a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
പേസ് സഖ്യം റണ്ണേഴ്‌സപ്പ്‌
Posted on: 08 Sep 2012



ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്മാരായ ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക് താരം റാഡെക് സ്‌റ്റെപാനെക്കുമടങ്ങുന്ന സഖ്യം യു.എസ്.ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം ഡബിള്‍സ് ഫൈനലില്‍ കീഴടങ്ങി. അമേരിക്കന്‍ ഇരട്ട സഹോദരന്മാരായ ബോബ്, മൈക്ക് ബ്രയന്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളില്‍ ഇന്തോ-ചെക് സഖ്യം തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 6-3, 6-4. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു യു.എസ്.ഓപ്പണ്‍ ഡബിള്‍സ് ഫൈനലെങ്കിലും മത്സരഫലത്തില്‍ ഈ ആവര്‍ത്തനമുണ്ടായില്ല.

പുരുഷവിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ നൊവാക് ദ്യോക്കോവിച്ച് മാരക ഫോം തുടരുന്നു. അര്‍ജന്റീനയുടെ മുന്‍ ചാമ്പ്യന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ നേരിട്ട സെറ്റുകളില്‍ തകര്‍ത്ത് ദ്യോക്കോവിച്ച് സെമിയിലെത്തി. സെര്‍ബ് താരം (6-2, 7-6, 6-4). സ്‌പെയിനിന്റെ നാലാം സീഡ് ഡേവിഡ് ഫെററുമായാണ് ദ്യോക്കോവിച്ചിന്റെ അടുത്ത എതിരാളി.മാരത്തണ്‍ പോരാട്ടത്തില്‍ സെര്‍ബിയന്‍ എട്ടാം സീഡ് യാങ്കൊ തിസ്പരേവിച്ചിനെയാണ് ഫെറര്‍ മറികടന്നത് (6-3, 6-7, 2-6, 6-3, 7-6).

ഒളിമ്പിക് വെങ്കല മെഡല്‍ മത്സരത്തിലേറ്റ തോല്‍വിക്ക് ഡെല്‍ പോട്രോയോട് കണക്ക് തീര്‍ക്കുകയായിരുന്നു ദ്യോക്കോവിച്ച്.ഒന്നാം സീഡായ റോജര്‍ ഫെഡറര്‍ പുറത്തായതോടെ കിരീടം നിലനിര്‍ത്താന്‍ ദ്യോക്കോവിച്ചിന് സാധ്യത ഏറിയിരിക്കുകയാണ്. രണ്ടാം സെറ്റില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ആറ് ഗ്രാന്‍സ്ലാം കിരീടങ്ങളുടെ ഉടമയായ ദ്യോക്കോവിച്ച്. തുടരെ ആറാം തവണയാണ് ലോക രണ്ടാം നമ്പര്‍ അമേരിക്കന്‍ ഓപ്പണില്‍ സെമി കളിക്കുന്നത്.

ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ആദ്യ സെമിയാണ് ഫെറര്‍ക്ക്. നാലര മണിക്കൂര്‍ നീണ്ട ഇതിഹാസ പോരാട്ടത്തിലായിരുന്നു തിസ്പരേവിച്ചിനെതിരെ ഫെറററുടെ ജയം.അവസാന സെറ്റില്‍ 1-4ന് പിന്നില്‍ നിന്ന ശേഷമായിരുന്നു സ്പാനിഷ് താരത്തിന്റെ അവിസ്മരണീയ തിരിച്ചുവരവ്. സീസണില്‍ നാല് കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെറര്‍ ദ്യോക്കോവിച്ചിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

എതിരാളികളായ സ്പാനിഷ് ജോഡി മാഴ്‌സല്‍ ഗ്രനോലേഴ്‌സും മാര്‍ക്ക് ലോപസും സെമിയിലെ ആദ്യ സെറ്റിനിടെ പിന്‍മാറിയതോടെയാണ് പേസ്-സ്‌റ്റെപ്പാനെക് സഖ്യം ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍ 6-6ല്‍ നില്‍ക്കെ ലോപസിന് പരിക്കേറ്റതാണ് പിന്മാറ്റത്തിന് കാരണം. ഹോളണ്ടിന്റെ ജൂലിയന്‍ റോജറും പാക് താരം അയ്‌സാം ഉല്‍ ഹഖ് ഖുറേഷിയും ചേര്‍ന്ന സഖ്യത്തെയാണ് ബ്രയാന്‍ സഹോദരങ്ങള്‍ സെമിയില്‍ കീഴടക്കിയത് (6-3, 6-4). .

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.