|
മൂന്നാം ലോകത്തെ കളികള്‍
Posted on: 07 Nov 2012
കൊയ്‌ത്തൊഴിഞ്ഞ വയലുകളില്‍ വൈകുന്നേരം പൊന്തുന്ന പൊടിക്കൊപ്പം ഒരു കൂട്ടം ആളുകള്‍ കളിക്കുന്നതായിരുന്നു ബാല്യത്തില്‍ കണ്ട ഫുട്‌ബോള്‍ മത്സരങ്ങള്‍. അവിടെ ലെവന്‍സും സെവന്‍സും ഇല്ലായിരുന്നു. എത്ര പേര്‍ കളിക്കാന്‍ വരുന്നു അത്രയും പേരെ കളിപ്പിക്കും. വയലിന്റെ വിസ്തീര്‍ണത്തിന് ഫിഫയുടെ മാനദണ്ഡങ്ങളില്ല. എന്നാല്‍. ഫൗളും ത്രോയും കോര്‍ണറുമൊക്കെ ഫിഫയുടെ റൂള്‍ പ്രകാരം തന്നെ. റഫറിയും സ്‌കോററും അച്ചടക്ക സമിതിയുമൊക്കെ കളിക്കാര്‍ . 90 മിനിറ്റിന്റെ ചട്ടകൂടൊന്നുമില്ല. നാല് മണിക്ക് തുടങ്ങുന്ന കളി ഇരുട്ടു വീഴുന്നതുവരെ. കുപ്പായമിട്ടവരും കുപ്പായമിടാത്തവരും തമ്മിലായിരിക്കും മിക്കവാറും മത്സരം. ടീമുകള്‍ തുല്യബലമുള്ളവയാകാന്‍ കളിക്കൂട്ടത്തിലെ കരാണവന്‍മാര്‍ ശ്രദ്ധിച്ചിരുന്നു.
പിന്നെ സെവന്‍സ് ടൂര്‍ണമെന്റുകള്‍ കണ്ടുതുടങ്ങി. കാറ്റില്‍ പാറിക്കളിക്കുന്ന ബാനറിലാകും ടൂര്‍ണമെന്റിന്റെ പേര് എഴുതിയിട്ടുണ്ടാവുക. മൈക്കില്‍ അനൗണ്‍സ്‌മെന്റ്, മഞ്ഞയും നീലയും വെള്ളയും ജേഴ്‌സിയിട്ടവരുടെ കളികള്‍.. പാടവരമ്പത്തിരുന്ന് കണ്ട കളിയില്‍ ഗോളടി മാത്രമെ ഉണ്ടായിരുന്നുളളു. ആറുപേരും ഗോളടിക്കാന്‍ ശ്രമിക്കുന്നു. പിന്നെ ലെവന്‍സിനെപ്പറ്റി കേട്ടു. ആദ്യം കണ്ട കളി ഓര്‍മ്മയില്ല. എന്നാലും ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല അത് കൂട്ടായ്മയുടെ താളവും വേഗവും ചന്തവും ഒത്തിണങ്ങിയതാണെന്ന് ലെവന്‍സ് ബോധ്യപ്പെടുത്തി. പിന്നെ എത്രയോ മൈതാനങ്ങളില്‍ ലെവന്‍സും സെവന്‍സും കാണുന്നു. അപ്പോഴും ഫുട്‌ബോളിന്റെ ലോകം സെവന്‍സിനും ലെവന്‍സിനുമിടയില്‍ രണ്ടായിക്കിടന്നു.
പാടത്തു കളിക്കുമ്പോഴും കളി കാണുമ്പോഴും ഫുട്‌ബോള്‍ കേവലം കായിക വിനോദം മാത്രമാണ്. എന്നാല്‍ സെവന്‍സ് എന്നും ലെവന്‍സ് എന്നും പേരിട്ടു വിളിക്കുമ്പോഴത് കായിക വിനോദം മാത്രമല്ല. കായിക കമ്പോളത്തിലെ ഉല്‍പ്പന്നം കൂടിയാവുകയാണ് കൂറേ പേര്‍ ഒരുമിച്ച് പണിയെടുത്ത് ലാഭമോ നഷ്ടമോ ഉണ്ടാക്കുന്ന ഉല്‍പ്പന്നം. ഫുട്‌ബോള്‍ കായിക വിനോദത്തിനപ്പുറത്ത് ലാഭനഷ്ടങ്ങളുടേയും ആധികാരത്തിന്റെ കഥ പറയുമ്പോഴാണ് ഫുട്‌ബോളിന്റെ മുന്നാം ലോകം ഉണ്ടാകുന്നത്.
കേരള ഫുട്‌ബോള്‍ അസോസിയേഷന് കീഴില്‍ ഔദ്യോഗികമായി നടത്തപ്പെടുന്ന ടൂര്‍ണമെന്റുകള്‍ ലെവന്‍സ് അയിരിക്കും. ഫിഫ നിയമ പ്രകാരം 11 പേര്‍ ഒരു ടീമില്‍ കളിക്കുന്നതാണ് ഫുട്‌ബോള്‍. അതിന്റെ മിനി രൂപമാണ് സെവന്‍സ്., ഏഴ് പേര്‍ ഒരു ടീമില്‍ അണിനിരന്ന് കളിക്കുന്ന ഫുട്‌ബോള്‍. ഫിഫ ഇതിനെ അംഗീകരിച്ചിട്ടില്ല. കേരളത്തിന്റെ കളിയിടങ്ങളില്‍ സെവന്‍സിനാണ് ജനപ്രീതി. വേഗമാര്‍ന്ന കളിയും ചുരുങ്ങിയ സമയവും ടൂര്‍ണമെന്റുകളുടെ ആധിക്യവുമാണ് സെവന്‍സിന്റെ ജനപ്രതീക്ക് കാരണം. അതേസമയം ലെവന്‍സ് ടൂര്‍ണമെന്റുകളുടെ കൂുറവും, സാവധാനമാര്‍ന്ന ഗെയിമും ഗാലറിയില്‍ ആളുകേറാത്ത അവസ്ഥ വരുത്തുകയും ചെയ്തു. സെവന്‍സ് കളിക്കുന്ന ക്ലബ്ബുകളും ടൂര്‍ണമെന്റ് നടത്തിപ്പുകാരും ചേര്‍ന്ന് കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതോടെ ഇരു അസോസിയേഷനുകളും തമ്മില്‍ സമരങ്ങള്‍ ശക്തമായി. സമരത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന് തന്നെയാണ് മുന്‍തൂക്കം. അവര്‍ ഔദ്യോഗികമായതാണ് കാരണം. പണത്തിന്റെ കാര്യത്തില്‍ സെവന്‍സ് അസോസിയേഷന് ശക്തി കൂടും. അവര്‍ ആദ്യമായി കഴിഞ്ഞ സീസണിലെ കണക്കുകള്‍ പുറത്തു വിട്ടപ്പോല്‍ ലാഭം 1.10 കോടിയാണ്. ഇരു അസോസിയേഷനുകളും തങ്ങളുടെ ചേരി ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് ഫുട്‌ബോളിന്റെ മൂന്നാം ലോകം സൃഷ്ടിക്കപ്പെടുന്നത്. അത് നാട്ടിന്‍പുറങ്ങളിലുളള കളികളും ടൂര്‍ണമെന്റുകളുമാണ്.. അവിടെ കളിക്കുന്നവരും കളി നിയന്ത്രിക്കുന്നവരുമാണ്. ക്ലബ്ബുകളുടെ ഭാരവാഹികളും ഉടമകളുമാണ്. അവര്‍ക്ക് ഔദ്യോഗിക ഫുട്‌ബോളിലും സെവന്‍സ് ഫുട്‌ബോളിലും സ്ഥാനമില്ല. ഇരു അസോസിയേഷനില്‍ നിന്നും ഇവര്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ കളിക്കുന്നവര്‍ക്ക് വിലക്ക് ഉറപ്പാണ്. മൂന്നാം ലോക ഫുട്‌ബോളില്‍ കളിക്കുന്ന കളിക്കാരന്‍ രക്ഷപ്പെടാന്‍ പോകുന്നുമില്ല. അങ്ങനെ ഫുട്‌ബോള്‍ ദാരിദ്യത്തിന്റെ ഒരു മൂന്നാം ലോകം അറിഞ്ഞോ അറിയാതെയോ സജ്ജാതമായിരിക്കുന്നു.
കേരളത്തില്‍ 10.000 ത്തോളം കളിക്കാര്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്. സെവന്‍സ് അസോസിയേഷന്‍ കണക്കുപ്രകാരം 500 ഓളം കളിക്കാരുണ്ട്. ഔദ്യോഗിക അസോസിയേഷന് ടൂര്‍ണമെന്റുകളില്‍ ഭൂരിപക്ഷമില്ല. സെവന്‍സുകാര്‍ അസോസിയേഷന്് കീഴില്‍ 52 ടൂര്‍ണമെന്റുകള്‍ നടത്തുന്നു. കേരളത്തില്‍ വിവിധയിടങ്ങളില്‍ അറിയപ്പെടാതെ നടക്കുന്ന നിരവധി ചെറിയ ടൂര്‍ണമെന്റുകള്‍ ഉണ്ട്. കളക്ഷന്‍ ടൂര്‍ണമെന്റുകളല്ല ഇതൊന്നും. കളിക്കാന്‍ വരുന്ന ടീമുകളില്‍ നിന്ന് ഗ്രൗണ്ട് ഫീസ് വാങ്ങിയും ചെറുകിട സ്‌പോണ്‍സര്‍ഷിപ്പ് ഒപ്പിച്ചും നടത്തുന്ന ഇത്തരം ടൂര്‍ണമെന്റുകള്‍ ജനസമ്മതിയില്‍ ഉന്നതമാണ് ഇത്തരം കളികള്‍ നാടിന്റെ മൊത്തം ആഘോഷമായാണ് ഇത് നടക്കാറുളളത്. ഇത്തരക്കാര്‍ക്ക് ഫുട്‌ബോളിന്റെ വരേണ്യവര്‍ഗത്തിലും മധ്യവര്‍ഗത്തിലും സ്ഥാനമില്ല. സെവന്‍സ് അസോസിയേഷന്റെ നിയമാവലിയില്‍ പറയുന്ന കാര്യം തമാശക്ക് വക നല്‍കുന്നതാണ്. അസോസിയേഷന്റെ അംഗീകാരമില്ലാതെ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന്.. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെവന്‍സ് കളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്ന് വിലപിക്കുന്നവരാണ് അവര്‍ക്ക് താഴെയുളള ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവരെ വിലക്കുന്നത്.
മൂന്നാം ലോക ഫുട്‌ബോളിലും ചിലപ്പോള്‍ അസോസിയേഷനും നിയമാവലികളും വന്നേക്കാം അപ്പോള്‍ യഥാര്‍ത്ഥ ഫുട്‌ബോള്‍ വയലുകളിലും ഗ്രൗണ്ടിലും മാത്രമായി മാറിയേക്കാം. ഫുട്‌ബോളിന്റെ നിയമ ചട്ട കൂടുകളിലേക്കും കമ്പോളത്തിലേക്കും വലിച്ചിഴക്കുമ്പോള്‍ അതിന്റെ അത്മാവാണ് നഷ്ടപ്പടുന്നത്. സെവന്‍സിനെ എതിര്‍ത്തതോടെ കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് ഫുട്‌ബോള്‍ പടിയിറങ്ങിയിരുന്നു. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലെ ഫുട്‌ബോളിനെ ഏതിര്‍ക്കുന്നതോടെ സെവന്‍സ് അസോസിയേഷനും ആ പാത പിന്തുടരുന്നു. മൂന്നാം ലോകത്ത് ഫുട്‌ബോള്‍ വിപ്ലവം അനിവാര്യമായിരിക്കുന്നു.
|
|
Other stories in this section:
|
|