|
ആദ്യപന്തില്‍ സിക്‌സര്‍, ഗെയ്‌ലിന് ടെസ്റ്റ് റെക്കോഡ്
Posted on: 14 Nov 2012
മിര്‍പുര്‍(ബംഗ്ലാദേശ്): വമ്പനടികളിലൂടെ ആരാധകരെ കോരിത്തരിപ്പിക്കുന്ന വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് അപൂര്‍വമായൊരു റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്തുതന്നെ സിക്‌സറിന് പറത്തിയ ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയാണ് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഗെയ്ല്‍ സ്വന്തമാക്കിയത്. അരങ്ങേറ്റ താരം സൊഹാഗ് ഗാസിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്താണ് ഗെയ്ല്‍ അടിച്ചുപറത്തിയത്. ടെസ്റ്റിന്റെ 135 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ആദ്യ പന്ത് സിക്‌സറിലെത്തുന്നതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിന്നീട് സ്ഥിരീകരിച്ചു. 1877 മാര്‍ച്ച് 15-ന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമായാണ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം നടന്നത്.
ഗാസിയുടെ ആദ്യ ഓവറില്‍ 18 റണ്‍സാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. എന്നാല്‍, തന്റെ രണ്ടാം ഓവറില്‍ ഗെയ്‌ലിനെ (24) പുറത്താക്കി ഗാസി പകരം വീട്ടുകയും ചെയ്തു. ഗാസിയുടെ ആദ്യ വിക്കറ്റ് കൂടിയായി ഗെയ്ല്‍.
|
|
Other stories in this section:
|
|