമുണ്ടാക്കിയ വിടവ് നികത്തേണ്ട ബാധ്യത ഇക്കുറി മുതിര്‍ന്ന താരങ്ങളായ സെവാഗിനും ഗംഭീറിനുമാണുള്ളത്. അവരുടെ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ചുയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി പറയാനും ഈ ഡല്‍ഹി ബാറ്റിങ് ജോഡിക്ക് സാധിക്കണം. ടീമിലിടം നേടിയ രഹാനെയും മുരളി വിജയും ഓപ്പണിങ്ങില്‍ പലകുറി കഴിവ് തെളിയിച്ചിട്ടുള്ള താരങ്ങളാണെന്നത് വീരു-ഗൗതം ജോഡിയെ അലോസരപ്പെടുത്തുന്നുണ്ടാകും. വിദേശത്തെ തോല്‍വികള്‍ക്കുശേഷം, കരുത്തുറ്റ ടീമിനെതിരെ വിജയം നേടി പ്രതാപം വീണ്ടെടുക്കാന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്കുമായിട്ടില്ല. ക്യാപ്റ്റനെന്ന നിലയ്ക്ക് ധോനിയും അത്തരത്തില്‍ പരീക്ഷണം നേരിടുന്നു.

കാല്‍നൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യയെ ഇന്ത്യയില്‍ തോല്പിച്ച് പരമ്പര നേടാനായിട്ടില്ലെന്ന കുറവാണ് ഇംഗ്ലണ്ട് നികത്താനൊരുങ്ങുന്നത്. 1984-85 സീസണിലായിരുന്നു അവരുടെ അവസാന വിജയം. ഇക്കുറി, അലസ്റ്റര്‍ കുക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം മാറ്റം ആഗ്രഹിക്കുന്നുണ്ടാകും.

ടീം: ഇന്ത്യ: എം.എസ്. ധോനി (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, യുവരാജ് സിങ്, മുരളി വിജയ്, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.

ഇംഗ്ലണ്ട്: അലസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), ജോനാഥന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്‌സണ്‍, ഇയാന്‍ ബെല്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍‌സ്റ്റോ, ടിം ബ്രെസ്‌നന്‍, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, നിക്ക് കോംപ്ടണ്‍, സ്റ്റീവന്‍ ഫിന്‍, സ്റ്റ്യുവര്‍ട്ട് മീക്കര്‍, ഇയോന്‍ മോര്‍ഗന്‍, ഗ്രഹാം ഒനിയണ്‍സ്, മോണ്ടി പനേസര്‍, സമിത് പട്ടേല്‍, മാറ്റ് പ്രയര്‍, ജോ റൂട്ട്, ഗ്രേയം സ്വാന്‍.

 

 

 

Other stories in this section: