FRIDAY, JANUARY 30, 2015
ആരാധകജന്മങ്ങള്‍ വീണ്ടും
Posted on: 20 Sep 2012

വിശ്വനാഥ്‌


ഇന്ത്യന്‍ടീമിനുവേണ്ടി ശംഖനാദം മുഴക്കാന്‍ ബിഹാറില്‍നിന്നെത്തിയ സുധീറിന് തലചായ്ക്കാന്‍ ലങ്കയില്‍ ഒരിടം കിട്ടി. സുധീറിനെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞദിവസത്തെ പത്രത്തിലേക്ക് ഫയല്‍ചെയ്ത് ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ലോബിയിലെ സോഫയില്‍ ഒരു കുഞ്ഞിക്കൂനന്‍ ഇരിക്കുന്നു. ശ്രീലങ്കയുടെ ക്രിക്കറ്റ് ജേഴ്‌സിയാണ് വേഷം. സംസാരത്തിനിടെ അങ്ങനെയൊരാളെക്കുറിച്ച് സുധീര്‍ പറഞ്ഞിരുന്നു. ശ്രീലങ്കയുടെ കളി നടക്കുന്നിടത്തെല്ലാം പതാകയുമായെത്തി ആര്‍പ്പുവിളിക്കുന്ന മറ്റൊരു ആരാധകജന്മം-ഗ്യാന്‍.

സുധീര്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം ഒത്തുകണ്ടപ്പോള്‍, വെറുതേ പേരുചേദിച്ചു. സത്യം, ഗ്യാന്‍ തന്നെ. ശരിക്കും അദ്ഭുതം തോന്നി, ഈ ആരാധകജന്മങ്ങള്‍ ലങ്കന്‍ ട്വീറ്റ്‌സിനെ പിന്തുടരുകയാണോ? (ഗ്യാന്‍ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ഒരു സുഹൃത്തിനെ കാണാന്‍ വന്നതായിരുന്നു.)

ഗ്യാന്‍ കൊളംബോക്കാരനാണ്. കാര്‍ വാടകയ്ക്ക് സംഘടിപ്പിച്ച് കൊടുക്കുന്ന ചെറിയൊരു ബിസിനസുണ്ട്. സുധീറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗ്യാന്‍ പറഞ്ഞു, ഇന്നലെരാത്രി എന്റെ വീട്ടിലെത്തിയിട്ടുണ്ട്. രണ്ടുമാസംമുമ്പ് ഇന്ത്യ-ശ്രീലങ്ക ഏകദിനപരമ്പരയ്ക്ക് വന്നപ്പോഴും വീട്ടിലാണ് താമസിച്ചത്. 'ഐ ആം എ ക്രിക്കറ്റ് ഫാന്‍, ബട്ട് സുധീര്‍ ഈസ് റിയലി മാഡ്' അങ്ങനെപറഞ്ഞ് ഗ്യാന്‍ കുഞ്ഞിക്കൂനനിലെ വിമല്‍കുമാറിനെപ്പോലെ തലചരിച്ച് ഞങ്ങളെ നോക്കിയൊന്നു ചിരിച്ചു.

14 വര്‍ഷമായി ശ്രീലങ്കന്‍ ടീമിനെ വിടാതെ പിന്തുടരുന്നു. ബംഗ്ലാദേശിലും പാകിസ്താനിലും ഇന്ത്യയിലുമെല്ലാം വന്ന് ലങ്കന്‍ടീമിനുവേണ്ടി പതാക വീശിയിട്ടുണ്ട്. ശ്രീലങ്കന്‍ കളിക്കാര്‍ സഹായിക്കും. പലപ്പോഴും അവര്‍ക്കൊപ്പം വിമാനത്തിലാവും യാത്ര.

പിന്നെ ഗ്യാന്‍ പറഞ്ഞത്, ആരാധകജന്മങ്ങള്‍ തമ്മിലുള്ള അപൂര്‍വസൗഹൃദത്തെ കുറിച്ചാണ്. സുധീര്‍, പാകിസ്താന്റെ ക്രിക്കറ്റ് ചാച്ച, ന്യൂസീലന്‍ഡിന്റെ സണ്ണി ഷോ, ഓസ്‌ട്രേലിയക്കാരന്‍ ലൂക്ക്, ഇംഗ്ലീഷ് ടീമിന്റെ ഫാന്‍ക്ലബ് ബാര്‍മി ആര്‍മിയുടെ ജനറല്‍ ജിമ്മി... എല്ലാവരും തമ്മില്‍ വലിയ സൗഹൃദമാണ്. ഓരോ രാജ്യത്തുമെത്തുമ്പോള്‍ പരസ്പരം സഹായിക്കണമെന്ന് അലിഖിത നിയമമുണ്ട്.

ഈ ഫാന്‍സ്‌ക്ലബിലെ ഏറ്റവും സീനിയര്‍ പാകിസ്താന്റെ ചാച്ച തന്നെ. 63-കാരനായ ഈ ചാച്ചയുടെ പേര് ചൗധരി അബ്ദുള്‍ ജലീല്‍. പച്ചനിറത്തിലുള്ള നീളന്‍ കുപ്പായവും വെളുത്തതൊപ്പിയും പഞ്ഞിപോലത്തെ താടിയും. കൈയില്‍ പതാകയുമായി പാകിസ്താന്‍ സിന്ദാബാദ് എന്ന് ആര്‍ത്തുവിളിക്കുന്ന ചാച്ചയെ ഗാലറിയിലെ എത്രവലിയ ജനക്കൂട്ടത്തിനിടയിലും പെട്ടെന്ന് തിരിച്ചറിയും. ചാച്ചയുടെ സാന്നിധ്യം ഭാഗ്യം കൊണ്ടുവരുമെന്നാണ് പാക് ടീമംഗങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ പാക് ക്രിക്കറ്റ്‌ബോര്‍ഡ് ചൗധരിയുടെ യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കയാണ്.

പാകിസ്താന്‍ ക്രിക്കറ്റ്കളിച്ച രാജ്യങ്ങളിലെല്ലാം ചാച്ചയും പോയിട്ടുണ്ട്. പാക് പൗരനാണെങ്കിലും അബുദാബിയിലാണ് സ്ഥിരതാമസം. അബുദാബി മുനിസിപ്പാലിറ്റിയില്‍ പ്ലംബറായി ജോലിചെയ്യുകയായിരുന്നു. പിന്നീട് പാക്ടീമിനൊപ്പം യാത്ര ചെയ്യുന്നതിനുവേണ്ടി ജോലി ഉപേക്ഷിച്ചു. പാകിസ്താന്‍ കളിച്ച അഞ്ഞൂറോളം ഏകദിനകളികള്‍ ഗാലറിയിലിരുന്ന് ചാച്ച കണ്ടിട്ടുണ്ട്. അതൊരു റെക്കോഡാവാം. പക്ഷേ, ലങ്കയില്‍ ട്വന്റി-20 ലോകകപ്പിന് ചാച്ച വന്നിട്ടില്ല. കാരണം ട്വന്റി-20 മത്സരങ്ങള്‍ അത്രയ്ക്ക് ഇഷ്ടമല്ലെന്നതുതന്നെ. എന്നാലും ലങ്കയിലെ ഗാലറികളില്‍ പാകിസ്താന്റെ ആഘോഷങ്ങള്‍ക്ക് നേതൃത്വംകൊടുക്കാന്‍ ആളില്ലാതെവരില്ല. ട്വന്റി-20 മാച്ചുകള്‍ക്ക് മാത്രമായി മറ്റൊരു പാക് ചാച്ച ഇപ്പോഴുണ്ട്. അബുദാബിയില്‍നിന്നുതന്നെയാണ് ഈ ട്വന്റി-20 ചാച്ചയും വരുന്നത്. അവിടെ ഡ്രൈവറായി ജോലിചെയ്യുന്ന മുഹമദ് സമാന്‍. പുതിയ ചാച്ചയ്ക്ക് അലങ്കാരം താടിയല്ല, കൊമ്പന്‍മീശയാണ്. വലിയ പാക് പതാകയും പുതച്ച് ഗാലറിയില്‍ കറങ്ങിനടക്കുന്ന സമാന്‍ പാക്താരങ്ങളെക്കണ്ടാല്‍ ഓടിച്ചെന്ന് പുറത്തുതട്ടും. എതിര്‍ടീമിലെ കളിക്കാരെ കാണുമ്പോള്‍ മീശപിരിച്ച് കാണിക്കും.

ജിമ്മി ബാര്‍മി ആര്‍മിയുമായി ഉടനെത്തുമെന്നാണ് ഫാന്‍ക്ലബിന്റെ ലങ്കയിലെ കോ-ഓര്‍ഡിനേറ്ററായ ഗ്യാന്‍ പറയുന്നത്. സണ്ണിയും ലൂക്കും വരാന്‍ സാധ്യതയില്ല. കാരണം അവര്‍ ടെസ്റ്റ് സ്‌പെഷലിസ്റ്റുകളാണത്രെ.

ഗാലറികളില്‍നിന്ന് ഗാലറികളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന ഈ ആരാധകവേഷങ്ങള്‍ക്ക് പലപ്പോഴും കാഴ്ചക്കാരെ ചിരിപ്പിക്കുന്ന കോമാളികളുടെ റോളാണ്. എന്നാല്‍, ഗാലറിയില്‍ വിരുദ്ധചേരികളില്‍ അണിനിരന്ന് ആര്‍പ്പുവിളിക്കുമ്പോഴും അവര്‍ തമ്മില്‍ പുലര്‍ത്തുന്ന സൗഹൃദവും സ്‌നേഹവും താരങ്ങള്‍ക്കും കാണികള്‍ക്കും മാതൃകയാവണം. അതല്ലേ സത്യത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്?

 

 

 

Other stories in this section: