|
സിംബാബ്‌വെ പുറത്ത്
Posted on: 21 Sep 2012
കെ. വിശ്വനാഥ്
ഹമ്പന്‍ടോട്ട(ശ്രീലങ്ക): അത്ഭുതങ്ങള്‍ സൃഷ്ടിക്കാനെത്തിയ സിംബാബ്‌വെ നാലാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്താവുന്ന ആദ്യ ടീമായി. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ 10 വിക്കറ്റിന് പരാജയപ്പെട്ടതോടെയാണിത്. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ ട്വന്റി20യില്‍ തങ്ങളുടെ രണ്ടാമത്തെ മോശം സ്‌കോറിന് (8ന് 93) മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക 44 പന്ത് ബാക്കിനില്‌ക്കെ വിജയം കുറിച്ചു. ഏറ്റവും വേഗമാര്‍ന്ന ട്വന്റി 20 സെഞ്ച്വറിക്കുടമയായ റിച്ചാര്‍ഡ് ലെവി(50 നോട്ടൗട്ട്)യും ഹാഷിം അംല(32 നോട്ടൗട്ട്)യും ചേര്‍ന്ന് ശരവേഗത്തില്‍ ടീമിന് വിജയം നല്കി. സി ഗ്രൂപ്പില്‍ നിന്നും സിംബാബ്‌വെ മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയും ആതിഥേയരായ ശ്രീലങ്കയും സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് മുന്നേറി. സ്‌കോര്‍: സിംബാബ്‌വെ 20 ഓവറില്‍ എട്ടിന് 93, ദക്ഷിണാഫ്രിക്ക 12.4 ഓവറില്‍ വിക്കറ്റുപോവാതെ 94.
ആദ്യ കളിയില്‍ ശ്രീലങ്കന്‍ ഓഫ്‌സ്പിന്നര്‍ അജാന്ത മെന്‍ഡിസിന്റെ ബൗളിങ്ങിനു (8 റണ്‍സിന് 6 വിക്കറ്റ്) മുന്നില്‍ തകര്‍ന്നടിഞ്ഞ സിംബാബ്‌വെ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിനു (15ന് 4) മുന്നിലാണ് മുട്ടുമടക്കിയത്. സ്പിന്‍ മാത്രമല്ല പേസ് ബൗളിങ്ങും തങ്ങള്‍ക്ക് കീറാമുട്ടിയാണെന്ന് സിംബാബ്‌വെ സമ്മതിച്ചു. കാലിസാണ് കളിയിലെ കേമന്‍. സിംബാബ് വെയ്ക്കുവേണ്ടി ക്രെയ്ഗ് എര്‍വിന്‍(37) മാത്രമാണ് ചെറുത്തുനിന്നത്.
അയല്‍ക്കാരുടെ പോരാട്ടത്തില്‍, ബാറ്റിങ്ങിനയക്കപ്പെട്ട സിംബാബ്‌വെയെ ഫാസ്റ്റ്ബൗളര്‍മാരായ ഡെയ്ല്‍ സ്റ്റെയ്‌നിന്റെയും മോണെ മോര്‍ക്കലിന്റെയും മിന്നല്‍ വേഗത്തിനു മുന്നില്‍ വിരണ്ടു. തന്റെ ആദ്യ രണ്ട് ഓവറുകളില്‍ ഓപ്പണര്‍മാരായ വുസി സിബാന്‍ഡയെയും(0) ക്യാപ്റ്റന്‍ ബ്രെണ്ടന്‍ ടെയ്‌ലറെ(4)യും മടക്കി മോണെ മോര്‍ക്കലാണ് വിക്കറ്റു വേട്ടക്ക് തുടക്കമിട്ടത്. നാലാം വിക്കറ്റില്‍ ക്രെയ്ഗ് എര്‍വിനും(37) മാറ്റ്‌സികെന്യേരിയും(11) ചേര്‍ന്നെടുത്ത 35 റണ്‍സാണ് സിംബാബ്‌വെ ഇന്നിങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. സിംബാബ്‌വെ നിരയില്‍ രണ്ടക്കം കടന്ന രണ്ടു കളിക്കാരും ഇവര്‍ മാത്രം. മാറ്റ്‌സികെന്യേരിയെ പുറത്താക്കി കാലിസ് കൂട്ടുകെട്ടു പിരിച്ചശേഷം ബാറ്റ്‌സ്മാന്മാര്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തുന്നതു തന്നെ കണ്ടു.
അടുത്തടുത്ത പന്തുകളില്‍ മാറ്റ്‌സികെന്യേരിയെയും ചിഗുംബുറ(0)യെയും പുറത്താക്കിയ കാലിസ് പിന്നീട് ക്രീമറുടയെും(6) എര്‍വിന്റെയും വിക്കറ്റുകള്‍ തെറിപ്പിച്ച് വിക്കറ്റു കൊയ്ത്തില്‍ മുമ്പനായി. നാല് ഓവറില്‍ ഒമ്പത് റണ്‍ വിട്ടുകൊടുത്ത് സ്റ്റെയ്ന്‍ ഒരു വിക്കറ്റെടുത്തു.
സ്‌കോര്‍ബോര്‍ഡ്
|
|
Other stories in this section:
|
|