a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
യുവരാജ് ഇന്നെഴുന്നള്ളും
Posted on: 08 Sep 2012



വിശാഖപട്ടണം: അംബാസഡര്‍ കാറില്‍നിന്ന് ഫോര്‍മുല വണ്‍ കാറിലേക്ക് മാറുകയാണ് ടീം ഇന്ത്യ. ടെസ്റ്റ്ക്രിക്കറ്റില്‍നിന്ന് ടോപ്ഗിയറില്‍ ട്വന്റി-20-യിലേക്കൊരു കുതിച്ചുചാട്ടം. ന്യൂസീലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയിലെ രണ്ടുമത്സരങ്ങളും ജയിച്ച ഇന്ത്യ, ശനിയാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയില്‍നിന്ന് പ്രതീക്ഷിക്കുന്നത് അതേ വിജയമാണ്.

യഥാര്‍ഥത്തില്‍, പത്തുനാളകലെ ശ്രീലങ്കയില്‍ ആരംഭിക്കുന്ന ട്വന്റി- 20 ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാനവട്ട തയ്യാറെടുപ്പാണ് ഈ പരമ്പര. 2007-ല്‍ ആദ്യ ലോകകപ്പ് നേടുകയും പിന്നീട് കൈവിട്ടുപോവുകയും ചെയ്ത കിരീടം തിരിച്ചുപിടിക്കുകയെന്ന വലിയ ലക്ഷ്യമാണ് മഹേന്ദ്ര സിങ് ധോനിയുടെയും സംഘത്തിന്റെയും മുന്നിലുള്ളത്. അതിനുള്ള ആയുധങ്ങള്‍ രാകിമിനുക്കുന്ന തിരക്കിലാവും ഈ ഹ്രസ്വ പരമ്പരയില്‍ ടീം മാനേജ്‌മെന്റ്

എന്നാല്‍, ട്വന്റി 20 പരമ്പരയ്ക്ക് ഇന്ത്യന്‍ ടീം ശനിയാഴ്ചയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് ആവേശഭരിതമാവുക മറ്റൊരു തിരിച്ചുവരവിലാകും. അര്‍ബുദ രോഗത്തിന് അടിപ്പെടുകയും മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത യുവരാജ് സിങ്ങിന്റെ തിരിച്ചുവരവാണ് ഈ മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഒരുവര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന യുവരാജിന്റെ മടങ്ങിവരവ് ഇന്ത്യന്‍ കായിക ചരിത്രത്തിലെത്തന്നെ സുവര്‍ണ മുഹൂര്‍ത്തമാണ്.

2011-ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വിജയിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത യുവരാജ് പിന്നീട് രോഗത്തിന്റെ പിടിയിലമരുകയായിരുന്നു. കീമോ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സാ വിധികളിലൂടെയും പിന്നീട് കഠിന പരിശ്രമത്തിലൂടെയും ക്രിക്കറ്റിലേക്ക് തിരിച്ചുവരുമ്പോള്‍ ആ പോരാട്ടവീര്യത്തെ നമിക്കുകയാണ് കായികലോകമൊന്നാകെ. ട്വന്റി - 20 ലോകകപ്പിന് മുന്നോടിയായി ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനാണ് യുവരാജ് ഈ പരമ്പരയെ ഉപയോഗിക്കുന്നത്. യുവരാജിന്റെ തിരിച്ചുവരവിലാണ് ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷയത്രയും.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.