WEDNESDAY, JANUARY 28, 2015
വിഭവസമൃദ്ധം ടീം ഇന്ത്യ
Posted on: 21 Sep 2012ഇംഗ്ലീഷ് അക്ഷരമാലയില്‍ ഏറ്റവും പ്രിയപ്പെട്ട അക്ഷരം ഏതെന്ന് ചോദിച്ചാല്‍ മഹേന്ദ്ര സിങ് ധോനിയുടെ മറുപടി 'ബി' എന്നാവണം. കാരണം ധോനിക്ക് ഏറ്റവും ഇഷ്ടമുള്ള മൂന്നു കാര്യങ്ങളും 'ബി' യില്‍ തുടങ്ങുന്നതാണ്. ബൈക്ക്, ബാറ്റ്, ബട്ടര്‍ചിക്കന്‍.

23 ഹൈസ്പീഡ് ബൈക്കുകള്‍ സ്വന്തമായുള്ള മഹിക്ക് കളിക്കുമ്പോള്‍ ബാറ്റ് ചെയ്യാന്‍തന്നെയാണ് കൂടുതല്‍ ഇഷ്ടം. ഉച്ചയ്ക്കും രാത്രിയും ചപ്പാത്തിക്കൊപ്പം ബട്ടര്‍ചിക്കന്‍ കിട്ടിയാല്‍ സന്തോഷം ഇരട്ടിക്കും. എന്നാല്‍, മത്സരമുള്ള ദിവസങ്ങളില്‍ ഈ ഇഷ്ടം ക്യാപ്റ്റന് സാധിക്കില്ല. കാരണം, ഈ ദിവസങ്ങളില്‍ ടീം ഫിസിയോ നിര്‍ദേശിക്കുന്ന ഭക്ഷണമേ കളിക്കാര്‍ക്ക് നല്‍കൂ. കൊഴുപ്പ് കുറഞ്ഞഭക്ഷണം. വറുത്തതും പൊരിച്ചതും വര്‍ജ്യം. മത്സരമില്ലാത്ത ദിവസങ്ങളില്‍ കളിക്കാര്‍ക്ക് ഇഷ്ട മെനുതന്നെ ഓഡര്‍ ചെയ്യാം. ക്യാപ്റ്റന്റെ ഓഡര്‍ കൂടുതലും ബട്ടര്‍ചിക്കനാണ്. മീന്‍ തീരെ വേണ്ട. ടീമിലെ പുതിയ സൂപ്പര്‍താരം വിരാട് കോലിക്ക് ഇക്കാര്യത്തില്‍ ക്യാപ്റ്റനുമായി കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. മത്സ്യമാണ് കോലിക്ക് പ്രിയം. ചെമ്മീന്‍ വിഭവങ്ങളുടെ ആരാധകനുമാണ് ടീം ഇന്ത്യയിലെ ഗ്ലാമര്‍ ബോയ്. അസ്സലായി ചെമ്മീന്‍ കറിയുണ്ടാക്കാനറിയുന്ന പെണ്‍കുട്ടികള്‍ക്ക് കോലിയെ വീഴ്ത്താമെന്നാണ് കൂട്ടുകാരുടെ കമന്റ്. ട്വന്റി 20 ലോകകപ്പിനെത്തിയ ഇന്ത്യന്‍ ടീം കൊളംബോയിലെ താജ് സമുദ്ര ഹോട്ടലിലാണ് താമസിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂം ശരിക്കുമൊരു വീടുപോലെയാണ്. താരങ്ങളുടെ ഭക്ഷണകാര്യങ്ങള്‍ ഓരോരുത്തര്‍ക്കുമറിയാം. സച്ചിന്‍ ടീമിലുണ്ടെങ്കില്‍ ഞണ്ടിന് നല്ല ഡിമാന്‍ഡാണ്. ബാറ്റ്‌ചെയ്യുംപോലെ ഞണ്ടുകൊണ്ടുള്ള വിഭവങ്ങള്‍ ഭംഗിയായി പാചകം ചെയ്യാനും അറിയാമെന്നാണ് സച്ചിന്റെ അവകാശവാദം. ഇക്കാര്യത്തില്‍ സച്ചിനൊരു പിന്‍ഗാമി ടീമിലുണ്ട്. അശോക് ഡിന്‍ഡ. ബംഗാളിയായ ഈ ഫാസ്റ്റ്ബൗളറുടെ ഇഷ്ടവിഭവവും ഞണ്ടാണ്. ഏതായാലും താരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ കടല്‍ത്തീരത്തായത് നന്നായി. എന്നാല്‍, ഈ മത്സ്യ-മാംസാഹാരികള്‍ക്കിടയില്‍ ഭയന്നുകഴിയുന്ന ഒരു സമ്പൂര്‍ണ വെജിറ്റേറിയനുമുണ്ട് ടീമില്‍- ഓഫ്‌സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.

കാന്‍സര്‍ ചികിത്സ കഴിഞ്ഞെത്തിയ യുവരാജ്‌സിങ് കഴിക്കുന്നത് പതിവുവിഭവങ്ങള്‍തന്നെ. ചിക്കന്‍ വിഭവങ്ങള്‍ യുവിക്കും പെരുത്തിഷ്ടമാണ്. അസുഖം പൂര്‍ണമായും ഭേദമായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഭക്ഷണത്തില്‍ പ്രത്യേക നിയന്ത്രണമൊന്നും ആവശ്യമില്ല.

ടീം ഇന്ത്യയിലെ മുഴുവന്‍ പേരും സംഗീതപ്രിയരാണ്. ടീം പോകുന്നിടത്തൊക്കെയുണ്ട് സംഗീതം. ഐപോഡുമായാണ് മിക്കവരുടേയും യാത്ര. പരിശീലനത്തിന് ഗ്രൗണ്ടിലെത്തിയാല്‍ വിശ്രമിക്കാനുള്ള പവലിയനില്‍ ഉച്ചത്തില്‍ ഹിന്ദിപ്പാട്ട് കേള്‍ക്കാം. ലാപ്‌ടോപ്പുമായി ലിങ്ക് ചെയ്തിരിക്കുന്ന സ്പീക്കര്‍ സിസ്റ്റവുമായാണ് ടീം ഗ്രൗണ്ടിലെത്തുന്നത്. അടിപൊളി ഹിന്ദിപ്പാട്ടുകളുടെ ആരാധകരാണ് ടീമംഗങ്ങള്‍ മിക്കവരും. പ്രത്യേകിച്ചും കോലി. മ്യൂസിക്കില്ലാതെ കോലിയെ കാണാനേ സാധിക്കില്ല. പഞ്ചാബി 'ബല്ലേ, ബല്ലേ'യാണ് ടീമിന്റെ ഇഷ്ടഗാനം. ഹര്‍ഭജനും യുവിക്കും കോലിക്കുമെല്ലാം പഞ്ചാബിപ്പാട്ടിനൊത്ത് സ്റ്റെപ്പ് വെക്കാനിഷ്ടമാണ്.

കൂട്ടത്തില്‍ തമാശക്കാരന്‍ യുവിതന്നെ. പരിശീലന വേളയില്‍ ആശംസ നേരാനെത്തിയവരോടൊക്കെ ജോക്കടിക്കുന്നുണ്ട് . ഇന്ത്യയില്‍നിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ തന്റെ പത്രത്തിന്റെ കോപ്പി കവറിലിട്ട് യുവിക്ക് കൈമാറി. കവറിന് പുറത്ത് താജ് ഹോട്ടലിന്റെ പേരുണ്ട്. അതുകണ്ട യുവിയുടെ കമന്റ്- 'ഇതെന്താണ് താജിന്റെ ബ്രോഷറോ? ഞാനും അവിടെയാ താമസം. പിന്നെന്തിനാണിത്'? കവര്‍ കൊടുത്ത റിപ്പോര്‍ട്ടര്‍ അല്പം പരിഭ്രമിച്ചെന്നു തോന്നുന്നു. അപ്പോള്‍ യുവി കണ്ണുരുട്ടി അയാളുടെ മുഖത്തേക്ക് നോക്കി, പിന്നെ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുന്നു. ചുറ്റുമുള്ളവരും ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെനോക്കി കണ്ണിറുക്കി കാണിച്ചു. പിന്നെ ഗ്രൗണ്ടില്‍ നിന്ന് വിയര്‍ത്തൊലിച്ച് ഓടിവരുന്ന ഗംഭീറിനോടായി അടുത്ത നമ്പര്‍. 'ആവി തീര്‍ത്തുകളയേണ്ട. നാളെ മാച്ചുണ്ട്. കരുതിവെച്ചോളണം.' പിന്നെയും ആര്‍ത്തലച്ചൊരു ചിരി.

കൂട്ടുകാര്‍ മുഴുവനും തമാശ എന്‍ജോയ് ചെയ്യുമ്പോഴും സീരിയസ്സായി ഇരിക്കുകയാണ് ക്യാപ്റ്റന്‍ ധോനി. ക്യാപ്റ്റന്‍ ഷേവ് ചെയ്തിട്ട് രണ്ടു ദിവസമായെന്നു തോന്നുന്നു. മുഖത്ത് നിറയെ നരച്ച താടിരോമങ്ങള്‍. അഞ്ചെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ടൂര്‍ണമെന്റിനിടെ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി പറഞ്ഞതാണ് ഓര്‍മ വന്നത്. 'ഇന്ത്യന്‍ ക്യാപ്റ്റന്റെ ജോലി കഠിനമാണ് സുഹൃത്തേ, നോക്കൂ എന്റെ തലമുടി എത്ര വേഗമാണ് നരച്ചുപോയത്. ഇത് ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുത്തതിനുശേഷം സംഭവിച്ചതാണ്.' സൗരവ് ഇപ്പോള്‍ ടെലിവിഷന്‍ കമന്റേറ്ററുടെ റോളില്‍ ലങ്കയിലുണ്ട്. കളിക്കുന്ന കാലത്തെക്കാള്‍ ചെറുപ്പം തോന്നിക്കുന്നു.

 

 

 

Other stories in this section: