WEDNESDAY, JANUARY 28, 2015
ക്രിക്കറ്റിന്റെ വിസ്മയ തീരം
Posted on: 06 Oct 2012


ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിലെ ശ്രീലങ്ക-പാകിസ്താന്‍ മത്സരം കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്താന്‍ രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു. കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയ മുപ്പതിനായിരത്തിലധികം വരുന്ന ശ്രീലങ്കന്‍ ആരാധകരുടെ ആഹ്ലാദ പ്രകടനങ്ങളും ഘോഷയാത്രകളുംകാരണം ഞങ്ങള്‍ കയറിയ മീഡീയാ ബസ്സിന് തെരുവുകളിലൂടെ അരിച്ചരിച്ച് നീങ്ങേണ്ടിവന്നു. ശ്രീലങ്കയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശം ആഘോഷിച്ചുതകര്‍ക്കുകയാണ് ലങ്കക്കാര്‍. മരതകദ്വീപുകാര്‍ക്ക് ക്രിക്കറ്റിലല്ലാതെ ആഘോഷിക്കാന്‍ അധികംവക ലഭിക്കാറില്ല. ദേശീയോത്സവമായി വാഴ്ത്താവുന്ന നേട്ടങ്ങള്‍ ദുര്‍ലഭമാണ് കലാപങ്ങളും ദുരന്തങ്ങളും ചുടലക്കളം തീര്‍ത്ത ഈ കൊച്ചു രാഷ്ട്രത്തിന്.
ബസ്സിറങ്ങി ഹോട്ടലിലേക്ക് നടക്കുന്നതിനിടയില്‍ നാല് ചെറുപ്പക്കാരും രണ്ട് പെണ്‍കുട്ടികളുമടങ്ങിയ സംഘം തടഞ്ഞുനിര്‍ത്തി സിംഹള ഭാഷയില്‍ എന്തോ പറഞ്ഞു. ഭാഷ മനസ്സിലാവാതെ ഞാന്‍ കൈമലര്‍ത്തിയപ്പോള്‍ ഇംഗ്ലീഷിലായി ചോദ്യം - 'യൂ പാകിസ്താനി ? 'പിന്നെ സിഹംളഭാഷയില്‍ പരിഹാസവാക്കുകള്‍... വിജയത്തിന്റെ ഹരത്തില്‍ അവരല്പം മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഇന്ത്യക്കാരനാണെന്നുപറഞ്ഞാല്‍ പരിഹാസത്തിന് ശക്തി കൂടിയേക്കും. പാകിസ്താന്‍ സെമിയിലെങ്കിലും എത്തിയിട്ടുണ്ട്. ഇന്ത്യക്ക് അതിനും കഴിഞ്ഞിട്ടില്ലല്ലോ ? തത്കാലം പാകിസ്താന്‍കാരനായിത്തന്നെ അവരോട് ബൈ പറഞ്ഞ് തടിയെടുത്തു.
അവര്‍ പറയുന്നതിന് അര്‍ഥമുണ്ട്. കാരണം കേരളത്തിന്റെ ഇരട്ടി വലുപ്പമില്ലാത്ത ഒരു രാഷ്ട്രം. ജനസംഖ്യ കേരളത്തെക്കാള്‍ ഏറെ കുറവും. എങ്കിലെന്താ, ഇന്ത്യാ മഹാരാജ്യത്തിന് സാധിക്കാത്ത നേട്ടങ്ങളാണ് അവര്‍ കൈയെത്തി പിടിക്കുന്നത്. ഇരു രാജ്യങ്ങളിലേയും ജനപ്രിയ ഗെയിമായ ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് അഞ്ച് കൊല്ലത്തിനുള്ളില്‍ നാലാം ലോകകപ്പ് ഫൈനലാണിത്. 2007-ലെയും 2011-ലെയും ഏകദിന ലോകകപ്പ് ഫൈനലുകള്‍. 2009-ലെയും ഈ വര്‍ഷത്തെയും ട്വന്റി-20 ലോകകപ്പ് ഫൈനലുകളും. കഴിഞ്ഞ മൂന്ന് ലോകകപ്പ് ഫൈനലിലും തോറ്റു. ഇത്തവണ പക്ഷേ, തോല്ക്കില്ലെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു.
പ്രേമദാസ സ്റ്റേഡിയത്തിലെ മീഡിയാ ബോക്‌സില്‍ വെച്ച് പരിചയപ്പെട്ട സിംഹളീസ് പത്രത്തിന്റെ ക്രിക്കറ്റ് റിപ്പോര്‍ട്ടര്‍ വലിയൊരു ആരോപണവും ഉന്നയിച്ചു. ''കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്ക ജയിക്കേണ്ടതായിരുന്നു. ഇന്ത്യയിലാണ് കളിയെന്നതുകൊണ്ട് അവര്‍ക്കനുകൂലമായി ഒരുപാട് കാര്യങ്ങള്‍ ഐ.സി.സി. തന്നെ ചെയ്തുകൊടുത്തു. ഇന്ത്യക്കാര്‍ക്ക് ജയിക്കാവുന്ന രീതിയിലുള്ള വിക്കറ്റായിരുന്നു, പിന്നെ അമ്പയര്‍മാര്‍ കൈയയച്ച് സഹായിച്ചു'' - അദ്ദേഹം പറഞ്ഞു. അമ്പയര്‍മാര്‍ സഹായിച്ചെന്നതിന് തെളിവൊന്നും നിരത്താന്‍ അദ്ദേഹത്തിനില്ല. പക്ഷേ, ഇത് ശ്രീലങ്കക്കാരുടെ വികാരമാണ്. വല്യേട്ടനേക്കാള്‍ ഒരുപടി അവര്‍ക്ക് മുന്നില്‍നിന്നേ തീരൂ. ഈ ലോകകപ്പ് ജയിക്കേണ്ടതിന്റെ പ്രധാനാവശ്യം അതുതന്നെ. സിംഹളരുടെ പൊതുവായ വികാരങ്ങള്‍ ക്രിക്കറ്റും ബുദ്ധിസവുമാണ്. രണ്ടും ഇന്ത്യയില്‍ നിന്ന് ലഭിച്ചതുതന്നെ. ''ബുദ്ധനെ ഇന്ത്യയില്‍ നിന്ന് നിങ്ങള്‍ ആട്ടിയോടിച്ചു. ഞങ്ങള്‍ സ്വീകരിച്ചു. ക്രിക്കറ്റും ഞങ്ങള്‍ നിങ്ങളില്‍നിന്ന് പഠിച്ചതാണ്. പക്ഷേ, ഒരുപടി മുന്നിലാണ് ക്രിക്കറ്റില്‍ ഇപ്പോള്‍ ഞങ്ങള്‍'' - ടാക്‌സി ഡ്രൈവര്‍ ഉപാല നല്‍കുന്ന വ്യാഖ്യാനം .
സെമിയില്‍ പാകിസ്താനെ തോല്പിച്ചെത്തിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയുടെ പ്രസ്സ് കോണ്‍ഫറന്‍സ് തുടങ്ങിയത് സിംഹളത്തിലാണ്. സിംഹളീസ് റിപ്പോര്‍ട്ടര്‍മാര്‍ ഓരോരുത്തരായി മഹേലയെ അഭിനന്ദിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും വലിയ ആഹ്ലാദത്തിലാണ്. മഹേല ഉള്‍പ്പെടെ എല്ലാവരും സന്തോഷംകൊണ്ട് ചിരിച്ച് കുഴയുന്നു. അവിടെ അപ്പോള്‍ ദേശീയ ടീം ക്യാപ്റ്റനും പത്ര റിപ്പോര്‍ട്ടര്‍മാരുമില്ല. എല്ലാവരും സിംഹളവികാരത്തിന്റെ ഭാഗമാണ്. പിന്നീട് ലങ്കയില്‍ നിന്ന് പുറത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി മഹേല സംഭാഷണം ഇംഗ്ലീഷിലേക്ക് മാറ്റി. ''നാല് ലോകകപ്പിന്റെ ഫൈനലില്‍ കളിക്കാനാവുന്നതില്‍ വലിയ സന്തോഷമുണ്ട്. ഞായറാഴ്ച ഫൈനല്‍ കളിക്കുമ്പോള്‍ ഒരു രാജ്യം മുഴുവന്‍ ഞങ്ങളുടെ പിന്നിലുണ്ടാവും. അവരത്രത്തോളം ഞങ്ങളുടെ ജയം കൊതിക്കുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് ജയിക്കാതിരിക്കാനാവില്ല''- മഹേലയുടെ വാക്കുകള്‍.
മഹേലയ്‌ക്കൊപ്പം നാലാം ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്ന മറ്റൊരു കളിക്കാരന്‍ കൂടിയുണ്ട് ടീമില്‍- കുമാര്‍ സംഗക്കാര. രണ്ട് പേര്‍ക്കും ഒരേ പ്രായം- 35 വയസ്സ്. ഈ രണ്ട് താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും പരസ്പരധാരണയുമാണ് ശ്രീലങ്കന്‍ ടീമിന്റെ കരുത്ത്. രണ്ട് പേരും മാറിമാറി ടീമിന്റെ ക്യാപ്റ്റന്മാരാവുന്നു. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ മഹേല ടീമിലുണ്ടായിരുന്നെങ്കിലും സംഗക്കാരയായിരുന്നു ടീമിനെ നയിച്ചത്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മഹേലയ്ക്ക് ഒരു മത്സരത്തില്‍ താക്കീത് ലഭിച്ചിരുന്നു. വീണ്ടും ഒരിക്കല്‍കൂടി അങ്ങനെ സംഭവിച്ചാല്‍പ്പിന്നെ സെമിയില്‍ മഹേലയ്ക്ക് കളിക്കാനാവാതെ വരുമായിരുന്നു. അതിനുള്ള സാധ്യത ഒഴിവാക്കാനിയിരുന്നു വെസ്റ്റിന്‍ഡീസിനെതിരെ സംഗക്കാര ടീമിനെ നയിച്ചത്. എപ്പോള്‍ വേണമെങ്കിലും ഇങ്ങനെ ക്യാപ്റ്റന്‍സി വെച്ചുമാറാനുള്ള സൗഹൃദമാണ് ഈ ക്രിക്കറ്റര്‍മാര്‍ക്കിടയില്‍. ഇപ്പോള്‍ ബിസിനസ് പാര്‍ട്ണര്‍മാരുമാണ്. രണ്ട് പേരും ചേര്‍ന്ന് കൊളംബോയില്‍ ഒരു റെസ്റ്റോറന്റ് നടത്തുന്നു- ക്രാബ് മിനിസ്റ്ററി.
1996 ല്‍ ഏകദിന ലോകകപ്പ് ജയിച്ച ശ്രീലങ്കന്‍ ടീമിലെ രണ്ട് പേര്‍ ഇപ്പോള്‍ ഇവിടെ പാര്‍ലമെന്റ് അംഗങ്ങളാണ്. ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും സനത് ജയസൂര്യയും. ഇപ്പോള്‍ത്തന്നെ മഹേലയെയും സംഗക്കാരയെയും ലങ്കയിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ നോട്ടമിട്ടു കഴിഞ്ഞു.

 

 

 

Other stories in this section: