|
ദൈവമേ! മാറഡോണ
Posted on: 25 Oct 2012
അനീഷ് പി. നായര്‍
അവിശ്വസനീയമായ കാഴ്ചപോലെ അരലക്ഷത്തിലധികം വരുന്ന കാണികള്‍ എഴുന്നേറ്റു നിന്നു. അവരുടെ കണ്ഠങ്ങളില്‍നിന്ന് ഒരേസ്വരത്തില്‍, ഒരേതാളത്തില്‍ ഡീഗോ വിളികള്‍ മുഴങ്ങി. തിരമാലകളെപ്പോലെ ഇളകിയുലയുന്ന കൈകളുടെ ആരവവും ആവേശവും ഏറ്റുവാങ്ങി ഫുട്‌ബോള്‍ ദൈവം അവതരിച്ചു. ഡീഗോ മാറഡോണയുടെ കേരളത്തിലേക്കുള്ള വരവ് ഫുട്‌ബോള്‍ പ്രേമികള്‍ക്കും ആരാധകര്‍ക്കും നല്‍കിയ ലഹരിക്ക് കണക്കില്ല. ഫുട്‌ബോളിനെ ഒരു വികാരമാക്കിവളര്‍ത്തിയെടുത്ത കളിയുടെ തമ്പുരാന്‍ കണ്ണൂരിന്റെ മണ്ണിലേക്കിറങ്ങിയപ്പോള്‍ കേരളത്തിനാകെ അത് അപൂര്‍വ സുന്ദര മുഹൂര്‍ത്തങ്ങളായി. കാണാനും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനും സ്റ്റേഡിയത്തിലും ഗ്രൗണ്ടിലുമായി തിങ്ങിനിറഞ്ഞവരെ സാക്ഷികളാക്കി ഐ.എം. വിജയനുമായി ഫുട്‌ബോള്‍ കളിച്ചും. അവതാരിക രഞ്ജിനി ഹരിദാസുമായി നൃത്തം ചെയ്തും മാറഡോണ കത്തികയറി.
പുലര്‍ച്ചെ നാല് മുതല്‍ കാത്തുനിന്ന ആരാധകരെ ആവേശത്തിലാഴ്ത്തി 11.25 ഓടെയാണ് താരം സ്റ്റേഡിയത്തിലെത്തിയത്. ഹെലികോപ്ടറില്‍ സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള പോലീസ് ഗ്രൗണ്ടില്‍ എത്തിയതോടെ തന്നെ കൈയടി ആരംഭിച്ചിരുന്നു. കനത്ത സുരക്ഷാവലയത്തില്‍ സ്റ്റേഡിയത്തിലേക്ക് കടന്നതോടെ നിശ്ശബ്ദത ആരവങ്ങളിലേക്ക് വഴി മാറി. ആരാധകരുടെ സന്തോഷം നിറഞ്ഞ മുഖങ്ങള്‍ ഡീഗോയെ ആവേശ ഭരിതനാക്കി. വേദിയുടെ എല്ലാ ഭാഗത്തേക്കും ഓടിനടന്ന് കാണികളെ അഭിവാദ്യം ചെയ്തു. നെഞ്ചില്‍ മുഷ്ടി ചുരുട്ടി ഇടിച്ച്, ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചപ്പോള്‍ അവിടെ ഭാഷ ഫുട്‌ബോള്‍ മാത്രമായി.
നൃത്തചുവടുകളുമായി മാറഡോണ അരങ്ങുതകര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കാണികളുടെ ആവേശ വിളികള്‍ക്കൊപ്പം അവതാരിക രഞ്ജിനി ഹരിദാസിനെ കൂട്ടുപിടിച്ച് ചുവടുകള്‍ വെക്കാനും തയ്യാറായി. പിന്നീട് വേദി ഇന്ത്യന്‍ ഫുട്‌ബോള്‍ നക്ഷത്രം ഐ.എം. വിജയനും മാറഡോണയും തമ്മിലുള്ള പന്തുകളിക്കാണ് സാക്ഷ്യം വഹിച്ചത്. കാലുകൊണ്ടും തല കൊണ്ടും ഇരുവരും മത്സരിച്ചതോടെ അരാധകരുടെ ആര്‍പ്പുവിളി ഉച്ചസ്ഥായിലായി. വിജയന്റെ ഹെഡര്‍ സ്വീകരിക്കാന്‍ കഴിയാതെ വന്നതോടെ മാറഡോണ ഇന്ത്യന്‍ താരത്തിനടുത്തെത്തി. പിന്നെ ഗാഢമായ ആലിംഗനം.
മാറഡോണ അടിച്ചുവിട്ട പന്തുകള്‍ക്കുവേണ്ടി കാണികള്‍ തിക്കും തിരിക്കും കൂട്ടി. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ കാല്‍മുദ്ര പതിഞ്ഞ പന്ത് ലഭിച്ച ഭാഗ്യവാന്‍മാര്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച് അമ്പരന്നു നിന്നു. തുടര്‍ന്ന് ആഘോഷപൂര്‍വം പിറന്നാള്‍ ആഘോഷം നടന്നു. ഫുട്‌ബോളും സ്റ്റേഡിയവും ലോകകപ്പുമായി രൂപപ്പെട്ട കേക്കുകള്‍ മുറിച്ചപ്പോള്‍ സ്പാനിഷ് ജന്‍മദിന ഗീതം സ്റ്റേഡിയത്തില്‍ മുഴങ്ങി.
വിവാ ഇന്ത, വിവാ ഇന്ത്യ, ഐ ലവ് കേരള എന്നിവ ആരാധകര്‍ക്കായി താരം ആര്‍ത്തുവിളിച്ചു. സ്പാനിഷ് അറിയാത്ത മാറഡോണ മലയാളികള്‍ക്കായി കഷ്ടപ്പെട്ട് പഠിച്ചതായിരുന്നു ഈ വാക്കുകള്‍. മുണ്ടുടുത്തെത്തുന്ന മാറഡോണയെ കാണാന്‍ മാത്രം മലയാളികള്‍ക്കായില്ല. മുണ്ട് ഉടുത്ത് നടക്കാനുള്ള വിഷമത്തെ തുടര്‍ന്ന് അത് ഒഴിവാക്കുകയായിരുന്നു. അര്‍ജന്‍റീനയുടെ പതാകകളും മാറഡോണയുടെ ഫ്ലക്‌സുകളുമായാണ് ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നത്. 20 മിനിറ്റോളം ചെലവിട്ട്, ആരാധകരെ ഇളക്കിമറിച്ച് ഫുട്‌ബോള്‍ ദൈവം തിരിച്ചു പോയപ്പോഴാണ് പൊള്ളുന്ന വെയിലിനെപ്പറ്റി കാണികള്‍ക്ക് ബോധ്യമുണ്ടായത്. അതുവരെ കൊടുംചൂടില്‍, കാക്കക്കാലിന്റെ തണല്‍ പോലുമില്ലാതെ നാല് മണിക്കൂറോളമാണ് അവര്‍ അച്ചടക്കത്തോടെ ഇതിഹാസത്തിനായി കാത്തിരുന്നത്.
|
|
Other stories in this section:
|
|