WEDNESDAY, JANUARY 28, 2015
ചില മധ്യനിര വിചാരങ്ങള്‍
Posted on: 02 Nov 2012വികാര വിക്ഷോഭത്തോടെ ക്രിക്കറ്റ് കമന്റേറ്റര്‍മാര്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്ന ചോദ്യമായിരുന്നു അത്. സൗരവ്-രാഹുല്‍-ലക്ഷ്മണ്‍-സച്ചിന്‍ ഇവര്‍ വിരമിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് എന്തു സംഭവിക്കും ? അതീവ പ്രതിഭാശാലികളായ ഈ നാലു ബാറ്റ്‌സ്മാന്‍മാര്‍ ഒരേ കാലത്ത് ഒരേ ടീമില്‍ അവതരിച്ചുവെന്നത് വിസ്മയകരമാണെന്നും അവര്‍ ഒരുമിച്ചുള്ള പാര്‍ട്ണര്‍ഷിപ്പുകള്‍ നേരില്‍ കാണാന്‍ കഴിയുന്നത് തന്നെ മഹാഭാഗ്യമാണെന്നും രവി ശാസ്ത്രിയും രമീസ് രാജയും മാത്രമല്ല തന്റെ ഈ സഹപ്രവര്‍ത്തകരെ പോലെ, ക്രിക്കറ്റര്‍മാരെ പുകഴ്ത്തുന്നതില്‍ അത്രയ്ക്കു തല്‍പരനല്ലാത്ത ടോണി ഗ്രെയ്ഗ് പോലും പറയാറുണ്ടായിരുന്നു. ഈ നാലു പേരില്‍ സച്ചിന്‍ മാത്രമേ മധ്യനിരയില്‍ ഇപ്പോള്‍ അവശേഷിച്ചിരിപ്പുള്ളൂ. സച്ചിന് വിരമിക്കാനായില്ലേയെന്ന ചോദ്യം ഇന്ത്യന്‍ ആരാധകര്‍ക്ക് ഇടയില്‍ നിന്നു തന്നെ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. സച്ചിന്‍ വലിയവനാണ്, ബാറ്റിങ്ങില്‍ ദൈവതുല്യനാണ്. പക്ഷെ സച്ചിന് വിരമിക്കാതിരിക്കാനാവില്ലല്ലോ ? അല്ലെങ്കില്‍ പിന്നാലെ വരുന്നവര്‍ക്കായി വഴിമാറേണ്ടതുണ്ടല്ലോ ?

ആറു വര്‍ഷം മുമ്പ് ഇന്ത്യയുടെ ഏകദിന ടീമിലേക്ക് അവസരം കിട്ടിയ ഒരു ബാറ്റ്‌സ്മാന്റെ അമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ ചോദിച്ചത്് ഓര്‍മ വരുന്നു. ' അവന് ടെസ്റ്റ് ടീമിലേക്ക് അവസരം കിട്ടുമോയെന്നത് സംശയമാണ്. കാരണം ഈ സച്ചിനും രാഹുലുമെല്ലാം ഇനിയും കളിക്കില്ലേ ഒരുപാട് കാലം ?' അത് തന്റെ മകനെ ചൊല്ലിയുള്ള അമ്മയുടെ ആശങ്കയും ആകാംക്ഷയും മാത്രമായി നമുക്ക് തള്ളിക്കളയാവുന്നതാണ്. എന്നിരിക്കിലും അതിലൊരു സത്യമുണ്ട്. പുതിയവര്‍ക്ക് അവസരം കിട്ടേണ്ടതും അവര്‍ ദീര്‍ഘ കാലത്തേക്ക് ടീമിന് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ വളര്‍ന്നു വരേണ്ടതും അനിവാര്യമാണ് .സച്ചിന്‍ ആര്‍ക്കു വേണ്ടിയാണ് മാറേണ്ടത്, സച്ചിന്റെ പ്രതിഭയുടെ നാലയലത്ത് വരുന്ന ഒരു ബാറ്റ്‌സ്മാനെ വേറെ കാണിക്കാനുണ്ടോ എന്നു മറു ചോദ്യങ്ങള്‍ ഉന്നയിക്കാം. അതും ശരിയാണ,് സച്ചിന്‍ ക്രിക്കറ്റ് കളിക്കാനായി മാത്രം പിറന്നവനാണ്. അല്ലെങ്കില്‍ ഇതുപോലൊരു പ്രതിഭ വല്ലപ്പോഴുമേ ഏത് കളിയിലായാലും ഉണ്ടാവുകയുള്ളൂ. സച്ചിന്റെ ബാറ്റിങ് കഴിയുന്നിടത്തോളം കാലം ആസ്വദിക്കാന്‍ നിര്‍വാഹമുണ്ടാവണേയെന്ന് പ്രാര്‍ഥിക്കുന്ന ഒരു കടുത്ത ആരാധകനാണ് ഈയുള്ളവനും. സച്ചിന്റെ ബാറ്റിങ് കാണാന്‍ വേണ്ടി മാത്രം അപ്രസക്തമെന്ന് തോന്നിയ ഐ പി എല്‍ മാച്ചുകള്‍ ഉറക്കമിളിച്ച് കാണാറുണ്ട്.

ഇതൊക്കെയാണെങ്കിലും ഒരു കാര്യം പറയട്ടെ, വിരമിക്കാന്‍ സച്ചിനും സച്ചിനില്ലാതെ മുന്നോട്ടു പോവാന്‍ ഇന്ത്യന്‍ ക്രിക്കറ്റിനും ഏറ്റവും അനുയോജ്യമായ സന്ദര്‍ഭം ഇതാണ്. സച്ചിനില്ലാത്ത ഒരു ഇന്ത്യന്‍ മധ്യനിരയെ കുറിച്ച് ആലോചിക്കാവുന്ന ഏറ്റവും ഉചിതമായ സന്ദര്‍ഭം.

ടെസ്റ്റ് മല്‍സരങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഭയും മനോനിലയും കൈമുതലായുള്ള അഞ്ചോ ആറോ മധ്യനിര ബാറ്റ്‌സമാന്‍മാരെ നമുക്കിപ്പോള്‍ ചൂണ്ടിക്കാണിക്കാനാവും. ഒരു മുന്‍കൂര്‍ ജാമ്യമെടുക്കട്ടെ, ഈ ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം അതു മാത്രമാണ്. അല്ലാതെ സച്ചിന്‍ വിരമിക്കണോ വേണ്ടയോ എന്ന ചര്‍ച്ചയല്ല.വിരാട് കോലിയാണ് തെളിഞ്ഞു നില്‍ക്കുന്നത്. ശരിയായ രീതിയില്‍ പരിചരിച്ചാല്‍ അടുത്ത ഒരു ദശകത്തിലേക്കെങ്കിലും ഇന്ത്യന്‍ മധ്യനിരയുടെ ആണിക്കല്ലാവാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണ് വിരാട്. യുവരാജ് സിങ്ങിനു ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ബാറ്റിങ് ടാലന്റ്. തന്റെ കരുത്തും ദൗര്‍ബല്യവും വേണ്ട രീതിയില്‍ തിരിച്ചറിയാതെ പ്രതിഭ ധൂര്‍ത്തടിച്ചു കളയുകയായിരുന്നു യുവി. അല്ലായിരുന്നെങ്കില്‍ ടെസ്റ്റ് മാച്ചുകളില്‍ ഇതിനകം 8000 റണ്‍സെങ്കിലും യുവി നേടേണ്ടതായിരുന്നു. പ്രതിഭയുണ്ടായിരുന്നിട്ടും അത് റണ്ണുകളാക്കി മാറ്റാന്‍ കഴിയാതെ പോയ ബാറ്റ്‌സ്മാന്‍മാരുടെ നീണ്ട പട്ടിക ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് തയ്യാറാക്കാനാവും. സഞ്ജയ് മഞ്ച്‌രേക്കര്‍, പ്രവീണ്‍ ആംമ്രേ, വിനോദ് കാംബ്ലി, മുഹമദ് കൈഫ്... ഈ പട്ടികയില്‍ പുതിയ തലമുറയില്‍ നിന്ന് ഇടം പിടിക്കാന്‍ ശ്രമം നടത്തുന്ന ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. രോഹിതിന്റെ മികവെന്തെന്ന് തിരിച്ചറിഞ്ഞിട്ടുള്ള ക്യാപ്റ്റനാണ് ഇന്ന് ഇന്ത്യന്‍ ടീമിനുള്ളത്. പക്ഷെ ധോനിക്ക് പോലും രോഹിതിനെ രക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ക്രിക്കറ്റിനെ ഒരു പ്രോഫഷനാക്കി എടുത്ത് അതിനു വേണ്ടി ആത്മാര്‍പ്പണം ചെയ്യാനും വ്യക്തി ജീവിതത്തില്‍ അച്ചടക്കം പാലിക്കാനും കഴിയാത്തതാണ് രോഹിതിന്റെ പ്രശ്‌നമെന്നത് ഒരു രഹസ്യവുമല്ല.

ഇവിടെയാണ് വിരാടിന്റെ വിജയം. ദേശീയ ടീമില്‍ എത്തിപ്പെട്ട ശേഷം ഓരോ മല്‍സരത്തിലും തന്റെ ബാറ്റിങ് പാടവം മെച്ചപ്പെടുത്താനും ഭിന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും സ്വയം നവീകരിക്കാനും കഴിഞ്ഞ മറ്റൊരു ബാറ്റ്‌സ്മാനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവ തലമുറയില്‍ ചൂണ്ടിക്കാണിക്കാനില്ല. പരിശീലന വേളയില്‍ നെറ്റ്‌സില്‍ വിരാട് കാണിക്കുന്ന താല്‍പര്യവും കളിക്കാനിറങ്ങുമ്പോള്‍ ഗ്രൗണ്ടില്‍ പ്രകടമാക്കുന്ന ആര്‍ജവവും മാതൃകാപരമാണ്. സീനിയര്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ലെഗ് സൈഡിലേക്ക് കളിക്കുന്ന ഷോട്ടുകളില്‍ അത്ര പ്രാവീണ്യമില്ലെന്ന് തോന്നിച്ച ബാറ്റ്‌സ്മാനാണ് വിരാട്. പക്ഷെ ഇന്ന് ഏതുതരം ബൗളിങ്ങിനെതിരെയും മനോഹരമായ പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ കോലിക്ക് കഴിയുന്നു.ചേതേശ്വര്‍ പൂജാരയും ടെസ്റ്റ് ക്രിക്കറ്റില്‍ നിലയുറപ്പിക്കുമെന്നു തോന്നുന്നു. മികച്ച ഡിഫന്‍സും അമിതാവേശം കാണിക്കാതെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ക്ഷമാശീലവും അതിനൊത്ത ബോഡി ബാലന്‍സും പൂജാരക്കുണ്ട്. വിദേശത്തെ വിക്കറ്റുകളില്‍ കൂടി ബാറ്റ് ചെയ്ത് തെളിയിക്കേണ്ടതുണ്ട് എന്നുമാത്രം.ടെസ്റ്റ് ക്രിക്കറ്ററെന്ന നിലയില്‍ സുരേഷ് റെയ്‌നയുടെ ഭാവിയെന്തെന്ന് ഇപ്പോഴും പറയാറായിട്ടില്ല. നിയന്ത്രിത ഓവര്‍ മാച്ചുകളില്‍ ടീമിന് ഏറ്റവും ഉപകാരിയായ ബാറ്റ്‌സ്മാന്‍. ക്രീസില്‍ എത്തിയ ഉടന്‍ വലിയ ഷോട്ടുകള്‍ കളിക്കാനും സ്ലോഗ് ഓവറുകളില്‍ പരമാധി റണ്‍ നേടാനും സവിശേഷ പാടവമുണ്ട്. ഇനി ഒരു ടെസ്റ്റ് ക്രിക്കറ്റര്‍ എന്ന നിലയിലേക്ക് വളര്‍ത്തിയെടുക്കേണമെന്ന് സുരേഷിനെ കുറിച്ച് പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. അതിനു മാത്രം റെയ്‌ന വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. തുടരെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയുന്നില്ലെന്നത് പോരായ്മയാണ്. എന്നാല്‍ ക്രിക്കറ്റിലെ കോപ്പീബുക്ക് ഷോട്ടുകള്‍ എല്ലാം കാര്യമായ പിഴവുകളില്ലാതെ കളിക്കാന്‍ സുരേഷിന് കഴിയുന്നു. ഷോട്ട് പിച്ച്ഡ് ഡെലിവറികള്‍ കളിക്കുന്നതിലുള്ള ദൗര്‍ബല്യം പരിഹരിച്ചു വരുന്നുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. ബാറ്റിങ്ങിനോടുള്ള റെയ്‌നയുടെ സമീപനം തികച്ചും ക്രിയാത്മകമാണ്. അതുകൊണ്ടു തന്നെ. നിയന്ത്രിത ഓവര്‍ മാച്ചുകളിലെന്ന പോലെ ടെസ്റ്റ് മാച്ചുകളിലും മാച്ച് വിന്നറാവാന്‍ റെയ്‌നക്കു കഴിയും. ടീം മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണയാണ് ആവശ്യം.

കോലി, റെയ്‌ന, പൂജാര- ഇവര്‍ക്കൊപ്പം നാലാമത്തെ മിഡില്‍ ഓഡര്‍ ബാറ്റ്‌സ്മാനായി കൂടുതല്‍ പക്വതയോടെയും ക്ഷമയോടെയും ബാറ്റ് ചെയ്യുന്ന 'നവീകരിക്കപ്പെട്ട' ഒരു യുവരാജും. ഇതായിരിക്കും ഇന്ത്യക്ക് മികച്ച കോമ്പിനേഷന്‍. പക്ഷെ നവീകരിക്കപ്പെടണമെങ്കില്‍ യുവരാജ് തന്നെ തീരുമാനിക്കണം. തന്റെ പ്രതിഭ അങ്ങനെ പാഴാക്കി കളയാനുള്ളതല്ലെന്ന് ഉറച്ച തീരുമാനമെടുക്കണം. ഇത്തരം ഉറച്ച തീരുമാനങ്ങള്‍ക്ക് കളിയിലായാലും ജീവിതത്തിലായാലും വലിയ പ്രസക്തിയുണ്ടെന്ന് റിക്കി പോണ്ടിങും സൗരവ് ഗാംഗുലിയും ഉള്‍പ്പെടെയുള്ളവര്‍ യുവരാജിന് പറഞ്ഞുകൊടുക്കും.ഓപ്പണിങ്ങില്‍ ഡെല്‍ഹി സഖ്യം അവരുടെ നിലയ്ക്കും വിലയ്ക്കും ഒത്ത ഇന്നിങ്‌സുകള്‍ കളിച്ചിട്ട് കുറച്ചു കാലമായി. പക്ഷെ വീരേന്ദര്‍ സെവാഗിനേയും ഗൗതം ഗംഭീറിനേയും കൈയ്യൊഴിയാന്‍ സമയമായിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? വീരു ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ ഉണ്ട്. തനതായ സ്റ്റൈലും ടച്ചും വീരുവിന് വീണ്ടുകിട്ടിയാല്‍ ഇന്ത്യക്ക് മല്‍സരങ്ങള്‍ ജയിക്കാന്‍ മറ്റൊന്നും വേണ്ട എന്നതാണ് മുന്‍കാല അനുഭവം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നമുക്കതു കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുക.
ഓപ്പണര്‍മാരുടെ റോളിലേക്ക് അവസരം പ്രതീക്ഷിച്ച് പുറത്തു നില്‍ക്കുന്ന രണ്ടുപേര്‍ മുരളി വിജയും അജിങ്ക്യ രഹാനെയുമാണ്. ഇതില്‍ രഹാനെ ഒരു ക്ലാസിക്കല്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ട്.


 

 

 

Other stories in this section:
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 • ടെന്നീസ് കോര്‍ട്ടിലെ ഉയര്‍ച്ച താഴ്ചകള്‍
 •