FRIDAY, JANUARY 30, 2015
ക്രിക്കറ്റിനും കഞ്ഞി കുമ്പിളില്‍
Posted on: 22 Sep 2012

വിശ്വനാഥ്

ടാറ്റയുടെ നാനോ കാറിന് ലങ്കയിലെ വില 16 ലക്ഷം. മാരുതി ആള്‍ട്ടോയ്ക്ക് 23 ലക്ഷം. ഒരു കിലോ നല്ല അരിക്ക് കൊടുക്കണം 120 രൂപ
നിങ്ങളുടെ ക്യാപ്റ്റന് ഒരുവര്‍ഷം ക്രിക്കറ്റ് കളിച്ചാല്‍ എത്ര കാശുകിട്ടും? - വലിയ ആകാംക്ഷയോടെയാണ് ഉപാലയുടെ ചോദ്യം. കൃത്യമായ ഒരുത്തരം പറയാന്‍ കഴിയാതെ മിഴിച്ചുനില്ക്കുമ്പോള്‍ അയാള്‍ ചോദിക്കുന്നു, 'വര്‍ഷം ഒരു പത്തുകോടി ഇന്ത്യന്‍ രൂപ?'

'അതിന്റെയൊക്കെ എത്രയോ ഇരട്ടി വരും. മാച്ച്ഫീ, പരസ്യങ്ങളില്‍ നിന്നും ഐ.പി.എല്ലില്‍ നിന്നുമുള്ള വരുമാനം, ഉപഹാരങ്ങള്‍...' ഞാന്‍ കണക്കു നിരത്തി.

'ഹോ!!' -അയാള്‍ അത്ഭുതപ്പെട്ടപ്പോള്‍ ഇന്ത്യക്കാരനെന്നതില്‍ എനിക്കഭിമാനം തോന്നി. പക്ഷേ, അടുത്ത ചോദ്യം എന്നെ തകര്‍ത്തുകളഞ്ഞു.- 'ഈ കളി കളിക്കാനോ?' - ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യ വിഷമിച്ചുനേടിയ വിജയമാണ് ഉപാല ഉദ്ദേശിച്ചത്.

കൊളംബോയിലെ ടാക്‌സി ഡ്രൈവറാണ് ഉപാല. കടുത്ത ക്രിക്കറ്റ് ആരാധകന്‍. പ്രത്യേകിച്ചും കുമാര്‍ സംഗക്കാരയുടെ. ഇന്ത്യന്‍താരങ്ങള്‍ക്ക് വന്‍തുക പ്രതിഫലം ലഭിക്കുന്നതിലുള്ള ഈര്‍ഷ്യയല്ല, മറിച്ച് തന്റെ ആരാധനാപാത്രങ്ങളായ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം കിട്ടാത്തതിലുള്ള ദുഃഖം മാത്രമേ ഉപാലയ്ക്കുള്ളൂ.

ഉപാല നിസ്സാരനല്ല. ലോക ക്രിക്കറ്റിനെക്കുറിച്ച് ആധികാരികമായ അറിവുണ്ട്. കുറച്ചുകാലം മകള്‍ക്കൊപ്പം ഓസ്‌ട്രേലിയയിലായിരുന്നു. സിഡ്‌നിയിലും മെല്‍ബണിലും ക്രിക്കറ്റ് മത്സരങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്. ആധികാരികമായ കണക്കുകള്‍ നിരത്തിയാണ് അദ്ദേഹം സംസാരിക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ്‌ബോര്‍ഡ് ആകെ പാപ്പരായ അവസ്ഥയിലാണ് ഇപ്പോള്‍. മാച്ച്ഫീ ഇനത്തില്‍തന്നെ വലിയതുക ദേശീയടീമിലെ കളിക്കാര്‍ക്ക് കൊടുത്തുതീര്‍ക്കാനുണ്ട്. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ സ്ഥിതി അതിലേറെ പരിതാപകരമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ അപേക്ഷിച്ച് എത്രയോ കുറഞ്ഞ തുകയാണ് അവിടെ കളിക്കാര്‍ക്ക് പ്രതിഫലം. അതുതന്നെ വിവിധടീമുകള്‍ നല്‍കാത്തതുകാരണം ലീഗ് അടുത്തവര്‍ഷം നടക്കുമോയെന്നുതന്നെ സംശയമാണ്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ്താരങ്ങളുടെ സംഘടന - 'ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍സ്' ബഹിഷ്‌കരണ ഭീഷണി മുഴക്കിക്കഴിഞ്ഞു. കളിക്കാര്‍ക്ക് പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലവും തുലോം തുച്ഛമാണ്. സംഗക്കാര, മഹേല ജയവര്‍ധനെ, ലസിത് മലിംഗ തുടങ്ങി ഏതാനും കളിക്കാര്‍ക്കേ ഇങ്ങനെ പരസ്യങ്ങള്‍ ലഭിക്കുന്നുള്ളൂ. ശ്രീലങ്കന്‍താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മിക്കതും ഇന്ത്യന്‍ കമ്പനികളാണ്. എയര്‍ടെല്ലാണ് സംഗയുടെ പ്രധാന സ്‌പോണ്‍സര്‍.

ലങ്കയിലെ പൊതുവായ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പ്രതിഫലനമാണ് ക്രിക്കറ്റിലും കാണുന്നത്. ലങ്കയിലെ സാധാരണക്കാരന്റെ ജീവിതം പരിതാപകരമാണ്. ശ്രീലങ്കയിലെ ഒരു രൂപയ്ക്ക് ഇന്ത്യയിലെ നാല്പത് പൈസയുടെ മൂല്യമേയുള്ളൂ. നഗരത്തില്‍ പരിചയപ്പെട്ട ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ മാസശമ്പളം 22,000 രൂപയാണ്. 9,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണിത്. അവശ്യസാധനങ്ങളുടെ വിലയാണെങ്കില്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഒരുകിലോ സാധാരണ അരിക്ക് 60 രൂപ വരും. ഗുണ നിലവാരമുള്ള അരിക്ക് 120 രൂപ വരെയുണ്ട്. ഒരു ചായയ്ക്ക് 35 രൂപ, ഇഡ്ഡലിക്ക് 30 രൂപ. ബാറില്‍ കയറി ഒന്ന് മിനുങ്ങണമെങ്കില്‍ 3,000 രൂപയെങ്കിലും വേണം. ലങ്കയിലെ മദ്യത്തിന്റെ അളവും വ്യത്യസ്തമാണ് സ്‌മോള്‍ 50 മില്ലി, ലാര്‍ജ് 100 മില്ലി. സാധാരണബ്രാന്‍ഡ് ബ്രാന്‍ഡി സ്‌മോളിന് 400 രൂപ വരും. സോഡയ്ക്ക് 160 രൂപ.

ഉപാല ഡ്രൈവ് ചെയ്യുന്നത് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത നാനോ കാറാണ്. കാറിന് വില 16 ലക്ഷം ശ്രീലങ്കന്‍ രൂപ! ശ്രീലങ്കയില്‍ മോട്ടോര്‍ വാഹനങ്ങള്‍ ഒന്നും നിര്‍മിക്കുന്നില്ല. എല്ലാം ഇറക്കുമതി ചെയ്യണം. ഇറക്കുമതി ചെയ്യുമ്പോള്‍ എകൈ്‌സസ് ഡ്യൂട്ടിയായി വന്‍തുക അടയ്ക്കണം. അതാണ് ഇങ്ങനെ വില ഉയരാന്‍ കാരണം. മാരുതി വാഹനങ്ങള്‍ ഏറെയുണ്ട് റോഡില്‍. ആള്‍ട്ടോ കാറിന് വില 23 ലക്ഷം. പക്ഷേ, ടൊയോട്ടോയുടെ വാഹനങ്ങളാണ് അധികം. ടൊയോട്ടോയുടെ 6 സീറ്റുള്ള വാനിന് ഒരുകോടി രൂപയോളം വരും. സാധാരണക്കാരന് സ്വന്തമായൊരു വാഹനം സ്വപ്നം കാണാനും കഴിയില്ല.

സുന്ദരമായ ബീച്ചുകളും നിറയെ പച്ചപ്പുമുള്ള ലങ്കയിലേക്ക് തമിഴ് പുലികളുടെ ഭീഷണി അവസാനിച്ച ശേഷം വിനോദസഞ്ചാരികള്‍ ഒഴുകുകയാണ്. അത് സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുരിതമയമാക്കാനേ സഹായിച്ചിട്ടുള്ളൂ. സാധനങ്ങളുടെ വില പിന്നെയും ഉയരുന്നു. ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളും റിസോട്ടുകളും മിക്കതും വിദേശികളുടേതാണ്. ജീവനക്കാര്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന ലങ്കക്കാരും.

ഈ ദയനീയസാഹചര്യത്തില്‍ നിന്ന് മുക്തിനേടാന്‍ യുവതലമുറ ഒരുവഴി കണ്ടെത്തിയിരിക്കുന്നു. അഭ്യസ്തവിദ്യരായ മിക്ക ചെറുപ്പക്കാരും ഓസ്‌ട്രേലിയയിലോ കാനഡയിലോ അമേരിക്കയിലോ തൊഴില്‍നേടി അങ്ങോട്ട് സ്വയം പറിച്ചുനടുന്നു.

 

 

 

Other stories in this section: