SATURDAY, JANUARY 31, 2015
ഓള്‍റൗണ്ടര്‍ക്കൊരു ആമുഖം
Posted on: 09 Sep 2012


സന്തോഷ് വാസുദേവ്


നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ അബ്ദുള്‍റസാഖിനെപ്പോലൊരു ഓള്‍റഔണ്ടറുടെ സാന്നിധ്യം ടീമിനുനല്‍കുന്ന കരുത്ത് കുറച്ചൊന്നുമല്ല. ശ്രീലങ്കയില്‍ സപ്തംബര്‍ 18 ന് തുടങ്ങുന്ന ട്വന്റി-20 ലോകകപ്പില്‍ പാകിസ്താന്‍ കിരീടം മോഹിക്കുന്നുവെങ്കില്‍ , അതില്‍ റസാഖിന്റെ സാന്നിധ്യവും നിര്‍ണായകമാണ്. ടീം മാനേജ്‌മെന്റുമായി തെറ്റിപ്പിരിയുകയും ഒരിക്കല്‍ വിരമിക്കുകയും ചെയ്തിട്ടും റസാഖ് തിരിച്ചെത്തിയിരിക്കുകയാണ് : പാകിസ്താനെ രണ്ടാമതും ടി-20 കിരീടമണിയിക്കാന്‍.

എതിരാളികളുടെ തീപാറുന്ന പന്തുകളെ ബാറ്റുകൊണ്ട് പ്രതിരോധിക്കണം, ഒന്നുമുതല്‍ ഏതു നമ്പറിലും ഇറങ്ങാന്‍ തയ്യാറായിരിക്കണം, പന്തുകൊണ്ട് എതിര്‍ ബാറ്റിങ് നിരയെ വെള്ളംകുടിപ്പിക്കണം, ഫീല്‍ഡില്‍ കഴിയുമെങ്കില്‍ ഒരു ജോണ്ടി റോഡ്‌സ് തന്നെയാവണം, അത്യാവശ്യഘട്ടങ്ങളില്‍ കീപ്പിങ് കൂടി ഏറ്റെടുക്കാന്‍ തയ്യാറെങ്കില്‍ അത്രയും നല്ലത്-ക്രിക്കറ്റ് കളത്തില്‍ ഒരു ഓള്‍റൗണ്ടര്‍ക്കു വേണ്ട യോഗ്യതകള്‍. ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്, കപില്‍ദേവ്, ഇയാന്‍ബോതം, ഇമ്രാന്‍ഖാന്‍, വസിം അക്രം... പേരുകള്‍ പറഞ്ഞു തുടങ്ങിയാല്‍ ഇങ്ങേയറ്റത്ത് ജാക് കല്ലിസ് വരെ. പ്രതിഭാസ്പര്‍ശംകൊണ്ട് ആ നിരയില്‍ ഇടംപിടിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് പാകിസ്താന്റെ അബ്ദുള്‍ റസാഖ്. കളിക്കളത്തിലെത്തി പതിനാറു വര്‍ഷം പിന്നിടുന്ന വേളയില്‍ ഒരിക്കല്‍കൂടി റസാഖ് ദേശീയകുപ്പായമണിയുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍.

പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്നതിന് ഒരു മാസം മുമ്പ് ദേശീയ കുപ്പായമണിയാന്‍ ഭാഗ്യംസിദ്ധിച്ച കളിക്കാരനാണ് അബ്ദുള്‍ റസാഖ്. 1996 നവംബറില്‍ സ്വന്തം നാട്ടില്‍-ലാഹോറില്‍-സിംബാബ്‌വെക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം-ഏകദിനത്തില്‍. ടെസ്റ്റ് ക്യാപ് അണിയാന്‍ പിന്നെയും മൂന്നുവര്‍ഷംകൂടി കാത്തിരിക്കേണ്ടി വന്നു.

യുവാക്കള്‍ അരങ്ങുവാഴുന്ന ട്വന്റി 20 ഫോര്‍മാറ്റിലേക്കാണ് സെലക്ടര്‍മാര്‍ റസാഖിനെ വീണ്ടും ഇറക്കിവിടുന്നത്. ഒട്ടേറെ വിമര്‍ശങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞെങ്കിലും ഈ നടപടിയെ ഒരാള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു-മുന്‍ ക്യാപ്റ്റന്‍ വസിം അക്രം. കൂടെ കളിച്ചുപരിചയമുള്ളതുകൊണ്ടുതന്നെ റസാഖിന്റെ കഴിവുകള്‍ നന്നായി അറിയാം അക്രത്തിന്. ''റസാഖിനെപ്പോലുള്ള കളിക്കാരെ തിരിച്ചുവിളിച്ചത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. ഇതുവഴി ട്വന്റി 20 ലോകകപ്പ് രണ്ടാമതും നേടാന്‍ പാകിസ്താന് കഴിയുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു''-അക്രം പറയുന്നു.

തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത പോരാട്ടവീര്യമാണ് റസാഖിന്റേത്. സെലക്ഷന്‍ കമ്മിറ്റി പതിവായി അവഗണിച്ചപ്പോഴും അതിനെയെല്ലാം സധൈര്യം നേരിട്ടു. ക്രീസിലും പുറത്തും ഏതു സമ്മര്‍ദങ്ങളെയും അതിജീവിക്കാന്‍ കഴിയുമെന്ന് ഇതിനകം അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ''വിരമിക്കാന്‍ ഞാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ല. കാരണം രാജ്യത്തിനുവേണ്ടി ഇനിയും ഒരുപാട് കളിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു''-കഴിഞ്ഞ മെയ് മാസത്തില്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള പാകിസ്താന്‍ ടീമില്‍നിന്നു തഴയപ്പെട്ടപ്പോള്‍ റസാഖ് പറഞ്ഞു.ബൗളിങ്ങിലെ കൃത്യതയും റിവേഴ്‌സ് സ്വിങ്ങും റസാഖിനെ ആദ്യകാലത്ത് ശ്രദ്ധേയനാക്കി. വസിം അക്രത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ കഴിഞ്ഞത് പ്രകടനം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തെ ഒട്ടൊന്നുമല്ല സഹായിച്ചത്. ബൗള്‍ ചെയ്യുമ്പോള്‍ കൈയുടെ വേഗത്തിലുള്ള ആക്ഷന്‍കൊണ്ട് ബാറ്റ്‌സ്മാന്മാരെ ആശയക്കുഴപ്പത്തിലാക്കുന്ന വിദ്യ റസാഖ് അക്രത്തില്‍നിന്നാണ് സ്വായത്തമാക്കിയത്. ഒറ്റയ്ക്കു ജയിപ്പിച്ച കളികളുടെ എണ്ണം കുറവാണെങ്കിലും പന്തുകൊണ്ടും ബാറ്റുകൊണ്ടുമുള്ള റസാഖിന്റെ സംഭാവനകള്‍ പാകിസ്താന്റെ പല വിജയങ്ങളിലും നിര്‍ണായകമായി.

ഉദാഹരണത്തിന്, 1999 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ലീഗ്‌റൗണ്ട് മത്സരം. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ എട്ടുവിക്കറ്റിന് 275 റണ്‍സ് നേടി. അതിലെ 60 റണ്‍സ് മൂന്നാംസ്ഥാനത്തിറങ്ങിയ റസാഖിന്റെ വകയായിരുന്നു. പിന്നീട് പത്ത് ഓവറും എറിഞ്ഞ് ഒരു വിക്കറ്റും നേടി.

2005ല്‍ ഇന്ത്യയെ തോല്‍പിച്ച മൊഹാലിയിലെ കളി, അതേ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നേടിയ 22 ബോളിലെ 51, അടുത്ത വര്‍ഷം ഏകദിനത്തില്‍ അവസാന മൂന്ന് ഓവറില്‍ നേടിയ 60 റണ്‍സ്, ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 2004ല്‍ കറാച്ചിയില്‍ നേടിയ അഞ്ച് വിക്കറ്റ്. റസാഖിന്റെ കണക്കുപുസ്തകത്തിലെ വിലപ്പെട്ട ചില ഏടുകള്‍.ഓള്‍റൗണ്ടര്‍ എന്ന പദത്തിലേക്ക് ഒതുങ്ങുന്നതല്ല ഈ കളിക്കാരന്റെ പ്രതിഭ. 250-300 റേഞ്ചില്‍ വരുന്ന ഏകദിന സ്‌കോറില്‍ 30-40 റണ്‍സും ഒന്നിലധികമുള്ള വിക്കറ്റ് നേട്ടങ്ങളും അന്തിമ വിശകലനത്തില്‍ ജയപരാജയങ്ങളെ നിര്‍ണയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവിടെയാണ് റസാഖിനെപ്പോലൊരു ഓള്‍റൗണ്ടറുടെ പ്രസക്തി. ബാറ്റിങ്ങില്‍ ടീമിന് ആവശ്യമുള്ള ഏതു നമ്പറിലും ഇറങ്ങി റണ്‍സ് കണ്ടെത്തുക. ബൗളിങ്ങില്‍ എല്ലാ കളിയിലും മുഴുവന്‍ ഓവറുകളും എറിയുകയും നിര്‍ണായകമായ ഒന്നോ രണ്ടോ വിക്കറ്റുകളെങ്കിലും വീഴ്ത്തുകയും ചെയ്യുക. ഇത് എല്ലാ കളികളിലും ആവര്‍ത്തിക്കാന്‍ അപൂര്‍വം കളിക്കാര്‍ക്കു മാത്രമേ കഴിയൂ. അത്തരത്തിലൊരാളാണ് അബ്ദുള്‍ റസാഖെന്ന് അദ്ദേഹത്തിന്റെ കരിയര്‍ വളിച്ചറിയിക്കുന്നുണ്ട്. ഈ ആള്‍റൗണ്ട് മികവ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതു കൊണ്ടുതന്നെയാണ് റസാഖിനെ തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായതും.

പരിക്കുകള്‍മൂലം റസാഖിന് 2007ലെ ലോകകപ്പ് നഷ്ടമായി. പിന്നീട് ട്വന്റി 20 ലോകകപ്പില്‍ തഴയപ്പെട്ടതില്‍ പ്രതിഷേധിച്ച് അദ്ദേഹം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. പക്ഷേ അത്ര പെട്ടെന്ന് റസാഖിന് കളിക്കളം വിട്ടൊഴിയാന്‍ കഴിയുമായിരുന്നില്ല. രണ്ടു മാസത്തിനുശേഷം തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തി. പിന്നീട് കൗണ്ടിക്രിക്കറ്റിലും ഐ.സി.എല്ലിലും സജീവമായി. ഐ.സി.എല്ലിലെ പ്രാതിനിധ്യം ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് വിഘാതമായി. എന്നിട്ടും തുടര്‍ന്നുള്ള രണ്ടു സീസണുകളിലും റസാഖ് ഐ.സി.എല്ലുമായി സഹകരിച്ചു. ഹൈദരാബാദ് ഹീറോസിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്നു.

ഐ.സി.എല്ലില്‍ നിന്നു പിന്‍വാങ്ങിയപ്പോള്‍ ദേശീയ ടീമിലേക്ക് മടക്കിവിളിച്ചു. ശ്രീലങ്കയെ തകര്‍ത്ത് പാകിസ്താന്‍ ട്വന്റി 20 ലോകകപ്പ് നേടുമ്പോള്‍ വിലപ്പെട്ട സംഭാവനകളുമായി റസാഖ് ടീമിലുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടിയ പ്രായം കുറഞ്ഞ കളിക്കാരനുമാണ് റസാഖ്.

ആഭ്യന്തര ക്രിക്കറ്റ് ലീഗുകള്‍, ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐ.സി.എല്‍), കൗണ്ടി ലീഗ് ക്രിക്കറ്റ് ഒടുവിലിതാ ഇപ്പോള്‍ ആരംഭിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ലീഗിലും റസാഖ് സജീവ സാന്നിദ്ധ്യമാണ്. ഇമ്രാന്‍ഖാനുശേഷം പാകിസ്താന്‍ കണ്ട പ്രതിഭാധനനായ ഓള്‍റൗണ്ടറായാണ് അബ്ദുള്‍ റസാഖ് വിശേഷിപ്പിക്കപ്പെടുന്നത്. വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അനായാസമായി കഴിയുന്ന ഈ ബാറ്റ്‌സ്മാനാണ് ആഫ്രീദി കഴിഞ്ഞാല്‍ പാക് ടീമില്‍ പന്തിനെ ഇത്ര ശക്തമായി പ്രഹരിക്കുന്ന മറ്റൊരാള്‍. ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ലെമിങ് 'ലോകത്തിലെ മികച്ച ഹിറ്റര്‍' എന്നാണ് റസാഖിനെ വിശേഷിപ്പിച്ചത്. കൃത്യതയില്‍ വസിം അക്രം, വഖാര്‍ യൂനുസ് പേസ് ദ്വയത്തിന്റെ യഥാര്‍ഥ പിന്‍ഗാമിയാണ് റസാഖ്. ഇന്‍സമാമിനെയും അക്തറിനെയും പോലുള്ള പ്രതിഭകളോടൊപ്പം കളിക്കാന്‍ കഴിഞ്ഞതും റസാഖിലെ കളിക്കാരന് മുതല്‍ക്കൂട്ടായി.

'വെറ്ററന്‍സ്' എന്ന പേരു പറഞ്ഞ് സീനിയര്‍ കളിക്കാരെയാകെ ട്വന്റി 20 ഫോര്‍മാറ്റില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് ഇന്ന് ഒരു പതിവായിരിക്കുകയാണ്. പക്ഷേ റസാഖിന്റെ കഴിവുകള്‍ അറിയാവുന്ന പാകിസ്താന്‍ സെലക്ടര്‍മാര്‍ ഒന്നു തിരിച്ചറിഞ്ഞിരിക്കുന്നു-പരിചയസമ്പന്നതയ്ക്ക് യുവത്വം ഒരിക്കലും പകരമാവുന്നില്ല.

 

 

 

Other stories in this section:
 • അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുമോ വിന്‍ഡീസ്?
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 •