MONDAY, JANUARY 26, 2015
ഗാലറിയില്‍ ഒരു ജയം
Posted on: 01 Oct 2012

വിശ്വനാഥ്‌


പ്രേമദാസ സ്റ്റേഡിയത്തിലെ മിക്കവാറും ഒഴിഞ്ഞു കിടന്ന ഗ്യാലറികള്‍ നിറഞ്ഞത് പെട്ടെന്നായിരുന്നു. ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മല്‍സരം കഴിയാറായപ്പോഴേക്കും ഗാലറിയിലേക്ക് നിറങ്ങളുടെ നീരൊഴുക്കുകള്‍ കാണാനുണ്ടായിരുന്നു. ഇന്ത്യയുടേയും പാകിസ്താന്റേയും പതാകകളുമായി കൊച്ചു കൊച്ചു കൂട്ടങ്ങള്‍ എത്തുകയായിരുന്നു. നാലാമത് ട്വന്റി 20 ലോകകപ്പിലെ ഒരു മത്സരത്തിന് ആദ്യമായി പ്രേമദാസ സ്റ്റേഡിയത്തിലെ ഗാലറികള്‍ നിറഞ്ഞു. ജനക്കൂട്ടത്തിന്റെ ആവേശം നേരിട്ട് അനുഭവിക്കാനാണ് മീഡിയാ ബോക്‌സില്‍ നിന്നു പുറത്തേക്കിറങ്ങിയത്.

അകലെ നിന്നുമതാ പതാകയുമായി ജാഥകള്‍ പിന്നെയും വന്നു കൊണ്ടിരിക്കുന്നു. ഗേറ്റിന് പുറത്തൊരു ബഹളം. ഇന്ത്യ കളിക്കുമ്പോള്‍ ഗാലറിയില്‍ നിത്യസാന്നിധ്യമായ, സുധീര്‍ കുമാറിനെ തടഞ്ഞു വെച്ചിരിക്കുന്നു. സുധീറിന്റെ ശംഖ് സ്റ്റേഡിയത്തിന് അകത്തേക്ക് കൊണ്ടുവരാന്‍ പാടില്ലെന്ന് പോലീസ്. തന്റെ ശംഖില്‍ നിന്നൊഴുകുന്ന നാദമില്ലെങ്കില്‍ ഇന്ത്യയെങ്ങിനെ കളി ജയിക്കുമെന്നാണ് സുധീറിന്റെ ആശങ്ക.
കളി തുടങ്ങിയപ്പോളേക്കും ഗാലറി നിറങ്ങളുടെ കടലു പോലെ. ആയിരക്കണക്കിന് പതാകകള്‍ ഇളകിയാടുന്നു.

മീഡിയാ ബോക്‌സിന്റെ ഏറ്റവും മുന്‍നിരയിലാണ് എനിക്കിടം കിട്ടിയത്. അവിടെയിരുന്നാല്‍ ഗാലറി മുഴുവന്‍ കാണാം. കണ്ണാടിക്കൂട്ടിനുള്ളിലെങ്കിലും ഗാലറിയില്‍ ഇരിക്കുന്ന അനുഭവം. ഓരോ കളിക്കാരന്റേയും ചിത്രവും പേരും റെക്കോഡും സ്റ്റേഡിയത്തിലെ കൂറ്റന്‍ ടെലിവഷന്‍ സ്‌ക്രീനില്‍ തെളിയുന്നു, അവരുടെ പേരുകള്‍ അനൗണ്‍സര്‍ ഉറക്കെ വിളിച്ചു പറയുന്നു.ആരവത്തോടെയാണ് കാണികള്‍ ഓരോ പേരും എതിരേല്‍ക്കുന്നത് . സെവാഗിനായിരുന്നു ഏറ്റവും വലിയ സ്വീകരണം.

പാക് താരങ്ങളില്‍ അഫ്രീഡിക്കും. കളി തുടങ്ങി, സഹീര്‍ എറിഞ്ഞ ആദ്യ ഓവറില്‍ റണ്ണൊഴുകിയപ്പോള്‍ ഗാലറിയില്‍ പാക് പതാകകള്‍ മാത്രം. ഇന്ത്യയുടെ കൊടി താണു. അടുത്ത ഓവറില്‍ പഠാന്‍ വിക്കറ്റെടുത്തപ്പോള്‍ വീണ്ടും ത്രിവര്‍ണങ്ങള്‍ പൊങ്ങി. എന്റെ തോട്ടടുത്തിരിക്കുന്നത് ഉമര്‍ ഗുലിന്റെ ഛായയുള്ള, പാകിസ്താന്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടറാണ്. വണ്‍ഡൗണായി അഫ്രിഡി ഇറങ്ങുന്നത് കണ്ടപ്പോഴേ അയാള്‍ പറഞ്ഞു, 'വങ്കന്‍ തീരുമാനമാണ്. അഫ്രീഡി വളരെ മോശം ഫോമിലാണ്.

കളി നശിപ്പിക്കാന്‍ ഇതുമതി.'പക്ഷെ അഫ്രീദി രണ്ടു വലിയ ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഗാലറി വീണ്ടും പച്ചക്കടലായി. എന്നാല്‍ വൈകാതെ അഫ്രീദി വീണു. പിന്നങ്ങോട്ട് തുടരെ പാക് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസ് സന്ദര്‍ശിച്ച് മടങ്ങാന്‍ തുടങ്ങി. 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് ആര്‍ത്തലച്ച് കളിക്കാരെ ഉണര്‍ത്താന്‍ പാക് ആരാധകരുടെ വിഫലശ്രമം.

ഇന്ത്യ ബാറ്റിങ് തുടങ്ങി. ആദ്യ ഓവറില്‍ ഗംഭീര്‍ പുറത്തായപ്പോള്‍ ഒരിക്കല്‍ കൂടി പാക് പതാകകള്‍ ഉയര്‍ന്നു. സെവാഗും വിരാടും ചേര്‍ന്ന് പാക് ബൗളിങ്ങിന്റെ മുനയൊടിച്ചതോടെ ഗാലറി വീണ്ടും ഇന്ത്യക്കാരുടെ പിടിയിലായി. പതകകളുമായി ഇന്ത്യന്‍ ആരാധകര്‍ ഗാലറിയിലൂടെ ഓടാന്‍ തുടങ്ങി. ഇടയ്ക്ക് സുധീറിന്റെ ശംഖ്‌നാദം കേള്‍ക്കുന്നുവെന്നു തോന്നി. പാവം, എങ്ങനെയോ ആയുധം സഹിതം തന്നെ അകത്ത് കടന്നു കൂടിയിരിക്കണം.

ഗാലറിയില്‍ നിന്ന് പാകിസ്താന്‍കാര്‍ ഒഴിച്ചു പോക്ക് തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ നിന്നു വന്ന ഒരു സുഹൃത്ത് ആഹ്ലാദാരവങ്ങള്‍ക്ക് ഇടയില്‍ നിന്നു വിളിച്ചു ചോദിക്കുന്നു, 'ഞങ്ങള്‍ മലയാളത്തില്‍ കോലിക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നത് നിങ്ങള്‍ക്കവിടെ കേള്‍ക്കാനുണ്ടോ?' ഏതായാലും കോലി അത് കേട്ടിട്ടുണ്ട് ഉറപ്പാണ്.പല ഭാഷയിലുയര്‍ന്ന ആ ആരവങ്ങളാവണം കോലിയുടെ ബാറ്റിന് കരുത്തേകിയത്...

 

 

 

Other stories in this section: