MONDAY, JANUARY 26, 2015
ഇന്ത്യന്‍ ക്രിക്കറ്റിനോട് യുവത്വം ചോദിക്കുന്നു-ഹു നെക്സ്റ്റ്?
Posted on: 29 Aug 2012ഇതേ ചോദ്യം നാം ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാരോടും തിരിച്ച് ചോദിക്കുന്നു. ഇനിയാര്? ടൗണ്‍സ്‌വില്‍ എന്ന പ്രകൃതിരമണീയമായ പട്ടണത്തിനു നടുവില്‍ ടോണി അയര്‍ലന്‍റ് സ്റ്റേഡിയം എന്ന മനോഹരമായ മൈതാനം. പാപ്പുവ ന്യൂ ഗിനി എന്ന ദുര്‍ബല രാജ്യത്തെയും ഓസ്‌ട്രേലിയ എന്ന കരുത്തിനെയുമൊക്കെ മറി കടന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് സീനിയര്‍മാരെപ്പോലെ കയറിപ്പോയ ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാരില്‍ പലരും വലിയ ലീഗിലേക്കുള്ള ഏണിപ്പടികള്‍ ഓടിക്കയറിക്കൊണ്ടിരിക്കുകയാണ്.

'ഒരു ടിപ്പിക്കല്‍ ഡെല്‍ഹിക്കാരനെ ഞാന്‍ കാണുന്നു'. ഉന്മുക്ത് ചന്ദ് എന്ന ഇന്ത്യന്‍ നായകന്റെ ഒരു മുഖാമുഖം കണ്ട സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇതായിരുന്നു. അത് വിരാട് കോലിയെയും ഗൗതം ഗംഭീറിനെയും മുതല്‍ പിന്നോട്ട് വീരേന്ദര്‍ സെവാഗിലേക്ക് വരെ ആലോചനകളെ കൊണ്ടെത്തിക്കുന്നു. സെവാഗ് ഒരിക്കലും സംസാരമോ ശരീരഭാഷയോ കൊണ്ട് ആളുകളെ ആകര്‍ഷിച്ചിട്ടില്ല. അതൊരു കുറവേയല്ല. അഥവാ അതൊരു കുറവായിട്ട് ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതൊക്കെ മറികടക്കുന്ന വാചാലതയാണ് സെവാഗിന്റെ ബാറ്റിംഗിന്. അത് സംസാരിച്ച് തുടങ്ങിയാല്‍ ബാക്കി എല്ലാവരും കാഴ്ചക്കാര്‍ മാത്രം. സെവാഗിലൂടെ സംഭവിച്ച പരിവര്‍ത്തനം എന്നു തന്നെയാണ് ഗാംഗുലി അതിനെപ്പറ്റി പരാമര്‍ശിച്ചത്. അത്രയ്ക്കാണ് ഒരു തലമുറയ്ക്കു മേല്‍ സെവാഗ് ഉണ്ടാക്കിയെടുത്ത സ്വാധീനം.ഇത് മൂന്നാം തവണയാണ് ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാര്‍ ലോക ചാമ്പ്യന്മാരാകുന്നത്. നാലാം തവണയും ചാമ്പ്യന്മാരാകാന്‍ തയ്യാറെടുത്ത ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍വെച്ച് ആധിപത്യത്തോടെ കീഴ്‌പ്പെടുത്തി എന്നതാണ് ഈ വിജയത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അത് ആദ്യം പറഞ്ഞത് ഇതിനു മുമ്പ് ഇന്ത്യയുടെ അണ്ടര്‍-19 ടീം ലോകചാമ്പ്യന്മാരായപ്പോള്‍ നായകസ്ഥാനത്തുണ്ടായിരുന്ന വിരാട് കോലി തന്നെയാണ്. മറ്റൊരു ഡെല്‍ഹിക്കാരന്റെ ചുമലിലാണ് ഇത്തവണ ടീം ഇന്ത്യയുടെ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കപ്പെട്ടിരുന്നത് എന്നത് സാന്ദര്‍ഭികമായ ഒരു കാര്യം മാത്രമാണ്. ഒരു പ്രദേശത്തിന്റെ എന്നതിനേക്കാള്‍ ഒരു തലമുറയുടെ ശരീരഭാഷയും സമീപനങ്ങളും 'അഗ്രസിവ്' ആകാന്‍ തുടങ്ങുന്നതിന്റെ സ്വാഭാവിക തുടര്‍ച്ചകളാണ് ചന്ദിലും ഹര്‍മീത് സിംഗിലുമൊക്കെ നമുക്ക് കാണാന്‍ സാധിക്കുന്നത്.ഇത് നാലോ അഞ്ചോ കൊല്ലങ്ങള്‍ കൊണ്ട് സംഭവിച്ച ഒരു കാര്യമല്ല. 1987 ല്‍ ആണ് പത്തൊമ്പത് വയസ്സിനു താഴെയുള്ളവര്‍ക്ക് വേണ്ടി ഒരു ലോകോത്തര ടൂര്‍ണമന്‍റ് സംഘടിപ്പിക്കപ്പെടുന്നത്. നയന്‍ മോംഗിയ, പ്രവീണ്‍ ആംറെ, വെങ്കടപതി രാജു എന്നീ മൂന്ന് ഭാവി അന്താരാഷ്ട്ര ക്രിക്കറ്റര്‍മാര്‍ പങ്കെടുത്ത ഒരു ടൂര്‍ണമന്‍റ് ആയിരുന്നു അത്. പിന്നീട് ചുരുങ്ങിയ ഒരു കാലത്തേക്കണെങ്കിലും ഇന്ത്യയെ പ്രതിനിധീകരിച്ച സുബ്രോതോ ബാനര്‍ജിയെപ്പോലുള്ള ക്രിക്കറ്റര്‍മാരെ പുറംലോകത്തിനു പരിചയപ്പെടുത്തിയതും തുടര്‍ന്ന് നടന്ന ടൂര്‍ണമെന്‍റുകളാണ്. ഇടയ്ക്ക് കുറച്ച് കൊഴിഞ്ഞു പോക്കുകളും ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ സെന്തില്‍നാഥിനെപ്പോലുള്ളവര്‍ ആ ഗണത്തില്‍ പെടുന്നവരാണ്.

പിന്നീട് ഒരു ഇടവേളയായിരുന്നു. ആ നിശ്ശബ്ദതയ്‌ക്കൊടുവില്‍ കേട്ടത് വലിയൊരു ഗര്‍ജ്ജനമായിരുന്നു. തുടര്‍ന്ന് വന്ന രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരാണ് ഇന്നും ടീം ഇന്ത്യയുടെ ശക്തികേന്ദ്രങ്ങളായിട്ട് നില്‍ക്കുന്നത്. വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് എന്നിവര്‍. അക്കൂട്ടത്തില്‍ കഴിവിന്റെ കാര്യത്തില്‍ കുറച്ചു പിന്നിലായിരുന്ന മുഹമ്മദ് കയ്ഫ് മാത്രം പിന്നീട് വന്ന പ്രതിഭകളുടെ തള്ളിക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്നാക്കം പോയി. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റും ടി20 ക്രിക്കറ്റും മുന്നോട്ട് നയിക്കുന്ന ക്രിക്കറ്റര്‍മാരില്‍ ഭൂരിഭാഗവും ഇങ്ങനെയുള്ള ടൂര്‍ണമെന്റുകളില്‍ മാറ്റ് തെളിയിച്ചിട്ടുള്ളവരാണ് എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്.

ഇര്‍ഫാന്‍ പഠാനും സുരേഷ് റെയ്‌നയും ഉള്‍പ്പെട്ട തലമുറ പ്രത്യക്ഷപ്പെടാന്‍ ആദ്യത്തെ രണ്ടു തലമുറകള്‍ക്കിടയില്‍ സംഭവിച്ച കാലതാമസം ഉണ്ടായില്ല. അത് വിരാട് കോലിയില്‍ എത്തുമ്പോള്‍ വേഗത വീണ്ടും കൂടുന്നു. ഉന്മുക്ത് ചന്ദിനെയും ബാബ അപരാജിതിനെയും സ്മിത്ത് പട്ടേലിനെയുമൊക്കെ കാണുമ്പോള്‍ അത് ഇനിയും വേഗതയാര്‍ജ്ജിക്കും എന്ന് വിശ്വസിക്കാന്‍ തന്നെയാണ് പ്രേരിപ്പിക്കുന്നത്.ബിഷനെ (ബിഷന്‍ സിംഗ് ബേദി) ഓര്‍മ്മിപ്പിക്കുന്നു എന്ന് ഒരു ഹര്‍മീത് സിംഗിനെ കാണുമ്പോള്‍ ഇയാന്‍ ചാപ്പലിന് പറയാന്‍ തോന്നുന്നുവെങ്കില്‍ അത് ഇന്ത്യയുടെ ഒരു ഭാവി ലെഫ്റ്റ്-ആം സ്പിന്നര്‍ക്കുള്ള പരവതാനിയാണ്. അണ്ടര്‍-19 ലോകകപ്പുകളിലൂടെ വന്ന് ടെസ്റ്റ് മാച്ച് ക്രിക്കറ്റില്‍ കാല്പാടുകള്‍ പതിപ്പിച്ച ക്രിക്കറ്റര്‍മാര്‍ പൊതുവെ കുറവാണ്. സെവാഗിനും ഹര്‍ഭജനും അപ്പുറത്തേക്ക് കാര്യമായിട്ടൊന്നും നമുക്ക് കാണാനാവില്ല. പുതിയ തലമുറക്കാരില്‍ പാര്‍ഥിവ് പട്ടേലും അഭിനവ് മുകുന്ദും പോലെയുള്ളവര്‍ ഉണ്ടെങ്കിലും അത് വലിയൊരു സ്വാധീനം ഉണ്ടാക്കിയതായിട്ട് പറയാനില്ല. ഒരുപക്ഷേ, അതില്‍ അസ്വാഭാവികതയുമില്ല. കാരണം, ടെസ്റ്റ് ക്രിക്കറ്റ് എന്നത് വളരെ വ്യത്യസ്തമായ ഒരു മേഖല തന്നെയാണ്. അതിലേക്ക് ആവശ്യമായ കാര്യങ്ങളും വ്യത്യസ്തമാണ്.

ഒരുപക്ഷേ, ഏറ്റവും അടുത്ത അവസരത്തില്‍ ടീം ഇന്ത്യയുടെ സീനിയര്‍ ജേഴ്‌സിയിലേക്ക് മാറാന്‍ സാധ്യതയുള്ള ഒരാള്‍ ഹര്‍മീത് സിംഗായിരിക്കും. ഉന്മുക്ത് ചന്ദ് എന്ന ബാറ്റ്‌സ്മാന് നിലവിലുള്ള ഇന്ത്യയുടെ മുന്‍നിര ബാറ്റിങ്ങിനോട് എതിരിട്ട് കിട്ടാവുന്ന ഒരു ഇടത്തേക്കാള്‍ എളുപ്പമാണ് ഒരു സ്‌പെഷ്യലിസ്റ്റ് സ്ലോ ബൗളര്‍ക്ക് രണ്ടാം പകുതിയിലേക്കുള്ള പ്രവേശനം. ആറു മത്സരങ്ങള്‍ കൊണ്ട് ധാരാളം പ്രശംസ കിട്ടിയ മറ്റൊരു ക്രിക്കറ്റര്‍ വിക്കറ്റ്-കീപ്പര്‍ സ്മിത്ത് പട്ടേലാണ്. ഇന്ത്യയുടെ വിക്കറ്റ്-കീപ്പിംഗ് ജോലികള്‍ ഒരു സ്‌പെഷ്യലിസ്റ്റിലേക്ക് തന്നെ പോകുന്ന (ടെസ്റ്റ് ക്രിക്കറ്റില്‍) കാലം വിദൂരത്തല്ല എന്ന് സ്മിത്ത് പട്ടേലിന്റെ പ്രകടനങ്ങള്‍ നമ്മോട് പറയുന്നു.ഒരേയൊരു ഇന്നിങ്ങ്‌സ് കൊണ്ട് മികവിന്റെയും മന:സാന്നിധ്യത്തിന്റെയും ആഴം പ്രദര്‍ശിപ്പിച്ച ഉന്മുക്ത് ചന്ദ് ഇപ്പോഴേ അന്താരാഷ്ട്ര ക്രിക്കറ്റിനു തയ്യാറാണെന്ന് ഉറക്കെ വിളിച്ചു പറയുന്നു. വയസ്സോ സ്‌കോര്‍ബോര്‍ഡോ ഒന്നുമല്ല ഒരു കളിക്കാരന്റെ മികവിനെ അളക്കാനുള്ള മാനദണ്ഡങ്ങള്‍. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോഴും അതിനേക്കാള്‍ ഉയര്‍ന്ന തലത്തിലാണെന്ന തോന്നല്‍ ഉണ്ടാക്കുന്ന ഒരു ക്രിക്കറ്ററാണ് ഇന്ത്യയുടെ ഈ കൗമാരനായകന്‍. ഫൈനലില്‍ 47 ഓവറുകളോളം ബാറ്റ് ചെയ്ത ഉന്മുക്തില്‍ നാം ബാറ്റ്‌സ്മാന്‍ എന്ന നിലയിലുള്ള അയാളുടെ പല രൂപങ്ങളും കണ്ടു. ഒപ്പം ആശയവിനിമയം കൊണ്ട് കൂട്ടാളിയെ ഉത്തേജിപ്പിക്കുന്ന ഒരു നായകനെയും. ഗുരീന്ദര്‍ സന്ധു എന്ന ഫാസ്റ്റ് ബൗളറെ മിഡ്-ഓഫിനു മുകളിലൂടെ സിക്‌സറടിച്ചതു മുതല്‍ നൂറാമത്തെ റണ്‍ പിറന്ന കവറിനു മുകളിലൂടെയുള്ള അവിശ്വസനീയമായ സിക്‌സറിനിടയിലുള്ള സമയവും ഷോട്ടുകളും ക്രമപ്പെടുത്തിയ ചന്ദിന്റെ ഇന്നിങ്‌സ്് എല്ലാം തികഞ്ഞ ഒന്നായിരുന്നു.

അടുത്തത് ആരെന്ന ചോദ്യത്തിന് ഉത്തരവുമായി ഇതിലാരെങ്കിലുമൊരാള്‍ പുറത്തു വരുന്ന കാലം വിദൂരത്തല്ല. സ്വതവേ സമൃദ്ധമായ ഒരു മേഖലയിലേക്കാണ് ഇവരുടെ വരവ് എന്നതാണ് അതിനെ ശ്രദ്ധേയമാക്കുന്ന ഒരു വസ്തുതയും.

ടെയ്ല്‍-എന്‍റ്


ബാബ അപരാജിത് മുതല്‍ പ്രശാന്ത് ചോപ്ര വരെയുള്ളവരുടെയും സന്ദീപ് ശര്‍മ്മയുടെയും കമാല്‍ പാസിയുടെയുമൊന്നും സംഭാവനകളെ ഈ ഓര്‍മ്മപ്പെടുത്തല്‍ വിസ്മരിക്കുന്നില്ല. ഒരു ടീം ഗെയിം ആയിരിക്കുമ്പോഴും വ്യക്തിഗതമികവുകള്‍ക്ക് പ്രാധാന്യമുള്ള ഒരു ഗെയിമില്‍ ഒരു കൂട്ടര്‍ മറ്റുള്ളവരെ പിന്തള്ളുന്നത് ഖേദകരമാണെങ്കിലും പലപ്പോഴും അത് സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ്. ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ആരെയാണ് ഉറ്റു നോക്കുന്നത് എന്ന ഒരന്വേഷണമായതു കൊണ്ടാണ് ക്രൂരമായ വിട്ടുപോകലുകള്‍ നടത്തേണ്ടി വന്നിട്ടുണ്ടാവുക. അതൊന്നും അവരുടെ മികവുകളെയോ സംഭാവനകളെയോ കുറയ്ക്കുന്നില്ല. ചാമ്പ്യന്മാര്‍ എന്ന അവരുടെ പദവിയെയും.

 

 

 

Other stories in this section:
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 • ടെന്നീസ് കോര്‍ട്ടിലെ ഉയര്‍ച്ച താഴ്ചകള്‍
 •