TUESDAY, JANUARY 27, 2015
രത്‌നശേഖരം തേടി കരീബിയന്‍ സുന്ദരികള്‍
Posted on: 25 Sep 2012

വിശ്വനാഥ്‌


പ്രേമദാസ സ്റ്റേഡിയത്തിലേക്കാണ് ഓട്ടോ വിളിച്ചത്. പക്ഷേ വണ്ടി പായുന്നത് എതിര്‍ ദിശയിലേക്കും. കുറേ ശബ്ദം വെച്ചു നോക്കി. ഒരു കാര്യവുമില്ല. 'സര്‍ ടു മിനിറ്റ്. ജസ്റ്റ് ലുക്ക് ജംസ് ' ഡ്രൈവര്‍ അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. കട്ട് റോഡുകളിലൂടെ മുന്നു നാലു ഹമ്പുകള്‍ ചാടിച്ച് ഓട്ടോ കൊണ്ടുവന്നു നിര്‍ത്തിയത് 'ലങ്ക ജം ബ്യൂറോ ' എന്നൊരു ബോര്‍ഡിന് താഴെ. പിന്നെ തമിഴനായ ഡ്രൈവര്‍ ശെല്‍വം എളിമയോടെ പറഞ്ഞു. 'പ്ലീസ് സാര്‍, ജസ്റ്റ് ലുക്ക് സാര്‍. ഐ വില്‍ ഗെറ്റ് ടൂ ലിറ്റര്‍ പെട്രോള്‍.'
സംഗതികളുടെ കിടപ്പ് അങ്ങനെയാണ്. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണത്. രത്‌നങ്ങള്‍ വില്‍ക്കുന്ന കടയാണ് ജംസ് ബ്യൂറോ. കസ്റ്റമേഴ്‌സിനെ കൊണ്ടുവന്നാല്‍, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പെട്രോളിന്റെ കാശ് കിട്ടും. കടയില്‍ കയറി വില തിരക്കിയാല്‍ മതി, വാങ്ങണമെന്നില്ല. ശെല്‍വന് വേണ്ടി ഞങ്ങള്‍ രത്‌ന വ്യാപാരികളായി.
അകത്തുകയറി നോക്കി. പല നിറത്തിലുള്ള കല്ലുകള്‍, ആഭരണങ്ങള്‍- വലിയ ശേഖരം തന്നെ. സെയ്ല്‍സ്മാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങി. ലങ്കയിലാണ് ലോകത്തെ ഏറ്റവും മികച്ച രത്‌നങ്ങള്‍ കുഴിച്ചെടുക്കുന്ന ഖനികളുള്ളെതെന്നാണ് അയാളുടെ അവകാശ വാദം. കൊളംബോയില്‍ നിന്ന് കിലോ മീറ്ററുകള്‍ മാത്രം അകലെയുള്ള രത്‌നപുരയില്‍ നിന്ന് കുഴിച്ചെടുക്കുന്ന കല്ലുകള്‍ ചെത്തി മിനുക്കി വില്‍പ്പനയ്‌ക്കെത്തിക്കുന്നു. സ്ഫടികം പോലെ തിളങ്ങുന്ന ഒരു കല്ലെടുത്ത് നീട്ടി അയാള്‍ പറഞ്ഞു, 'വെരി ഗുഡ് . വെരി ചീപ്പ്. ഫൈവ് ഹണ്‍ഡ്രഡ് ഡോളര്‍ ഒണ്‍ലി. കാന്‍ യൂസ് ഇറ്റ് ആസ് പേപ്പര്‍ വെയ്റ്റ് '- ഇരുപത്തയ്യായിരം രൂപയുടെ പേപ്പര്‍ വെയ്റ്റ്, എന്തു വിലക്കുറവ് !
ഞങ്ങള്‍ക്ക് പേപ്പര്‍വെയ്റ്റില്‍ താത്പര്യമില്ലെന്നു തോന്നിയപ്പോള്‍ ആഭരണങ്ങള്‍ കാണിക്കാന്‍ തുടങ്ങി . വിവിധ തരം രത്‌നം പതിപ്പിച്ച മാലകള്‍- പതിനയ്യായിരം ഡോളര്‍ മുതല്‍ അഞ്ഞൂറ് ഡോളര്‍ വരെ വിലയുള്ളവ. എത്രയെന്ന് കൂട്ടിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാവും, ഒന്നിനും ശ്രീലങ്കയില്‍ കറന്‍സിയില്‍ വിലപറയുന്നില്ല.
അതിനിടയില്‍ മുന്നു കറുത്ത സുന്ദരികള്‍ കടയിലേക്ക് കയറി വന്നു. സെയ്ല്‍സ്മാന്‍മാരുടെ മുഖം തെളിഞ്ഞു. കൗണ്ടറിലിരിക്കുന്ന തടിയന്‍ ഇരയെ കണ്ട നരിയെ പോലെ പതുങ്ങിവരുന്നു. മുടിയില്‍ പലതരം ചായംതേച്ച സുന്ദരികള്‍ മുന്നില്‍ കണ്ട മാലകള്‍ ഓരോന്നും കൈയ്യിലെടുത്ത് കലപില കൂടാന്‍ തുടങ്ങി. കട കാലിയാക്കിയേ പോവൂ എന്നു തോന്നുന്നു. അവരോട് സംസാരിച്ച ഒരു സെയില്‍സ്മാന്‍ വെളിപ്പെടുത്തി ' വെസ്റ്റിന്‍ഡ്യന്‍ ക്രിക്കറ്റര്‍മാരുടെ ഗേള്‍ഫ്രണ്ട്‌സാണ്.' തൊപ്പിവെച്ച നീളമുള്ള പെണ്‍കുട്ടിയെ പരിചയപ്പെട്ടു- ഡ്വയ്ന്‍ ബ്രോവോയുടെ കൂട്ടുകാരി. മറ്റുള്ള പെണ്‍കുട്ടികളുമായി സംസാരിക്കാന്‍ തുനിഞ്ഞപ്പോഴേക്കും തടിയന്‍ ഇടപെട്ടു 'ക്രിക്കറ്റര്‍മാരുടെ ഭാര്യമാരാണ്. സെക്യൂരിറ്റി പ്രോബ്ലം. ഞങ്ങള്‍ കരീബിയന്‍ സുന്ദരികളെ തട്ടിക്കൊണ്ടു പോവാന്‍ വന്ന തീവ്രവാദികളാണെങ്കിലോ ?'
ഏതായാലും കരീബിയന്‍ സുന്ദരികള്‍ക്ക് രത്‌ന ശേഖരം പെരുത്ത് ഇഷ്ടമായിരിക്കുന്നു, വാങ്ങികൂട്ടുന്നുണ്ട്. തടിയന്റെ മുഖം പൂര്‍ണ ചന്ദ്രനെ പോലെ പ്രകാശിക്കുന്നു. ഒരു പേപ്പര്‍ വെയ്റ്റും രണ്ടു മാലയും കാണിച്ചുവെച്ച് ഞങ്ങള്‍ പറഞ്ഞു ' നാളെ വരാം.'
ചന്ദ്രപുരയിലെ രത്‌നശേഖരത്തെക്കുറിച്ച് പിന്നീട് പല കഥകള്‍ കേട്ടു. ആ പ്രദേശത്തെ പലരുടേയും പറമ്പുകളില്‍ രത്‌ന ശേഖരമുണ്ട്. പക്ഷേ കുഴിച്ചെടുക്കാന്‍ ലൈസന്‍സ് വേണം. അത് വലിയ സ്വാധീനമുള്ളവര്‍ക്കേ കിട്ടൂ. അതുകൊണ്ടു പലരും പറമ്പില്‍ രഹസ്യമായി കഴിച്ചു കൊണ്ടിരിക്കുന്നു. ഒരു വര്‍ഷമൊക്കെ കുഴിച്ച് രണ്ടു മൂന്നു ലക്ഷം രൂപ സമ്പാദിച്ചവരുണ്ട്. ഇപ്പോള്‍ ചൈനീസ് കമ്പനികളുടെ ഊഴമാണ്. അവര്‍ ലങ്കയില്‍ ഖനികള്‍ വാങ്ങികൂട്ടുന്നു. ലങ്കക്കാരുടെ രത്‌നങ്ങളും കടല്‍കടക്കുകയാണ്.

 

 

 

Other stories in this section: