a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
അജയ്യരായി റെയില്‍വേസ്‌
Posted on: 14 Sep 2012

എന്‍.അബൂബക്കര്‍

ചെന്നൈ: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ അജയ്യത ആവര്‍ത്തിച്ചുകൊണ്ട് റെയില്‍വേ വീണ്ടും കിരീടം ചൂടി. 327 പോയന്റോടെയാണ് റെയില്‍വേ ഓവറോള്‍ ചാമ്പ്യന്മാരായത്. ഇതില്‍ 208 പോയന്റും നേടിയ റെയില്‍വേയുടെ വനിതാ സംഘം വനിതാ കിരീടവുമുയര്‍ത്തി. പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പ് സര്‍വീസസിനാണ്. 2005-നുശേഷം ആദ്യമായാണ് സര്‍വീസസിന് പുരുഷ കിരീടം ലഭിക്കുന്നത്. 138 പോയന്റ് നേടിയ സര്‍വീസസാണ് ഓവറോള്‍ നിലയില്‍ രണ്ടാം സ്ഥാനത്ത്. 114 പോയന്റോടെ ഒ.എന്‍.ജി.സി. മൂന്നാം സ്ഥാനവും നേടി.
പുരുഷവിഭാഗത്തില്‍ 138 പോയന്റോടെ സര്‍വീസസ് ജേതാക്കളായപ്പോള്‍ 119 പോയന്റുമായി റെയില്‍വേ രണ്ടാമതെത്തി. വനിതകളില്‍ റെയില്‍വേയ്ക്ക് പിന്നിലെത്തിയ ഒ.എന്‍.ജി.സി.ക്ക് 42 പോയന്റാണുള്ളത്. കേരളത്തിനാണ് വനിതകളില്‍ മൂന്നാം സ്ഥാനം. 40 പോയന്റാണ് നേടിയത്.
മീറ്റിലെ മികച്ച താരങ്ങളും മലയാളികളാണ്. ഹൈജമ്പില്‍ മീറ്റ് റെക്കോഡിട്ട സര്‍വീസസിന്റെ ജിതിന്‍ സി. തോമസും 800 മീറ്റര്‍ സ്വര്‍ണം നേടിയ റെയില്‍വേയുടെ ടിന്റു ലൂക്കയുമാണ് മികച്ച താരങ്ങള്‍. 2006-ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച താരങ്ങള്‍ക്കുള്ള മാതൃഭൂമിയുടെ സ്വര്‍ണപ്പതക്കത്തിന് അര്‍ഹരായത് ഇതേ താരങ്ങളായിരുന്നു. ഭാവിയുടെ വാഗ്ദാനങ്ങളെന്ന ആ വിലയിരുത്തല്‍ ശരിയാണെന്ന് തെളിയിക്കുന്നതായി ദേശീയമീറ്റിലെ മികച്ച താരപ്പട്ടങ്ങള്‍.
കിരീടനേട്ടത്തില്‍ മുന്‍നിരയിലല്ലെങ്കിലും കേരളത്തിന്റേതല്ലാത്ത മലയാളി താരങ്ങളുടെ കുതിപ്പിലാണ് റെയില്‍വേയുടെ നേട്ടം. താരങ്ങളെ സംസ്ഥാനാടിസ്ഥാനത്തില്‍ വേര്‍തിരിച്ചുനിര്‍ത്തിയാല്‍, ഇക്കുറിയും കിരീടം കേരളത്തിനുതന്നെ എന്നുപറയാം. എന്നാല്‍, മീറ്റില്‍ ഒരു സ്വര്‍ണം പോലും കേരളത്തിന്റെ പേരില്‍ കുറിക്കപ്പെട്ടില്ലെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.

സജീഷിന് ഡബിള്‍


പുരുഷന്മാരുടെ 800 മീറ്ററില്‍ റെയില്‍വേയുടെ സജീഷ് ജോസഫ് ഒരുമിനിറ്റ് 51.93 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഇരട്ട സ്വര്‍ണത്തിനുടമയായി. റെയില്‍വേയ്ക്കുവേണ്ടി ഇറങ്ങിയ സജീഷ് നേരത്തേ 1500 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ കൊല്‍ക്കത്ത ഓപ്പണിലും ഈയിനങ്ങളില്‍ സജീഷിനായിരുന്നു സ്വര്‍ണം. ഒ.എന്‍.ജി.സി.യുടെ ഗമണ്ഡറാമിനാണ് വെള്ളി. സര്‍വീസസിനുവേണ്ടി ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലം സ്വന്തമാക്കി.
പി.ടി. ഉഷയുടെ ശിഷ്യരായ ടിന്റു ലൂക്കയും ജെസി ജോസഫും മത്സരിച്ചതിലൂടെ ശ്രദ്ധ നേടിയ 800 മീറ്ററില്‍ കേരളത്തിന് നിര്‍ഭാഗ്യം കൊണ്ട് മെഡല്‍ നഷ്ടമായി. മുന്‍നിരയിലുണ്ടായിരുന്ന ജെസി ജോസഫിനെ റെയില്‍വേയുടെ ജ്യോതിറാണി ഫിനിഷിങ്ങിന് തൊട്ടുമുമ്പ് തള്ളി വീഴ്ത്തുകയായിരുന്നു. ജ്യോതിറാണിയെ അയോഗ്യയായി പിന്നീട് പ്രഖ്യാപിച്ചെങ്കിലും ജെസിക്ക് ഫിനിഷ് ചെയ്യാനായില്ല. റെയില്‍വേയ്ക്കുവേണ്ടി മത്സരിച്ച ടിന്റു ലൂക്ക രണ്ട് മിനിറ്റ് 04.69 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം നേടി. മലയാളി താരം എസ്.ആര്‍. ബിന്ദുവിനാണ് വെള്ളി.
ഹര്‍ഡില്‍സിലെ മലയാളിക്കുത്തക നിലനിര്‍ത്തി 100 മീറ്ററില്‍ റെയില്‍വേയുടെ എം.എം. അഞ്ജു സ്വര്‍ണവും (14.40 സെ) പഞ്ചാബിനുവേണ്ടിയിറങ്ങിയ സി.ടി. രാജി (14.58 സെ) വെള്ളിയും നേടി. നേരത്തേ, അഞ്ജുവിന് 100 മീറ്ററില്‍ വെങ്കലവും രാജിക്ക് 400 മീറ്ററില്‍ വെള്ളിയും ഉണ്ടായിരുന്നു. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്‌നാടിനാണ് മൂന്നു മെഡലുകളും. സുരേഷ് (14.21 സെ) സ്വര്‍ണവും സുരീന്ദര്‍ (14.45) വെള്ളിയും പ്രേം കുമാര്‍ (14.59) വെങ്കലവും നേടി.
വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ റെയില്‍വേ താരങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എല്‍. സൂര്യ (17 മിനിറ്റ് 29.94 സെ) സ്വര്‍ണം നേടിയപ്പോള്‍ മലയാളി താരം ഒ.പി. ജയ്ഷ വെള്ളി സ്വന്തമാക്കി. എല്‍.ഐ.സി.യുടെ മോണിക്ക മോത്തിറാം വെങ്കലം നേടി. പുരുഷവിഭാഗത്തില്‍ സര്‍വീസസ്സിന്റെ രാഹുല്‍ കുമാര്‍ പാലിനാണ് (14 മിനിറ്റ് 14.64 സെ) സ്വര്‍ണം. ഒ.എന്‍.ജി.സി.യുടെ ഇന്ദ്രജിത് പട്ടേല്‍ 14:15:12 വെള്ളിയും നേടി.
200 മീറ്ററില്‍ പുരുഷ വിഭാഗത്തില്‍ എല്‍.ഐ.സി.യുടെ ധരംവീര്‍ (21.00 സെ) സ്വര്‍ണം കരസ്ഥമാക്കി. റെയില്‍വേയുടെ മണികണ്ഠ അറുമുഖം വെള്ളിയും മണികണ്ഠന്‍ വെങ്കലവും നേടി. വനിതകളില്‍ കര്‍ണാടകയുടെ ബേബി സുമയ്യയാണ് (24.91 സെ) സ്വര്‍ണമണിഞ്ഞത്. എല്‍.ഐ.സി.യുടെ വി. ശാന്തിനി വെള്ളിയും റെയില്‍വേയുടെ ആശാ റോയ് വെങ്കലവും കരസ്ഥമാക്കി. പുരുഷന്മാരുടെ ലോങ്ജമ്പില്‍ തമിഴ്‌നാടിനുവേണ്ടി പ്രേംകുമാര്‍ (7.72 മീറ്റര്‍) സ്വര്‍ണം നേടി. എല്‍.ഐ.സിയുടെ അങ്കിത് ശര്‍മ 7.60 വെള്ളിയും സര്‍വീസസിന്റെ എം. അര്‍ഷാദ് വെങ്കലവും നേടി. ജാവലിന്‍ ത്രോയില്‍ പുരുഷ വിഭാഗത്തില്‍ സര്‍വീസസ്സിന്റെ ദേവീന്ദര്‍ സിങ് 75.09 മീറ്റര്‍ ദൂരത്തില്‍ സര്‍ണം നേടി. എല്‍.ഐ.സി.യുടെ ജിതേന്ദ്രസിങ് 74.57 ല്‍ വെള്ളിയും സ്വന്തമാക്കി.

പുരുഷവിഭാഗം 4-100 മീറ്റര്‍റിലേയില്‍ തമിഴ്‌നാട് താരങ്ങളുടെ കരുത്തില്‍ റെയില്‍വേ സ്വര്‍ണം നേടി. 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ സര്‍വീസസ് ടീമില്‍ മലയാളിതാരങ്ങളായ വികാസ് ചന്ദ്രനും കുഞ്ഞിമുഹമ്മദും അംഗങ്ങളായിരുന്നു. വനിതകളുടെ സ്പ്രിന്റ് റിലേയില്‍ റെയില്‍വേസിനാണ് സ്വര്‍ണം. മലയാളിതാരം പി.കെ. പ്രിയ ഈയിനത്തില്‍ റെയില്‍വേയ്ക്കായി മത്സരിച്ചപ്പോള്‍ കെ. മഞ്ജു, സിനി അലക്‌സ്, റിന്റു മാത്യു, എസ്. സിനി എന്നിവരടങ്ങിയ കേരളം വെങ്കലം നേടി. വെള്ളി നേടിയ എല്‍.ഐ.സി. ടീമില്‍ നീതു മാത്യുവും ടി. രേണുകയുമായിരുന്നു മലയാളി സാന്നിധ്യം. വനിതകളുടെ 4-400 മീറ്ററില്‍ ടിന്റു ലൂക്ക ഉള്‍പ്പെട്ട റെയില്‍വേ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അഖിലേന്ത്യ പോലീസ് ടീം സ്വര്‍ണമണിഞ്ഞു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.