a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സൈനക്ക് പൊന്‍തിളക്കം
Posted on: 22 Oct 2012


ഒഡെന്‍സി(ഡെന്‍മാര്‍ക്ക്): ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ നേട്ടത്തിനുശേഷം പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ റാണി സൈന നേവാളിന് കിരീടത്തിളകക്കം.ഏകപക്ഷീയമായ ഫൈനലില്‍ ജര്‍മ്മനിയുടെ ജൂലിയന്‍ ഷെങ്കിനെ 21-17,21-8 സ്‌കോറില്‍ തകര്‍ത്ത് സൈന ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍സീരീസ് സ്വന്തമാക്കുകയായിരുന്നു. ലോക നാലാം നമ്പറായ സൈന ഈ വര്‍ഷം നേടുന്ന നാലാം കിരീടമാണിത്.

ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും സൈനയുടെ ക്രോസ്‌കോര്‍ട്ട് സ്മാഷുകള്‍ക്കുമുന്നില്‍ പതറിയ ഷെങ്കിന് പൊരുതിനില്‍ക്കാനായില്ല. കാല്‍മുട്ടിലെ പരിക്ക് വകവെക്കാതെയാണ് സൈന ഫൈനലിനിറങ്ങിയത്. സെമിയില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ തന്നെ തോല്‍പ്പിച്ച ചൈനയുടെ ലോക ഒന്നാം നമ്പര്‍ വാങ് യിഹാനെ മറികടന്നാണ് സൈന മുന്നേറിയത്.ആദ്യ സെറ്റ് നഷ്ടമായ വാങ് രണ്ടാം സെറ്റിലും പിന്നില്‍ നില്‍ക്കെ പിന്‍മാറുകയായിരുന്നു. ചൈനീസ് ലോക ഒന്നാം നമ്പറിനെതിരെ സൈന ആദ്യമായാണ് വിജയം നേടിയത്. ആറാം സീഡായിരുന്ന ഷെങ്കിനെ ആറാം തവണയാണ് ഹൈദരാബാദ് താരം കീഴടക്കുന്നത്.ഇവിടെ വിജയിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നെന്നും എന്നാല്‍ കാണികളില്‍ നിന്നുലഭിച്ച പിന്തുണ ഏറെ പ്രചോദനമായെന്നും സൈന പറഞ്ഞു.

ടെന്നീസിലെ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകള്‍ക്ക് സമാനമായ സൂപ്പര്‍സീരിസ് ചാമ്പ്യന്‍ഷിപ്പുകളില്‍ ആറാം കിരീടമാണ് സൈന സ്വന്തമാക്കിയത്.മൂന്നുതവണ ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍സീരിസിലും ഓരോ തവണവീതം സിംഗപ്പൂരിലും ഹോങ്കോങിലും വിജയിയായി.ഒളിമ്പിക് സെമിയില്‍ യിഹാനോട് തോറ്റ സൈന വെങ്കലമെഡല്‍ പോരാട്ടത്തില്‍ മറ്റൊരു ചൈനക്കാരിയായ വാങ് സിനെയാണ് തോല്‍പ്പിച്ചിരുന്നത്.

വനിതാ ബാഡ്മിന്റണില്‍ ചൈനക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഏകതാരമായാണ് സൈന വിലയിരുത്തപ്പെടുന്നത്. ഡെന്‍മാര്‍ക്കിലെ വിജയം ഇന്ത്യന്‍താരത്തിന്റെ റാങ്കിങ് ഉയര്‍ത്തിയേക്കും.ഒളിമ്പിക്‌സിനുശേഷം വിശ്രമത്തിലായിരുന്ന സൈന സിംഗപ്പുര്‍, ചൈന, ജപ്പാന്‍ ഓപ്പണുകളില്‍ പങ്കെടുത്തിരുന്നില്ല.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.