FRIDAY, JANUARY 30, 2015
പടിയിറക്കവും പട്ടാഭിഷേകവും
Posted on: 18 Sep 2012പട്ടാഭിഷേകത്തിന്റെയും പടിയിറക്കത്തിന്റേയും ഡേവിസ് കപ്പാണ് ചാണ്ഡീഗഢില്‍ നടന്നത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ സമ്പൂര്‍ണ്ണ വിജയം നേടുമ്പോള്‍ തന്നെയാണ് 17 വര്‍ഷമായി ഇന്ത്യയ്ക്ക് കളിക്കുന്ന മഹേഷ് ഭൂപതിയേയും ഒരു പതിറ്റാണ്ടായി ടീമിലുളള രോഹന്‍ ബൊപ്പണ്ണയേയും ഇന്ത്യന്‍ ടീമില്‍ നിന്ന് വിലക്കിക്കൊണ്ടുളള നടപടിയും വരുന്നത്. കീവിസിനെതിരായ മത്സരമടക്കം രണ്ട് തവണ മാത്രം ഡേവിസ് കപ്പ് ടീമിലിടം പിടിച്ച യൂക്കി ഭാംബ്രി 'സീനിയറായ' ടീം ആരാധകരെ പോലും അമ്പരിപ്പിച്ച് വന്‍ വിജയം നേടുമ്പോള്‍ ഇന്ത്യന്‍ ടെന്നീസിലെ സമവാക്യങ്ങളും ചേരുവകളും മാറി മറിയുകയാണ്.വന്‍മരങ്ങള്‍ വീഴുമ്പോള്‍


1995 മുതല്‍ ലിയാന്‍ഡര്‍ പേസോ ഭൂപതിയോ ഇല്ലാതെ ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത് ഒരു തവണ മാത്രമാണ്. ന്യൂസിലന്‍ഡിനെതിരെ ഇരുവരും കളിക്കാതിരിക്കുമ്പോള്‍ അത് രണ്ട് തവണയാകുന്നുവെന്ന് നിസ്സാരത മാത്രമല്ല. വളരെ സങ്കീര്‍ണമായ അവസ്ഥയില്‍ യുവതാരങ്ങളെ മാത്രം റാക്കറ്റ് എല്‍പ്പിക്കേണ്ട സാഹചര്യവും അധികൃതര്‍ക്കുണ്ടായിരുന്നു. തോളിനേറ്റ പരിക്ക് മൂലം പേസും സോംദേവ് ദേവ്‌വര്‍മ്മനും പിന്‍മാറിയപ്പോള്‍ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് മഹേഷ് ഭൂപതിയേയും രോഹന്‍ ബൊപ്പണ്ണയേയും ടീമില്‍ നിന്ന് പുറത്താക്കി. ഇതോടെയാണ് രണ്ടാം മത്സരം കളിക്കുന്ന യൂക്കി ഭാംബ്രിയേയും അരങ്ങേറ്റക്കാരായ വിഷ്ണുവര്‍ധന്‍, സനം സിങ്ങ് ദിവിജ് ശരണ്‍ എന്നിവരെ ടീമിലെടുക്കുന്നത്. രണ്ട് സിംഗിള്‍സിലും ജയിച്ച് യൂക്കിയും സിംഗിള്‍സും ഡിബിള്‍സും ജയിച്ച് വിഷ്ണുവും പ്രതിഭയോട് നീതി പുലര്‍ത്തി. അപ്രധാനമായതിനാല്‍ അവസരം കിട്ടിയ റിവേഴ്‌സ് സിംഗിള്‍സില്‍ ജയിച്ച് സനം സിങ്ങും, ഡബിള്‍സില്‍ മാരത്തോണ്‍ പോരാട്ടത്തില്‍ വിഷ്ണുവിനോട് ചേര്‍ന്ന് പൊരുതി ജയിച്ച ദിവിജ് ശരണും കിട്ടിയ അവസരം മുതലാക്കി.

ടീം ഇനത്തില്‍ പേസ്-ഭൂപതി യുഗത്തിന് ശേഷം ഉറവ വറ്റിയിട്ടില്ലെന്നതാണ് ന്യൂസിലാന്‍ഡിനെതിരായ തൂത്തുവാരല്‍ ഇന്ത്യന്‍ ടെന്നീസിന് നല്‍കുന്ന ശുഭ സൂചന.അര്‍ഹിച്ചതോ നീതിക്കേടോ


ഒളിമ്പിക്‌സില്‍ ലിയാണ്ടര്‍ പേസിനൊപ്പം കളിക്കാന്‍ വിസമ്മിച്ചതാണ് മഹേഷ് ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ടെന്നീസ് ഫെഡറേഷനെ നിര്‍ബന്ധിതരാക്കിയത്. രണ്ട് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. 38 കാരനായ ഭൂപതിക്ക് ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ഇതോടെ ഇല്ലാതാകും. ബൊപ്പണ്ണക്ക് കളിമികവ് ആശ്രയിക്കേണ്ടി വരും. പേസിനും സോംദേവിനും പരിക്ക് മാറിയാല്‍ സ്വാഭാവികമായും അവസരം ലഭിക്കും. ഭുപതിക്കും ബൊപ്പണ്ണക്കുമെതിരെ നടപടി സ്വീകരിക്കുമ്പോള്‍ കാര്യമായ വിവാദങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും ചിന്തനീയമാണ്. ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ലഭിക്കാമായിരുന്ന മെഡല്‍ നഷ്ടമാക്കിയതും അന്താരാഷ്ട്ര ടെന്നീസില്‍ ഇന്ത്യയുടെ പ്രതിഛായക്ക് കളങ്കമുണ്ടാക്കിയതും മാത്രമല്ല കാരണങ്ങള്‍. രാജ്യത്തിന് വേണ്ടി എന്നും ആത്മാര്‍ഥതയോടെ കളിക്കുന്ന പേസിനെതിരെയുളള നീക്കം ഭൂപതിയുടെ കടുത്ത ആരാധകര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. സൗന്ദര്യപിണക്കങ്ങള്‍ വലിയ താരങ്ങള്‍ തമ്മില്‍ പതിവാണെങ്കിലും അത് രാജ്യത്തിനേക്കാള്‍ വലുതായാല്‍ ആരും സഹിക്കില്ലെന്നതാണ് അച്ചടക്ക നടപടിക്ക് ലഭിക്കുന്ന സ്വീകാര്യത. ഡേവിസ് കപ്പിലും ഒളിമ്പിക്‌സിലും ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പേസിന് ഇന്ത്യന്‍ ടെന്നീസ് ലോകത്ത് വൈകാരിക പിന്തുണയുണ്ട്. പേസിന്റെ കാലഘട്ടത്തിലായതിനാല്‍ എന്നും രണ്ടാമനായി പോയവന്റെ വികാര പ്രകടനമായി ഭൂപതിയുടെ നീക്കങ്ങള്‍ വിലയിരുത്തപ്പെട്ടു. ഭൂപതിയുടെ ഡബിള്‍സ് പാര്‍ട്ട്ണറായതിനാല്‍ ബൊപ്പണ്ണയും സ്വന്തം കരിയര്‍ കുരുതി കൊടുക്കുന്ന നിലപാടെടുക്കാന്‍ നിര്‍ബന്ധിതമായിരുന്നു. മുമ്പും പേസിനെതിരെ കുരുക്കാന്‍ ബൊപ്പണ്ണ നീക്കിയിരുന്നു. ടെന്നീസില്‍ കരിയറിന്റെ അന്ത്യത്തില്‍ എത്തി നില്‍ക്കുന്ന ഭൂപതിക്ക് വിലക്ക് ഒരു പക്ഷേ കാര്യമായി ബാധിക്കില്ല. എന്നാല്‍ ടെന്നീസില്‍ കരിയറിന്റെ നല്ല കാലത്ത് കളിക്കുന്ന ബൊപ്പണ്ണയേയാകും നടപടി കാര്യമായി ബാധിക്കുന്നത്. പ്രത്യേകിച്ചും യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍.പാളം തെറ്റിയ എക്‌സ്പ്രസ്


പേസ്-ഭൂപതി സഖ്യത്തിന്റെ മാഹത്മ്യത്തേയും അവര്‍ സമ്മാനിച്ച സമോഹന വിജയങ്ങളേയും കുറിച്ച് ഇനിയും വര്‍ണ്ണിക്കേണ്ടതില്ല. 1990ല്‍ പേസും 1995 ല്‍ ഭൂപതിയും ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമിലെത്തതിയ ശേഷം ഇന്ത്യന്‍ ടെന്നീസിലെ വളര്‍ച്ച ചരിത്രമാണ്. അന്താരാഷ്ട്ര ടെന്നീസില്‍ ആസ്‌ത്രേലിയയുടെ വുഡ് സഹോദര്‍മാര്‍ക്ക് ശേഷം ഡബിള്‍സില്‍ മേധാവിത്വം പുലര്‍ത്തതിയ സഖ്യം വേര്‍പിരിഞ്ഞതും പിന്നീട് കൂടിചേര്‍ന്നതും പിന്നെയും പിരിഞ്ഞതും നാള്‍ രേഖകളാണ്. എന്നാല്‍ ഡേവിസ് കപ്പില്‍ ഒരുമിച്ചാണ് ഇരുവരും കളിച്ചിരുന്നത്. പേസോ ഭൂപതിയോ ഇല്ലാത്ത ഡബിള്‍സ് ടീം 1995ന് ശേഷം ആദ്യമായാണ് കളിച്ചത്.

25 കളികളില്‍ രണ്ട് തവണയാണ് സഖ്യം തോറ്റിട്ടുളളത്. 23 തുടര്‍വിജയങ്ങളുടെ അപൂര്‍വ്വ റെക്കോഡാണ് ഇരുവര്‍ക്കമുളളത്. പതിനാറാം വയസ്സില്‍ സീഷന്‍ അലിക്കൊപ്പം ജപ്പാന്‍ സഖ്യത്തെ തോല്‍പ്പിച്ച് കളി തുടങ്ങിയ പേസ് ഇന്ത്യക്ക് വേണ്ടി ഏറ്റവുംഅധികം വര്‍ഷം കളിക്കുന്ന താരമാണ്. 22 വര്‍ഷമായി പേസ് കളി തുടങ്ങിയിട്ട്. ഡബിള്‍സിലും മൊത്തത്തിലും ഏറ്റവും അധികം ജയം നേടിയ താരവും മറ്റാരുമല്ല. 48 മത്സരങ്ങളില്‍ നിന്നായി 86 വിജയങ്ങളും 32 തോല്‍വികളുമാണ് പേസിന്റെ കരിയറിലുളളത്. ഡബിള്‍സില്‍ 39 വിജയവും 10 പരാജയവുമാണ് പേസിനുളളത്. ഭൂപതിക്ക് 35 മത്സരങ്ങളാണ് കളിക്കാനായത്. 35 ജയം 20 തോല്‍വി എന്നിങ്ങനെയാണ് കണക്ക്. 1995ന് ഇരുവര്‍ക്കും ഏഴ് കളികള്‍മാത്രമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏപ്രിലില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കുമ്പോള്‍ പേസ് ടീമിലുണ്ടായിരുന്നു. അന്ന് ഭൂപതി കളിച്ചിരുന്നില്ല. ഇന്ത്യക്ക് ശ്രദ്ധേയമായ വിജയങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയ ജോഡി ഇനി ഒരുമിച്ച് ഡേവിസ് കപ്പില്‍ കളിക്കാന്‍ ഇടയില്ലെന്ന ദു:ഖ സത്യമാണ് വിലക്ക് എന്ന രൂപത്തില്‍ പറയുന്നത്. അന്താരാഷ്ട്ര ടെന്നീസില്‍ എല്ലാ ഗ്രാന്‍സ്ലാം കീരിടങ്ങളും ഡബിള്‍സില്‍ പേസും മിക്‌സഡ് ഡബിള്‍സില്‍ ഭൂപതിയും നേടിയിട്ടുണ്ട്. ഇന്ത്യയെ ഡേവിസ് കപ്പിന്റെ സെമിഫൈനലില്‍ എത്തിച്ചതാണ് ഇരുവരുടേയും കാലഘട്ടത്തില്‍ ഏറ്റവും വലിയ നേട്ടം.യുവ ഇന്ത്യ


പേസിന് അര്‍ഹിക്കുന്ന താരത്തില്‍ യാത്രയയപ്പ് നല്‍കിയാകും ഡേവിസ് കപ്പില്‍ നിന്ന് വിട നില്‍കുന്നത്. അല്ലെങ്കില്‍ ഇത് മാപ്പര്‍ഹിക്കാത്ത തെറ്റും കളങ്കവുമാകും. 39 കാനായ പേസ് അധികകാലം ടെന്നീസില്‍ തുടരാനും സാധ്യത കുറവാണ്. പേസ്-ഭൂപതി യുഗത്തിന് ശേഷവും ഇന്ത്യക്ക് ടെന്നീസും ഡേവിസ് കപ്പും കളിക്കണം. ഫെഡറേഷന്‍ സ്വീകരിച്ച ധീരതയാര്‍ന്ന നിലപാടാണ് ഇത്തവണത്തേത്. ഭാവിയിലേക്കുളള ടീമീനെ വാര്‍ത്തെടുക്കാതെ, ഉന്നതങ്ങളില്‍ നിന്നുളള സ്വാധീനത്തിന് വഴങ്ങി ലണ്ടന്‍ ഒഴിമ്പിക്‌സിലെ നാണക്കേട് പോലുളള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ ടെന്നീസിന്റെ സ്ഥാനം കുപ്പത്തൊട്ടിയിലായിരിക്കുമെന്നതിരിച്ചറിവും യുവ ടീമിനെ ഇറക്കിയതിന് പിന്നിലുണ്ടാകാം.

വിഷ്ണുവര്‍ധനും യൂക്കി ഭാംബ്രിയും മികച്ച താരങ്ങളാണെന്ന് തെളിയിച്ചതാണ്. പരിക്ക് മാറി സോംദേവ് എത്തുന്നതോടെ ടീം ഇനങ്ങളില്‍ കളിക്കാന്‍ ഇന്ത്യന്‍ മികച്ച സംഘമാകും. ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പില്‍ നിന്ന് ലോക ഗ്രൂപ്പിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിനാകണം യുവ ടീം ശ്രമിക്കേണ്ടത്. ചെറുപ്പത്തിന്റെ ചോരത്തിളപ്പും, നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന യാഥാര്‍ഥ്യവും അവര്‍ക്ക് കരുത്താകും. പേസ്-ഭൂപതി സഖ്യം കളിക്കളത്തില്‍ തീര്‍ത്ത വിജയ സാമ്രാജ്യത്ത്ിന് വിവാദങ്ങളുണ്ടാകാത്ത പിന്തുടര്‍ച്ചക്കാരേയാണ് ആവശ്യം.

 

 

 

Other stories in this section:
 • അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുമോ വിന്‍ഡീസ്?
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 •