|
ഇംഗ്ലണ്ടിന് സമനിലക്കുരുക്ക്
Posted on: 18 Oct 2012
വാഴ്‌സൊ: സ്വന്തം തട്ടകത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം നേടാനുള്ള അവസരം പോളണ്ടിന് നഷ്ടമായി. ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിന്റെ യൂറോപ്പ്യന്‍ മേഖലാ ഗ്രൂപ്പ് എച്ചിലെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു (1-1). മഴയെ തുടര്‍ന്ന് നീട്ടിവച്ച മത്സരത്തിന്റെ ഒന്നാം പകുതിയുടെ മുപ്പതാം മിനിറ്റില്‍ വെയ്ന്‍ റൂണിയിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. 70-ാം മിനിറ്റില്‍ കാമില്‍ ഗ്ലിക്കിലൂടെയാണ് പോളണ്ട് സമനില നേടിയത്. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴ മൂലം ബുധനാഴ്ചയിലേയ്ക്ക് മാറ്റുകയായിരുന്നു.
നിലവാരമില്ലാത്ത കളിയിലൂടെ വിജയം കളഞ്ഞുകുളിച്ച ഇംഗ്ലണ്ടിന് ഇപ്പോള്‍ ഗ്രൂപ്പില്‍ ഒരൊറ്റ പോയിന്റിന്റെ ലീഡാണുള്ളത്. ഇംഗ്ലണ്ടിന് നാലു കളികളില്‍ നിന്ന് എട്ടും രണ്ടാം സ്ഥാനത്തുള്ള മോണ്ടെനെഗ്രോയ്ക്ക് മൂന്ന് കളികളില്‍ നിന്ന് ഏഴും പോയിന്റാണുള്ളത്. മൂന്ന് കളികളില്‍ നിന്ന് അഞ്ചു പോയിന്റുള്ള പോളണ്ട് മൂന്നാമതാണ്.
മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ ഇരു ടീമുകളും തീരെ നിലവാരമില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. പിഴച്ച പാസുകളുമായാണ് ഇംഗ്ലണ്ട് മുന്നേറിയതെങ്കില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ തങ്ങളുടെ സ്വതസിദ്ധമായ പ്രത്യാക്രമണം പുറത്തെടുക്കാന്‍ കഴിയാതെ പോളണ്ടും പാടുപെട്ടു. ആവേശം വിതറുന്ന ഒരൊറ്റ നിമിഷംപോലും സമ്മാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇരു പകുതികളിലേയ്ക്കും ഒരുപോലെ കയറിയിറങ്ങി കളിച്ച് വെയ്ന്‍ റൂണി കളം നിറഞ്ഞുനിന്നെങ്കിലും ഇംഗ്ലീഷ് സൂപ്പര്‍താരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പിഴച്ച ദിനം തന്നെയായിരുന്നു. റൂണിയുടെ പിഴവുകളില്‍ നിന്നാണ് ആദ്യ പകുതിയില്‍ നിരവധി തവണ പോളണ്ട് പന്ത് കൈവശപ്പെടുത്തിയത്. ലൂക്കാസ് പിസ്‌ചെക്കില്‍ നിന്നും കാമി ഗ്രോസിക്കിയില്‍ നിന്നും പന്ത് രക്ഷിച്ചെടുക്കാന്‍ ഹാര്‍ട്ടിന് അത്യധ്വാനം തന്നെ വേണ്ടിവന്നു. എന്നാല്‍, ആദ്യത്തെ അര മണിക്കൂറിനുള്ളില്‍ തന്നെ ഒന്നാന്തരമൊരു ഗോളിലൂടെ റൂണി തന്റെ പിഴ തീര്‍ത്തു. സ്റ്റീവന്‍ ജെറാഡിന്റെ കോര്‍ണറിന് തലവച്ച് റൂണിക്ക് പിഴച്ചില്ല. പിസ്‌ചെക്കിന്റെ തലയിലൂടെ തെന്നിത്തെറിച്ച് നേരെ വലയില്‍.
ലീഡ് നേടിയെങ്കിലും മേല്‍ക്കൈ ലഭിച്ചപ്പോഴെല്ലാം അത് കളഞ്ഞുകുളിക്കുകയായിരുന്നു ഇംഗ്ലണ്ട്. എതിരാളികളുടെ ഈ പിഴവ് മുതലാക്കാന്‍ പോളിഷ് ആക്രമണകാരികള്‍ക്ക് കഴിഞ്ഞതുമില്ല. 64-ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി ലഭിച്ച കനകാവസരം അവര്‍ പാഴാക്കുകയായിരുന്നു. എങ്കിലും ഇംഗ്ലണ്ടിനെ സദാ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായി കളി തീരാന്‍ 19 മിനിറ്റുള്ളപ്പോള്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തു. ഒബ്രാനിയാക്കിന്റെ കോര്‍ണര്‍ അതി വിദഗ്ദ്ധമായാണ് ഗ്ലിക് രണ്ട് ഡിഫന്‍ഡര്‍മാരുടെയും ഗോളിയുടേയും തലയ്ക്ക് മുകളിലൂടെ വലയിലേയ്ക്ക് ചെത്തിയിട്ടത്.
|
|
Other stories in this section:
|
|