a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ചിന്നസാമിയില്‍ ഇന്ത്യ പെരിയസാമി
Posted on: 04 Sep 2012

ഷിജു സ്‌കറിയ

സെഞ്ച്വറിക്ക് പിന്നാലെ പുറത്താവാതെ അര്‍ധശതകം,
വിരാട് കോലി കളിയിലെ കേമന്‍
18 വിക്കറ്റ്, അശ്വിന്‍ പരമ്പരയുടെ താരം


ബാംഗ്ലൂര്‍ : വിരാട് കോലിയുടെയും(51 നോട്ടൗട്ട്) നായകന്‍ മഹേന്ദ്രിസ്ങ് ധോനി(48 നോട്ടൗട്ട്) പക്വതയാര്‍ന്ന ബാറ്റിങ്ങിന്റെ മികവില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയം പിടിച്ചു. ഒരു ഘട്ടത്തില്‍ അഞ്ചിന് 166 എന്ന നിലയില്‍ പരാജയത്തിന്റെ നിഴലിലായിരുന്ന ആതിഥേയരെ പിരിയാത്ത ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 96 റണ്‍സാണ് രക്ഷിച്ചത്. ഒരു ദിവസത്തെ കളി ബാക്കിനില്‌ക്കെയുള്ള ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിക്കുന്ന നായകനെന്ന പൊന്‍തൂവല്‍ കൂടി ഇതോടെ ധോനിയുടെ തൊപ്പിയില്‍ പതിഞ്ഞു.14 ടെസ്റ്റുകളില്‍ ജയത്തിലേക്ക് ഇന്ത്യയെ നയിച്ച ധോനി മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദിന്റെ റെക്കോഡാണ് മറികടന്നത്.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ചിന്നസാമി സ്റ്റേഡിയത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്. 2010ല്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ 207 റണ്‍സ് മറികടന്നുള്ള ജയമായിരുന്ന് ഇതിനു മുമ്പുള്ള റെക്കോഡ്. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിയ്ക്കു പിന്നാലെ രണ്ടാമിന്നിങ്‌സില്‍ പുറത്താകാതെ അര്‍ധസെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച വിരാട് കോലി(51 നോട്ടൗട്ട്)യാണ് കളിയിലെ കേമന്‍. രണ്ടു ടെസ്റ്റുകളില്‍ മൂന്ന് അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 18 വിക്കറ്റുകള്‍ കൊയ്ത തമിഴ്‌നാട് ഓഫ്‌സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് പരമ്പരയുടെ താരം. ബൗളിങ്ങിനു പുറമെ വാലറ്റത്ത് വിലപ്പെട്ട റണ്ണുകള്‍ സംഭാവന ചെയ്യാനും അശ്വിനായി. സ്‌കോര്‍: ന്യൂസീലന്‍ഡ് 365, 248; ഇന്ത്യ 353, 5ന് 262.
ചിന്നസാമി സ്റ്റേഡിയത്തില്‍ ഇന്ത്യക്കു മുന്നില്‍ മികച്ച വിജയലക്ഷ്യമുയര്‍ത്താന്‍ (261 റണ്‍സ്) കിവികള്‍ക്ക് കഴിഞ്ഞു. ഗംഭീര്‍(34)-സെവാഗ് (38) സഖ്യം മികച്ച തുടക്കം നല്കിയശേഷം തിരിച്ചടി നേരിട്ട ഇന്ത്യയെ ചേതേശ്വര്‍ പുജാര(48)- സച്ചിന്‍ തെണ്ടുല്‍ക്കര്‍(27) സഖ്യം വീണ്ടും വിജയവഴിയിലേക്ക് തെളിച്ചു. ഒരു ഘട്ടത്തില്‍ രണ്ടിന് 152 എന്ന നിലയിലായിരുന്ന ആതിഥേയര്‍ അനായാസം വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും 14 റണ്‍സിനിടെ മൂന്നു വിലപ്പെട്ട വിക്കറ്റുകള്‍ കൈമോശം വന്നതോടെ കിവികള്‍ വിജയം മണത്തു. സച്ചിനും പുജാരയും റെയ്‌ന(0)യുമാണ് ഈ ഘട്ടത്തില്‍ പുറത്തായിത്.

ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞെങ്കിലും ഓപ്പണിങ് ജോഡിയുടെ പ്രത്യാക്രമണത്തിനു മുന്നില്‍ അവര്‍ പകച്ചു. ഓപ്പണിങ് വിക്കറ്റില്‍ 11.5 ഓവറില്‍ 77 റണ്‍സും പിറന്നു. എന്നാല്‍ അനാവശ്യ ഷോട്ടുകളിലൂടെ സെവാഗും ഗംഭീറും പുറത്തായപ്പോള്‍ ഇന്നിങ്‌സ് കരുപ്പിടിപ്പിക്കാനുള്ള ഉത്തരവാദിത്തം പുജാരയും സച്ചിനും ഏറ്റെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സച്ചിനെ ക്ലീന്‍ ബൗള്‍ ചെയ്ത് ടിം സൗതീ ആതിഥേയര്‍ക്ക് വീണ്ടും പ്രഹരമേല്പിച്ചു. ടെസറ്റില്‍ സച്ചിന്‍ 51-ാം തവണയാണ് ക്ലീന്‍ ബൗള്‍ഡാവുന്നത്. സച്ചിനു പിന്നാലെ ഓഫ്‌സ്പിന്നര്‍ ജീതന്‍ പട്ടേല്‍ പുജാരയെ മടക്കിയതോടെ ടീമിന്റെ നില പരുങ്ങലിലായി. ഈ ഘട്ടത്തില്‍ ടീമിനെ കരകയറ്റാനുള്ള ചുമതല കോലിക്കും റെയ്‌നയ്ക്കുമായി. എന്നാല്‍, മികച്ച രീതിയില്‍ പന്തെറിഞ്ഞ കിവികള്‍ ഇരുവരെയും റണ്ണെടുക്കാന്‍ അനുവദിച്ചില്ല. ഇതോടെ റെയ്‌ന സമ്മര്‍ദ്ദത്തില്‍ വീണു. ക്രീസില്‍ നിന്നും ചാടിയിറങ്ങി പട്ടേലിനെതിരെ റണ്‍ നേടാനുള്ള റെയ്‌നയുടെ ശ്രമം അപ്പാടെ പാളി. റെയ്‌ന ക്ലീന്‍ ബൗള്‍ഡ്. നേരത്തെ വീരേന്ദര്‍ സെവാഗും ഇതേ രീതിയില്‍ പട്ടേലിന്റെ പന്തില്‍ പുറത്തായിരുന്നു. റെയ്‌നയുടെ ടെസ്റ്റ് കരിയറിനുമേല്‍ ചോദ്യ ചിഹ്നമാവുന്ന പ്രകടനമാണ് രണ്ടാമിന്നിങ്‌സിലേത്. റെയ്‌നയും മടങ്ങിയതോടെ ടീമിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം അവസാന അംഗീകൃത ബാറ്റിങ് ജോഡിയായ കോലിയിലും ധോനിയിലും നിക്ഷിപ്തമായി.

അവസരത്തിനൊത്തുയര്‍ന്ന ഇരുവരും ടീമിന്റെ വിജയം ഉറപ്പാക്കി.
കോലി ടെസ്റ്റിലെ അഞ്ചാം അര സെഞ്ച്വറി നേടിയതിനു പിന്നാലെ പട്ടേലിന്റെ അടുത്ത ഓവറില്‍ ആദ്യ രണ്ടു പന്തുകളില്‍ ധോനി ജയമുറപ്പിച്ചു.
ഒമ്പതിന് 232 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകരുടെ ഇന്നിങ്‌സ് 248-ല്‍ അവസാനിച്ചു. പട്ടേലിനെ മടക്കി സഹീര്‍ഖാനാണ് കിവി ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഒന്നാമിന്നിങ്‌സില്‍ 12 റണ്‍സ് ലീഡു നേടിയിരുന്ന കിവികളുടെ മൊത്തം ലീഡ് ഇതോടെ 260 റണ്‍സായി.
മധ്യനിരയിലെ കരുത്തരായ രാഹുല്‍ ദ്രാവിഡും വി.വി.എസ്.ലക്ഷ്മണും വിരമിച്ചശേഷം നേടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടു ടെസ്റ്റുകളും ജയിക്കാനായത് ധോനിയുടെ നേതൃത്വത്തിലെ യുവനിരയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന നേട്ടമാണ്. ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും തുടര്‍ തോല്‍വികളുടെ കറകള്‍ മായിക്കുന്ന ജയമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആയിരങ്ങളുടെ ആരവം ഏറ്റുവാങ്ങി യുവരക്തങ്ങളുടെ ടീം ഇന്ത്യ നേടിയത്. ഇനി അവരെ വെല്ലുവിളിക്കാന്‍ എത്തുന്നത് ഇതേ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ്. കിവികള്‍ക്കെതിരെയുള്ള പ്രകടന നിലവാരം കൊണ്ടൊന്നും അവരെ പിടിച്ചുകെട്ടാനാവില്ല. എങ്കിലും യുവനിരയ്ക്ക് ഏറെ പാഠങ്ങള്‍ നല്കുന്ന പോരാട്ടങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്.

സ്‌കോര്‍ ബോര്‍ഡ്

ന്യൂസീലന്‍ഡ് ഒന്നാമിന്നിങ്‌സ് 365
ഇന്ത്യ ഒന്നാമിന്നിങ്‌സ് 353
ന്യൂസീലന്‍ഡ് രണ്ടാമിന്നിങ്‌സ്
മെക്കല്ലം സി ധോനി ബി ഉമേഷ് യാദവ് 23, ഗപ്ടില്‍ ബി ഉമേഷ് യാദവ് 7, വില്യംസണ്‍ സി സെവാഗ് ബി അശ്വിന്‍ 13, ടെയ്‌ലര്‍ എല്‍.ബി. ഡബ്ല്യു ഓജ 35, ഫ്ലിന്‍ സി സെവാഗ് ബി അശ്വിന്‍ 31, ഫ്രാങ്കഌന്‍ സ്റ്റംപ്ഡ് ധോനി ബി അശ്വിന്‍ 41, വാന്‍ വൈക് എല്‍.ബി. ഡബ്ല്യു അശ്വിന്‍ 31, ബ്രേസ്‌വെല്‍ എല്‍.ബി.ഡബ്ല്യു ഓജ 22, സൗതീ ബി അശ്വിന്‍ 2, പട്ടേല്‍ സി ധോനി ബി സഹീര്‍ഖാന്‍ 22 ബൂള്‍ട്ട് നോട്ടൗട്ട് 4, എക്‌സ്ട്രാസ് 17, ആകെ 73.2 ഓവറില്‍ 248. വിക്കറ്റ് വീഴ്ച: 1-30, 2-31, 3-69, 4-111, 5-140, 6-195, 7-216, 8-222, 9- 222, 10 -248. ബൗളിങ്: സഹീര്‍ഖാന്‍ 14.2-2- 46-1, ഉമേഷ് യാദവ് 15-0-68-2, പ്രഗ്യാന്‍ ഓജ 21-6-49-2, അശ്വിന്‍ 1-1-0-0.
ഇന്ത്യ രണ്ടാമിന്നിങ്‌സ് : ഗംഭീര്‍ സി ടെയ്‌ലര്‍ ബി ബൂള്‍ട്ട് 34, സെവാഗ് ബി പട്ടേല്‍ 38, പൂജാര സി ഫ്ലിന്‍ ബി പട്ടേല്‍ 48, സച്ചിന്‍ ബി സൗതീ 27, കോലി നോട്ടൗട്ട് 51, റെയ്‌ന ബി പാട്ടേല്‍ 0, ധോനി നോട്ടൗട്ട് 48, എക്‌സ്ട്രാസ് 16, ആകെ 63.2 ഓവറില്‍ 262. വിക്കറ്റ് വീഴ്ച: 1-77, 2-83, 3-152, 4-158, 5-166. ബൗളിങ്: ട്രെന്റ് ബൂള്‍ട്ട് 16-4-64-1, ടിം സൗതീ 18-3-68-1, ബ്രേസ് വെല്‍ 14-3- 52-0, ജീതന്‍ പട്ടേല്‍ 15.2-3-68-3.



Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.