|
പാരാലിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം
Posted on: 30 Aug 2012
ലണ്ടന്‍: ആവേശത്തിന്റെ വര്‍ണവെടിക്കെട്ടിന് മുന്നില്‍ പരാധീനതകളും വൈകല്യങ്ങളും പറന്നകന്നു. ആവേശം നുരപൊന്തിയ ആഹ്ലാദനിമിഷത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെയും സര്‍ ഇയാന്‍ മക്‌കെല്ലനെയും സാക്ഷികളാക്കി പാരാലാമ്പിക്‌സിന് ലണ്ടന്‍ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ തിരിതെളിഞ്ഞു. നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയത്തില്‍ എലിസബത്ത് രാജ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. നിങ്ങളുടെ പാദങ്ങളിലേയ്ക്കല്ല, ആകാശത്തെ നക്ഷത്രങ്ങളിലേയ്ക്ക് കണ്ണെറിയൂ-വൈകല്യങ്ങള്‍ കരുത്താക്കി അണിനിരന്ന കായികതാരങ്ങളെ നോക്കി ഹോക്കിങ് ആഹ്വാനം ചെയ്തു.
പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ 4280 അത്‌ലറ്റുകളാണ് മാറ്റുരയ്ക്കുന്നത്. 20 ഇനങ്ങളിലായി മത്സരം നടക്കും. രണ്ടു കാലുകളും നഷ്ടപ്പെട്ട റോയല്‍ മറീന്‍ ജോ ടൗണ്‍സെന്‍ഡ് പാരാലിമ്പിക് ദീപശിഖ സ്‌റ്റേഡിയത്തില്‍ എത്തിച്ചു. ബ്രിട്ടിഷ് ഫുട്‌ബോള്‍താരം ഡേവിഡ് ക്ലാര്‍ക്ക് ഏറ്റുവാങ്ങി. ബ്രിട്ടന്റെ ആദ്യത്തെ പാരാലിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ മാര്‍ഗരറ്റ് മോഗനാണ് തിരിതെളിച്ചത്. മത്സരങ്ങള്‍ ഇന്നാരംഭിക്കും.
വര്‍ണശമ്പളമായ ഉദ്ഘാടനചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, വില്ല്യം രാജകുമാരന്‍, ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍, അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ ഫിലിപ്പ് ക്രാവെന്‍ ലണ്ടന്‍ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ സെബാസ്റ്റിയന്‍ കോ എന്നിവരും സംബന്ധിച്ചു.
പത്തംഗ ടീമിനെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. എച്ച്. എന്‍. ഗിരിഷ (ഹൈജമ്പ്), ജഗ്‌സീര്‍ സിങ് (ലോംഗ്ജമ്പ്), ജയ്ദീപ് (ഡിസ്‌ക്കസ്‌ത്രോ), നരേന്ദര്‍ (ജാവലിന്‍ ത്രോ), അമിത്കുമാര്‍, ഫര്‍മാന്‍ ബാഷ, രാജീന്ദര്‍സിങ് രഹേലു, സച്ചിന്‍ ചൗധരി, (പവര്‍ലിഫ്റ്റിങ്), ശരത്ത് എം. ഗയ്ക്‌വാദ് (നീന്തല്‍), നേരേഷ്‌കുമാര്‍ (ഷൂട്ടിങ്) എന്നിവരാണ് ടീമംഗങ്ങള്‍.
|
|
Other stories in this section:
|
|