|
ഇന്ത്യ - ഓസീസ് ഫൈനല്‍
Posted on: 24 Aug 2012
അണ്ടര്‍-19 ലോകകപ്പ്
ടൗണ്‍സ്‌വില്‍ (ഓസ്‌ട്രേലിയ): കൂട്ടായ്മയുടെ കരുത്തില്‍ ഇന്ത്യയുടെ ജൂനിയര്‍ ടീം അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ടോണി അയര്‍ലന്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന, വീറും വാശിയും നിറഞ്ഞ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ സംഘം ഒമ്പത് റണ്‍സിന് ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 209 റണ്‍സിലൊതുങ്ങിയപ്പോള്‍ കിവികള്‍ക്ക് 200 റണ്‍സേ നേടാനായുള്ളൂ. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 9ന് 209; ന്യൂസീലന്‍ഡ് 50 ഓവറില്‍ 9ന് 200.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയെ തോല്പിച്ചായിരുന്നു ഓസീസിന്റെ കുതിപ്പ്. ഓപ്പണര്‍ പ്രശാന്ത് ചോപ്രയുടെ (52) അര്‍ധശതകവും ഹര്‍മീത് സിങ്ങിന്റെ ഉജ്ജ്വല ബൗളിങ്ങും (30ന് 2) ബാബ അപരാജിതിന്റെ ഓള്‍റൗണ്ട് പ്രകടനവുമാണ് (44 റണ്‍സ്, ഒരു വിക്കറ്റ്) ജൂനിയര്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത്. അപരാജിത് ആണ് കളിയിലെ കേമന്‍.
മുന്‍ മത്സരങ്ങളിലെല്ലാം മികവു കാട്ടിയ ബൗളിങ് നിര സെമിയിലും ഫോം തുടര്‍ന്നപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും നല്ല ഫീല്‍ഡിങ് ടീമെന്ന സല്‍പ്പേര് സമ്പാദിച്ച ഇന്ത്യയുടെ കൗമാരസംഘം ഒരിക്കല്‍കൂടി അവസരത്തിനൊത്തുയര്‍ന്നു. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പരാജയമായിരുന്നു കഴിഞ്ഞ കളികളില്‍ നിഴലിച്ചതെങ്കില്‍ സെമിയില്‍ നിലമാറി. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്ന് നല്ല തുടക്കമേകി.
അവസാനഘട്ടത്തില്‍ വേണ്ടവിധം സ്‌കോറിങ്ങിന് വേഗം കൂട്ടാനാവാതെ പോയതിനാല്‍ പ്രതീക്ഷിച്ച സ്‌കോര്‍ കിട്ടിയില്ല. ബാറ്റിങ് ദുഷ്‌കരമായ ടോണി അയര്‍ലന്‍ഡ് പിച്ചില്‍ 200-ന് മുകളില്‍ സ്‌കോര്‍ പിന്തുടരുക തീര്‍ത്തും ശ്രമകരമായ ദൗത്യമാണ്. അന്തിമ ഫലത്തില്‍ അതു തെളിയുകയും ച്യെതു. ഫീല്‍ഡിങ്, ബൗളിങ് മികവിലൂടെ കൗമാരസംഘം എതിരാളികളെ പിടിച്ചുകെട്ടി.
ഓപ്പണര്‍ ചോപ്ര, ഓപ്പണര്‍കൂടിയായ നായകന്‍ ഉന്മുക്ത് ചന്ദ് (31), മൂന്നാമനായിറങ്ങിയ അപരാജിത് (44), ഗഡെ ഹനുമ വിഹാരി (22) എന്നിവര്‍ ടീമിന് നല്ല തുടക്കം സമ്മാനിച്ചു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായ വിജയ് സോള്‍ (0) ക്ഷണത്തില്‍ പുറത്തായതാണ് അവസാനഘട്ടത്തില്‍ സ്‌കോറിങ് നിരക്കുയരാതെ പോകാന്‍ കാരണം. കിവികള്‍ക്കുവേണ്ടി ഇടങ്കയ്യന്‍ സ്പിന്നര്‍ ബെഞ്ചമിന്‍ ഹോണ്‍ 28 റണ്‍സിന് മൂന്നു വിക്കറ്റ് പിഴുതു. ഫാസ്റ്റ്ബൗളര്‍ മാത്യു ക്വിന്‍ 36 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.
210 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കിവികള്‍ക്ക് പ്രതീക്ഷിച്ച തുടക്കം കിട്ടിയില്ല. പേസര്‍മാരായ കമാല്‍ പാസ്സിയും രവികാന്ത് സിങ്ങും ഇടങ്കയ്യന്‍ സ്പിന്നര്‍ ഹര്‍മീത് സിങ്ങും ചേര്‍ന്ന് മുന്‍നിരയെ പിച്ചിച്ചീന്തിയപ്പോള്‍ നാലിന് 63 എന്ന നിലയിലേക്ക് കിവികള്‍ കൂപ്പുകുത്തി. അപകടകാരികളായ ഹോണിന്റെയും(10) ക്യാപ്റ്റന്‍ വില്യം യങ്ങിന്റെയും(5) വിക്കറ്റുകള്‍ രണ്ടു ഓവറുകള്‍ക്കിടെ വീഴ്ത്തിയ ഹര്‍മീതാണ് ഏറേ നാശം വിതച്ചത്. ഈ നടുക്കത്തില്‍ നിന്നും കരകയറാന്‍ അവര്‍ക്കായില്ല. കാമറോണ്‍ ഫ്ലെച്ചര്‍ (53) അര്‍ധസെഞ്ച്വറിയുമായി കിവികളുടെ പ്രതീക്ഷ കെടാതെ നിലനിര്‍ത്തിയെങ്കിലും റണ്ണൊഴുക്ക് തടഞ്ഞും റണ്ണൗട്ട് വഴിയും ഫീല്‍ഡര്‍മാര്‍ കിവികളുടെ മുന്നേറ്റം തടസ്സപ്പെടുത്തി. ഇന്ത്യയ്ക്കുവേണ്ടി ഹര്‍മീതിനു പുറമേ ഓപ്പണിങ് ബൗളര്‍ സന്ദീപ് ശര്‍മയും രവികാന്ത് സിങ്ങും രണ്ടു വിക്കറ്റ് വീതം നേടി. ഓഫ് സ്പിന്നറായ അപരാജിത് 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. പാസ്സിക്കും ഒരു വിക്കറ്റ് കിട്ടി.
|
|
Other stories in this section:
|
|