MONDAY, JULY 28, 2014
പ്രണയം കുട ചൂടുമ്പോള്‍
Posted on: 24 Sep 2012

വിശ്വനാഥ്‌

കൊളംബോ കുട മലയാളിക്ക് സുപരിചിതമാണ്. മഴയത്തും വെയിലത്തും തണലേകാന്‍ കുടതന്നെ വേണം. കൊളംബോക്കാര്‍ക്ക് കുട പക്ഷേ, തണലേകാന്‍ മാത്രമല്ല, മറ്റെന്തൊക്കയോ ആണ്...

ഞായറാഴ്ച രാവിലെ ലോകകപ്പ് കളിക്കാനെത്തിയ ഇന്ത്യന്‍ ടീം താമസിക്കുന്ന താജ് സമുദ്ര ഹോട്ടലില്‍ ഒന്ന് എത്തിനോക്കി തിരികെപ്പോരുമ്പോഴാണ് ആ കാഴ്ചകാണുന്നത്. ഹോട്ടലിന് മുന്നില്‍ കടലിനഭിമുഖമായി ഇട്ടിരിക്കുന്ന സിമന്റ്‌ബെഞ്ചുകള്‍ക്ക് മുകളില്‍ വരിവരിയായി ഇളകിയാടുന്ന പല നിറത്തിലുള്ള കുടകള്‍...

അരികില്‍ച്ചെന്ന് നോക്കിയപ്പോഴാണ് സംഗതികളുടെ കിടപ്പ് മനസ്സിലായത്. കുടകള്‍ക്കടിയില്‍ പ്രണയം പൂത്തുലയുകയാണ്. ഒരു കുടയിലെന്തിരിക്കുന്നു എന്ന് ഇനിയാരും ചോദിക്കരുത്.

പതിനാറോ പതിനെട്ടോ വയസ്സുതോന്നിക്കുന്ന കാമുകീകാമുകന്മാര്‍ ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ക്യാമറയുടെ ഫ്ലാഷ് മിന്നിയപ്പോള്‍ തലയുയര്‍ത്തി നോക്കി. മധു നന്നായൊന്ന് ചിരിച്ച് മാറിനിന്നു. വീണ്ടും കുട താണു, അതങ്ങനെ ഇളകിയാടാന്‍ തുടങ്ങി.

ബിച്ചില്‍ നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകള്‍ ഏറെയുണ്ട്. പക്ഷേ, ഒഴിവുദിനങ്ങളില്‍ നേരത്തെയെത്തിയാലേ ബെഞ്ച് കിട്ടുകയുള്ളൂ. ഒരു ബെഞ്ചില്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കിരിക്കുന്നു. അവളുമായി കൂട്ടുകൂടി. സ്യമന്തകം. ഒരു പ്രൈവറ്റ് ബാങ്കില്‍ ജോലിചെയ്യുന്നു. കൂട്ടുകാരന്‍ കുറച്ചകലെയാണ് താമസം. എത്താന്‍ വൈകും. അതുകൊണ്ട് സ്യമന്തകം നേരത്തേയെത്തി ഇടം പിടിച്ചതാണ്. സ്യമന്തകം പ്രണയത്തിലായിട്ട് രണ്ടു വര്‍ഷമായി. അന്നുതൊട്ട് തുടരുന്നതാണ് ഞായറാഴ്ച ദിവസങ്ങളിലെ ഈ സമാഗമം. പ്രായം 24 ആയി. കാമുകന് 28-ഉം. വിവാഹം കഴിക്കണമെന്നുണ്ട്. പക്ഷേ, അതത്ര എളുപ്പമല്ല. രണ്ടു പേരുടേയും ശമ്പളം മതിയാവില്ല കൊളംബോയില്‍ കൂടുവെച്ച് താമസിക്കാന്‍. കാമുകന്റെ ജോലി സ്ഥിരപ്പെടണം, സ്യമന്തകത്തിന് പ്രൊമോഷന്‍ കിട്ടണം. അതിനിടയില്‍ പ്രണയം നഷ്ടപ്പെട്ടുപോയാലോ? അങ്ങനെയും സംഭവിക്കാം - സ്യമന്തകം തുറന്നുപറഞ്ഞു.

ഇവിടെ ജീവിതം അങ്ങനെയൊക്കെയാണ്... വീട്ടിലായാലും കോളേജിലോ ഓഫീസിലോ ആയാലും ലങ്കയിലെ യുവതലമുറ അതിരില്ലാത്ത സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. കമിതാക്കളുടെ ലോകത്തേക്ക് ഒളിഞ്ഞുനോക്കുന്നവരേയും കാണാനില്ല. പ്രണയോത്സുകനായ രാവണന്റെ നാടായിരുന്നല്ലോ ലങ്ക...

കുടക്കീഴിലെ കമിതാക്കള്‍ യുവാക്കള്‍ മാത്രമല്ല. അമ്പതു പിന്നിട്ട മിഥുനങ്ങളും ഉണ്ട്. വലിയ ഒരുക്കങ്ങളുമായാണ് പലരും വന്നിരിക്കുന്നത്. ലഞ്ച് ബോക്‌സും കുപ്പിവെള്ളവും കൊറിക്കാന്‍ വറുത്ത കടലയും... ഭക്ഷണം കഴിക്കാന്‍ എഴുന്നേറ്റുപോയാല്‍ മറ്റാരെങ്കിലും അവിടെ ഇടം പിടിക്കും. ഇത്ര സൗകര്യപ്രദമായ ഇടം വേറെ കിട്ടില്ല. രാവിലെ ഒന്‍പത് മണിക്കെത്തുന്ന പലരും തിരിച്ചുപോവാന്‍ മിക്കവാറും സന്ധ്യമയങ്ങും.

സിമന്റ്‌ബെഞ്ചില്‍ ഇടം കിട്ടാത്തവര്‍ പലരും കാത്തിരുന്ന് മടുത്ത് കുറെക്കൂടി കടലിനരികിലേക്കിറങ്ങി കുടചൂടി തുടങ്ങിയിട്ടുണ്ട്. അപ്പുറം പ്രണയത്തിന്റെ വിപണനസാധ്യതകള്‍ ചൂഷണം ചെയ്യാനൊരുങ്ങിയെത്തിയ യുവാവ്. പേര് അമീന്‍. കമിതാക്കള്‍ക്കായി പല നിറത്തിലുള്ള കുടകളുമായാണ് അമീന്‍ വന്നിരിക്കുന്നത്. കുടയെടുക്കാന്‍ മറന്നവരും കൂടുതല്‍ നിറമുള്ള കുടകള്‍ വേണമെന്നാഗ്രഹിക്കുന്നവരും അമീന്റെ കുട വാങ്ങും. പക്ഷേ, തീവിലയാണ്. മഴയത്ത് ചൂടിയാല്‍ ഒടിഞ്ഞുപോവാന്‍ സാധ്യതയുള്ള കനംകുറഞ്ഞ കുടയ്ക്ക് വില 500 രൂപ.

ഇത്രനേരമിങ്ങനെ പറ്റിപ്പിടിച്ചിരുന്ന് സംസാരിക്കാന്‍മാത്രം എന്തുവിഷയമാണിവര്‍ക്കുണ്ടാവുക ? അമീനോട് ചോദിച്ചു. 'സംസാരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ കിടക്കുന്നു അയ്യാ, ലോകകപ്പില്‍ ശ്രീലങ്കയുടെ വിജയ സാധ്യത, അരിയുടെ വില...' അമീന്റെ മറുപടി വലിയൊരു ചിരിയുടെ അകമ്പടിയോടെയാണ്.

ഞങ്ങള്‍ ക്യാമറയുമായി കറങ്ങിനടക്കുന്നത് കമിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്. പലരും കുട താഴ്ത്തി മുറുമുറുത്തു തുടങ്ങിയിരിക്കുന്നു. ഇനി അവിടെ നിന്നാല്‍ ഇന്ത്യ - ശ്രീലങ്ക ബന്ധം തകരാറിലാവും. അമീന്‍ നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ച കുട കക്ഷത്തില്‍ വെച്ച് ഞങ്ങള്‍ മടങ്ങി.


Other stories in this section: