|
ഫിഫ ഇനി നേരിട്ടു കളിക്കും
Posted on: 12 Sep 2012
ഇത്തവണ ഫിഫ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. അഖിലേന്ത്യ ഫുട്‌ബോള്‍ തലപ്പത്തുളള ആശാന്‍മാരെ കൊണ്ട് ഇന്ത്യയില്‍ ഫുട്‌ബോള്‍ വളര്‍ത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ നേരിട്ടുളള ഇടപെടലിനാണ് ഫിഫ ശ്രമിക്കുന്നത്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുളള ഇന്ത്യയില്‍ ഫുട്‌ബോളിനെ ജനപ്രീതിയില്‍ ഒന്നാമതെത്തിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. 2017ല്‍ അണ്ടര്‍-17 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തത്വത്തില്‍ തീരുമാനിച്ചു കഴിഞ്ഞതും 2022 ലെ ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിലെ കളിപ്പിക്കാനുമാണ് ഫിഫ ശ്രമിക്കുന്നത്. ഫുട്‌ബോള്‍ മാനേജ്‌മെന്റ,് കളിതന്ത്രങ്ങള്‍, അടിസ്ഥാന സൗകര്യം, കളിക്കാരെ കണ്ടെത്തല്‍ എല്ലാം നേരിട്ട് ചെയ്യാനാണ് ശ്രമം. ഇതിനായി ലക്ഷ്യ, വിന്‍ ഇന്ത്യ വിത്ത് ഇന്ത്യ പദ്ധതികളും രൂപവത്കരിച്ചിട്ടുണ്ട്.
ഫിഫ ചെയ്യുന്നത്
ഇന്ത്യയില്‍ ഫുട്‌ബോള്‍ വളര്‍ത്തുകയെന്ന ലളിതമായ പ്രവര്‍ത്തനമാണ് ഫിഫ ഉദ്യേശിക്കുന്നത്. അതിനായി എത്ര പണം ചെലവഴിക്കാനും തന്ത്രങ്ങള്‍ മെനയാനും അവര്‍ തയ്യാറാണ്. സപ്തംബര്‍ അഞ്ചിന് ഫിഫ സെക്രട്ടറി ജനറല്‍ പീറ്റര്‍ വാല്‍ക്കോയും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്് പ്രഫുല്‍ പട്ടേലും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ലക്ഷ്യ എന്ന പദ്ധതി ഇതുപ്രകാരം 2014 മുതല്‍ ഇന്ത്യയില്‍ നടപ്പാക്കപ്പെടും. ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് പദ്ധതിയാണിത്. 10 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഫുട്‌ബോള്‍ വികസനത്തിനുതകുന്ന പദ്ധതികള്‍ നേരിട്ട് നടപ്പാക്കുയാണ് ഫിഫ ഇതുവഴി ലക്ഷ്യം വെക്കുന്നത്. 2022 ലെ ലോകകപ്പില്‍ ഇന്ത്യയെ കളിക്കാന്‍ സജ്ജമാക്കുകയാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. ഫുട്‌ബോളിലെ ഭരണ സംവിധാനം, ഗ്രാസ് റൂട്ട് പരിശീലനം, പരിശീലകര്‍ക്കുളള ട്രെയ്‌നിങ്, അടിസ്ഥാന സൗകര്യമൊരുക്കല്‍, സാങ്കേതിക വിദ്യകള്‍ എന്നിവ പദ്ധതി വഴി ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫയില്‍ നിന്ന് ലഭിക്കും. 10 വയസ്സില്‍ താഴെയുളള ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് മികച്ച പരിശീലന സൗകര്യം ഒരുക്കല്‍ പദ്ധതിയിലെ ഹൈലൈറ്റാണ്. പദ്ധതിയെപ്പറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ്് യോഗത്തിന് ശേഷം പുറത്തു വരുകയുളളു. എന്തായാലും അടി മുതല്‍ മുടി വരെയുളള സമഗ്ര അഴിച്ചുപണിയാണ് ലക്ഷ്യയിലുടെ ഫിഫ ലക്ഷ്യം വെക്കുന്നത്.
വിന്‍ ഇന്ത്യ വിത്ത് ഇന്ത്യ
ഫുട്‌ബോള്‍ വികസനത്തിനുളള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ആവിഷ്‌കരിച്ചതാണ് പദ്ധതി. എട്ട് മില്യണ്‍ യു.എസ് ഡോളറാണ് ഇതിന്റെ ഭാഗമായി ചിലവഴിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ടര്‍ഫുളള നാല് സ്റ്റേഡിയങ്ങള്‍ പദ്ധതിയില്‍ നടപ്പാക്കുന്നുണ്ട്. മുംബൈ, ഷില്ലോങ്, ഇംഫാല്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് നിര്‍മ്മാണം നടക്കുന്നത്. ഗോവയിലും കൊല്‍ക്കത്തയിലും അടുത്ത തന്നെ പദ്ധതി ആരംഭിക്കും. മുംബൈ കൂപ്പറേജ് സ്റ്റേഡിയം നവീകരണത്തിന് 2 മില്യണ്‍ ഡോളറും ചെലവഴിക്കുന്നുണ്ട്. അടുത്ത ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ മാത്രമെ ഫുട്‌ബോള്‍ വികസിക്കുകയുളള എന്ന തിരിച്ചറിവാണ് വിന്‍ ഇന്ത്യ വിത്ത് പദ്ധതി ആവിഷ്‌ക്കരിക്കാന്‍ കാരണം. മികച്ച മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നതിനും അണ്ടര്‍-17 ലോകകപ്പ് നടത്തുന്നതിനും മികച്ച ഗ്രൗണ്ടുകള്‍ അനിവാര്യമാണ്.
ഗോള്‍ നേടാന്‍ ഗോള്‍
കൗമാരത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനും മികച്ച പരിശീലനം ലഭ്യമാക്കുന്നതിനും നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി രാജ്യത്ത് എട്ട് മേഖല അക്കാദമികള്‍ ഫിഫ ആരംഭിക്കും. ഇതില്‍ ആദ്യത്തേത് മുംബൈയില്‍ ആരംഭിച്ചു. കൊല്‍ക്കത്തയിലും ബാംഗ്ലൂരിലും അക്കാദമികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. അഞ്ച് ലക്ഷം ഡോളറാണ് അക്കാദമികള്‍ക്കായുളള ഫിഫയുടെ ഫണ്ട്. 2013 ജനവരിയില്‍ രണ്ടാം ഘട്ടം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനു പുറമെ ഗോവയില്‍ അണ്ടര്‍-16 കുട്ടികള്‍ക്കായി എലൈറ്റ് അക്കാദമിയും ആരംഭിക്കുന്നുണ്ട്.
ഫിഫ ലക്ഷ്യം വെക്കുന്നത്
ആരും കൈവെക്കാത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ വിപണി തന്നെയാണ് ഫിഫയുടെ ഉന്നം വെക്കുന്നത്. ചൈനയില്‍ ഫുട്‌ബോള്‍ വളര്‍ത്താനുളള നീക്കങ്ങള്‍ വിജയത്തിലേക്ക് നീങ്ങുന്നതാണ് ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ ഫിഫയെ പ്രേരിപ്പിക്കുന്നത്. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുളള ഇന്ത്യയില്‍ ക്രിക്കറ്റിനെ പിന്തള്ളി ഫുട്‌ബോള്‍ ഒന്നാമതെത്തിയാല്‍ ഫിഫക്ക് ലഭിക്കുന്ന സമ്പത്തിക നേട്ടവും ഫുട്‌ബോളിനുണ്ടാകുന്ന ജനപ്രിയതയും ഇരട്ടിയായിരിക്കും. യൂറോപ്യന്‍ ലീഗുകള്‍ക്കും ലോകകപ്പുകള്‍ക്കും ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകാര്യതയും ഫിഫയെ ഇരുത്തി ചിന്തിപ്പിച്ചിടുണ്ട്. ദീര്‍ഘവീക്ഷണമില്ലായ്മയും സാമ്പത്തിക പരാധീനതകളമുളള അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ ആശ്രയിക്കാതെ സ്വന്തമായി മാസ്റ്റര്‍ പ്ലാന്‍ ഒരുക്കാന്‍ ഫിഫയെ പ്രേരിപ്പിച്ചത് സമയക്കുറവാണ്. ഫുട്‌ബോളിന് വളക്കൂറുള്ളിടങ്ങളിലെല്ലാം വളര്‍ച്ച പാരമ്യത്തിലാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ ഇനി ഫുട്‌ബോളിന് ഇറക്കത്തിനുളള സമയമാണ്. അത് ലോക നിയമമാണ്. അതുകൊണ്ടാണ് ഇന്ത്യയും ചൈനയുമടക്കമുളള, ഫുട്‌ബോള്‍ കാര്യമായി വികസിക്കാത്ത ഇടങ്ങളിലേക്ക് ഫിഫ കണ്ണുവെക്കുന്നത്. ക്രിക്കറ്റിന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയും അതുവഴി ബി.സി.സി.ഐ ഉണ്ടാക്കിയ സാമ്പത്തിക അടിത്തറയും ഞെട്ടിപ്പിക്കുന്നതാണ്. ക്രിക്കറ്റിനേക്കാള്‍ വളര്‍ച്ച ഫുട്‌ബോളില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഫിഫയുടെ റിസര്‍ച്ച്് വിങ്ങും രേഖപ്പെടുത്തുന്നത്.
പാളിപ്പോയ പരീക്ഷണങ്ങള്‍
ഫുട്‌ബോള്‍ വളര്‍ത്തുന്നതിനായുളള എ.ഐ.എഫ്.എഫിന്റെ പരീക്ഷണങ്ങള്‍ പാളിപ്പോയതാണ് ഫിഫയുടെ നേരിട്ടുളള ഇടപെടലിന് കാരണം. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ ലീഗായ ഐ ലീഗിന്റെ പരാജയം തന്നെ ഇതില്‍ പ്രധാനപ്പെട്ടത്. വിഷന്‍ ഇന്ത്യ പദ്ധതിയും ഇത്തരത്തില്‍പ്പെട്ടതാണ്. 2007 ലാണ് അന്നു വരെ നടന്നിരുന്ന ദേശീയ ലീഗിനെ പേരുമാറ്റി ഐ ലീഗ് എന്ന രീതിയില്‍ അവതരിപ്പിച്ചത്. ഇതുവരെ അഞ്ച് ലീഗുകള്‍ നടന്നു. എന്നാല്‍ ഫുട്‌ബോള്‍ വളര്‍ത്താനോ, ജനപ്രിയമാക്കാനോ കഴിഞ്ഞിട്ടില്ല. ഫിഫ ജനറല്‍ സെക്രട്ടറി തന്നെ രൂക്ഷമായ ഭാഷയിലാണ് ഐ ലീഗ് സമ്പ്രദായത്തെ വിമര്‍ശിച്ചത്. ഐ ലീഗിന് അതിന്റെ ഉദ്യേശലക്ഷ്യങ്ങളെ സാധുകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലീഗിന്റെ ചരിത്രം പരിശോധിക്കാന്‍ അത് സത്യവുമാണ്. കളിമികവ് ഉയര്‍ത്താന്‍ ലീഗിനായിട്ടില്ല. കാണികളില്ലാത്ത സ്‌റ്റേഡിയത്തിലാണ് കളികള്‍ നടത്തുന്നത്. ടെലിവിഷന്‍ റേറ്റിങ്ങിലും ലീഗ് വട്ടപൂജ്യമാണ്. സ്‌പോണ്‍സര്‍മാരെ കിട്ടുവാനില്ല. കഴിഞ്ഞ തവണ ലീഗ് നടന്നത് ടൈറ്റില്‍ സ്‌പോണ്‍സര്‍മാരില്ലാതെയായിരുന്നു. ഇന്ത്യയുടെ കിഴക്കു പടിഞ്ഞാറു ഭാഗത്ത് മാത്രമായി ഫുട്‌ബോളിനെ ഒതുക്കാന്‍ കഴിഞ്ഞ താണ് ഐ ലീഗിന്റെ അനന്തര ഫലം. ഭൂരിഭാഗം വരുന്ന മറ്റ് പ്രദേശങ്ങളില്‍ നിന്നുളള ക്ലബ്ബുകള്‍ക്ക് ലീഗ് അന്യമായി. കൊല്‍ക്കത്ത, ഗോവ എന്നിവിടങ്ങളിലേക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമായി ഫുട്‌ബോള്‍ കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ പരമ്പരാഗത ഫുട്‌ബോള്‍ മേഖലകളായ കേരളം, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ് എന്നിവ അവഗണിക്കപ്പെട്ടു. മികച്ച കളിക്കാരെ ഉയര്‍ത്തി കൊണ്ടു വരാന്‍ ലീഗിന് കഴിഞ്ഞില്ല. 100 കോടിയോളം രൂപയാണ് ക്ലബ്ബുകള്‍ ഐ ലീഗിനായി മുടക്കുന്നത്. ജേതാക്കളാകുന്ന ക്ലബ്ബിന് മുടക്കുമുതലിന്റെ പത്ത് ശതമാനം പോലുംലഭിക്കാത്തത് ക്ലബ്ബുകള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അടുത്ത കാലത്ത് ഐ ലീഗ് ക്ലബ്ബുകള്‍ സംഘടന രൂപവത്കരിച്ചത് സാമ്പത്തികം അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്.
നാല് വര്‍ഷമാകുന്ന വിഷന്‍ ഇന്ത്യ പദ്ധതിയും പരാജയത്തിലാണ് കലാശിക്കുന്നത്. കേരളവും മണിപ്പൂരുമടക്കം തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ വിഷന്‍ ഇന്ത്യ ആശയപരമായ മികച്ചതായിരുന്നെങ്കിലും നടപ്പാക്കലിലെ പാളിച്ചകളാണ് തകര്‍ത്തത്. കൗമാര ഫുട്‌ബോള്‍ പ്രതികള്‍ക്ക് മികച്ച പരിശീലനവും മത്സരപരിചയവും ഉറപ്പാക്കാനുളളതായിരുന്നു പദ്ധതി. ഇത്തരം പരീക്ഷണങ്ങള്‍ പരാജയപ്പെട്ടത് നേരിട്ടിറങ്ങാന്‍ ഫിഫയെ നിര്‍ബന്ധിതമാക്കുന്നു.
മന്ത്രിയും കോര്‍പ്പറേറ്റുകളും
2017 ലെ അണ്ടര്‍-17 ലോകകപ്പിന് അതിഥ്യം വഹിക്കാനുളള രാജ്യത്തിന് ശ്രമങ്ങള്‍ക്കും, ഇന്ത്യക്ക് നല്‍കാനുളള ഫിഫയുടെ ഉത്സാഹത്തിനും കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പ് കായികമന്ത്രി സ്ഥാനത്തിരുന്നവരെ അപേക്ഷിച്ച്് മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് മാക്കന്‍. കായിക സംസ്‌ക്കാരം രാജ്യത്ത്് വളരണമെന്ന് ആഗ്രഹിക്കുന്നയാള്‍. അതുകൊണ്ട് തന്നെ ഫിഫ സംഘത്തിന് കാര്യങ്ങള്‍ മുന്നോട്ട് ശരിയായ രീതിയില്‍ പോകുമെന്ന് പ്രതീക്ഷിക്കാം. ഫിഫ സംഘം ഇന്ത്യയില്‍ വന്നപ്പോള്‍ കോര്‍പ്പറേറ്റ് മേധാവികളുമായി ചര്‍ച്ച നടത്താന്‍ ശ്രദ്ധിച്ചിരുന്നു. സ്‌പോണ്‍സര്‍മാരാണല്ലോ എല്ലാം. ലോകകപ്പ് അടക്കമുളള വന്‍കിട മേളകള്‍ക്കും, ഫുട്‌ബോള്‍ വികസനത്തിനും വന്‍കിട കമ്പനികളുടെ പിന്തുണയാര്‍ജ്ജിക്കേണ്ടതാണല്ലോ.
|
|
Other stories in this section:
|
|