FRIDAY, JANUARY 30, 2015
വീരുവിനും വഴിയടയുന്നു
Posted on: 28 Sep 2012

വിശ്വനാഥ്‌


ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമതാണ്. എത്ര വലിയ കളിക്കാരനായാലും മാന്യമായി യാത്രയയയ്ക്കാറില്ല. കപില്‍ദേവും അസ്ഹറുദ്ദീനും തൊട്ട് സൗരവും ലക്ഷ്മണും വരെ നീളുന്ന വലിയൊരു സംഘത്തെത്തന്നെ ഇങ്ങനെ ഉചിതമായ യാത്രയയപ്പ് കിട്ടാതെ പോയവരില്‍ ഉള്‍പ്പെടുത്താം. ടീമിന് വലിയ സംഭാവനകള്‍ നല്‍കുകയും ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തില്‍ ശ്വാശതമായ ഇടംനേടുകയും ചെയ്യുന്ന കളിക്കാര്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ ഒറ്റപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് ദുഃഖകരമായ കാഴ്ചയാണ്. വിരേന്ദര്‍ സെവാഗിന്റെ കരിയറും നീളുന്നത് ആ വഴിക്കാണോ?
കൊളംബോയില്‍ ഇന്ത്യന്‍ ടീമിന്റെ ട്രെയിനിങ് ക്യാമ്പിലെ കാഴ്ചകള്‍ അങ്ങനെയൊരു സൂചന നല്‍കുന്നു. ടീമിനുള്ളില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും പോലുള്ള പുതിയ സൂപ്പര്‍താരങ്ങള്‍ പിറന്നു കഴിഞ്ഞു. ക്യാപ്റ്റന്റെ പരിഗണനയില്‍ അവര്‍ക്കൊക്കെ പിന്നിലായേ ഇപ്പോള്‍ വീരുവിന് സ്ഥാനമുള്ളൂ. ഈ ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിച്ച അവസാന ഗ്രൂപ്പ് മത്സരത്തില്‍ വീരു ഉണ്ടായിരുന്നില്ല. പ്രാധാന്യമുള്ള മത്സരമല്ലാത്തതിനാല്‍ വീരുവിനോട് മാറിനില്‍ക്കാന്‍ അപേക്ഷിച്ചതാണെന്നായിരുന്നു ആ മത്സര ശേഷം ധോനിയുടെ വിശദീകരണം. വെള്ളിയാഴ്ച സൂപ്പര്‍ - 8ലെ ആദ്യമത്സരത്തിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍ വീരുവിനോട് 'അപേക്ഷിക്കു'മെന്നാണ് സൂചന.
ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് സ്‌പെഷലിസ്റ്റ് ബൗളര്‍മാരെ കളിക്കാനിറക്കുമെന്നാണ് വ്യാഴാഴ്ച ഇന്ത്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തില്‍ ക്യാപ്റ്റന്‍ പറഞ്ഞത്. അതിനര്‍ഥം വീരു പുറത്തിരിക്കുമെന്നുതന്നെ.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇന്ത്യന്‍ ടീം പരിശീലനത്തിനെത്തിയപ്പോള്‍ വീരു ഒപ്പമുണ്ടായിരുന്നു. ആദ്യദിവസം വീരു കളിക്കാര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയ പവലിയനില്‍ത്തന്നെ ഇരുന്നതതല്ലാതെ ഗ്രൗണ്ടിലിറങ്ങിയതേയില്ല. വ്യാഴാഴ്ച അല്പനേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്‌തെങ്കിലും ഫീല്‍ഡിങ് പ്രാക്ടീസിനിറങ്ങിയില്ല. കൂട്ടുകാരോട് പിണങ്ങി കളിക്കളത്തിന് പുറത്തിരിക്കുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നു വീരുവിന് അപ്പോള്‍. ഇടയ്ക്ക് യുവരാജ് അടുത്തുചെന്ന് കുശലം പറഞ്ഞതൊഴിച്ചാല്‍ മറ്റുള്ളവരുമായി അധികം സംസാരിക്കുന്നതും കണ്ടില്ല.
ടീമാവുമ്പോള്‍ 'തട്ടീംമുട്ടീം ഇരിക്കുമെന്നേ' സെവാഗിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറയാനാവൂ. ഇന്ത്യയെപ്പോലെ വിശാലമായൊരു രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന കളിക്കാര്‍ ഒരുമിച്ചുകൂടുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും ചെറിയ അസ്വാരസ്യങ്ങളും സ്വാഭാവികമാണ്. വീരുവിനും ധോനിക്കുമിടയില്‍ അങ്ങനെ ചില ഭിന്നതകള്‍ നേരത്തേ തന്നെ ഉടലെടുത്തിരുന്നു എന്നാണ് സൂചന. രണ്ടുവര്‍ഷം മുമ്പുതന്നെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മാച്ചില്‍ ഏത് സ്പിന്നറെ കളിപ്പിക്കണമെന്നതിനെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം അന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അതിന് ശേഷമിങ്ങോട്ട് ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനും തമ്മിലുള്ള ബന്ധം അത്രയ്ക്ക് മികച്ചതല്ല.
പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ സെവാഗിനെ അവസാന ഇലവനില്‍ കളിപ്പിച്ചില്ലെങ്കിലും ക്യാപ്റ്റനെ കുറ്റപ്പെടുത്താനാവില്ല. കാരണം കഴിഞ്ഞ മത്സരങ്ങളില്‍ സെവാഗിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നുതന്നെ. ഏതുതരം ബൗളിങ്ങിനെതിരേയും ആക്രമിച്ചുകളിക്കുന്ന ബാറ്റ്‌സ്മാനാണ് വീരു. പക്ഷേ, ട്വന്റി-20 മത്സരങ്ങളില്‍ ഈ ആക്രമണോത്സുകത പ്രകടിപ്പിക്കാന്‍ വീരുവിന് കഴിയാതെ പോവുന്നു. പക്ഷേ, ഒന്നുണ്ട് ഓസീസിനെതിരെ സെവാഗിന്റെ റെക്കോഡ് ഏറെ മികച്ചതാണ്. ഓസ്‌ട്രേലിയക്കാര്‍ ഏറ്റവും ഭയക്കുന്ന ബാറ്റ്‌സ്മാനും വീരുതന്നെ. കഴിഞ്ഞദിവസം ഓസീസ് ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാനായ മൈക്ക് ഹസി സെവാഗിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. 'വീരു ഫോമിലല്ലെന്ന് ഞങ്ങള്‍ കരുതുന്നില്ല. രണ്ടു മൂന്നു മാച്ചില്‍ കാര്യമായി സ്‌കോര്‍ ചെയ്തില്ലായിരിക്കാം. അത് ഒരപകടമായാണ് ഞങ്ങള്‍ കാണുന്നത്. തുടര്‍ച്ചയായി കുറച്ചുമാച്ചുകളില്‍ വീരു സ്‌കോര്‍ ചെയ്തില്ലെങ്കില്‍ അടുത്ത മാച്ചില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത കൂടുതലാണ്.'
ഓസ്‌ട്രേലിയയ്‌ക്കെതിരെ വീരുവിനെ കളിപ്പിക്കാതിരിക്കുകയും ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ ധോനി കുറേ പഴി കേള്‍ക്കേണ്ടി വരും. വീരുവിനെ പോലുള്ള ഒരു സ്റ്റാര്‍ ബാറ്റ്‌സ്മാനെ കളിപ്പിക്കാതിരിക്കാനുള്ള തീരുമാനം അത്ര ലാഘവത്തോടെ എടുക്കാവുന്നതല്ല. ധോനിയും വീരുവും ആക്രമിച്ചു കളിക്കുന്ന ബാറ്റ്‌സ്മാന്മാരാണ്. പക്ഷേ, സമീപനത്തിലും സ്വഭാവത്തിലും വലിയ വൈരുധ്യമുണ്ട്. അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികം. കപില്‍ദേവ്-ഗാവസ്‌കര്‍, അസ്ഹര്‍-സച്ചിന്‍... ഇങ്ങനെയുള്ള വിരുദ്ധ വ്യക്തിത്വങ്ങളുടെ നിര ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസാനിക്കുന്നില്ല...

 

 

 

Other stories in this section: