|
രഞ്ജിത്തിനും സജീഷിനും ബിന്ദുവിനും സ്വര്‍ണം
Posted on: 12 Sep 2012
എന്‍. അബൂബക്കര്‍
ചെന്നൈ: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം തന്നെ ട്രാക്കിലും ഫീല്‍ഡിലും ആധിപത്യം നിലനിര്‍ത്തി കൊണ്ട് റെയില്‍വേ അജയ്യത തെളിയിച്ചു മുന്നേറ്റം തുടങ്ങി. കേരളത്തിന്റെ പ്രകടനം നാമമാത്രമായ ഇനങ്ങളില്‍ ഒതുങ്ങി എങ്കിലും റെയില്‍വേയുടെ വെല്ലുവിളികള്‍ക്ക് പിന്നിലെ ശക്തിയും പേശീബലവും മലയാളി താരങ്ങളുടേതാണെന്ന കാഴ്ച മത്സരത്തിന് ഒരു കേരള പൊലിമ നല്‍കുന്നു. റെയില്‍വെ നേടിയ മൂന്നു സ്വര്‍ണം മലയാളികളുടെ പേരിലാണ് കുറിക്കപ്പെട്ടത്.
ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരിയും പുരുഷന്മാരുടെ 1500 മീറ്ററില്‍ സജീഷ് ജോസഫും വനിതകളുടെ ഇതേയിനത്തില്‍ എസ്.ആര്‍.ബിന്ദുവുമാണ് സ്വര്‍ണമണിഞ്ഞ മലയാളി താരങ്ങള്‍. വനിതകളുടെ ഹൈജമ്പില്‍ സ്വന്തം റെക്കോഡിനോട് (1.83മീ.) ഒരു സെന്റിമീറ്റര്‍ ചേര്‍ത്തുകൊണ്ട് പുതിയ മീറ്റ് റെക്കോഡ് സൃഷ്ടിച്ചു (1.84മീ.). രണ്ടും മൂന്നും സ്ഥാനങ്ങള്‍ റെയില്‍വെയുടെ മലയാളി താരം എന്‍.കെ. സിജിയും (1.73മീ.) മല്ലികാ മണ്ഡലും (1.70 മീ.) നേടി.
ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത്ത് മഹേശ്വരി 16.72 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സുവര്‍ണ്ണ പ്രകടനം നടത്തിയത്. റെയില്‍വേയുടെ തന്നെ അമര്‍ജീത് സിങ്ങാണ് രണ്ടാമത്.പുരുഷന്‍മാരുടെ 1500 മീറ്ററില്‍ മുഖ്യമത്സരവും മലയാളി അത്‌ലറ്റുകള്‍ തമ്മിലായി. സജീഷ് ജോസഫ് (3 മി.46.69 സെ.) ഒന്നാമനായപ്പോള്‍ സര്‍വീസസ് താരം ഹംസ ചാത്തോളിക്കാണ് വെള്ളി (3 മി. 47.47 സെ.). 1500 മീറ്റര്‍ വനിതകളുടെ ഒട്ടത്തിലും റെയില്‍വേക്കു വേണ്ടിയുള്ള മലയാളി മത്സരമായിരുന്നു. സ്വര്‍ണ്ണം ചൂടിയത് എസ്. ആര്‍. ബിന്ദു (4.25.58 സെ.). മുതിര്‍ന്ന താരമായ ഒ.പി. ജയ്ഷ 4.26.90 സെക്കന്റില്‍ വെള്ളിവെളിച്ചത്തില്‍ ഒതുങ്ങി.
വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ മൂന്നു മെഡലുകളും റെയില്‍വേ സ്വന്തമാക്കി. മനീഷ ധങ്കര്‍ സ്വര്‍ണവും(11.77സെ.) ശാരദ നാരായണ വെള്ളിയും മലയാളി താരം എം.എം.അഞ്ജു വെങ്കലവും നേടി. പുരുഷന്‍മാരുടെ 100 മീറ്ററില്‍ ചെന്നൈ പട്ടണക്കാരനായ റെയില്‍വേയുടെ മണികണ്ഠന്‍ 10.60 സെക്കന്റില്‍ ഫിനിഷ് ചെയ്തു സ്വര്‍ണ്ണം നേടി. റെയില്‍വേയുടെ തന്നെ ബി.ജി. നാഗരാജിനാണ് വെള്ളി. വനിതകളുടെ 400 മീറ്ററില്‍ ഒ.എന്‍.ജി.സി.യുടെ എം. ആര്‍. പൂവമ്മ സ്വര്‍ണ്ണവും രത്തന്‍ദീപ് കൗര്‍ വെള്ളിയും നേടി. എല്‍.ഐ.സിയുടെ മലയാളി പ്രതീക്ഷയായ അനു മറിയം ജോസ് വെങ്കലത്തില്‍ ഒതുങ്ങി.
പുരുഷന്‍മാരുടെ 400 മീറ്ററില്‍ സര്‍വ്വീസസിന്റെ ആരോക്യ രാജീവും എസ് ആര്‍ മോര്‍താജയും യഥാക്രമം സ്വര്‍ണ്ണവും വെളളിയും നേടി. റെയില്‍വേയുടെ മലയാളി താരം ബിബിന്‍ മാത്യു മൂന്നാം സ്ഥാനത്തായി.ഷോട്ട്പുട്ടില്‍ പി.ഉദയലക്ഷമി ആ്ന്ധ്രപ്രദേശിനു വേണ്ടി സ്വര്‍ണ്ണം നേടിയപ്പോള്‍ ജെ ശരണ്യ കേരളത്തിന് ആദ്യമെഡലിന്റെ വെള്ളിവെളിച്ചം നല്‍കി. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ പഞ്ചാബിനു വേണ്ടി ബല്‍ജിന്ദര്‍ സിങ്ങും ചണ്ഡീഗഢിനു വേണ്ടി സച്ചിനും യഥാക്രമം സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 20 കി മീ നടത്തത്തില്‍ ഒ.എന്‍.ജി.സിയുടെ ഖുശ്ബീര്‍ കൗര്‍ സ്വര്‍ണ്ണവും എല്‍. ദീപ് മാലാ ദേവി വെള്ളിയും കരസ്ഥമാക്കി. ഇരുവരും പൊരുതിയത് സ്വന്തം റെക്കോഡുകളോടാണെങ്കിലും ഭേദിക്കാനായില്ല.
|
|
Other stories in this section:
|
|