TUESDAY, JANUARY 27, 2015
കണ്ടേന്‍ സീതയെ...
Posted on: 23 Sep 2012


കാന്‍ഡിയിലെ സീതാദേവി ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്ന ഭക്തന്‍. പിന്നില്‍ കാണുന്നത് അശോകവനംഫോട്ടോ: മധുരാജ്


ഇത് അശോകവനം. അപ്പുറത്ത് ഹനുമാന്‍ ചുട്ടെരിച്ച ലങ്കാധിപതിയുടെ കോട്ട ഒരു മലയായി മാറിയിരിക്കുന്നു. സീതയിരുന്ന അശോകമരത്തിനടുത്ത് ക്ഷേത്രം. തൊട്ടപ്പുറമതാ ഹനുമാന്റെ വലിയ കാല്‍പ്പാടുകള്‍ മായാതെ... ലക്ഷക്കണക്കിന് രാക്ഷസരുടെയും വാനരന്മാരുടെയും കബന്ധങ്ങള്‍ ചതറിവീണ മണ്ണ് തന്നെയോ ഇത്? ആണെന്ന് സീതാക്ഷേത്രത്തിലെ പൂജാരി വിവേകാനന്ദ ശര്‍മ തെളിവുകള്‍ ചൂണ്ടിക്കാട്ടി ഉറപ്പിച്ചു പറയുന്നു.
ലങ്കയിലേക്ക് തിരിക്കുംമുമ്പേ തീരുമാനിച്ചതാണ് രാമായണത്തിന്റെ വഴികളിലൂടെ ഒരു യാത്ര. രാവണന്‍ കോട്ടയും അശോകവനവും ചില സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു, പ്രതീക്ഷയും. കൊളംബോയില്‍ വെച്ച് കണ്ടുമുട്ടിയ ജയ്‌സന്‍ പാനികുളങ്ങരയാണ് പറഞ്ഞത് കാന്‍ഡിക്കടുത്ത് നുറേലിയയിലാണ് രാവണന്റെ സാമ്രാജ്യമെന്ന്. നുറേലിയയില്‍ ഹൗസ്‌ബോട്ട് സര്‍വീസ് നടത്തുന്ന ജയ്‌സന്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ലങ്ക അശാന്തിയുടെ തുരുത്തിലെ ഋതുഭേദങ്ങള്‍' എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ രചയിതാവുകൂടിയാണ്. ലങ്ക ഹൃദിസ്ഥമാണ്.
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം കഴിഞ്ഞ ഇടവേളയില്‍ ലങ്കയിലെ കൂട്ടുകാരനായ വടകരക്കാരന്‍ ശ്രീകുമാറിനേയും കൂട്ടി നുറേലിയയിലേക്ക് തിരിച്ചു. മലയടിവാരത്തുകൂടെയുള്ള റോഡിലെ വളവുകളും തിരിവുകളും കടന്നപ്പോള്‍ അതാ നിറയെ സീതാരാമ ശില്പങ്ങളുമായി സീതാ ക്ഷേത്രം. സീതയെ മുഖ്യമൂര്‍ത്തിയായി പൂജിക്കുന്ന ക്ഷേത്രം മറ്റൊന്നില്ലെന്ന് ശര്‍മ അവകാശപ്പെടുന്നു. അയ്യായിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുണ്ടത്രേ പ്രതിഷ്ഠയ്ക്ക്.
അശോകവാടികയെന്നാണ് ഈ നിബിഡവനത്തെ ലങ്കക്കാര്‍ വിളിക്കുന്നത്. രാവണന്റെ തടവുകാരിയായി സീതയിരുന്നിടത്താണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍. സീതയ്‌ക്കൊപ്പം രാമലക്ഷ്മണന്മാരും ഹനുമാനും പ്രതിഷ്ഠയിലുണ്ട്. ക്ഷേത്രത്തില്‍ വലിയ തിരക്കില്ല. ഇന്ത്യയില്‍ നിന്നെത്തുന്ന കുറച്ച് വിശ്വാസികള്‍ മാത്രം. ഇങ്ങനെയൊരു ക്ഷേത്രത്തേയും അശോകവനത്തേയും കുറിച്ച് അധികം പേര്‍ക്കറിയാത്തതാണ് കാരണമെന്ന് ശര്‍മ പറയുന്നു.
ക്ഷേത്രത്തിനരികിലൂടെ അരുവിയൊഴുകുന്നു. പേര് സീതാനദി. അശോകവനത്തിലെ താമസക്കാലത്ത് സീത കുളിച്ചിരുന്ന നദിയാണത്രെ. ക്ഷേത്രത്തിന് ചുറ്റുമുള്ള മണ്ണിന് കറുത്ത നിറം. ഹനുമാന്‍ ചുട്ടെരിച്ച മണ്ണായതു കൊണ്ടാണെന്ന് ശര്‍മാജിയുടെ വിശദീകരണം. ക്ഷേത്രത്തിനരികിലുള്ള കാല്പാടുകള്‍ ഓരോന്നിനും രണ്ടു മീറ്ററിലധികം നീളമുണ്ട്. ഹനുമാന്റേതല്ലേ, വലുപ്പമുണ്ടാവാതെ തരമില്ലല്ലോ ? ഹനുമാന്‍ സീതയെ കണ്ട ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ചാടിയതിന്റെ കാലടയാളമാണ്... എല്ലാം വിശ്വാസങ്ങള്‍.
ക്ഷേത്രത്തില്‍ ഒരു പൂജ നടത്താം. മനസ്സില്‍ ഒരു കാര്യം വിചാരിക്കണം, നടന്നിരിക്കും. പൂജ നടത്തി, പ്രാര്‍ഥിച്ചു. രാവണഭൂമിയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരാവണേ... നമ്മുടെ ക്യാപ്റ്റന്‍ ധോനി ഇതു വല്ലതും അറിയുന്നുണ്ടോ?
തിരിച്ചുപോരാന്‍ ഒരുങ്ങുമ്പോള്‍ അഞ്ചു മീറ്ററിലധികം നീളമുള്ള ഒരു ആഡംബരകാര്‍ വന്നു നിര്‍ത്തി, പുഷ്പക വിമാനം പോലെ... കറുത്തുതടിച്ച് ഉയരമുള്ള ഒരു മനുഷ്യന്‍ പുറത്തിറങ്ങി, തൊഴുകൈയുമായി ക്ഷേത്രത്തിലേക്ക്. പാവം രാവണന്‍ ഇപ്പോഴും സീതാപ്രീതിക്കായി അലയുകയാണോ?

 

 

 

Other stories in this section: