|
ലഖ്‌നൗവില്‍ കേരളം നവാബ്
Posted on: 01 Nov 2012
ഡി. ഷൈജുമോന്‍
ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ്: കേരളം കിരീടം വീണ്ടെടുത്തു
* കേരളത്തിന് 21 സ്വര്‍ണമടക്കം 70 മെഡല്‍
* 21 ല്‍ 18 സ്വര്‍ണവും പെണ്‍കുട്ടികളുടേത്
* ആര്‍. അനുവിന് ട്രിപ്പിള്‍
* ചിത്രയ്ക്കും സ്വര്‍ണം
ലഖ്‌നൗ: നവാബും കബാബും അരങ്ങുവാണ നാട്ടില്‍ കേരളത്തിന്റെ കൊമ്പുവിളി. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജൂനിയര്‍ നാഷണല്‍ അത്‌ലറ്റിക്‌സ് കിരീടം കേരളം തിരിച്ചുപിടിച്ചു. റാഞ്ചിയില്‍ കേരളത്തെ വീഴ്ത്തിയ ഹരിയാണയോട് മധുരപ്രതികാരം വീട്ടിയാണ് മലയാളിക്കുട്ടികള്‍ ലഖ്‌നൗവില്‍ നിന്ന് ചാമ്പ്യന്മാരായി മടങ്ങുന്നത്.
ജി.ജി.എസ്. സ്റ്റേഡിയത്തില്‍ അഞ്ച് നാള്‍ നീണ്ട മീറ്റിന് കൊടിയിറങ്ങിയപ്പോള്‍ 465 പോയന്റുമായാണ് കേരളം ഓവറോള്‍ ജേതാക്കളായത്. 422 പോയന്റ് സ്വന്തമാക്കിയ ഹരിയാണയാണ് റണ്ണറപ്പ്. ബോയ്‌സ് കിരീടം ഹരിയാണയ്ക്കാണ്(267 പോയന്റ്). ഗേള്‍സ് വിഭാഗത്തിലും കേരളമാണ് ജേതാക്കള്‍ (323.5 പോയന്റ്). പെണ്‍കുട്ടികളുടെ കരുത്തിലാണ് കേരളത്തിന്റെ ഓവറോള്‍ വിജയം. കേരളം നേടിയ മെഡലുകളുടെ മൂന്നില്‍ രണ്ടും പെണ്‍കുട്ടികളുടെ സംഭാവനയാണ്.
21 സ്വര്‍ണം 29 വെള്ളി 20 വെങ്കലം എന്നിവയടക്കം 70 മെഡലുകളാണ് മീറ്റിലാകെ കേരളത്തിന്റെ നേട്ടം. ഇക്കുറി പോയന്റ് അടിസ്ഥാനത്തിലാണ് ചാമ്പ്യന്മാരെ നിശ്ചയിച്ചതെന്നത് കേരളത്തിന് ഗുണം ചെയ്തു. ഹരിയാണയ്ക്കും 21 സ്വര്‍ണമെഡലുകളുണ്ടായിരുന്നു. ആകെ മെഡലുകള്‍ 66-ഉം. 18 സ്വര്‍ണമടക്കം 328 പോയന്റ് നേടിയ ആതിഥേയരായ യു.പി.യാണ് മൂന്നാം സ്ഥാനത്ത്.
മീറ്റിന്റെ അവസാനദിനത്തില്‍ 2 സ്വര്‍ണവും 5 വെള്ളിയും 2 വെങ്കലവുമടക്കം 9 മെഡലുകള്‍ കൂടി കേരളം അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഗേള്‍സ് - 20 വിഭാഗം 400 മീറ്ററില്‍ തൃശ്ശൂര്‍ വിമലാ കോളേജിലെ ആര്‍. അനുവും (55.29 സെ.) ഗേള്‍സ് 18 - 3,000 മീറ്ററില്‍ മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയുമാണ് (10 മി.15.63) സ്വര്‍ണജേത്രിമാര്‍.
ഹൈജമ്പില്‍ രണ്ട് വെള്ളി
ബോയ്‌സ് 20 ഹൈജമ്പില്‍ കോതമംഗലം എം.എ. കോളേജിലെ മിറാന്‍ ജോ സെബാസ്റ്റ്യന്‍ (2.03 മീ.) , ബോയ്‌സ് 18 ഹൈജമ്പില്‍ കെ.സി.എ.യുടെ മിഷന്‍ഗോള്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുരുവായൂര്‍കാരന്‍ ശ്രീനിത് മോഹന്‍ (എളമക്കര ഗവ.എച്ച്.എസ്.എസ്.) എന്നിവര്‍ക്ക് വെള്ളിമെഡലാണ്. 2.09 മീറ്ററിലാണ് ശ്രീനിതിന് വെള്ളിയിലൊതുങ്ങേണ്ടി വന്നത്. ഒന്നാം സ്ഥാനം നേടിയ യു.പി.യുടെ രാകേഷ് പാണ്ഡെയും ഇതേ ദൂരമാണ് മറികടന്നതെങ്കിലും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ ജേതാവായി. പാണ്ഡെയും ശ്രീനിതും നിലവിലുണ്ടായിരുന്ന മീറ്റ് റെക്കോഡ് ( 2.05 മീ.) മറികടക്കുകയും ചെയ്തു.
അണ്ടര്‍-16 ഗേള്‍സ് 400 മീറ്ററില്‍ ഉഷ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദിഖും (57.57 സെ) വെള്ളി നേടി. സ്വര്‍ണം നേടിയ മഹാരാഷ്ട്രയുടെ അഞ്ജന.ടി ( 54.57 സെ.) നിലവിലുണ്ടായിരുന്ന ദേശീയ റെക്കോഡ് തകര്‍ത്താണ് ഫിനിഷ് ചെയ്തത്. ബോയ്‌സ്-18 400 മീറ്ററില്‍ ഇടുക്കി വണ്ണപ്പുറം സ്‌കൂളിലെ സന്തു സുകുമാരന്റെ വകയായിരുന്നു വെള്ളികളില്‍ ഒരെണ്ണം.( 49.65 സെ). കൂടുതല്‍ സാധ്യതകള്‍ കല്പിച്ചിരുന്ന ഹരിയാണക്കാരനെയും കര്‍ണാടകക്കാരനെയും പിന്നിലാക്കി അപ്രതീക്ഷിത രണ്ടാം സ്ഥാനമാണ് ഈയിനത്തില്‍ സന്തു നേടിത്തന്നത്.
ഗേള്‍സ്-20: 5,000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ പ്രതീക്ഷയായിരുന്ന എം.ഡി. താര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുവഴി കിട്ടിയതായിരുന്നു അവസാനദിവസത്തെ മറ്റൊരു വെള്ളി. 17 മി. 27.70 സെ. ആയിരുന്നു താരയുടെ സമയം. ഇത് നിലവിലുണ്ടായിരുന്ന മീറ്റ് റെക്കോഡിനെക്കാള്‍ മികച്ചതാണ്. ഈയിനത്തില്‍ സ്വര്‍ണം നേടിയ യു.പി.യുടെ പൂനം സിങ് പുതിയ മീറ്റ് റെക്കോഡുകാരിയായി.
ഗേള്‍സ് 18-ന്റെ 3,000 മീറ്ററില്‍ സ്വര്‍ണം നേടിയ ചിത്രയ്ക്ക് പിന്നില്‍ മൂന്നാം സ്ഥാനവും കേരളത്തിനാണ്. പറളി സ്‌കൂളിലെ എം.വി. വര്‍ഷയിലൂടെയാണ് ഈ വെങ്കലം. (10 മി.32.10). ഗേള്‍സ്-16 400 മീറ്ററില്‍ സി. ബബിത (59.00 സെ) യാണ് ബുധനാഴ്ചത്തെ രണ്ടാം വെങ്കലമെഡലുകാരി.
പൊ'ന്നനു'ജത്തി
നാല് ചേച്ചിമാരുടെ പൊന്നനുജത്തിയാണ് അനു. ലഖ്‌നൗവില്‍ നേടിയ തങ്കമെഡലുകള്‍ ഓരോ സഹോദരിമാര്‍ക്കായി സമര്‍പ്പിക്കുന്നു ഈ വിമലാ കോളേജ് താരം. ജൂനിയര്‍ നാഷണല്‍ മീറ്റില്‍ ഇക്കുറി കേരളാ ടീമിന്റെ ജനറല്‍ ക്യാപ്റ്റനായിരുന്ന അനു തന്റെ ക്യാപ്റ്റന്‍സിയെ ന്യായീകരിക്കുംവിധമുള്ള പ്രകടനം നടത്തിയാണ് മടങ്ങുന്നത്.
ലഖ്‌നൗവില്‍ കേരളത്തിനുവേണ്ടി ട്രിപ്പിള്‍ സ്വര്‍ണം നേടിയ ഒരേയൊരു താരം അനു മാത്രം. ഗേള്‍സ്-20 വിഭാഗം 400 ഹര്‍ഡില്‍സിലും 4-400 മീ. റിലേയിലും സ്വര്‍ണം നേടിയിരുന്ന അനു ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിവസം 400 മീറ്ററിലും ഒന്നാമതെത്തി.
പാലക്കാട് എരുമയൂര്‍ വടക്കുംപുറത്ത് പരേതനായ അഡ്വ. എസ്. രാഘവന്റെയും സെന്‍ട്രല്‍ എകൈ്‌സസ് റിട്ട. ഉദ്യോഗസ്ഥ പി.വി. സുജാതയുടെയും അഞ്ച് മക്കളില്‍ ഏറ്റവും ഇളയവളാണ് ആര്‍. അനു. തൃശ്ശൂര്‍ വിമലയില്‍ സുവോളജി ബിരുദ വിദ്യാര്‍ത്ഥിനി.
അഞ്ചാം ജൂനിയര്‍ നാഷണല്‍ മീറ്റായിരുന്നു അനുവിനിത്. 5 മീറ്റുകളില്‍ നിന്നായി 13 ജൂനിയര്‍ നാഷണല്‍ സ്വര്‍ണമെഡലുകള്‍ നേടിക്കഴിഞ്ഞു ഈ മിടുക്കി. സീനിയര്‍ നാഷണല്‍സിലും നാഷണല്‍ ഗെയിംസിലും 400 മീറ്ററില്‍ കേരളത്തിന്റെ സാന്നിധ്യമാണിവള്‍. ഇക്കൊല്ലം ജൂണില്‍ കൊളംബോയില്‍ ഏഷ്യന്‍ ജൂനിയര്‍ മീറ്റിലും ജൂലായില്‍ ബാഴ്‌സലോണയില്‍ നടന്ന ലോക ജൂനിയര്‍ മീറ്റിലും പങ്കെടുത്ത അന്താരാഷ്ട്ര അത്‌ലറ്റ് എന്ന ബഹുമതി കൂടിയുണ്ട് അനുവിന്. രാജീവനാണ് കോച്ച്. ജൂനിയര്‍ നാഷണല്‍സില്‍ അനു പങ്കെടുക്കുന്ന അവസാന മീറ്റായിരുന്നു ലഖ്‌നൗവിലേത്.
17 ദേശീയ റെക്കോഡുകള്‍, അവസാന നാളില്‍ 3
ആകെ 17 ദേശീയ റെക്കോഡുകളാണ് 28-ാം ജൂനിയര്‍ നാഷണല്‍ മീറ്റില്‍ സൃഷ്ടിക്കപ്പെട്ടത്. അതില്‍ മൂന്നെണ്ണം അവസാനനാളിലായിരുന്നു. ഗേള്‍സ്-18 ഷോട്ട്പുട്ടില്‍ 14.89 മീറ്റര്‍ എറിഞ്ഞ പഞ്ചാബിന്റെ നവ്ജിത് കൗര്‍ , ഗേള്‍സ്-16 400 മീറ്ററില്‍ 54.57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ അഞ്ജന താംകെ , ബോയ്‌സ് 16 ഷോട്ട്പുട്ടില്‍ 17.89 മീറ്റര്‍ കണ്ടെത്തിയ ഡല്‍ഹി താരം ശക്തി സോളങ്കി എന്നിവരാണ് സമാപനദിവസത്തെ ദേശീയ റെക്കോഡുകാര്‍.
ആകെ 19 മീറ്റ് റെക്കോഡുകളാണ് മീറ്റില്‍ പിറന്നത്. ഇതില്‍ നാലെണ്ണം ബുധനാഴ്ചയായി. ബോയ്‌സ് 20 ന്റെ 10,000 മീറ്ററില്‍ യു.പി.യുടെ രാഹുല്‍കുമാര്‍ പാല്‍, ഗേള്‍സ് 20-ന്റെ 5,000 മീറ്ററില്‍ യു.പി.യുടെ പൂനം സിങ്, ബോയ്‌സ് 16-ന്റെ 3,000 മീറ്ററില്‍ മഹാരാഷ്ട്രയുടെ കിസാന്‍ തഡ്‌വി, ബോയ്‌സ് 18 ഹൈജമ്പില്‍ യു.പി.യുടെ രാജേഷ് പാണ്ഡെ എന്നിവരാണ് മീറ്റ് റെക്കോഡുകാര്‍.
അഭിനന്ദന പ്രവാഹം
ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് കിരീടം കേരളത്തിന് വീണ്ടെടുത്തു നല്‍കിയ കേരളത്തിന്റെ അത്‌ലറ്റുകള്‍ക്ക് നാട്ടില്‍ നിന്ന് ഫോണിലൂടെ അഭിനന്ദന പ്രവാഹം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ്, കേരളാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം എന്നിവര്‍ ഫോണിലൂടെ അഭിനന്ദനമറിയിച്ചു. ലഖ്‌നൗവിലെ കേരളാ അത്‌ലറ്റിക്‌സ് ടീം തലവനും കോട്ടയം മെഡിക്കല്‍ കോളേജിലെയും പാമ്പാടി കോളേജിലെയും മുന്‍ കായിക വകുപ്പ് മേധാവിയുമായ ഡോ.വി.സി. അലക്‌സാണ് കായികതാരങ്ങള്‍ക്കുവേണ്ടി മറുപടി പറഞ്ഞത്.
ലഖ്‌നൗവിലെത്തിയ 145 അംഗ കേരളാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ടീമിനെ പടക്കളത്തിലിറക്കിയത് ജോസ് മാത്യു ( സായി-തലശ്ശേരി) ജൂലിയസ് ജെ. മനയാനി ( സ്‌പോര്‍ട്‌സ് കൗണ്‍സില്‍) ജയകുമാര്‍ ആര്‍. (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ) സാജു ആര്‍.എസ്.(സ്‌പോര്‍ട്‌സ് കൗണ്‍സില്‍) കവിത. സി, സോമവല്ലി എം.കെ, അനൂപ് എസ്. ബേബി, രാജീവന്‍.പി.പി. എന്നിവരടങ്ങുന്ന ഒഫീഷ്യല്‍സ് കൂട്ടുകെട്ടാണ്. ഒരര്‍ഥത്തില്‍ ഇവരുടെ കൂട്ടായ്മയുടെയും ആത്മാര്‍ഥതയുടെയുംകൂടി വിജയമാണിത്.
|
|
Other stories in this section:
|
|