SATURDAY, JANUARY 31, 2015
നായകന്റെ സങ്കടങ്ങള്‍
Posted on: 30 Sep 2012


ഇന്ത്യക്കാരന്റെ പതിവു നായക സങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങാത്ത രൂപവും ഭാവവുമാണ് മഹേന്ദ്ര സിങ് ധോനിക്ക്. രണ്ടു ലോകകപ്പുകള്‍ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ പലപ്പോഴും റാഞ്ചിയിലെ ഫാക്ടറി തൊഴിലാളിയുടെ സാധാരണക്കാരനായ മകന്‍ മാത്രമായി മാറുന്നു. അതുപോലൊരു സന്ദര്‍ഭമായിരുന്നു വെള്ളിയാഴ്ചത്തെ രാത്രി .

തോല്‍വികള്‍ക്കുശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പ്രകോപനപരമായ ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ സാധാരണ ക്യാപ്റ്റന്‍മാരുടെ മുഖഭാവം മാറുന്നതും ക്ഷോഭിക്കുന്നതും ചോദ്യം ചോദിച്ചയാളെ പരിഹസിക്കുന്നതും ഏറേ കണ്ടിട്ടുണ്ട്. എന്നാല്‍, മഹി അതില്‍ നിന്നേറേ ഭിന്നനാണ്. ഓസ്‌ട്രേലിയയോട് വമ്പന്‍ പരാജയമേറ്റുവാങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണാനെത്തിയ മഹി വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് സംസാരിച്ചത്. മോശം പ്രകടനം നടത്തിയ ടീമംഗങ്ങളില്‍ ആരെയെങ്കിലും കുറ്റപ്പെടുത്താനും ക്യാപ്റ്റന്‍ തുനിഞ്ഞില്ല.

ഓസ്‌ട്രേലിയയോട് ഇന്ത്യന്‍ ടീം പൊരുതാതെ കീഴടങ്ങുന്നതിന് സാക്ഷ്യംവഹിക്കേണ്ടിവന്ന ഇന്ത്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലായിരുന്നു. ചിലര്‍ വല്ലാതെ ക്ഷോഭിച്ച അവസ്ഥയിലും. തോറ്റ ക്യാപ്റ്റനെ മുന്നില്‍ കിട്ടിയപ്പോള്‍ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ആദ്യം വില്ലുകുലച്ചത്. അഞ്ചു ബൗളര്‍മാര്‍ കളിച്ചിട്ട് എന്തായി എന്നായിരുന്നു ചോദ്യം. ഇതില്‍ 'അഞ്ചു ബൗളര്‍' എന്നു കേള്‍ക്കുമ്പോഴേക്കും മഹി ചിരിക്കാന്‍ തുടങ്ങി ക്യാപ്റ്റന്റെ ഭാവം കണ്ടപ്പോള്‍ മറ്റുള്ളവര്‍ക്കും ചിരിയടക്കാനായില്ല. തന്റെ ബൗളര്‍മാരില്‍ ഒരാള്‍ പോലും അവസരത്തിനൊത്തുയരാത്തതിലുള്ള നിസ്സാഹയതയായിരുന്നു ക്യാപ്റ്റന്റെ ചിരിയില്‍.

''ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ നമ്മുടെ ബൗളര്‍മാര്‍ ഭംഗിയായി ബൗള്‍ ചെയ്തത് നമ്മള്‍ കണ്ടതല്ലേ? അതു കൊണ്ടാണ് ഈ മത്സരത്തിലും ബൗളിങ്ങില്‍ ഊന്നിയുള്ള ഒരു തന്ത്രംനമ്മള്‍ സ്വീകരിച്ചത്. പക്ഷേ, ഒട്ടേറെ ഷോട്ട് പിച്ച് ബോളുകളും ഫുള്‍ടോസുകളും നമ്മള്‍ എറിഞ്ഞു. ഇടയ്ക്ക് പെയ്ത മഴയില്‍ പന്തും ഫീല്‍ഡും നനഞ്ഞിരുന്നു. അതുകൊണ്ട് ശരിയായ ഗ്രിപ്പ് കിട്ടാതെ പോയതാവാം കാരണം.'' - ക്യാപ്റ്റന്‍ തന്റെ ബൗളര്‍മാരെ ന്യായീകരിച്ചു.

വീരേന്ദര്‍ സെവാഗിനെ കളിപ്പിക്കാതിരുന്നതിനെ കുറിച്ചും ചോദ്യശരങ്ങള്‍ ഉയര്‍ന്നു. ''അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു ബാറ്റ്‌സ്മാനെ ഒഴിവാക്കേണ്ടിയിരുന്നു. പല ഘടകങ്ങളും പരിഗണിച്ചപ്പോള്‍ അത് വീരുവായിപ്പോയി. പാകിസ്താനെതിരെ കളിക്കുമ്പോള്‍ ഇതേ ടീമായിക്കൊള്ളണമെന്നില്ല. പ്രതിയോഗികളാരെന്നത് കണിക്കിലെടുത്താണ് നമ്മുടെ ടീമിനെ തീരുമാനിക്കുക.'' - ക്യാപ്റ്റന്‍ പറഞ്ഞു. സെവാഗുമായി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും പാലിസ്താനെതിരായ മല്‍സരത്തില്‍ സെവാഗിനെ കളിപ്പിക്കുമെന്നുമാണ് ക്യാപ്റ്റന്‍ നല്‍കുന്ന സൂചന. അടുത്ത മല്‍സരങ്ങളില്‍ സെവാഗില്ലാതെയിറങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മധ്യനിര ബാറ്റ്മാനായ സുരേഷ് റെയ്‌നയും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും ധോനിക്കുകീഴില്‍ കളിക്കുന്ന റെയ്‌ന ക്യാപ്റ്റന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ്. റെയ്‌ന പറയുന്നത് ധോനിയുടെ തന്നെ അഭിപ്രായമാവാനേ തരമുള്ളൂ.

പ്രതിഭയുള്ള കളിക്കാര്‍ തന്നെയാണ് ടീമില്‍. പാകിസ്താനെതിരെ കളിക്കാനിറങ്ങുമ്പോള്‍ പ്രത്യേകിച്ച് സമര്‍ദമൊന്നും ഉണ്ടാവില്ല. എല്ലാവരും അവരുടെ പ്രതിഭയ്‌ക്കൊത്തുയര്‍ന്നാല്‍ ജയിക്കാനാവും . സംഭാഷണം അവസാനിപ്പിച്ച പോവുന്ന പോക്കില്‍ ക്യാപ്റ്റന്‍ ആരൊടെന്നില്ലാതെ ശബ്ദം താഴ്ത്തി ഒരു കാര്യം കൂടി പറയുന്നതു കേട്ടു- ''കുറേ വിജയങ്ങള്‍ രാജ്യത്തിനു വേണ്ടി ഞങ്ങള്‍ നേടിയതല്ലേ. സമാധാനിക്കൂ. ഇനിയും നമ്മള്‍ ജയിക്കും.''

എന്തൊക്കെ കുറ്റങ്ങള്‍ കണ്ടാലും സത്യസന്ധമായി ഇടപെടുകയും കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന നായകനാണ് മഹി. അതു പോലൊരാള്‍ക്കേ മഹിയെ മനസ്സിലാക്കാന്‍ കഴിയൂ. ഓസ്‌ട്രേലിയയോടേറ്റ പരാജയത്തിന്റെയും സെവാഗിനെ കളിപ്പിക്കാതിരുന്നതിന്റെയും പേരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലരും മഹിയെ കുറ്റപ്പെടുത്തിയപ്പോള്‍ ഒരാള്‍ മാത്രം മഹിയുടെ തീരുമാനങ്ങള്‍ ന്യായീകരിച്ച് രംഗത്തെത്തി . വര്‍ഷങ്ങള്‍ക്കുമുമ്പ് ജാര്‍ഖണ്ഡിലെ പിച്ചില്‍നിന്ന് ധോനിയെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്ത നായകന്‍ - സൗരവ് ഗാംഗുലി.

 

 

 

Other stories in this section: