a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഇന്നറിയാം, ഇന്ത്യയുടെ ഭാവി
Posted on: 20 Oct 2012


ആദ്യമത്സരത്തില്‍ യോര്‍ക്ക്ഷയറിനെ ലയണ്‍സ് തോല്‍പ്പിച്ചാല്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പുറത്ത്

ജൊഹാനസ്ബര്‍ഗ്: ട്വന്റി 20 ക്രിക്കറ്റിന്റെ ആഗോളകളരിയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള (ഐ.പി.എല്‍.) ഏതെങ്കിലും ടീം ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തുമോ? ഇക്കാര്യമറിയണമെങ്കില്‍ അധികനേരമൊന്നും കാത്തിരിക്കേണ്ട. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ദക്ഷിണാഫ്രിക്കന്‍ ടീം ലയണ്‍സും ഇംഗ്ലീഷ് ടീം യോര്‍ക്ക്ഷയറുമായി നടക്കുന്ന മത്സരത്തോടെ ഇക്കാര്യത്തില്‍ തീരുമാനമാകും. മത്സരത്തില്‍ ലയണ്‍സാണ് ജയിക്കുന്നതെങ്കില്‍ അവര്‍ ഗ്രൂപ്പ് ബി-യില്‍നിന്നുള്ള രണ്ടാംസ്ഥാനക്കാരായി സെമിയിലെത്തും. രാത്രി ഒമ്പതിന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തിനുമുമ്പുതന്നെ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന് മടക്കടിക്കറ്റ് ബുക്ക്‌ചെയ്യാനാവും.

സാധാരണനിലയ്ക്ക് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം ആവേശമുണര്‍ത്തേണ്ടതാണ്. എന്നാല്‍, ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ടീമുകളുടെ മോശം പ്രകടനം ടൂര്‍ണമെന്റില്‍ത്തന്നെ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ ഇല്ലാതാക്കിക്കഴിഞ്ഞു. ഐ.പി.എല്‍. ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇതിനകം ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. ചെന്നൈയ്ക്കും മുംബൈയ്ക്കുമുള്ള നേരിയ സാധ്യതപോലും ലയണ്‍സ്-യോര്‍ക്ക് മത്സരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ക്കൂടി ലയണ്‍സ് സെമിയിലെത്തും.
ആദ്യ രണ്ടുമത്സരങ്ങളും തോറ്റതാണ് ചെന്നൈയ്ക്ക് വിനയായത്. സിഡ്‌നി സിക്‌സേഴ്‌സിനോടും ലയണ്‍സിനോടും അവര്‍ തോറ്റു. നാല് മത്സരങ്ങളുള്ള ഗ്രൂപ്പില്‍ രണ്ടുമത്സരം തോറ്റ ടീമിന് നിലനില്‍പ്പില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് മറ്റുടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചെന്നൈയെയും മുംബൈയെയും വലയ്ക്കുന്നത് അവരുടെ ഗ്രൂപ്പില്‍ സിഡ്‌നി സിക്‌സേഴ്‌സിന്റെയും ലയണ്‍സിന്റെയും കുതിപ്പാണ്. തുടരെ മൂന്നുമത്സരങ്ങള്‍ വിജയിച്ച സിഡ്‌നി സെമിയിലെത്തി. ലയണ്‍സിന് ഇനിയുള്ള മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍മാത്രം മതി.

മുംബൈ ആദ്യമത്സരത്തില്‍ ലയണ്‍സിനോടാണ് തോറ്റത്. യോര്‍ക്കിനെതിരായ രണ്ടാംമത്സരം മഴമൂലം നഷ്ടപ്പെട്ടത് അവര്‍ക്ക് കനത്ത തിരിച്ചടിയായി. യോര്‍ക്കിനെതിരെ 17.5 ഓവറില്‍ ആറിന് 156 എന്ന ശക്തമായ നിലയിലായിരുന്നു കളിയുപേക്ഷിക്കുമ്പോള്‍ അവര്‍. ഉപേക്ഷിക്കപ്പെട്ട മത്സരമുള്‍പ്പെടെ, ശേഷിക്കുന്ന രണ്ടുകളിയില്‍നിന്ന് (ചെന്നൈ, സിഡ്‌നി ടീമുകള്‍ക്കെതിരെ) അവര്‍ക്ക് പരമാവധി നേടാനാവുക 10 പോയന്റാണ്. ലയണ്‍സ് ശനിയാഴ്ച ജയിക്കുകയാണെങ്കില്‍ അവര്‍ക്ക് 12 പോയന്റാകും. മഴമൂലം ഉപേക്ഷിച്ചാലും അവര്‍ക്ക് 10 പോയന്റുണ്ടാകും.
ഗ്രൂപ്പ് എയില്‍നിന്ന് ഇതേവരെ ഒരു ടീമും സെമി ഉറപ്പിച്ചിട്ടില്ല. രണ്ടുകളി ജയിച്ച ടൈറ്റന്‍സ് എട്ടുപോയന്റുമായി മുന്നില്‍നില്‍ക്കുന്നു. ഓരോമത്സരംവീതം വിജയിച്ച ഡല്‍ഹിയും ഓക്ക്‌ലന്‍ഡുമാണ് പിന്നിലുള്ളത്. മൂന്നുകളിയില്‍ രണ്ടുപോയന്റുള്ള കൊല്‍ക്കത്തയും രണ്ടുകളിയില്‍ രണ്ട് പോയന്റുള്ള പെര്‍ത്ത് സ്‌കോര്‍ചേഴ്‌സും പുറത്താവുകയും ചെയ്തു. ഐ.പി.എല്‍. ടീമുകളില്‍ സെമിസാധ്യത അവശേഷിക്കുന്ന ഏകടീം വീരേന്ദര്‍ സെവാഗിന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സാണ്. രണ്ടുമത്സരംകൂടി ശേഷിക്കുന്നുവെന്നത് ഡല്‍ഹിയെ സാധ്യതാപട്ടികയില്‍ മുന്നില്‍നിര്‍ത്തുന്നു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.